Nammude Arogyam
Woman

ആര്‍ത്തവ വിരാമശേഷമുള്ള രക്തസ്രാവം ക്യാന്‍സറിന്റെ മാത്രം ലക്ഷണമാണോ?

ആര്‍ത്തവ വിരാമം എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രതിസന്ധികളും ആരോഗ്യപ്രശ്‌നങ്ങളും മാനസികപ്രശ്‌നങ്ങളും നിറഞ്ഞ ഒരു സമയമാണ്. എന്നാല്‍ ചിലരെങ്കിലും ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മറ്റ് പല കാര്യങ്ങളിലും ഏര്‍പ്പെടാറുണ്ട്. മാനസികമായി പോലും സ്ത്രീകളെ പ്രശ്‌നത്തിലാക്കുന്ന ആര്‍ത്തവവും ആര്‍ത്തവ വിരാമവും വളരെയധികം ശ്രദ്ധ വേണ്ട ഒന്നാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഈ സമയം കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. ആര്‍ത്തവ സമയത്ത് ഉണ്ടാവുന്ന അസ്വസ്ഥതകള്‍ പോലെ തന്നെ കൈാര്യം ചെയ്യേണ്ടതാണ് ആര്‍ത്തവ വിരരാമവും.

ആര്‍ത്തവ വിരാമശേഷമുള്ള എല്ലാ രക്തസ്രാവവും ക്യാന്‍സര്‍ ആകണമെന്നില്ല. ആര്‍ത്തവ വിരാമശേഷം രക്തസ്രാവമുണ്ടാകുന്ന പത്തില്‍ ഒരു സ്ത്രീകളില്‍ മാത്രമാണ് ക്യാന്‍സര്‍ കോശങ്ങള്‍ കണ്ടെത്തുന്നത്. സ്ത്രീകളില്‍ 40-കള്‍ക്ക് ശേഷം തന്നെ ആര്‍ത്തവ വിരാമത്തിന്റേതായ ലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങും. ഇത് പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്നു. ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളില്‍ രക്തസ്രാവം ഉണ്ടാവുന്നതിനുള്ള സാധാരണ കാരണങ്ങള്‍ ഒന്നും തന്ന ഇല്ല. എന്നാല്‍ ചില സമയങ്ങളില്‍ ചില അസാധാരണ കാരണങ്ങള്‍ മൂലം ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ആര്‍ത്തവ വിരാമത്തിന് ശേഷവും സ്ത്രീകളില്‍ ഉണ്ടാവുന്ന രക്തസ്രാവത്തിന് പിന്നിലെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.


1.പോളിപ്പ്‌സ്-പോളിപ്‌സ് എന്നത് സെര്‍വിക്കല്‍ ലൈനിംഗ് എപിത്തീലിയത്തിന്റെ വളര്‍ച്ചയാണ്. ഇത് പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. ഇത് രക്തസ്രാവത്തിന് കാരണമായേക്കാം. പ്രത്യേകിച്ച് ആര്‍ത്തവ വിരാമത്തിന് ശേഷം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.


2.എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍പ്ലാസിയ-ഈസ്ട്രജന്റെ ഏറ്റക്കുറച്ചിലുകളാണ് ഇത്തരം അവസ്ഥക്ക് കാരണമാകുന്നത്. ഈസ്ട്രജന്‍ അളവ് വര്‍ദ്ധിക്കുമ്പോള്‍ എന്‍ഡോമെട്രിയം വര്‍ദ്ധിക്കുകയും ഇത് അസാധാരണമായ രക്തസ്രാവത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ ശ്രദ്ധിക്കാതെ വിടുന്നത് കൂടുതല്‍ ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.


3.ഫൈബ്രോയിഡ്-ഫൈബ്രോയ്ഡ് എന്നത് സ്ത്രീകളില്‍ ഉണ്ടാവുന്ന ട്യൂമര്‍ രഹിതമായ വളര്‍ച്ചയാണ്. ഇവ പലപ്പോഴും സ്ത്രീകളില്‍ ആര്‍ത്തവ വിരാമ സമയത്ത് വര്‍ദ്ധിക്കുന്നു. സാധാരണ ഇത് പ്രത്യുത്പാദന സമയത്ത് ഉണ്ടാവുന്ന പ്രശ്‌നമാണ്. എന്നാല്‍ ആര്‍ത്തവ വിരാമം കഴിഞ്ഞ സ്ത്രീകളില്‍, ഇത് പെട്ടെന്ന് രക്തസ്രാവത്തിന് കാരണമാകുകയാണെങ്കില്‍, ഏതെങ്കിലും ക്യാന്‍സര്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.


