Nammude Arogyam
GeneralHealth & WellnessLifestyle

ഉച്ച തിരിഞ്ഞുള്ള ഉറക്കം നല്ലതാണോ?

ഓരോ രാത്രിയും മതിയായ ഉറക്കം ലഭിക്കേണ്ടത് ഒരു വ്യക്തിയുടെ ആരോഗ്യത്തിനു വളരെ അത്യാവശ്യമാണ്. മനസ്സും ശരീരവും വിശ്രമിക്കുന്ന ഒരു സ്വാഭാവിക അവസ്ഥയാണ് ഉറക്കം. ഉറക്കക്കുറവ് നിങ്ങളെ ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം, അമിതവണ്ണം മുതലായ ചില ആരോഗ്യപ്രശ്‌നങ്ങളുടെ അപകടസാധ്യതയിലാക്കുന്നു. നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ ഉറക്കം തീര്‍ച്ചയായും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

രാത്രിസമയം ഉറക്കത്തിനായി നീക്കിവയ്‌ക്കേണ്ടതാണ്. എന്നാല്‍ ഉച്ചസമയത്തോ? പലര്‍ക്കും ഉള്ള ഒരു ശീലമാണ് ഉച്ചമയക്കം. ഉച്ചമയക്കത്തിനു സാധിച്ചില്ലെങ്കില്‍ പലരുടെയും മാനസിക നിലയില്‍ത്തന്നെ ചില മാറ്റങ്ങള്‍ വരുന്നു. ഉച്ചതിരിഞ്ഞ് ഉറങ്ങുന്നത് ശരിക്കും നല്ലതാണോ മോശമാണോ എന്ന ചിന്ത പലരിലുമുണ്ടാകാം. ഈ ലേഖനത്തില്‍ അതിനുള്ള ഉത്തരമുണ്ട്.

ഉച്ചതിരിഞ്ഞ് ഉറങ്ങുന്നത് നിങ്ങള്‍ക്ക് ശരിക്കും പ്രയോജനകരമാണോ എന്ന് രണ്ടഭിപ്രായം ഉണ്ടാകാം. ചിലര്‍ പകല്‍ സമയത്ത് ഉറങ്ങുന്നത് ശരീരത്തിന് നല്ലതാണെന്നും മറ്റുചിലര്‍ അത് അങ്ങനെയല്ലെന്നും പറയുന്നു. ഉച്ചമയക്കത്തിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്ന് നോക്കാം.

ഉച്ചതിരിഞ്ഞ് അരമണിക്കൂറോളമുള്ള ഹ്രസ്വമായ ഉറക്കം മെമ്മറി വര്‍ദ്ധിപ്പിക്കാനും മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുവരെയുള്ള ക്ഷീണങ്ങളില്‍ നിന്ന് ശരീരത്തെ മുക്തമാക്കാനും ഊര്‍ജ്ജം നിറയ്ക്കാനും ഉച്ചമയക്കം നിങ്ങളെ സഹായിക്കുന്നു. ഉച്ചമയക്കം പതിവാക്കുന്നത് നാഡീവ്യവസ്ഥയ്ക്ക് ശാന്തത കൈവരുത്തുന്നു. നാഡികളെ വിശ്രമിക്കാനും ശാന്തരാക്കാനും ഇതിലൂടെ സാധിക്കുന്നു. അതുവഴി നിങ്ങളുടെ അമിതമായ കോപം കൈകാര്യം ചെയ്യുന്നതിനും ഉച്ചമയക്കത്തിലൂടെ സാധിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.

പകല്‍ ഒരു ചെറിയ ഉറക്കം യഥാര്‍ത്ഥത്തില്‍ നിങ്ങളുടെ ഏകാഗ്രത മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും പ്രവൃത്തികളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ നിങ്ങളെ സഹായിക്കുമെന്നും ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള സ്വാഭാവിക മാര്‍ഗമാണ് ഉച്ചമയക്കം. ഇത് ഗവേഷണങ്ങളില്‍ തന്നെ കണ്ടെത്തിയതാണ്. ഒരു വ്യക്തിക്ക് വേണ്ടത്ര ഉറക്കം ലഭിക്കാത്തപ്പോള്‍ സ്‌ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോള്‍ ഉയരുകയും നിങ്ങളുടെ ധമനികള്‍ ഇടുങ്ങി തും സങ്കോചം ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ഒരു കാരണമാണ്. ഈ പ്രശ്‌നങ്ങള്‍ നീക്കാന്‍ ഉച്ചമയക്കം നിങ്ങളെ സഹായിക്കുന്നു.

മുന്‍പ്‌ശസ്ത്രക്രിയയ്ക്ക് വിധേയരായ ആളുകളില്‍ രോഗമുക്തി വേഗത്തിലാക്കാന്‍ ഉച്ചമയക്കം സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു.

ഉച്ചയുറക്കം പതിവാക്കിയവരില്‍ ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് താരതമ്യേന കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. പതിവായി ഉച്ചയ്ക്ക് ഉറങ്ങുന്നത് കുട്ടികളുടെ ബുദ്ധിവികാസത്തിന് നല്ലതാണെന്നും അവരെ ഉന്മേഷവാന്‍മാരാക്കുന്നുവെന്നും പഠനം പറയുന്നു.

ഉച്ചകഴിഞ്ഞുള്ള ഉറക്കം എല്ലാവര്‍ക്കും നല്ലതാകണമെന്നില്ല. പ്രത്യേകിച്ചും നിങ്ങള്‍ ഉറക്കമില്ലായ്മയുമായി മല്ലിടുകയാണെങ്കില്‍. നിങ്ങളുടെ രാത്രി ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ പകല്‍ ഉറക്കം ഒഴിവാക്കുക. വിഷാദം, അമിതവണ്ണം അല്ലെങ്കില്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ തുടങ്ങിയവര്‍ പകല്‍ ഉറക്കം ഒഴിവാക്കണം. കാരണം ഇത് ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കിയേക്കാം.

പ്രധാന കാര്യം എന്തെന്നാല്‍, ഉച്ചയുറക്കത്തിന് നേട്ടങ്ങളും പോരായ്മകളും ഉള്ളതിനാല്‍, ഇതിന്റെ ഗുണദോഷങ്ങള്‍ മനസിലാക്കുകയും അതിനനുസരിച്ച് ആസൂത്രണം ചെയ്യുകയും ചെയ്യുന്നതാണ് നല്ലത്. കൂടാതെ, ഒരാള്‍ അവരുടെ ഉച്ചമയക്ക സമയം പരമാവധി 30 മിനിറ്റായി പരിമിതപ്പെടുത്താനും ശ്രമിക്കണം

Related posts