Nammude Arogyam
General

ജീവന്‍ രക്ഷിക്കാന്‍ സിപിആര്‍ കൃത്യമായി എങ്ങനെ നൽകണം?

ഇന്നത്തെ കാലത്ത് ജങ്ക്ഫുഡും, മാറിക്കൊണ്ടിരിക്കുന്ന ശീലങ്ങളും ജീവിത ശൈലിയും വ്യായാമത്തിന്റെ അഭാവവും എല്ലാം നമ്മുടെ ഹൃദയത്തെ നശിപ്പിക്കുന്നു. ഓരോ ദിവസം ചെല്ലുന്തോറും ആരോഗ്യം നശിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് പലരും എത്തുന്നത്. ഇത് പലപ്പോഴും ഹൃദയാഘാതത്തിലേക്ക് എത്തിക്കുന്നു. ഇത്തരം ഘട്ടങ്ങളിൽ പ്രഥമ ശുശ്രൂഷ അനിവാര്യമാണ്. സിപിആര്‍ എന്ന പ്രാഥമിക ശുശ്രൂഷയാണ് ഇത്തരം സാഹചര്യങ്ങളിൽ നൽകാറുള്ളത്.

സിപിആര്‍ എന്ന വാക്ക് പലരും കേട്ടിട്ടുണ്ടാവും, എന്നാല്‍ ഇതിന്റെ പ്രാധാന്യം, എത്രത്തോളം സിപിആര്‍ നല്‍കുന്നവര്‍ ശ്രദ്ധിക്കണം എന്നുള്ളതാണ്. സിപിആര്‍ നല്‍കുക എന്നത് പ്രഥമശുശ്രൂഷയില്‍ നല്‍കുന്ന ഒന്നാണ്. ഒരാളുടെ ജീവന്‍ രക്ഷിക്കുക എന്നത് അത്രയേറെ പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്ന് നമുക്കറിയാം. അതിന് വേണ്ടി നാം ശ്രമിക്കുമ്പോള്‍, അതിൽ തെറ്റുകള്‍ വരാതിരിക്കാന്‍ വളരെയധികം ശ്രദ്ധിക്കണം.

സിപിആര്‍ അല്ലെങ്കില്‍ കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ (സിപിആര്‍) എങ്ങനെ ശരിയായി നല്‍കണം എന്നത് എല്ലാവരും അറിഞ്ഞിരിക്കണം. കാരണം ഹൃദയാഘാതം അല്ലെങ്കില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എപ്പോഴും ഏത് സമയത്തും ഏത് പ്രായക്കാരിലും ഉണ്ടാവുന്നതാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള സിപിആര്‍ നല്‍കേണ്ടതിന്റെ ആവശ്യകതയും അതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെയെന്ന് നോക്കാം.

എന്തുകൊണ്ടാണ് സിപിആര്‍ നല്‍കണം എന്ന് പറയുന്നതെന്ന് പലര്‍ക്കും അറിയില്ല. സിപിആര്‍ നല്‍കുമ്പോള്‍ ജീവന്‍ അപകടത്തിലായ രോഗിയുടെ അതിജീവന സാധ്യത രണ്ടോ മൂന്നോ മടങ്ങ് വര്‍ദ്ധിക്കുമെന്നാണ് ആരോഗ്യ. രംഗത്തെ വിദഗ്ധര്‍ പറയുന്നത്. പലപ്പോഴും മുന്നിലിരിക്കുന്ന വ്യക്തിയുടെ ശ്വാസം നിലക്കുകയോ അല്ലെങ്കില്‍ പള്‍സ് ഇല്ലാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയില്‍ സിപിആര്‍ നല്‍കുന്നതിന് ശ്രദ്ധിക്കണം. പക്ഷേ സിപിആര്‍ നല്‍കുന്ന വ്യക്തി അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

സിപിആര്‍ നല്‍കുമ്പോള്‍ രോഗിയുടെ നെഞ്ചില്‍ കൈകള്‍ വെച്ച് അമർത്തേണ്ടതാണ് (കംപ്രഷന്‍). എന്നാല്‍ ഇത്തരത്തില്‍ വെക്കുമ്പോള്‍ അത് അല്‍പം ശ്രദ്ധിച്ച് വേണം എന്നതാണ്. ആദ്യത്തെ കാര്യം രോഗി കിടക്കുന്നത് പരന്ന പ്രതലത്തിലാണ് എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് കൂടാതെ സിപിആര്‍ നല്‍കുന്ന ആളുടെ വിരലുകള്‍ പരസ്പരം ക്രോസ് ചെയ്ത് വേണം വെക്കാൻ. ഇത് രോഗിയുടെ നെഞ്ചിന്റെ മധ്യഭാഗത്തായി വെക്കണം. തോളിന് സമാന്തരമായി കൈകള്‍ വരണം. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കംപ്രഷന്‍ നല്‍കുമ്പോള്‍, കൈകളും തോളും രോഗിയുടെ നെഞ്ചിന് ലംബമായിരിക്കുമ്പോള്‍ മാത്രമേ ഇത് കൃത്യമാവുകയുള്ളൂ. കൈമുട്ടുകള്‍ ലോക്ക് ചെയ്തത് പോലെയാണ് ഉണ്ടായിരിക്കേണ്ടത്. എന്നാല്‍ മാത്രമേ കൃത്യമായ അളവിലുള്ള മര്‍ദ്ദം ലഭിക്കുകയുള്ളൂ.

