Nammude Arogyam
Woman

വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധത്തിന് പുറകിലെ കാരണങ്ങൾ

പല സ്ത്രീകളേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് വജൈനല്‍ ഭാഗത്തെ ദുര്‍ഗന്ധം എന്നത്. ചിലര്‍ക്കിത് സ്ഥിരമുള്ള പ്രശ്‌നമാകും. എന്നിരുന്നാലും പലരും മടി കാരണം ഇതിന്റെ പരിഹാരം തേടി മെഡിക്കല്‍ സഹായം തേടാറില്ല. പലപ്പോഴും അണുബാധ മുതല്‍ വൃത്തിക്കുറവ് വരെ ഇത്തരം ദുര്‍ഗന്ധത്തിന് കാരണമായി വരുന്നു. വജൈനയിലെ ഇത്തരം ദുര്‍ഗന്ധത്തിന് കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

സ്ത്രീകളിലെ യോനീദുര്‍ഗന്ധത്തിന് പ്രധാന കാരണം അണുബാധയാണ്. ഈ ഭാഗത്തെ പിഎച്ച് 4.5 ആണ്. ഇത് കൂടുതല്‍ അസിഡിക്കായാല്‍ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനുകളുണ്ടാകാം. ഗാര്‍ഡനെല്ല ബാക്ടീരിയ എന്നാണ് ഇതിന്റെ പേര്. ഇത് ഈ ഭാഗത്തെ ആരോഗ്യകരമായ ലാക്ടോബാസില്ലെസ് ബാക്ടീരിയകളേക്കാള്‍ കൂടുതല്‍ ആയാല്‍ മീനിന്റേത് പോലുളള ദുര്‍ഗന്ധമുണ്ടാകും. ഇതു പോലെ ലൈംഗിക ബന്ധത്തിന് ശേഷം പുരുഷ ബീജം യോനിയില്‍ നിക്ഷേപിയ്ക്കപ്പെടുമ്പോള്‍ ഈ ദോഷകരമായ ബാക്ടീരികള്‍ പെറ്റ് പെരുകും. ബന്ധപ്പെടുന്നതിന്റെ തൊട്ടു പുറകേ യോനീ ദുര്‍ഗന്ധം വര്‍ദ്ധിയ്ക്കുന്നതിന് കാരണം ഇതാണ്. യോനിയില്‍ നിന്ന് ചാര നിറത്തിലെ ഡിസ്ചാര്‍ജും ഇതോടനുബന്ധിച്ചുണ്ടാക്കും.

കാന്‍ഡിഡ, ട്രൈകോമോണാസ് പോലുള്ള ഫംഗസുകള്‍ ഇത്തരം യോനീ ദുര്‍ഗന്ധത്തിനും അണുബാധയ്ക്കും കാരണമാകും. തൈരിന്റെ പോലുള്ള ഡിസ്ചാര്‍ജ്, പുളിച്ചതു പോലെയുള്ള ഗന്ധം എന്നിവയെല്ലാം ഇതിന്റെ ലക്ഷണമായി എടുക്കാം. ഒപ്പം ചൊറിച്ചിലും പുകച്ചിലുമുണ്ടാകും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ചില ഗര്‍ഭനിരോധന ഗുളികകള്‍, ഐയുഡി എന്നിവ കാരണമാകും. ഇവയിലെ ഹോര്‍മോണുകളാണ് ഇതിന് കാരണമാകുന്നത്. ഇതു പോലെ നാം തനിയെ വാങ്ങി കഴിയ്ക്കുന്ന ചില മരുന്നുകള്‍, അതായത് ആന്റിബയോട്ടിക്കുകള്‍, അലര്‍ജി മരുന്നുകള്‍ എന്നിവ തനിയെ ഇഷ്ടത്തിന് വാങ്ങി കഴിയ്ക്കുന്നത് ഈ ഭാഗത്തെ ആരോഗ്യകരമായ ബാക്ടീരിയകളെ നശിപ്പിയ്ക്കുന്നു. പ്രത്യേകിച്ചും ആന്റി അലര്‍ജിക് മരുന്നുകള്‍. ഇത് യോനിക്കകത്ത് വരള്‍ച്ചയുണ്ടാക്കാനും കാരണമാകും.

