Nammude Arogyam
GeneralMaternity

പ്രസവ ശേഷമുള്ള വ്യായാമം നല്ലതാണോ?

ഏറെ കരുതലും ശ്രദ്ധയും നല്‍കേണ്ട സമയമാണ് ഗര്‍ഭകാലം (Pregnancy). പ്രസവം കഴിഞ്ഞ ശേഷവും ഈ കരുതല്‍ വേണ്ടത് വളരെ പ്രധാനമാണ്. പൊതുവെ പല സ്ത്രീകളും പ്രസവം കഴിഞ്ഞ ശേഷം ശരീരത്തിന് അധികം ശ്രദ്ധ നല്‍കാറില്ല. പക്ഷെ ഇത് അമിവണ്ണം, വയര്‍ ചാടുക എന്നീ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഈ അടുത്ത കാലത്ത് ബോളിവുഡ് താരം ആലിയ ഭട്ട് പ്രസവ ശേഷം നടത്തിയ വ്യായാമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

തലകുത്തി കൈകൂപ്പി നില്‍ക്കുന്ന വീഡിയോയായിരുന്നു അത്. പ്രസവ ശേഷവും മനസിനെയും ശരീരത്തെയും പഴയ പടിയാക്കാനുള്ള ശ്രമത്തിലാണ് താരം. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ആയിരുന്നു താരം വ്യായാമത്തിന്റെ വീഡിയോ പങ്കുവെച്ചത്. പ്രസവത്തിന് ശേഷം ഇത്ര പെട്ടെന്ന് എങ്ങനെയാണ് വ്യായാമത്തിലേക്ക് തിരിച്ച് വരാന്‍ സാധിക്കുന്നതെന്നാണ് ഈ വീഡിയോ കണ്ടപ്പോള്‍ പലരും ആലോചിച്ചത്. സി സെക്ഷന്‍ ആണെങ്കില്‍ ഇത്ര വേഗത്തില്‍ വ്യായാമം ചെയ്യുന്നത് നല്ലതാണോ എന്ന ചിന്തയും ഇല്ലാതില്ല.

സുഖപ്രസവം നടന്ന സ്ത്രീകള്‍ക്ക് പ്രസവ ശേഷം രണ്ടാഴ്ച്ച കഴിഞ്ഞ് വ്യായാമം ആരംഭിക്കാമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. അതേസമയം, സി സെക്ഷന്‍ അഥവ സിസേറിയന്‍ ചെയ്ത അമ്മമാര്‍ പ്രസവ ശേഷം കുറഞ്ഞത് ആറ് ആഴ്ച എങ്കിലും കാത്തിരക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഏതൊരു വ്യായാമം ആരംഭിക്കുന്നതിന് മുന്‍പും തീര്‍ച്ചയായും ഡോക്ടറുടെ നിര്‍ദേശവും അഭിപ്രായവും ചോദിക്കേണ്ടതും അത്യാവശ്യമാണ്.

സി-സെക്ഷന്‍ അല്ലെങ്കില്‍ സിസേറിയന്‍ പ്രസവം എന്നത് അമ്മയുടെ വയറില്‍ മുറിവുണ്ടാക്കി ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുന്നതാണ്. സാധാരണ പ്രസവത്തേക്കാള്‍ കൂടുതല്‍ സമയമെടുക്കും സി-സെക്ഷന്‍ കഴിഞ്ഞ അമ്മമാര്‍ക്ക്. അതിനാലാണ് അവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. വ്യത്യസ്തമായ നിരവധി അവസ്ഥകളിലൂടെ ഗര്‍ഭകാലത്ത് ഒരു സ്ത്രീ കടന്ന് പോകുന്നത്. പൂര്‍ണമായൊരു പരിവര്‍ത്തനത്തിലൂടെ ആണ് സ്ത്രീകള്‍ കടന്ന് പോകുന്നത്. ഉത്കണ്ഠ, അനിശ്ചിതത്വം, ആത്മവിശ്വാസ കുറവ് തുടങ്ങി പല പ്രശ്‌നങ്ങളും ഈ സമയത്ത് അവര്‍ നേരിടാം. ഹോര്‍മോണുകളുടെ ഏറ്റക്കുറിച്ചലാണ് ഇതിന് കാരണം.