രോഗിക്ക് നല്‍കുന്ന ഇത്തരം കംപ്രഷനുകള്‍ വളരെ വേഗത്തില്‍ അല്ലെങ്കില്‍ വളരെ സാവധാനത്തില്‍ ആണോ നല്‍കേണ്ടത് എന്നത് പലര്‍ക്കും സംശയമുള്ളതാണ്. പലരും ചെയ്യുന്ന തെറ്റുകളില്‍ ഒന്നാണ് ഇത്. രോഗിയുടെ നെഞ്ചിന് മുകളില്‍ വളരെ വേഗത്തില്‍ കംപ്രസ് ചെയ്യുകയാണെങ്കില്‍, ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന്‍ വേണ്ടത്ര സമയം ലഭിക്കണം എന്നില്ല. എന്നാല്‍ വളരെ പതുക്കെയാണ് കംപ്രഷന്‍ ചെയ്യുന്നതെങ്കില്‍ ഇതിന്റെ ഫലമായി രോഗിയുടെ രക്തസമ്മര്‍ദ്ദം കുറയുകയോ അല്ലെങ്കില്‍ അതിന്റെ ഫലമായി ടിഷ്യൂകള്‍ക്കും കോശങ്ങള്‍ക്കും ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാത്ത അവസ്ഥയുണ്ടാവുകയോ ചെയ്യാം. ശ്രദ്ധിക്കേണ്ടത് കംപ്രഷന്‍ നിരക്ക് മിനിറ്റില്‍ 100-120 കംപ്രഷനുകള്‍ ആയിരിക്കണം എന്നതാണ്.

രോഗിക്ക് നല്‍കുന്ന കംപ്രഷന്‍ വളരെ വേഗതയേറിയതോ അല്ലെങ്കില്‍ മന്ദഗതിയിലുള്ളതോ ആണെങ്കില്‍ പലപ്പോഴും ഹൃദയത്തിന് ആവശ്യത്തിന് രക്തം പമ്പ് ചെയ്യാന്‍ സാധിക്കണം എന്നില്ല. ചില ആഴത്തിലുള്ള കംപ്രഷന്‍ ശരീര ക്ഷതങ്ങളിലേക്ക് എത്തിക്കുന്നു. ഇത് നെഞ്ചില്‍ ഒടിവ് ഉണ്ടാകുന്നതിലേക്ക് വരെ എത്തിച്ചേക്കാം. അതുകൊണ്ട് തന്നെ സിപിആര്‍ ചെയ്യുന്ന വ്യക്തി, കൃത്യമായി സിപിആര്‍ ചെയ്യേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ച് മനസ്സിലാക്കിയിരിക്കണം. അല്ലാത്ത പക്ഷം അത് രോഗിക്ക് അപകടം ഉണ്ടാക്കിയേക്കാം.

ഇതിനോടൊപ്പം തന്നെ സിപിആര്‍ നല്‍കുമ്പോള്‍ രോഗിയുടെ തലയുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്. രോഗിയുടെ തല ഒരു കൈ കൊണ്ട് പിന്നിലേക്ക് ചരിക്കണം. മറ്റേ കൈ കൊണ്ട് താടി മുകളിലേക്ക് ഉയര്‍ത്തുകയും വേണം. ഇത് ശ്വാസകോശത്തിലേക്കുള്ള ശ്വാസനാളം തുറന്നിരിക്കുന്നുവെന്ന് ഉറപ്പാക്കുന്നു. നെഞ്ചില്‍ സമ്മര്‍ദ്ദം നല്‍കിയ ശേഷം വേണം ഇത് ചെയ്യുന്നതിന്. പിന്നീട് മൂക്കുപൊത്തി വായിലൂടെ രണ്ട് ദീര്ഘശ്വാസം നല്‍കുക. 30 പ്രാവശ്യം നെഞ്ച് കംപ്രഷനുകള്‍ ചെയ്യുകയാണെങ്കില്‍ 2 കൃത്രിമ ശ്വാസം നല്‍കുക. കംപ്രഷനുകള്‍ 30 വരെ ഉച്ചത്തില്‍ എണ്ണുക. ഇത്രയും കാര്യങ്ങള്‍ ഓര്‍ത്തിരിക്കേണ്ടതാണ്.

മുകളിൽ പറഞ്ഞ ഈ കാര്യങ്ങളെല്ലാം മനസ്സില്‍ വെക്കുകയും സിപിആര്‍ കൃത്യമായ രീതിയില്‍ ചെയ്യുകയും ചെയ്താല്‍ മരണത്തില്‍ നിന്ന് ഒരാളെയെങ്കിലും രക്ഷിക്കാന്‍ സാധിക്കും. സിപിആറിന് ശേഷം ഉടനേ തന്നെ രോഗിയെ ആശുപത്രിയിലേക്ക് മാറ്റുക എന്നത് കൂടി വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്.

Related posts