Nammude Arogyam
General

കൊളസ്ട്രോളും പരിശോധനയും

എന്താന്ന് അറിയില്ല , കുറച്ച് ദിവസായി നെഞ്ചിനുള്ളിൽ ഒരു ഭാരം പോലെ ചെറിയൊരു വേദനയും . മാത്രവുമല്ല നല്ല ക്ഷീണവും , കിതപ്പുമൊക്കെ ഉണ്ട് . തടിയുള്ളതല്ലേ കൊളസ്ട്രോൾ എങ്ങാനുമാണാവോ ഇനി . എങ്ങനെയിപ്പോ അറിയാൻ പറ്റുക ….

ശരീരത്തിൽ കൊളസ്ട്രോളിൻ്റെ അളവ് കൂടിയാൽ അതൊരു രോഗാവസ്ഥയിലേക്ക് കടക്കുന്നത് വരെയും കാര്യമായ ലക്ഷണങ്ങൾ കാണിക്കില്ല. അഥവാ ഏതെങ്കിലും പ്രകടമായ ലക്ഷണത്തിലേക്ക് എത്തുമ്പോഴേക്കും വൈകിപ്പോയെന്നും വരാം. അത്തരം രോഗാവസ്ഥകളെ പ്രതിരോധാക്കുന്നതിനായി കൊളസ്ട്രോൾ സാന്നിധ്യം മുൻകൂട്ടി അറിയേണ്ടതുണ്ട്. അതിനായി കൃത്യമായ ഇടവേളകളിൽ രക്ത പരിശോധന നടത്തുക എന്നതു മാത്രമാണ് മാർഗം.

പണ്ട് രക്തത്തിലുള്ള ആകെ കൊളസ്ട്രോളിൻ്റെ അളവ് മനസ്സിലാക്കുകയായിരുന്നു പ്രധാന പരിശോധന. എന്നാൽ കൊളസ്ട്രോളിൽ തന്നെ നല്ലതും ചീത്തയുമായ ഘടകങ്ങൾ ഉണ്ടെന്നു മനസ്സിലായതോടെ അവയുടെ അളവ് നിർണയിക്കുന്നതിൻ്റെ പ്രാധാന്യമേറി. അങ്ങനെ കൊളസ്ട്രോളിലെ പ്രധാന ഘടകങ്ങളെ വേർതിരിച്ച് മനസ്സില്ലാക്കുന്നതിനുള്ള പരിശോധനയാണ് ലിപിഡ് പ്രൊഫൈൽ ടെസ്റ്റ്.

രക്തധമനികളിൻ അടവുകളുണ്ടാക്കുന്നതിൽ മുന്നിൽ നിൽക്കുന്ന, ചീത്ത കൊളസ്ട്രോളെന്നു വിളിക്കുന്ന എൽഡിഎൽ , നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ, ടൈഗ്ലിസറൈഡുകൾ തുടങ്ങിയ കൊഴുപ്പ് ഘടകങ്ങളുടെ അളവാണു ഈ പരിശോധനയിൽ നോക്കുന്നത്.

സാധാരണ നിലയിൽ 12 മണിക്കൂർ ഭക്ഷണം കഴിക്കാതിരുന്നതിനു ശേഷമാണ് കൊളസ്ട്രോളിൻ്റെ ലിപിഡ് പ്രൊഫൈൽ പരിശോധന നടത്തേണ്ടത്. ഭക്ഷണം മാത്രമല്ല ശുദ്ധജലം ഒഴികെയുള്ള പാനീയങ്ങളും 12 മണിക്കൂർ ഇടവേളയിൽ ഒഴിവാക്കണം.

ചില കൊളസ്ട്രോൾ പരിശോധനകളിൽ നിരാഹാരം വേണ്ടിവരില്ല. അങ്ങനെയുണ്ടെങ്കിൽ അക്കാര്യം ഡോക്ടർ പ്രത്യേകം നിർദേശിക്കും.

ആകെ കൊളസ്ട്രോൾ നില, എച്ച്ഡിഎൽ അളവ്, എൽഡിഎൽ അളവ്, ട്രൈഗ്ലിസറൈഡുകളുടെ അളവ്, വിഎൽഡിഎൽ അളവ്, ആകെ കൊളസ്ട്രോളും എച്ച്ഡിഎല്ലുമായുള്ള അനുപാതം, എച്ച്ഡിഎല്ലും – എൽഡിഎല്ലുമായുള്ള അനുപാതം എന്നിവയാണ് ലിപിഡ് പ്രൊഫൈൽ പരിശോധനയിൽ പ്രധാനമായും നോക്കുന്നത്.

കൊളസ്ട്രോൾ അനുപാതത്തിൽ നിന്നും പല അപകടസൂചനകളും വായിച്ചെടുക്കാനാകും.

Related posts