Nammude Arogyam
General

പിസിഒഡിയും പിസിഒഎസും ഒന്നാണോ?

ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് നേരിടുമ്പോഴോ ആര്‍ത്തവത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുമ്പോഴോ ആണ്, സ്ത്രീകളിൽ പലപ്പോഴും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് മനസ്സിലാവുക. അത്തരത്തിൽ ഇന്നത്തെ കാലത്ത് സ്ത്രീകള്‍ അഭിമുകീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളാണ് പിസിഒഎസ്, പിസിഒഡി എന്നിവ. ഇവ രണ്ടും പലപ്പോഴും സ്ത്രീകള്‍ക്ക് സംശയം ഉണ്ടാക്കുന്ന ഒന്നാണ്. പ്രത്യേകിച്ചും പിസിഒഎസ്, പിസിഒഡി, ഗര്‍ഭം എന്നിവ തമ്മിലുള്ള ബന്ധം മനസിലാക്കാന്‍ ശ്രമിക്കുമ്പോള്‍. അണ്ഡാശയവുമായി ബന്ധപ്പെട്ടതും ഹോര്‍മോണ്‍ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതും പോലുള്ള സമാനതകള്‍ ഈ രണ്ട് രോഗങ്ങൾക്കും ഉണ്ടെങ്കിലും, രണ്ട് അവസ്ഥകളും വ്യത്യസ്തമാണ്. അതുകൊണ്ട് ഇവയെക്കുറിച്ച് കൃത്യമായി മനസ്സിലാക്കേണ്ടതാണ്. എന്താണ് PCOD – എന്താണ് PCOS എന്ന് നമുക്ക് നോക്കാം.

എല്ലാ സ്ത്രീകള്‍ക്കും രണ്ട് അണ്ഡാശയങ്ങളുണ്ട്, അത് ഓരോ മാസവും മാറി മാറി അണ്ഡം പുറപ്പെടുവിക്കുന്നു. അണ്ഡാശയത്തില്‍ മിനി അളവില്‍ ആന്‍ഡ്രോജന്‍ അല്ലെങ്കില്‍ പുരുഷ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നു. അണ്ഡാശയത്തില്‍ ധാരാളം പക്വതയില്ലാത്തതോ ഭാഗികമായി പക്വതയുള്ളതോ ആയ അണ്ഡങ്ങള്‍ പുറപ്പെടുവിക്കുന്ന അവസ്ഥയാണ് പിസിഒഡി (പോളിസിസ്റ്റിക് ഓവറിയന്‍ ഡിസീസ്).

വയറിലെ കനം, ക്രമരഹിതമായ ആര്‍ത്തവം, മുടി കൊഴിച്ചില്‍, വന്ധ്യത എന്നിവയാണ് സാധാരണ ലക്ഷണങ്ങളില്‍ ചിലത്. ഈ അവസ്ഥയില്‍, അണ്ഡാശയത്തെ സാധാരണയില്‍ കൂടുതല്‍ വലുതാക്കുകയും വലിയ അളവില്‍ ആന്‍ഡ്രോജന്‍ സ്രവിക്കുകയും ചെയ്യുന്നു, അത് സ്ത്രീയുടെ ഫലഭൂയിഷ്ഠതയ്ക്കും ശരീരത്തിനും നാശമുണ്ടാക്കും. പിസിഒഡിക്കുള്ള ഏറ്റവും മികച്ച ചികിത്സ എന്ന് പറയുന്നത് രോഗത്തേക്കാള്‍ കൂടുതല്‍ അതിന്റെ ലക്ഷണങ്ങളെ ചികിത്സിക്കലാണ്.

അണ്ഡോത്പാദന സമയത്ത് ഉണ്ടാകുന്ന അണ്ഡം, പുറത്തു വിടുന്നതിനു പകരം, അണ്ഡാശയത്തില്‍ തന്നെ സിസ്റ്റുകളായി രൂപം കൊള്ളുകയും ചിലപ്പോള്‍ വലുതാകുകയും ചെയ്യുന്നു. ഇതാണ് പിസിഒഎസ് എന്ന് പറയുന്നത്. പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം) ഉള്ള സ്ത്രീകളിലെ അണ്ഡാശയത്തിൽ സാധാരണയേക്കാള്‍ ഉയര്‍ന്ന അളവില്‍ ആന്‍ഡ്രോജന്‍ ഉത്പാദിപ്പിക്കുന്നു, ഇത് അണ്ഡം പുറത്തേക്ക് വരുന്നതിനും വികസിക്കുന്നതിനും തടസ്സമാകുന്നു. ചില മുട്ടകള്‍ സിസ്റ്റുകളായി വികസിക്കുന്നു, അവ ദ്രാവകം നിറഞ്ഞ ചെറിയ സഞ്ചികളാണ്.

