Nammude Arogyam
Children

കൗമാരക്കാരിലെ തൈറോയ്ഡ്

കൗമാരക്കാരിലുണ്ടാവുന്ന തൈറോയ്ഡ് പ്രശ്‌നങ്ങള്‍ അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നുണ്ട് എന്ന് നമുക്കെല്ലാം അറിയാം. മെറ്റബോളിസവും വളര്‍ച്ചയും നിയന്ത്രിക്കാന്‍ തൈറോയ്ഡ് ഹോര്‍മോണുകള്‍ സ്രവിക്കുന്ന കഴുത്തിലെ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ഗ്രന്ഥിയാണ് തൈറോയ്ഡ് എന്ന് പറയുന്നത്. ഇത് ഹൃദയത്തിന്റെയും മറ്റ് സുപ്രധാന അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ്. തൈറോയ്ഡ് തകരാറുകള്‍ ഹൈപ്പോതൈറോയിഡിസത്തിനും അല്ലെങ്കില്‍ ഹൈപ്പര്‍തൈറോയിഡിസത്തിനും കാരണമാകും. ഈ രണ്ട് അവസ്ഥകളും കൗമാരക്കാരില്‍ മാത്രമല്ല ഏതൊരാളിലും സാധാരണ ശാരീരിക പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിക്കും.

മുതിര്‍ന്നവരേക്കാള്‍ കൗമാരക്കാരില്‍ ഹൈപ്പോതൈറോയിഡിസം കുറവാണെങ്കിലും ഇത് പിന്നീട് വികസിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ തൈറോയ്ഡ് തകരാറുകള്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. കൗമാരക്കാരിലെ തൈറോയ്ഡ് പ്രശ്‌നങ്ങളുടെ കാരണം, ലക്ഷണങ്ങള്‍, സങ്കീര്‍ണതകള്‍, ചികിത്സ, പ്രതിരോധം എന്നിവ എന്തൊക്കെയാണെന്ന് നോക്കാം.

ഹൈപ്പോതൈറോയിഡിസം (ഹോര്‍മോണുകള്‍ വേണ്ടത്ര ഉല്‍പ്പാദിപ്പിക്കുന്നതില്‍ പരാജയപ്പെടുന്ന ഒരു പ്രവര്‍ത്തനരഹിതമായ തൈറോയ്ഡ് ഗ്രന്ഥിയാണ്) പലപ്പോഴും കുട്ടികളിലും കൗമാരക്കാരിലും ഏറ്റവും സാധാരണയായി സംഭവിക്കുന്ന തൈറോയ്ഡ് രോഗമാണ്. കുട്ടികളിലെ ഹൈപ്പോതൈറോയിഡിസം ജനനം വഴിയോ അല്ലെങ്കില്‍ പിന്നീട് സംഭവിക്കുന്നതോ ആയിരിക്കാം. ഗ്രന്ഥിയിലെ തന്നെ തകരാറുകള്‍ മൂലമോ അല്ലെങ്കില്‍ പിറ്റിയൂട്ടറി, ഹൈപ്പോഥലാമിക് രോഗം മൂലമോ തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകാവുന്നതാണ്.

കൗമാരക്കാരില്‍ തൈറോയ്ഡ് പ്രശ്‌നം ഉണ്ടാവുന്നതിന് പല വിധത്തിലുള്ള കാരണങ്ങള്‍ ഉണ്ട്. അവ പലപ്പോഴും തിരിച്ചറിയാതെ പോവുന്നതാണ് അപകടകരമായ അവസ്ഥയുണ്ടാക്കുന്നത്. ഇതില്‍ തന്നെ പ്രധാന കാരണമായി മാറുന്നത് പലപ്പോഴും ഇവയാണ്. മാസം തികയാതെ ജനിക്കുന്ന കുട്ടികള്‍, കുറഞ്ഞ ജനന-ഭാരം അല്ലെങ്കില്‍ ഡൗണ്‍ സിന്‍ഡ്രോം ഉള്ളവര്‍ എന്നിവരില്‍ തൈറോയ്ഡ് തകരാറുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചിലപ്പോള്‍, അമ്മയുടെ സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ (ടൈപ്പ് 1 ഡയബെറ്റിക്, സോറിയാസിസ് പോലോത്ത പാരമ്പര്യ രോഗങ്ങൾ) കുഞ്ഞില്‍ ഹൈപ്പോതൈറോയിഡിസത്തിന് കാരണമായേക്കാം. കുട്ടികളില്‍ ജനനസമയത്ത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള കാരണങ്ങള്‍ പ്രധാനമായും ഇവയാകാം. എന്നാല്‍ പിന്നീട് ഇവ ഗുരുതരമാവുന്നതിനുള്ള സാധ്യത പ്രായം ചെല്ലുന്തോറും കാണുന്നുണ്ട്.

