Nammude Arogyam
General

അറിയാം റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്ന ഭീകര രോഗത്തെക്കുറിച്ച്

ആര്‍ത്രൈറ്റിസും, റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസും നാം കേട്ടിട്ടുള്ളതാണ്. എന്നാല്‍ എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം എന്ന് പലര്‍ക്കും അറിയില്ല. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം പ്രായമുള്ളവരെ മാത്രം പിടികൂടുന്ന ഒരു രോഗാവസ്ഥയാണ് എന്നാണ് പൊതുവേ പറയുന്നത്. എന്നാല്‍ സത്യാവസ്ഥ ശരിക്കും അങ്ങനെയല്ല. 2 വയസ്സിന് ശേഷം ഏത് പ്രായത്തിലുള്ളവരേയും ഇത്തരത്തില്‍ ഒരു അവസ്ഥ ബാധിക്കാവുന്നതാണ്. ചെറിയൊരു ശതമാനം ആളുകളിലും ഈ അവസ്ഥ കണ്ട് വരുന്നു.

ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗമായി പലപ്പോഴും റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് മാറുന്നുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ കാരണം, എന്തൊക്കെയാണ് ഇതില്‍ അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളത് പലര്‍ക്കും അറിയില്ല. രോഗം ഉണ്ട് എന്ന് കാണിക്കുന്നതിനും ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നു. ഇവ രോഗത്തിന്റേതാണ് എന്ന് തിരിച്ചറിഞ്ഞ് അതിന് പ്രതിരോധം തീര്‍ക്കുന്നതിനാണ് നാം ശ്രദ്ധിക്കേണ്ടത്. എന്തൊക്കെയാണ് ശരീരം ചെറുപ്പക്കാരില്‍ കാണിക്കുന്ന റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

രോഗലക്ഷണത്തെ മനസ്സിലാക്കുന്നതിന് മുന്‍പ് അതിന്റെ കാരണങ്ങളെ തിരിച്ചറിയുകയാണ് ആദ്യം ചെയ്യേണ്ട കാര്യം. റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് എന്നത് ഒരു ഓട്ടോ ഇമ്മ്യൂണ്‍ വിഭാഗത്തില്‍ പെട്ട രോഗാവസ്ഥയാണ് എന്നതാണ് ആദ്യം അറിയേണ്ടത്. ചിലരില്‍ ജനിതകപരമായും ഇതുണ്ടാവാം. എന്നാല്‍ ജനിതകപരമായല്ലാതെ പുകവലി, അന്തരീക്ഷ മലിനീകരണം, സൂര്യരശ്മികള്‍ എന്നിവയും ഇതിന്റെ പ്രധാന കാരണങ്ങളായി മാറാവുന്നതാണ്. ഇതെല്ലാം പഠനങ്ങള്‍ വഴി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ചെറുപ്പക്കാരില്‍ മുകളില്‍ പറഞ്ഞ സാഹചര്യങ്ങള്‍ എല്ലാം തന്നെ വളരെ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ രോഗസാധ്യതയും വളരെ കൂടുതലാണ്.

രോഗലക്ഷണങ്ങള്‍ പ്രധാനമായും പ്രകടമാവുന്നത് സന്ധികളിലാണ്. എന്നാല്‍ ശരീരത്തിലെ ഏത് സന്ധിയേയും ഇത് ബാധിക്കാം എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ട കാര്യം. ആദ്യ ലക്ഷണം എന്ന് പറയുന്നത് സന്ധികളില്‍ ഉണ്ടാവുന്ന വേദനയാണ്. നീര്‍ക്കെട്ടിനോടൊപ്പം തന്നെ അതികഠിനമായ വേദനയും ഉണ്ടാവുന്നു. പ്രത്യേകിച്ച് കൈമുട്ടുകള്‍, കാല്‍മുട്ടുകള്‍, തോളിലെ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് വേദന കൂടുതല്‍ അനുഭവപ്പെടുന്നത്. പലപ്പോഴും രാവിലെ എഴുന്നേറ്റാല്‍ ഈ ഭാഗങ്ങള്‍ മടക്കുന്നതിനോ നിവര്‍ത്തുന്നതിനോ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. എന്നാല്‍ അല്‍പ സമയത്തിന് ശേഷം പ്രശ്‌നം പരിഹരിക്കപ്പെടുന്നു.