4.പ്രായം ശ്രദ്ധിക്കണം-പ്രായം ഒരു പ്രധാന കാരണമാണ്. ആര്‍ത്തവ വിരാമത്തോട് അടുത്ത പ്രായത്തിലാണെങ്കില്‍ ഇത്തരം രക്തസ്രാവത്തിനുള്ള സാധ്യത കുറവാണ്. എന്നാല്‍ ആര്‍ത്തവ വിരാമം നേരത്തെ നടന്ന സ്ത്രീയാണെങ്കില്‍ രക്തസ്രാവത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇതില്‍ തന്നെ എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍ സാധാരണയായി 60-കളുടെ മധ്യത്തിലുള്ള സ്ത്രീകളെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.


5.എന്‍ഡോമെട്രിറ്റിസ്-എന്‍ഡോമെട്രിയോസിസ് (സ്ത്രീ ഹോര്‍മോണുകളുടെ അഭാവം മൂലം ഗര്‍ഭപാത്രത്തിന്റെ ഉള്‍വശത്തെ സ്തരത്തിന്റെ കട്ടികുറയുന്ന അവസ്ഥ) പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവരിലും ഇതേ അവസ്ഥയുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം അവസ്ഥയില്‍ നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ആര്‍ത്തവ വിരാമത്തിന് ശേഷം ഉണ്ടാവുന്ന രക്തസ്രാവത്തിന് കാരണമാകുന്നുണ്ട്. ഇത്തരം ആര്‍ത്തവ മാറ്റങ്ങള്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് കൂടുതല്‍ അപകടത്തിലേക്ക്എത്തിക്കുന്നു.

സങ്കീര്‍ണത കൂട്ടുന്നത് ആരിലൊക്കെ?


1.അമിതവണ്ണവും ഭാരവുമുള്ളവര്‍. ഈ അവസ്ഥയുള്ള സ്ത്രീകളില്‍ കട്ടി കൂടിയ ഗര്‍ഭപാത്രവും കാന്‍സര്‍ സാധ്യതയും ഉണ്ടാവാം.

2.ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി ചെയ്യുന്നവര്‍.

3.ഓറല്‍ ഈസ്ട്രജന്‍ തെറാപ്പി ചെയ്യുന്നവര്‍.

4.ഗര്‍ഭപാത്ര-അണ്ഡാശയ കാന്‍സറുകള്‍, സ്തനാര്‍ബുദം എന്നിവയുടെ കുടുംബപശ്ചാത്തലമുള്ളവര്‍.


രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ ഗൈനക്കോളജിസ്റ്റ് വിശദമായ പരിശോധനകള്‍ നടത്തും. അത്തരം പരിശോധനയിൽപ്പെട്ട ഒന്നാണ് പാപ്‌സ്മിയര്‍ ടെസ്റ്റ്. ഗര്‍ഭാശയ മുഖത്തു നിന്ന് അല്പം കോശങ്ങള്‍ ഒരു സ്വാബ് ഉപയോഗിച്ച് ശേഖരിച്ച് മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ പരിശോധിക്കുന്ന പ്രക്രിയയാണ് പാപ് സ്മിയര്‍ ടെസ്റ്റ്. മറ്റൊന്നാണ് ട്രാന്‍സ് വജൈനല്‍ അള്‍ട്രാസൗണ്ട്. ഈ പരിശോധന വഴി ഗര്‍ഭപാത്രം, അണ്ഡാശയങ്ങള്‍ എന്നിവ കൂടുതല്‍ വ്യക്തതയോടെ കാണാന്‍ സാധിക്കും എന്‍ഡോമെട്രിയല്‍ കട്ടി 4mmല്‍ കുറവാണ് ആര്‍ത്തവ വിരാമശേഷം കാണേണ്ടത്. അള്‍ട്രാസൗണ്ട് പരിശോധനയിലൂടെ എന്‍ഡോമെട്രിയത്തിന് കട്ടികൂടുതലായി കണ്ടാല്‍ അതിന്റെ സാംപിളെടുത്ത് പരിശോധിക്കും. ഇതിന്റെ ഫലത്തിന് അനുസരിച്ചായിരിക്കും രോഗമുണ്ടോ എന്ന് തിരിച്ചറിയുന്നത്. ക്യാന്‍സര്‍ ബാധിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ വിദഗ്‌ധോപദേശ പ്രകാരം ചികിത്സ തേടേണ്ടതാണ്.

Related posts