Nammude Arogyam
Children

കുഞ്ഞുങ്ങളിലെ ദഹന പ്രശ്നങ്ങൾക്ക് പരിഹാരം തേടാം

മുലപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞുങ്ങളാണെങ്കിൽ പോലും, കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് സാധ്യതേയറെയാണ്. മുലപ്പാല്‍ കുടിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്കും ഗ്യാസും എക്കിളുമെല്ലാമുണ്ടാകുന്നത് സാധാരണയാണ്. പ്രാരംഭ മാസങ്ങളിൽ കുഞ്ഞുങ്ങൾ ധാരാളം പാല് കുടിക്കുന്ന സാഹചര്യത്തിൽ ധാരാളം വായുവും അകത്തു ചെല്ലാൻ സാധ്യതയുണ്ട്. ഇത് ശിശുക്കളുടെ ആമാശയത്തിൽ ഗ്യാസ് നിറയ്ക്കുന്നതിന് കാരണമാകുന്നു. കുഞ്ഞുങ്ങൾ വളരുന്തോറും ഇത് കുറഞ്ഞുവരികയും ചെയ്യും. ഇത്തരത്തിലുള്ള കുഞ്ഞുങ്ങളുടെ ദഹന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ചെയ്യാവുന്ന ചില വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

കുഞ്ഞിന് മുലയൂട്ടുന്ന സമയത്തുള്ള സ്ഥാനവും ഇരിപ്പു രീതികളിൽ മാറ്റം വരുത്തുന്നതും കുഞ്ഞുങ്ങളിലെ ആസിഡ് റിഫ്ലക്സ് പോലുള്ള ദഹന ബുദ്ധിമുട്ടുകളെ നേരിടാൻ സഹായിക്കും. ഭക്ഷണം നൽകുമ്പോൾ കുഞ്ഞിനെ നേരെ നിവർന്ന രീതിയിൽ നിർത്തേണ്ടത് പ്രധാനമാണ്. അങ്ങനെയെങ്കിൽ അവർ കഴിച്ച ഭക്ഷണം വായിലേക്ക് തിരികെ വരില്ല. ഒരുതവണ കുഞ്ഞിനെ മുലയൂട്ടിയതിനെ തുടർന്ന് കുറഞ്ഞത് 30 മിനിറ്റെങ്കിലും കുഞ്ഞിനെ നിവർന്നു നിൽക്കാൻ അനുവദിക്കണമെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു.

കുഞ്ഞിൻ്റെ ശരീരത്തിൽ സൗമ്യമായി മസാജ് ചെയ്യുന്നത് വഴി ദഹന പ്രശ്നങ്ങളെ വലിയ രീതിയിൽ പരിഹരിക്കാൻ സാധിക്കും. കുഞ്ഞിൻ്റെ വയറിന് ചുറ്റും ചെറുതായി മസാജ് ചെയ്യാൻ ആരംഭിച്ച് കൈകൾ ഘടികാരദിശയിലേക്ക് (clockwise) താഴേക്ക് കൊണ്ടുവരിക. കൂടാതെ വിരലുകളും കൈപ്പത്തികളും ഉപയോഗിച്ച്, സൗമ്യമായി കുഞ്ഞിൻ്റെ വയറിൽ അമർത്തി തടവുക. കുഞ്ഞിൻറെ കാലുകൾ താളാത്മകമായ രീതിയിൽ മുൻപോട്ടും താഴോട്ടും നീട്ടുന്നതും ദഹനപ്രശ്നങ്ങൾ വലിയ രീതിയിൽ കുറയ്ക്കാൻ സഹായിക്കും.

ചൂട് പകരുന്നത് വഴി കുഞ്ഞിൻ്റെ വേദനകളും അസ്വസ്ഥതയും ശാന്തമാക്കാൻ കഴിയും. ഇത് ഗ്യാസ് പ്രശ്നങ്ങളെ ഒരു പരിധി വരെ കുറയ്ക്കുന്നു. ഒരു പാത്രം ചെറുചൂടുള്ള വെള്ളത്തിൽ വൃത്തിയുള്ള തുണി മുക്കിയെടുത്ത് അതിലെ അധിക വെള്ളം പുറത്തെടുത്ത് കുഞ്ഞിൻറെ വയറിനു മുകളിൽ സൗമ്യമായി ചൂട് പകരുക. ഒരു മിനിറ്റ് നേരം ഇത് ചെയ്തു കൊണ്ടിരിക്കാം. ഈ രീതി 2-3 തവണ ആവർത്തിക്കുക. കുഞ്ഞിൻ്റെ അവസ്ഥയിൽ ഏതെങ്കിലും പുരോഗതി കാണപ്പെടുന്നത് വരെ ദിവസവും 1-2 തവണ ഇത് ചെയ്യുക.

കുഞ്ഞിന് പാല് കൊടുക്കുന്ന പ്രക്രിയ വളരെ സാവധാനത്തിൽ ആയിരിക്കണം. അവനെ/അവളെ നേരായ സ്ഥാനത്തിൽ പിടിക്കുക. ചെറിയ കുഞ്ഞുങ്ങള്‍ക്ക് കഴിവതും മുലപ്പാല്‍ മാത്രം നല്‍കുക. പ്രത്യേകിച്ചും ആറു മാസം വരേയും. ആവശ്യത്തിന് പാല്‍ ഇല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ഭക്ഷണങ്ങള്‍ നല്‍കാം. ആമാശയത്തിൽ കുടുങ്ങി കിടക്കുന്ന വയു പുറത്തേക്ക് കളയുന്നത് വഴി കുഞ്ഞ് കഴിക്കുന്ന ഭക്ഷണം കവിട്ടുന്നത് തടയാൻ കഴിയും. പാൽ കൊടുത്ത ശേഷം കുഞ്ഞിനെ തോളിൽ ഇട്ട് പുറത്തു തട്ടുന്നത് ഗ്യാസ് പുറത്തു പോകാന്‍ സഹായിക്കും.

കുഞ്ഞുങ്ങൾക്ക് ഏതാണ്ട് 2 വയസ്സ് വരെ കട്ടിയുള്ള ഭക്ഷണങ്ങൾ നൽകുന്നതോടൊപ്പം മുലപ്പാലും നൽകാൻ ശ്രമിക്കണം. കാരണം മുലപ്പാൽ നൽകുന്നത് കുഞ്ഞിന്റെ ദഹന ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നു. മുകളിൽ പറഞ്ഞവയെല്ലാം തന്നെ താത്കാലിക പരിഹാര മാർഗങ്ങളാണ്. കുഞ്ഞിന് കൂടുതൽ അസ്വസ്ഥത ഉണ്ടാവുകയാണെങ്കിൽ ഒരു പീഡിയാട്രീഷ്യനെ സഹായം തേടേണ്ടതാണ്.

Related posts