Nammude Arogyam
Children

കുട്ടികളിലെ പൊണ്ണത്തടി തടയാൻ ചില നിർദ്ദേശങ്ങൾ

മുതിർന്നവരിൽ എന്ന പോലെ കുട്ടികളിലും ഇന്ന് അമിത വണ്ണം കണ്ടുവരുന്നുണ്ട്. കുട്ടികളിലെ അമിതവണ്ണം പരിഹരിക്കാൻ ഭക്ഷണ കാര്യത്തിൽ ശ്രദ്ധിച്ചാലും ചില കുട്ടികൾക്ക് സർജറി ആവശ്യമായി വരാറുണ്ട്. എന്നാൽ, എല്ലാവർക്കും സർജറി ചെയ്യാൻ സാധ്യമാകാത്ത സാഹചര്യത്തിലാണ് പുതിയ മാർഗ്ഗ നിർദ്ദേശങ്ങളുമായി അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക് എത്തിയിരിക്കുന്നത്.

കുട്ടികളിലെ അമിതവണ്ണം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്ക് നയിക്കുന്നുണ്ട്. പ്രത്യേകിച്ച് ചെറുപ്പത്തിൽ തന്നെ ടൈപ്പ് 2 പ്രമേഹം പോലെയുള്ള അവസ്ഥകൾ ഇവരെ കാര്യമായി ബാധിച്ചെന്ന് വരാം. ഉയർന്ന രക്ത സമ്മർദ്ദം, കൊളസ്ട്രോൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ, ശ്വാസ തടസ്സം ഇവരിൽ പ്രധാന പ്രശ്നമായി കണ്ടുവരുന്നു.

കൂടാതെ ചില കുട്ടികൾക്ക് ചെറുപ്പത്തിൽ തന്നെ കാലുവേദന, മുട്ട് വേദന എന്നീ പ്രശ്നങ്ങൾ കണ്ടെന്നും വരാം. ചിലപ്പോൾ പിത്താശയത്തിൽ കല്ല് വരാനുള്ള സാധ്യതയും കൂടുതലാണ്. ആരോഗ്യ പ്രശ്നങ്ങൾ മാത്രമല്ല, പലതരത്തിലുള്ള മാനസിക പ്രശ്നങ്ങളും ഇവർ നേരിട്ടെന്ന് വരാം. പ്രത്യേകിച്ച്, അമിതമായിട്ടുള്ള ആകാംഷ, മാനസിക സമ്മർദ്ദം എന്നിവയെല്ലാം ഇവരിൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ നിർദ്ദേശപ്രകാരം, കുട്ടികളിലെ അമിത വണ്ണം കുറയ്ക്കാൻ ഫലപ്രദമായിട്ടുള്ള ഒരു സർജറിയാണ് ‘മെറ്റബോളിക് ആന്റ് ബാരിയാട്രിക് സർജറി’. ചില കുട്ടികൾക്ക് അമിത വണ്ണം മൂലം പലതരത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം. ഇത്തരം കുട്ടികൾക്ക് സർജറിയാണ് ഉചിതമായ പരിഹാരം. ഈ സർജറിയിലൂടെ വയറിന്റെ അളവ് കുറയ്ക്കുന്നതിനോടൊപ്പം മെറ്റബോളിസം കൃത്യമായ അളവിൽ സെറ്റ് ചെയ്യുന്നതിനും ഇത് സഹായിക്കുന്നുണ്ട്.

അമേരിക്കൻ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ അഭിപ്രായത്തിൽ കുറച്ചും കൂടെ ഇഫക്ടീവായി ചെയ്യാൻ സാധിക്കുന്ന ചികിത്സാ രീതിയാണ് ‘ഇന്റ്റൻസീവ് ഹെൽത്ത് ബിഹേവിയർ ആന്റ് ലൈഫ്സ്റ്റൈൽ ട്രീറ്റ്മെന്റ്(IHBLT)’. ഇന്ന് മിക്ക സ്ഥലത്തും ഈ ചികിത്സാരീതി ലഭ്യമാണ്. എന്നാൽ, അമിതമായിട്ടുള്ള ചിലവ് കാരണം, പലർക്കും ഈ ചികിത്സയുമായി മുന്നോട്ട് പോകാൻ സാധിക്കുന്നില്ല എന്നതാണ് ഈ ചികിത്സാ രീതിയുടെ ഏറ്റവും വലിയ പോരായ്മ. IHBLT ചികിത്സ അതിന്റെ പൂർണ്ണമായ രീതിയിൽ ഫലം ലഭിക്കണമെങ്കിൽ 12 മാസത്തോളം ചെയ്യേണ്ടതായി വരുന്നു. 12 മാസത്തിൽ 26 മണിക്കൂർ ഈ ചികിത്സക്കായി വേണ്ടി വരും. ഇത്രയും ദീർഘനാളത്തെ ചികിത്സ ചെയ്യാൻ നല്ലൊരു തുക തന്നെ ചെലവാണ്. ഇതു തന്നെയാണ് പലരേയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകവും.

എല്ലാവർക്കും പറ്റുന്ന രീതിയിലുള്ള ചികിത്സ കൊണ്ടുവരണം എന്നതിന് മുന്നോടിയായാണ് മരുന്ന് കഴിച്ച് അമിത വണ്ണത്തെ എങ്ങിനെ കുറയ്ക്കാം എന്ന് കണ്ടെത്തിയിരിക്കുന്നത്. പ്രമേഹ രോഗികൾക്ക് കൊടുക്കുന്ന മരുന്നാണ് സെമാഗ്ലൂടൈഡ്. ഇത് കൗമാരക്കാരിലെ അമിത വണ്ണം നിയന്ത്രിക്കാൻ സഹായിക്കുന്നതായി കണ്ടെത്തുകയും ഇതിന് അംഗീകാരം ലഭിക്കുകയും ചെയ്തിരുന്നു. ഈ മരുന്ന് കഴിക്കുന്ന കുട്ടികളിൽ ബോഡി മാസ്സ് ഇൻഡക്സ് ബാലൻസ് ചെയ്ത് നിലനിർത്താൻ സാധിക്കുന്നതായി കണ്ടെത്തിയിരുന്നു.

കൃത്യമായ വ്യായാമവും ഡയറ്റും എടുക്കുന്നതിനോടൊപ്പം ഈ മരുന്നു കൂടി കഴിച്ചാൽ ശരീരഭാരം നിയന്ത്രിച്ച് എടുക്കാവുന്നതാണ്.

Related posts