രോഗം തിരിച്ചറിഞ്ഞ് അതിനെ ചികിത്സിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്നാല്‍ പലരും രോഗം എന്താണെന്ന് തിരിച്ചറിയുന്നതിന് മുന്‍പ് തന്നെ വേദന സംഹാരികള്‍ വാങ്ങിച്ച് കഴിക്കുന്നത് വേദന കുറക്കും. പക്ഷേ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ ഫലമായി ഉണ്ടാവുന്ന നീര്‍ക്കെട്ടിനെ അവിടെ തന്നെ നിലനിര്‍ത്തും. അത് മാത്രമല്ല ഇത് പിന്നീട് വര്‍ദ്ധിച്ച് വന്ന് സന്ധികളില്‍ കാണപ്പെടുന്ന കാര്‍ട്ടിലേജിനെ ഇല്ലാതാക്കി സന്ധികളെ നശിപ്പിക്കുന്ന അവസ്ഥയിലേക്ക് എത്തുകയും, പിന്നീട് ഇത് മറ്റ് അവയവങ്ങളെ ബാധിച്ച് ഗുരുതരാവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.

ചെറുപ്പക്കാരില്‍ റുമാറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഉണ്ടെങ്കില്‍ ചില ലക്ഷണങ്ങള്‍ മുന്‍പ് പറഞ്ഞതുപോലെ ശരീരം പ്രകടിപ്പിക്കുന്നുണ്ട്. സന്ധികളുടെ വേദന, വീക്കം, കാഠിന്യം, ആര്‍ദ്രത എന്നിവ ഒരാളുടെ ദിനചര്യയെ വരെ വെല്ലുവിളിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. ചിലരില്‍ കഠിനമായി ജോലി ചെയ്യുന്ന അവസ്ഥയില്‍ ഈ പ്രശ്‌നം ഒരു ഗുരുതരാവസ്ഥയായി മാറുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. ചലിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് ഇത് ഉണ്ടാക്കുന്നത്. ഇത് കൂടാതെ അതികഠിനമായ ക്ഷീണവും ഉണ്ടാവുന്നു.

ജോലി ചെയ്യാന്‍ സാധിക്കാത്ത അത്രയും അപകടകരമായ അവസ്ഥയാണ് പലപ്പോഴും ഇതിന്റെ ഫലമായി ഉണ്ടാവുന്നത്. ഇത് കൂടാതെ പനി ഒരു പ്രധാന ലക്ഷണമായി മാറുന്നു. വിശപ്പില്ലായ്മയും റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസിന്റെ ലക്ഷണമാണ്. എത്രയൊക്കെ നേരം പട്ടിണി കിടന്നാലും ഭക്ഷണം കഴിക്കാന്‍ തോന്നില്ല. അതികഠിനമായ രീതിയില്‍ സന്ധികളില്‍ വേദന, കാഠിന്യം, നീര്‍വീക്കം എന്നിവയുണ്ടെങ്കില്‍ അതിനെ നിസ്സാരമാക്കാതെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കി എടുക്കരുത്.

രോഗാവസ്ഥ കണ്ടെത്തിയാല്‍ ഉടനെ തന്നെ ചികിത്സ ആരംഭിക്കണം എന്നതാണ് പ്രധാനമായും ശ്രദ്ദിക്കേണ്ട കാര്യം. രോഗം കണ്ടെത്തുന്നതിനുള്ള കാലതാമസമാണ് പലപ്പോഴും രോഗാവസ്ഥയെ വഷളാക്കുന്നത്. പലരുടേയും വിചാരം ഈ രോഗാവസ്ഥക്ക് ഫലപ്രദമായ ചികിത്സ ഇല്ല എന്നതാണ്. രോഗാവസ്ഥ നേരത്തെ കണ്ടെത്തിയാല്‍ രോഗത്തെ പൂര്‍ണമായും നമുക്ക് ചികിത്സിച്ച് മാറ്റാം. മരുന്നുകള്‍ ഉപയോഗിച്ചും കൃത്യമായ ഭക്ഷണരീതി പിന്തുടര്‍ന്നും രോഗാവസ്ഥയെ നമുക്ക് പ്രതിരോധിക്കാം.

Related posts