Nammude Arogyam
Health & WellnessGeneralLifestyle

ആരോഗ്യകരമായ മനസ്സ് നിലനിര്‍ത്തുന്നതിനുള്ള വഴികളെക്കുറിച്ചറിയാം

ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനം. മനസ്സും, ശരീരവും ഒരു പോലെ ആരോഗ്യകരമായിരിക്കുമ്പോഴാണ് ഒരാൾ പൂർണ്ണ ആരോഗ്യവാനാകുന്നത്. ഈ തിരിച്ചറിവാണ് നമ്മളിൽ ഓരോരുത്തരിലും ഉണ്ടാകേണ്ടതും. കൊറോണ വൈറസ് ലോകമെങ്ങുമുള്ളവരെ ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തളര്‍ത്തുന്ന സമയമാണിത്. ജോലിപരമായും, സാമ്പത്തികമായും, ആരോഗ്യപരമായും ലോകം വലിയൊരു വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണ്. പലതരത്തിലുള്ള സമ്മര്‍ദ്ദങ്ങളെ ഓരോരുത്തരും തരണം ചെയ്യേണ്ട സമയം കൂടിയാണിത്. അതിനാല്‍ തന്നെ ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്ന ഇന്ന് മാനസികമായി ഓരോരുത്തരും ശക്തരായിരിക്കേണ്ടതിന്റെ പ്രാധാന്യവും ഏറെയാണ്.

ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും നമ്മൾ നേരിടുന്ന വെല്ലുവിളികളും അതിനെ തുടർന്നുണ്ടാവുന്ന മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും ഉത്കണ്ഠയും വിഷാദവുമൊക്കെ പനിയും ചുമയും പോലെ തന്നെ അപ്പപ്പോൾ പരിഹരിക്കപ്പെട്ടുപോയാൽ പിൽക്കാലത്തു വരുന്ന വിഷാദങ്ങളിൽ നിന്നും രക്ഷപ്പെടാനാകും. അത്രയേറെ ഗതിക്കെട്ടാൽ മാത്രമാണ് നാമോരോരുത്തരും മാനസികാരോഗ്യവിദഗ്ദ്ധനെ സമീപിക്കാറുള്ളത്. സമൂഹം നമ്മളെ ഭ്രാന്തനായി ചിത്രീകരിക്കുമെന്നുള്ള അപകർഷതാബോധം നമ്മെ സഹായം തേടുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. എന്നാൽ മാനസികാരോഗ്യ പ്രശ്‌നങ്ങളായ വിഷാദം, ഉത്കണ്ഠ എന്നീ രോഗലക്ഷണങ്ങളെ നിയന്ത്രിക്കുന്നതിനും അവയുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ തടയുന്നതിനും സമയബന്ധിതമായ ചികിത്സ തന്നെ ആവശ്യമാണ്.

ഒരാൾ സന്തോഷവാനായിരിക്കുമ്പോഴാണ് അയാൾ ആരോഗ്യകരമായ മനസ്സ് നിലനിര്‍ത്തുന്നത്. ഇത്തരത്തിൽ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് ചില വഴികളുണ്ട്. അതിനെക്കുറിച്ചറിയാം.

1.വ്യായാമം

ഏറ്റവും ലളിതമായ രീതിയില്‍ മാനസികാരോഗ്യം വര്‍ധിപ്പിക്കാനുള്ള ഒരു വഴിയാണ് വ്യായാമം. വ്യായാമം ചെയ്യുന്നതിലൂടെ നമ്മുടെ ശരീരവും മനസ്സും ശക്തമാകുന്നു. മാത്രമല്ല, വിഷാദരോഗത്തിനുള്ള സാധ്യതയും കുറയ്ക്കുന്നു. പതിവ് വ്യായാമം പ്രായപരിധിയില്ലാതെ നമ്മുടെ പ്രകടനം മെച്ചപ്പെടുത്തുകയും ഓര്‍മ്മശക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

2.ധ്യാനം

മാനസികമായി ശാന്തരായിരിക്കാനും ചിന്തകളെ പോസിറ്റീവ് ആയി നിലനിര്‍ത്താനും ധ്യാനത്തിലൂടെ സാധിക്കുന്നു. ഇത് നമ്മുടെ വൈകാരിക ആരോഗ്യം സന്തുലിതമാക്കാന്‍ സഹായിക്കുന്നു. പതിവ് ധ്യാനം സമ്മര്‍ദ്ദത്തെ മറികടക്കുന്നതിനും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നു.