ശരീരത്തിലെ ആന്റിബോഡികള്‍ തൈറോയ്ഡ് ഗ്രന്ഥിയെ ആക്രമിക്കുകയും അതിനെ നശിപ്പിക്കുകയും ചെയ്യുന്ന സ്വയം രോഗപ്രതിരോധ രോഗങ്ങളാണ് ഹാഷിമോട്ടോയുടെ തൈറോയ്‌ഡൈറ്റിസ്, അട്രോഫിക് തൈറോയ്‌ഡൈറ്റിസ് എന്നിവ. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. പലപ്പോഴും പ്രായപൂര്‍ത്തിയാകുമ്പോള്‍ ഹൈപ്പോതൈറോയിഡിസത്തിലേക്ക് ഇത് എത്തിക്കുന്നു. കൗമാരക്കാരില്‍ ഹൈപ്പര്‍തൈറോയിഡിസത്തിന് കാരണമാകുന്ന ഒരു സ്വയം രോഗപ്രതിരോധ രോഗമാണ് ഗ്രേവ്‌സ് രോഗം. ഇതും പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്.

സ്വയം രോഗപ്രതിരോധ രോഗങ്ങളുടെ പാരമ്പര്യമുള്ള കുട്ടികള്‍ക്ക് അത് വികസിപ്പിക്കാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇതില്‍ തന്നെ ആണ്‍കുട്ടികളേക്കാള്‍ പെണ്‍കുട്ടികളിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. കൂടാതെ ഭക്ഷണ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുട്ടിയുടെ അയഡിന്‍ ആവശ്യകതകള്‍ നിറവേറുന്നില്ലെങ്കില്‍, തൈറോയ്ഡ് ഗ്രന്ഥി ശരിയായി പ്രവര്‍ത്തിക്കാതെ ഹൈപ്പോതൈറോയിഡിസത്തിന് കാരണമാകും.

കൗമാരക്കാരില്‍ തൈറോയ്ഡ് പ്രശ്‌നങ്ങളുടെ മിക്ക ലക്ഷണങ്ങളും മനസ്സിലാക്കി കൃത്യമായ ചികിത്സ നടത്തണം. പ്രായപൂര്‍ത്തിയാകുമ്പോള്‍ കുട്ടിക്ക് തൈറോയ്ഡ് പ്രശ്നമുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ഇനിപ്പറയുന്ന ലക്ഷണങ്ങള്‍ ശദ്ധിക്കേണ്ടതാണ്.

1.സാവധാനത്തിലുള്ള വളര്‍ച്ച

2.ഉയരമില്ലായ്മ

3.പ്രായപൂര്‍ത്തിയാകാന്‍ വൈകുന്നത്

4.പൊട്ടുന്നതും വരണ്ടതുമായ മുടി

5.ക്ഷീണം

6.പരുക്കന്‍ ശബ്ദം

7.വരണ്ട ചര്‍മ്മം

8.മറവി

9.ശരീരഭാരം കൂടുന്നത്

10.സംസാരിക്കാന്‍ ബുദ്ധിമുട്ട്

11.മലബന്ധം

12.ക്രമരഹിതമായ ആര്‍ത്തവം

13.വിഷാദം

14.തൈറോയ്ഡ് ഗ്രന്ഥിയുടെ വര്‍ദ്ധനവ് (ഗോയിറ്റര്‍)

15.വേഗത്തിലുള്ള ഹൃദയമിടിപ്പ്

16.അമിതമായ വിയര്‍പ്പ്

17.ക്ഷീണം

18.ഭാരനഷ്ടം

19.വിരലുകളില്‍ വിറയല്‍

20.വിശ്രമമില്ലായ്മ

21.വര്‍ദ്ധിച്ച മൂത്രവും മലവിസര്‍ജ്ജനവും

22.സ്‌കൂളില്‍ മോശം പ്രകടനം

രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഡോക്ടര്‍ കുട്ടിയുടെ കഴുത്തിന്റെ ശാരീരിക പരിശോധന നടത്തുകയും, കുട്ടിയുടെ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ മനസ്സിലാക്കുകയും ചെയ്യും. ഇത് കൂടാതെ രക്തപരിശോധന നടത്തുകയും അത് വഴി രോഗം നിർണയിക്കുകയും ചെയ്യും. രോഗ നിര്‍ണയം കൃത്യമാക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ട കാര്യം.

തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രശ്നം പൊതുവെ പൂർണമായി ചികിത്സിക്കാൻ കഴിയില്ല. ഒരുപക്ഷെ ഒരാൾക്ക് ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കേണ്ടി വന്നേക്കാം. ചില നേരിയ കേസുകളിൽ മാത്രം, കാലക്രമേണ ലക്ഷണങ്ങൾ അപ്രത്യക്ഷമാകും. എന്നാലും ഹോർമോണുകളുടെ അളവ് നിയന്ത്രിക്കാൻ പതിവായി മരുന്ന് കഴിക്കേണ്ടതാണ്. വേണ്ട രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കു വഴി തെളിയ്ക്കുന്ന ഒന്നാണ് തൈറോയ്ഡ്. എന്നാൽ മരുന്നും, വ്യായാമവും, ജീവിത ശൈലിയിൽ മാറ്റങ്ങളും വരുത്തിയാൽ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കുന്ന ഒന്ന് കൂടിയാണ് തൈറോയ്ഡ് ഈ രോഗം.

Related posts