വെളുത്തുള്ളി പോലുള്ള ചില മസാലകള്‍ കഴിച്ചാലും യോനീ ദുര്‍ഗന്ധത്തിന് കാരണമാകും. ഇതു പോലെ ഫാസ്റ്റ് ഫുഡുകള്‍ വ്യത്യാസം വരും. ഇത് ഈ ഭാഗത്തെ ബാക്ടീരിയല്‍ ഫ്‌ളോറയെ നശിപ്പിയ്ക്കും. യോനീ ഭാഗത്തെ മാത്രമല്ല, ശരീരത്തിലെ ആരോഗ്യകരമായ പല ബാക്ടീരികളേയും നശിപ്പിയ്ക്കും. ഇതു പോലെ ഗര്‍ഭകാലത്ത് സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യത്യാസങ്ങളുടെ കാരണത്താല്‍ ഇത്തരം ദുര്‍ഗന്ധമുണ്ടാകാം. ഇതു പോലെ ആര്‍ത്തവത്തിന് മുന്‍പായി സ്ത്രീകളുടെ യോനീഭാഗത്ത് നിന്ന് ദുര്‍ഗന്ധവും ചെറിയ വൈറ്റ് ഡിസ്ചാര്‍ജുമുണ്ടാകാം. ഇതു പോലെ തന്നെ കീമോ തെറാപ്പി, ഹോര്‍മോണ്‍ മരുന്നുകള്‍, പ്രമേഹം എന്നിവയെല്ലാം തന്നെ വജൈനല്‍ ദുര്‍ഗന്ധത്തിന് കാരണമാകും. മെനോപോസ് സമയത്തും ഇത്തരം അവസ്ഥയുണ്ടാകാം. ഇതു പോലെ കിടപ്പിലായ രോഗികള്‍, ഉറക്കക്കുറവുള്ളവര്‍, സ്‌ട്രെസുള്ളവര്‍ എന്നിവയെല്ലാം സ്ത്രീകളില്‍ ഇത്തരം പ്രശ്‌നമുണ്ടാക്കാം.

അടിവസ്ത്രങ്ങള്‍ ചിലപ്പോള്‍ ഇത്തരം അവസ്ഥയുണ്ടാക്കാം. പ്രത്യേകിച്ചും കോട്ടനല്ലാത്തവ. സ്റ്റിറോയ്ഡ് ഓയിന്റ്‌മെന്റുകള്‍ തുടയിടുക്കിലുണ്ടാകുന്ന അണുബാധകള്‍ക്കായി ഉപയോഗിയ്ക്കുന്നവരില്‍, സുഗന്ധമുള്ള ടാമ്പൂണുകള്‍, പാഡുകള്‍, സുഗന്ധമുള്ള സോപ്പ്, ലായനികള്‍ എന്നിവയെല്ലാം ഈ ഭാഗത്ത് ദുര്‍ഗന്ധത്തിന് കാരണമാകും.

ഈ ഭാഗത്ത് സുഗന്ധമുള്ള വസ്തുക്കള്‍ ഉപയോഗിയ്ക്കാതിരിയ്ക്കുക. ഈ ഭാഗത്ത് നല്ലതു പോലെ വെള്ളമൊഴിച്ച് കഴുകിയാല്‍ മതിയാകും. മൂത്ര വിസര്‍ജന ശേഷവും ആര്‍ത്തവ സമയത്തും എല്ലാം നല്ലതു പോലെ വൃത്തി നില നിര്‍ത്താന്‍ ശ്രദ്ധിയ്ക്കുക. യോനിയെന്നത് സ്വയം ക്ലീനിംഗ് മെക്കാനിസമുള്ള അവയവമാണ്. ഇതിനാല്‍ തന്നെ സ്വയമേ ക്ലീന്‍ ആയിക്കോളും. ഇതു പോലെ തന്നെ അര ഗ്ലാസ് മോര്, രണ്ടു ഗ്ലാസ് വെള്ളത്തില്‍ കലക്കി യോനിയുടെ പുറംഭാഗം കഴുകാം. ഉള്‍ഭാഗം ഇതു വച്ച് കഴുകരുത്. തൈര് പോലുള്ള പ്രോ ബയോട്ടിക് ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഈ ഭാഗത്തെ ആരോഗ്യത്തിന് നല്ലതാണ്. ഇവ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കുന്നു.

ഇത്തരം പ്രശ്‌നങ്ങൾക്ക് പരിഹാരമായി ആദ്യം കാരണം കണ്ടെത്തുകയാണ് വേണ്ടത്. മേല്‍പ്പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണോയെന്ന് കണ്ടെത്തുക. എന്നിട്ട് വേണം, ചികിത്സ ചെയ്യാന്‍. അതായത് ഫംഗസ് ബാക്ടീരിയ ഇന്‍ഫെക്ഷനുകളാണോ എന്നത് കണ്ടെത്തുക. അതിനായി വൈദ്യസഹായം തേടേണ്ടതാണ്.

Related posts