സി സെക്ഷന്‍ ഡെലിവറി കഴിഞ്ഞവര്‍ക്ക് 6 മാസത്തിന് ശേഷം വ്യായാമം ആരംഭിക്കാവുന്നതാണ്. ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം വ്യായാമം ചെയ്യുന്നതാണ് നല്ലതെന്ന് ആരോഗ്യ വിദ്ഗധര്‍ അഭിപ്രായപ്പെടുന്നു. ഓട്ടം, നടത്തം, നീന്തല്‍, യോഗ എന്നിവയെല്ലാം ഇവര്‍ക്ക് പരീക്ഷിക്കാവുന്നതാണ്. പ്രസവ സമയത്ത് മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്നവര്‍ മാത്രം ഇത് ചെയ്യുന്നതാണ് നല്ലത്.

ആലിയ ഭട്ടിനെപ്പോലെ ഇത്തരത്തില്‍ തലകുത്തി കിടന്നുള്ള വ്യായാമം (ഇന്‍വേര്‍ഷന്‍ വ്യായാമം) ചെയ്യുന്നത് സുരക്ഷിതമാണോ എന്ന് നോക്കാം. ആദ്യം ഇന്‍വേര്‍ഷന്‍ വ്യായാമം ചെയ്യുമ്പോള്‍ കൃത്യമായ പിന്തുണ നല്‍കേണ്ടത് പ്രധാനമാണ്. വീഡിയോയില്‍ ആലിയ ഭട്ടും ഒരു സപ്പോര്‍ട്ടിന്റെ സഹായത്തോടെ ആണ് ഇത് ചെയ്യുന്നത്. ആരോഗ്യം വീണ്ടെടുത്ത ശേഷം മാത്രമേ സഹായമോ പിന്തുണയോ ഇല്ലാതെ ഇന്‍വേര്‍ഷന്‍ വ്യായാമം ചെയ്യാന്‍ പാടുള്ളൂ. ഗര്‍ഭിണിയാകുന്നതിന് മുന്‍പ് ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നവര്‍ മാത്രമേ ഇത് പിന്തുടരാന്‍ പാടുള്ളൂവെന്നും ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇന്‍വേര്‍ഷന്‍ ചെയ്യുന്നവര്‍ ഭിത്തിയുടെയോ അല്ലെങ്കില്‍ ഫ്‌ളൈ ഫിറ്റ് ഹാമോക്കിന്റെയോ സഹായത്തോടെ മാത്രമേ വ്യായാമം ചെയ്യാവൂ.

പ്രസവ ശേഷം കുറഞ്ഞത് ആറ് മാസമെങ്കിലും വിശ്രമം ആവശ്യമാണ്. പ്രത്യേകിച്ച് മുന്‍പ് ഇത്തരത്തിലുള്ള പെല്‍വിക് വ്യായാമങ്ങള്‍ ചെയ്യാത്തവരാണെങ്കില്‍ തീര്‍ച്ചയായും കാത്തിരിക്കേണ്ടത് അത്യാവശ്യമാണ്. സി സെക്ഷന്‍ ചെയ്തവര്‍ സ്റ്റിച്ച് ഇട്ട മുറിവുകള്‍ ഉണങ്ങിയ ശേഷം ഡോക്ടറുടെ നിര്‍ദേശ പ്രകാരം മാത്രമേ വ്യായാമം ആരംഭിക്കാവൂ.

ഓരോരുത്തരിലും ഓരോ രീതിയിലാണ് മുറിവ് ഉണങ്ങുന്നതും ശരീരവും മനസും വീണ്ടെടുക്കുന്നതും എന്ന കാര്യമാണ് ആദ്യം മനസിലാക്കേണ്ടത്. ചില അമ്മമാര്‍ക്ക് ഡയസ്റ്റാസിസ് റെക്റ്റി (ഗര്‍ഭിണികളിലെ ഒരു സാധാരണ അവസ്ഥ, ഇത് റെക്ടസ് അബ്ഡോമിനിസ് അല്ലെങ്കില്‍ വയറിലെ പേശികളുടെ ഭാഗികമോ പൂര്‍ണ്ണമോ ആയ വേര്‍പിരിയലിനെ സൂചിപ്പിക്കുന്നു) മറ്റുള്ളവര്‍ക്ക് ഉണ്ടാകാനിടയില്ല. ചിലര്‍ക്ക് അവരുടെ ബലവും ആരോഗ്യവും വേഗത്തിലും ചിലര്‍ സാവധാനത്തിലും വീണ്ടെടുത്തേക്കാം. ശരീരം എപ്പോഴും ശ്രദ്ധിക്കുകയും മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുകയും ചെയ്യുക എന്നതാണ് പ്രധാന കാര്യമെന്ന് ആരോഗ്യവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൃത്യമായ പരീശിലനം ലഭിച്ചവരുടെ ശിക്ഷണത്തില്‍ വേണം പ്രധാനമായും ഇത്തരം വ്യായാമങ്ങള്‍ ചെയ്യാനെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്.

Related posts