Nammude Arogyam
Children

കൊവിഡ് മഹാമാരിക്ക് അവസാനം കുറിക്കുന്നതിന് മുന്‍പ് ഭീതി പരത്തി പക്ഷിപ്പനി മനുഷ്യരിലേക്ക്

കൊവിഡ് മഹാമാരിക്ക് അവസാനം കുറിക്കുന്നതിന് മുന്‍പ് തന്നെ ഇതിന്റെ പ്രഭവകേന്ദ്രമായ ചൈനയില്‍ നിന്ന് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. മനുഷ്യരിലാണ് ഇപ്പോള്‍ ഈ രോഗാവസ്ഥ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പക്ഷിപ്പനിയുടെ വകഭേദമായ എച്ച്10എന്‍3 ആണ് ഇപ്പോള്‍ 41-കാരനായ മനുഷ്യനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. പനിയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയിലാണ് വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടത്.

ആശുപത്രിയില്‍ കഴിയുന്ന ഈ വ്യക്തിയുടെ ആരോഗ്യനില ഇപ്പോള്‍ ഗുരുതരമല്ലെന്നും തൃപ്തികരമാണെന്നുമാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഈ രോഗം എവിടെ നിന്നാണ് പടര്‍ന്നതെന്നോ എന്താണ് ഇതിന് പിന്നിലെ നിലവിലുള്ള കാരണം എന്നതിനെക്കുറിച്ചും ആരോഗ്യവിദഗ്ധരും ശാസ്ത്രഞ്ജരും അന്വേഷിച്ച് വരികയാണ്. സാധാരണ ഗതിയില്‍ ഇത്തരം വൈറസുകള്‍ പക്ഷികളില്‍ മാത്രമാണ് കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ മനുഷ്യരിലേക്ക് ഇത് പകരുന്നതിനുള്ള സാധ്യത വളരെ കുറവാണ്. ഇത് തന്നെയാണ് ഇപ്പോള്‍ ലോകത്തെ ആശങ്കയില്‍ നിര്‍ത്തുന്നതും.

ലോകത്ത് ആദ്യമായാണ് എച്ച്10എന്‍3 എന്ന വൈറസ് മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ആണ് ഇദ്ദേഹത്തിന് രോഗബാധയുണ്ടെന്ന് കണ്ടെത്തിയത്. രോഗം ബാധിച്ച വ്യക്തിയുടെ രക്തസാമ്പിളില്‍ നിന്ന് ശേഖരിച്ച ഒരു ജീനോം സ്വീകൻ്റ് നടത്തിയതിന് ശേഷമാണ് ഇത്തരം ഒരു അപകടത്തെക്കുറിച്ച് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയത്. രോഗം തിരിച്ചറിഞ്ഞ ഉടനേ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയം മെഡിക്കല്‍ നിരീക്ഷണത്തില്‍ ആക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ കണ്ടെത്തിയ എച്ച്10എന്‍3 എന്ന വൈറസ് ഏവിയന്‍ ഗണത്തില്‍ പെട്ടതാണ് എന്നതാണ് ഗവേഷക അഭിപ്രായം. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് കൃത്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശ ഭരണകൂടം നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് പ്രദേശ വാസികളോട് ചത്ത കോഴികള്‍ ഉപയോഗിക്കുകയോ രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ ചെയ്യരുതെന്നും എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്നാല്‍ മനുഷ്യരിലേക്ക് ഇത് എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് ഇതുവരേയും പൂര്‍ണമായും വിവരങ്ങള്‍ ലഭ്യമായിട്ടില്ല. രോഗം സ്ഥീരികരിച്ച വ്യക്തിയുടെ ബന്ധുക്കളേയും മറ്റും നിരീക്ഷിച്ചിരുന്നെങ്കിലും രോഗം ഇവരില്‍ സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. എച്ച്10എന്‍3 എന്ന വൈറസ് അത്രത്തോളം അപകടകാരിയല്ലെന്നാണ് പറയപ്പെടുന്നത്. ഇത് പക്ഷികളില്‍ മാത്രമാണ് ഇത് വരെ കണ്ടെത്തിയിട്ടുള്ളത്. ആദ്യമായാണ് മനുഷ്യനില്‍ ഈ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. പക്ഷികളില്‍ ഇവ വലിയ തോതില്‍ തന്നെ പടര്‍ന്ന് പിടിക്കുന്നതിനുള്ള സാധ്യതയുണ്ട്.