3.പോഷകാഹാരം

മാനസികാരോഗ്യം വര്‍ധിപ്പിക്കുന്നതില്‍ ഭക്ഷണവും ഒരു പങ്ക് വഹിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി 12, കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍, മഗ്‌നീഷ്യം, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, സെലിനിയം തുടങ്ങിയ പോഷകാഹാരങ്ങൾ മാനസിക ആരോഗ്യത്തെ ഗുണപരമായി ഉണര്‍ത്തുന്നു. ഇവ അടങ്ങിയ ആഹാരസാധനങ്ങള്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക. കൂടാതെ ധാന്യങ്ങള്‍, പ്രോട്ടീന്‍ അടങ്ങിയ നാരുകള്‍, പച്ച ഇലക്കറികള്‍ എന്നിവ കൂടി കഴിക്കുക. ഇവ നല്ല പ്രതിരോധ ശേഷി നിലനിര്‍ത്താനും ആവശ്യമായ ഭക്ഷണങ്ങളാണ്.

4.ബന്ധങ്ങള്‍

കുടുംബവുമായും സുഹൃത്തുക്കളുമായും കൂടുതല്‍ സമയം ചെലവഴിക്കുന്നതും സാമൂഹ്യ ബന്ധങ്ങള്‍ വിപുലീകരിക്കുന്നതും നമ്മുടെ സന്തോഷവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നു. നേരെമറിച്ച്, സാമൂഹിക ഒറ്റപ്പെടല്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്റെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍, കഴിയുന്നത്ര ആളുകളുമായി ഇടപഴകുക. നമ്മളെ ഏകാന്തത കീഴടക്കാന്‍ ഒരിക്കലും അനുവദിക്കാതിരിക്കുക.

5.വിശ്രമം

കഠിനാധ്വാനം മത്രം പോരാ ജീവിതത്തില്‍. ആവശ്യത്തിന് വിശ്രമവും വേണം. ദിവസവും ഓരോരുത്തരും മതിയായ വിശ്രമത്തിലും ശ്രദ്ധ കേന്ദ്രീകരിക്കണ്ടതാണ്. ദിവസവും 7-8 മണിക്കൂര്‍ നേരം മതിയായ ഉറക്കം നേടുക. അടുത്ത ദിവസത്തേക്കുള്ള ഊര്‍ജ്ജമാണ് ഉറക്കം എന്നു കൂടി മനസ്സിലാക്കുക.

6.സമ്മര്‍ദ്ദം കുറയ്ക്കുക

നമ്മുടെ ചിന്തകളാണ് നമ്മളെ സമ്മര്‍ദ്ദങ്ങളിലേക്ക് തള്ളിവിടുന്നത്. ഒരുപാട് ചിന്തിച്ചുകൂട്ടി മനസ്സിനെ കുഴപ്പിക്കാതിരിക്കുക. ഓരോ പ്രശ്‌നവും സമാധാനത്തോടെ ലളിതമായി കൈകാര്യം ചെയ്യാന്‍ ശ്രമിക്കുക. സമ്മര്‍ദ്ദരഹിതമായി ഇരിക്കാന്‍ ദിവസവും നമ്മുടെ ഹോബികള്‍ക്കായും സമയം കണ്ടെത്തുക. എപ്പോഴാണ് നമ്മള്‍ ഏറ്റവും കൂടുതല്‍ സന്തോഷവാനായിരിക്കുന്നതെന്ന് മനസിലാക്കുക. യാത്രയോ, പാട്ടോ, വ്യായാമമോ, വിനോദമോ, കൂട്ടുകാരോ, പുസ്തകങ്ങളോ എന്തു തന്നെയായാലും അതിനായി നമ്മള്‍ സമയം നീക്കിവയ്ക്കുക.

മനസ്സിൻ കണ്ണാടി മുഖമെന്ന് പഴമൊഴി കേട്ടിട്ടില്ലേ. ആ കണ്ണാടിയിൽ പൊട്ട് വീഴാതിരിക്കാൻ വേണ്ടി ശാരീരികാരോഗ്യം പോലെ തന്നെ മാനസികാരോഗ്യത്തിനും നമുക്ക് പ്രാധാന്യം നൽകാം.

Related posts