ശരിയായ ഭക്ഷണക്രമവും വ്യായാമവും ഉപയോഗിച്ച് ഇത് കൈകാര്യം ചെയ്യാന്‍ കഴിയുമെന്നതിനാല്‍ പിസിഒഡിയെ യഥാര്‍ത്ഥത്തില്‍ ഒരു രോഗമായി കണക്കാക്കില്ല. എന്നാൽ പിസിഒഎസ് ഗുരുതരമായ അവസ്ഥയാണ്. പിസിഒഎസ് ഒരു ഉപാപചയ വൈകല്യമാണ്. അതുകൊണ്ട് ഇത് പലപ്പോഴും ഗര്‍ഭധാരണത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്‍ഡോക്രൈന്‍ സിസ്റ്റത്തിന്റെ ഒരു തകരാറാണ്, അതേസമയം ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ വികസിപ്പിച്ചെടുത്ത അവസ്ഥയാണ് പിസിഒഡി. രണ്ട് അവസ്ഥകളിലും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയും ജനിതകവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഉയര്‍ന്ന അളവിലുള്ള പുരുഷ ഹോര്‍മോണുകള്‍ അണ്ഡാശയത്തെ ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിക്കുന്നതിലും സാധാരണയായി അണ്ഡം ഉത്പാദിപ്പിക്കുന്നതിലും തടയുന്നു.

താരതമ്യപ്പെടുത്തുമ്പോള്‍ പിസിഒഡി കൂടുതല്‍ സാധാരണമാണ്. ലോകമെമ്പാടുമുള്ള മൂന്നിലൊന്ന് സ്ത്രീകളും PCOD രോഗത്താല്‍ ബുദ്ധിമുട്ടുന്നു. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം രോഗികളുടെ എണ്ണം വളരെ കുറവാണ്. എന്നാല്‍ നിസ്സാരമായി വിടുന്ന അവസ്ഥയില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചില ലക്ഷണങ്ങള്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതായിരിക്കും. ഇതിനെക്കുറിച്ച് പലരും അറിയുന്നില്ല എന്നുള്ളതാണ് സത്യം.

പോളിസിസ്റ്റിക് ഓവറി ഡിസീസ് എല്ലാ സ്ത്രീകളേയും വന്ധ്യതയിലേയ്ക്ക് നയിക്കുന്നില്ല, മാത്രമല്ല ഇത് ഗര്‍ഭധാരണത്തിനുള്ള ഒരു തടസ്സമായി കണക്കാക്കരുത്. 80 ശതമാനം കേസുകളിലും സ്ത്രീകള്‍ക്ക് ചെറിയ സഹായത്തോടെ ഗര്‍ഭം ധരിക്കാനും സുഗമമായ ഗര്‍ഭകാലം അനുഭവിക്കാനും കഴിയും. എന്നാല്‍ പിസിഒഎസ് ഉള്ള സ്ത്രീകള്‍ക്ക്, ഹോര്‍മോണ്‍ ക്രമക്കേടുകള്‍ കാരണം ഗര്‍ഭധാരണം ഒരു വെല്ലുവിളിയാകും. ഗര്‍ഭം ധരിക്കുന്നതിന്, ഒരാള്‍ക്ക് സമതുലിതമായ ഹോര്‍മോണ്‍ ചക്രങ്ങള്‍ ഉണ്ടായിരിക്കണം. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിലെ ആന്‍ഡ്രോജന്റെ അളവ് വളരെ കൂടുതലായതിനാല്‍ ഇവരില്‍ ഗര്‍ഭധാരണം ഒരു വെല്ലുവിളിയാകും. അതിനാൽ ഒരു ഗൈനെക്കോളജിസ്റ്റിന്റെ ഉപദേശം തേടുന്നതാണ് നല്ലത്.

Related posts