ഇതിന് മുന്‍പ് അതായത് 2018-ന് മുന്‍പ് എച്ച്10എന്‍3 കേസുകള്‍ 160 എണ്ണമാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതായത് കഴിഞ്ഞ 40 വര്‍ഷത്തിനിടക്ക് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസ് എന്ന് പറയുന്നത് 160 എണ്ണമാണ്. ഇത് അധികമായും പക്ഷികളില്‍ കാണപ്പെടുന്നതാണ് എന്നത് തന്നെയാണ് പ്രത്യേകത. ഇപ്പോള്‍ മനുഷ്യരില്‍ കണ്ടെത്തിയിരിക്കുന്ന ഈ വൈറസ് പഴയ വൈറസിനോട് സാമ്യമുള്ളതാണോ അതോ വ്യത്യസ്തത പുലര്‍ത്തുന്നതാണോ എന്ന് തിരിച്ചറിയാന്‍ വൈറസിന്റെ ജനിതക ഡാറ്റ പഠിക്കുകയും വിലയിരുത്തുകയും ചെയ്യേണ്ടതുണ്ട് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

സാധാരണ അവസ്ഥയിലെങ്കില്‍ പക്ഷിപ്പനി പകരുന്നത് എങ്ങനെയെന്ന് നമുക്ക് നോക്കാം. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് പലപ്പോഴും അവയുടെ സ്രവങ്ങള്‍ വഴിയാണ്. ഇത് കൂടാതെ വൈറസ് സാന്നിധ്യമുള്ള പക്ഷിക്കൂട്, പക്ഷിത്തീറ്റ, പക്ഷിയുടെ തൂവലുകള്‍ എന്നിവയും പലപ്പോഴും രോഗം പകരുന്നതിന് കാരണമാകുന്നുണ്ട്. പക്ഷികളില്‍ നിന്ന് പക്ഷികളിലേക്ക് അതുകൊണ്ട് തന്നെ പെട്ടെന്ന് രോഗം പകരുന്നതിനുള്ള സാധ്യതയെ തള്ളിക്കളയരുത്. എന്നാല്‍ മനുഷ്യരിലേക്ക് ഇത് എങ്ങനെ പകരുന്നു എന്ന് നമുക്ക് നോക്കാം. രോഗം ബാധിച്ച പക്ഷികളെ ഭക്ഷണത്തിനായി ഉപയോഗിക്കുന്നതിലൂടേയും, ഇവയുടെ കാഷ്ടം, ചത്ത പക്ഷികള്‍ എന്നിവ വഴിയും രോഗം ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

മനുഷ്യരില്‍ പക്ഷിപ്പനിയെങ്കില്‍ എന്തൊക്കെ ലക്ഷണങ്ങളാണ് ഉണ്ടാവുന്നത് എന്ന് പലര്ക്കും അറിയില്ല. പലരും ഇത് ശ്രദ്ധിക്കുന്നില്ല എന്നുള്ളതാണ് സത്യം. പനി, ജലദോഷം, തലവേദന, ഛര്‍ദ്ദി, വയറിളക്കം, ശരീരവേദന, ചുമ, തൊണ്ടവേദന, ക്ഷീണം എന്നിവയാണ് മനുഷ്യരില്‍ ഉണ്ടാവുന്ന ലക്ഷണങ്ങള്‍. ഇത് പലപ്പോഴും ന്യുമോണിയ പോലുള്ള അവസ്ഥകളിലേക്ക് എത്തുകയും കൂടുതല്‍ ഗുരുതരമാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാവുന്നതാണ്. അതിന് വേണ്ടി പക്ഷികളുമായി അടുത്ത ബന്ധം ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ ശരീരവും വസ്ത്രവും മറക്കുന്ന തരത്തിലുള്ള മേല്‍വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കണം. ഇതോടൊപ്പം ഷൂ, മാസ്‌ക്, കൈയ്യുറകള്‍ എന്നിവ ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ രോഗമുണ്ടെന്ന് തോന്നുന്ന വ്യക്തിയില്‍ നിന്ന് സമ്പര്‍ക്കമില്ലാതെ ഇരിക്കുന്നതിന് ശ്രദ്ധിക്കണം. രോഗി ഉപയോഗിച്ച വസ്ത്രവും മറ്റും രോഗാണു വിമുക്തമാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

ഹോട്ടലുകളില്‍ പാകം ചെയ്ത ഇറച്ചി, മുട്ട എന്നിവ കഴിക്കുന്നത് പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ നല്ലതുപോലെ വെന്ത ഇറച്ചി മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം, ഒരു വശം മാത്രം ചൂടാക്കിയ ഇറച്ചി കഴിക്കരുത്. ഇതോടൊപ്പം പകുതി വേവിച്ച മുട്ടകളും നിര്‍ബന്ധമായും ഒഴിവാക്കുക. പിങ്ക് നിറത്തിലുള്ള ഇറച്ചി കഴിക്കരുത്. അത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നുണ്ട്. അനാവശ്യമായി മൂക്കും കണ്ണും സ്പര്‍ശിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ശാസ്ത്രീയമായ രീതിയില്‍ കൈകള്‍ കഴുകാന്‍ ശ്രദ്ധിക്കണം. പക്ഷികളെ കൈകാര്യം ചെയ്തതിന് ശേഷം എന്തെങ്കിലും ശാരീരിക അസ്വസ്ഥതകള്‍ തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

Related posts