ലോകമാകെ സ്ത്രീകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഏറ്റവും മുൻപന്തിയിലാണ് അമിതവണ്ണം. പല അസുഖങ്ങളുടെയും തുടക്കം അമിത വണ്ണമാണ്, ഒപ്പം ചില പ്രത്യേക അസുഖങ്ങൾ കാരണവും അമിതവണ്ണമുണ്ടാകുന്നു. സ്ത്രീകളിലെ അമിത വണ്ണം ഭാവിയിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ കാരണമായേക്കാം.
ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾക്ക് ആവശ്യമായതിനാൽ അധികം കാലറി ശരീരത്തിൽ എത്തുമ്പോൾ അത് കൊഴുപ്പായി പരിവർത്തനപ്പെട്ട് ശരീരത്തിൽ അടിയുന്നു. വ്യായാമങ്ങളിലൂടെയും മറ്റും ഇത് ഉപയോഗപ്പെടാതെ പോകുമ്പോൾ കാലക്രമേണ ശരീരഭാരത്തിന്റെ വർദ്ധനവിന് കാരണമാകും.
ഭക്ഷണക്രമീകരണത്തിലെ അശാസ്ത്രീയ, ജനിതകപരമായ കാരണങ്ങൾ, ജീവിത ശൈലിയിലെ മാറ്റം ഗ്രന്ധികൾക്കുണ്ടാകുന്ന പ്രവർത്തന തകരാറുകൾ തുടങ്ങിയവ പ്രധാന കാരണങ്ങളാണ്. അനാരോഗ്യകരമായ ഭക്ഷണക്രമമാണ് ഇതിൽ ഏറ്റവും മുൻപന്തിയിൽ.വറുത്തതും പൊരിച്ചതുമായ ഭക്ഷണം,ആവശ്യത്തിലുമധികം കാർബോഹൈഡ്രേറ്റ്സ് തുടങ്ങിയവയിലൂടെ ആവശ്യത്തിലധികം കാലറി ശരീരത്തിലെത്തി കൊഴുപ്പായി അടിയുന്നു.ഈ കൊഴുപ്പ് വ്യായാമത്തിലൂടെ എരിച്ചു കളയാതിരിക്കുമ്പോൾ ഭാരം വർധിക്കുന്നു.ആരോഗ്യപരമായ അവസ്ഥകളായ തൈറോയ്ഡ്, കുഷിങ് സിൻഡ്രോം, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം തുടങ്ങിയവ അമിത വണ്ണത്തിന്പ്രധാന കാരണങ്ങളാണ്. ഒപ്പം ചില മരുന്നുകളുടെ ഉപയോഗവും ശരീര ഭാരം വർധിക്കുന്നതിന് കാരണമാകും.
ശരീരഭാരം ആരോഗ്യകരമാണോ എന്ന് ബോഡിമാസ് ഇൻഡക്സ് വഴി നിർണയിക്കാം. സ്ത്രീകളിൽ 25 മുതൽ 30 വരെ ബി.എം.ഐ ഉള്ളവരിൽ ശരീര ഭാരം കൂടുതൽ ആണ്.ഇത് മുപ്പതിന് മുകളിലാണെങ്കിൽ അമിതവണ്ണമായി കണക്കാക്കുന്നു.
സ്ത്രീകളിൽ ഗർഭധാരണത്തിന് തടസം നിൽക്കുന്ന ഘടകങ്ങളിൽ അമിതവണ്ണം ഒരു പ്രധാന ഘടകം തന്നെയാണ്. സ്വാഭാവികമായ അണ്ഡവിസർജ്ജനത്തെ ബാധിക്കുന്ന തരത്തിൽ ഹോർമോൺ വ്യവസ്ഥയെ മാറ്റി മറിക്കാൻ അമിത വണ്ണത്തിനാകും. ഹോർമോൺ വ്യവസ്ഥയിലെ മാറ്റങ്ങൾ അണ്ഡകോശങ്ങളുടെ ശരിയായ പ്രവർത്തനത്തിന് വിലങ്ങാകും. അടിവയറ്റിൽ അടിയുന്നത് കൊഴുപ്പ് അണ്ഡം കാലപൂർത്തിയെത്തുന്നത് തടസ്സപ്പെടുത്താനും കാരണമാകും.അമിതവണ്ണമുള്ള സ്ത്രീകളിൽ യൂട്രസിന്റെ ഭാഗത്ത് കൊഴുപ്പടിഞ്ഞു കൂടുന്നത് സാധാരണമാണ്. ഇത് ഗർഭധാരണത്തിനെ പ്രതികൂലമായി ബാധിക്കും. ശരീരഭാരം നിയന്ത്രണവിധേയമാക്കിയ ശേഷം ഗർഭധാരണത്തിന് ശ്രമിക്കുകയെന്നതാണ് നല്ലത്.
അമിത വണ്ണമുള്ളപ്പോൾ ഗർഭം ധരിച്ചാൽ അമ്മക്ക് ജെസ്റ്റേഷണൽ ഡയബെറ്റിസ് പോലെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. അമിതവണ്ണമുള്ളവർക്ക് പ്രസവ ശേഷം മുറിവ് ഉണങ്ങാൻ കൂടുതൽ സമയം വേണ്ടി വരും.ശരീരഭാരം അമിതമായ സ്ത്രീകളിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം ആർത്തവപ്രശ്നങ്ങൾ ഉണ്ടാകാം. അമിതവണ്ണം അമിതമായി ഇൻസുലിൻ ഉത്പാദിപ്പിക്കപ്പെടാൻ വഴിയൊരുക്കുന്നു. ഇൻസുലിന്റെ അമിത ഉത്പാദനം അണ്ഡകോശങ്ങളുടെ പ്രവർത്തനം അസ്ഥിരമാക്കാനും വഴിയൊരുക്കും. ഇതിനെത്തുടർന്ന് പി.സി.ഒ.എസ് അഥവാ പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം എന്ന അവസ്ഥയിലേക്കും എത്താം. സ്ത്രീ ഹോർമോണുകളേക്കാൾ സാധാരണ അളവിൽ പുരുഷ ഹോർമോണുകൾ ഉല്പാദിപ്പിക്കാൻ ഈ അവസ്ഥ കാരണമാകുന്നു. ഈ ഹോർമോൺ അസന്തുലിതാവസ്ഥയിൽ ആർത്തവക്രമക്കേടുകൾ ഉണ്ടാകുന്നു ഒപ്പം ഗർഭധാരണം തടസ്സപ്പെടാനും നേരത്തെയുള്ള ആർത്തവ വിരാമത്തിന് കാരണമാവുകയും ചെയ്യാം.
അമിതവണ്ണം എന്ന ശാരീരികാവസ്ഥ സങ്കീർണ്ണമാണ്. ശാസ്ത്രീയമായ രീതിയിൽ ശരീര ഭാരം കുറച്ച് ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് രക്ഷ നേടാം. ചിട്ടയായ ജീവിതശൈലിയിലൂടെ ഇത് നിയന്ത്രണ വിധേയമാക്കാം. മറ്റ് അസുഖങ്ങളുടെ ഭാഗമായി ശരീരഭാരത്തിൽ വ്യതിയാനം സംഭവിക്കുന്നുവെങ്കിൽ ഡോക്ടറെ സമീപിച്ച് ചികിത്സ തേടാം. ആരോഗ്യകരമായ ഒരു ജീവിതത്തിന് ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക എന്നതാണ് പ്രധാനം.