Nammude Arogyam
GeneralHealth & Wellness

ശരീരത്തിലെ എല്ലാ കൊഴുപ്പുകളും അപകടകരമാണോ? വിവിധതരം കൊഴുപ്പുകൾ ശരീരത്തെ എങ്ങനെ ബാധിക്കും?

കൊഴുപ്പ് എന്ന് കേൾക്കുന്നത് പോലും പലർക്കും ഭയമാണ്. ശരീരത്തിൽ അടിഞ്ഞ് കൂടുന്ന കൊഴുപ്പാണ് അമിതഭാരം നിയന്ത്രിക്കുന്നതിൽ പലപ്പോഴും വില്ലനാകുന്നത്. അതുകൊണ്ടാണ് എത്ര കഠിനമായ വ്യായാമം ചെയ്തും ഈ അധിക കൊഴുപ്പ് എരിച്ച് കളയാൻ നാം ശ്രമിക്കാറുള്ളത്. എന്നാൽ എല്ലാ കൊഴുപ്പും അനാരോഗ്യകരമല്ല. ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പും ഉണ്ട്. ശരീരത്തിൽ ഹോർമോണുകളുടെയും ഓർമ്മശക്തിയുടെയും പ്രവർത്തനം നിയന്ത്രിക്കുന്നതിനും ആന്തരിക അവയവങ്ങൾ സംരക്ഷിക്കുന്നതിനും പ്രത്യേക പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും കുറഞ്ഞ അളവിൽ ഭക്ഷണത്തിൽ കൊഴുപ്പ് ആവശ്യമാണ്. എന്നാൽ എല്ലാ കൊഴുപ്പും അനാരോഗ്യകരമല്ല. ശരീരത്തിന് ആവശ്യമായ നല്ല കൊഴുപ്പും ഉണ്ട്.

ശരീരഭാരം കുറയ്ക്കുന്നതിനോ ആരോഗ്യമുള്ളവരാകുന്നതിനോ ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഇതിനായി ആദ്യം വെട്ടിക്കുറക്കേണ്ട ഒന്നാണ് കൊഴുപ്പ്. ഫാറ്റി ആസിഡുകൾ എന്നും അറിയപ്പെടുന്ന ഭക്ഷണത്തിലെ കൊഴുപ്പുകൾ ഊർജ്ജസ്രോതസ്സല്ല. അവ ശരീരത്തിന്റെ ഘടനാപരമായ നിർമാണ ഘടകമായി പ്രവർത്തിക്കുന്ന ഒന്നാണ്. എന്നിരുന്നാലും, കൊഴുപ്പ് അടിസ്ഥാനമാക്കിയുള്ള ഭക്ഷണം അമിതമായി കഴിക്കുന്നതിൽ നിന്നുള്ള കലോറി ശരീരഭാരം വർദ്ധിപ്പിക്കും.

നമ്മെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ കൊഴുപ്പുകൾ വഹിക്കുന്ന പ്രധാന പങ്ക് മനസിലാക്കാൻ, മൂന്ന് തരം ഭക്ഷണ കൊഴുപ്പുകളെ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്.

1. പൂരിത കൊഴുപ്പുകൾ (സാച്ചുറേറ്റഡ് ഫാറ്റ്).

2. അപൂരിത കൊഴുപ്പുകൾ (മോണോസാച്ചുറേറ്റഡ് ഫാറ്റും പോളിഅൺസാച്ചുറേറ്റഡ് ഫാറ്റും).

3. ട്രാൻസ് ഫാറ്റ്.

ഈ മൂന്ന് വ്യത്യസ്ത തരം കൊഴുപ്പുകൾ ശരീരത്തെ എങ്ങനെ ബാധിക്കുന്നുവെന്നത് ഇതാ.

1. പൂരിത കൊഴുപ്പുകൾ അഥവാ സാച്ചുറേറ്റഡ് ഫാറ്റ്

പൂരിത കൊഴുപ്പിനെ ‘മോശം കൊഴുപ്പ്’ എന്നും വിളിക്കുന്നു. പൂരിത കൊഴുപ്പുകൾ അമിതമായി കഴിക്കുന്നത് കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് പ്രാഥമികമായി ഗോമാംസം, പന്നിയിറച്ചി, കൊഴുപ്പ് കൂടിയ പാലുൽപ്പന്നങ്ങൾ, വെണ്ണ, ക്രീം എന്നിവയിൽ കാണപ്പെടുന്നു. അതിനാൽ പൂരിത കൊഴുപ്പുകൾ കഴിക്കുന്നത് കഴിവതും ഒഴിവാക്കണം.

2. അപൂരിത കൊഴുപ്പുകൾ

ഹൃദ്രോഗ സാധ്യത കുറയ്ക്കണമെങ്കിൽ പൂരിത കൊഴുപ്പുകൾ അപൂരിത കൊഴുപ്പുകൾ ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുക. അപൂരിത കൊഴുപ്പുകൾ രണ്ട് തരം ഉണ്ട്.

1). മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ: രക്തത്തിലെ മോശം എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം നല്ല എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് നിലനിർത്തുന്നതിലൂടെ മോണോസാചുറേറ്റഡ് കൊഴുപ്പ് ഹൃദയത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. മോണോസാചുറേറ്റഡ് കൊഴുപ്പുകൾ നട്ട്സ് (ബദാം, കശുവണ്ടി, കപ്പലണ്ടി), സസ്യ എണ്ണ (ഒലിവ് ഓയിൽ, കപ്പലണ്ടി എണ്ണ), അവോക്കാഡോ, പീനറ്റ് ബട്ടർ, ബദാം ബട്ടർ തുടങ്ങിയ ഭക്ഷണ സാധനങ്ങളിൽ അടങ്ങിയിരിക്കുന്നു.

2. പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ: പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകളും ഒമേഗ-6 ഫാറ്റി ആസിഡുകളും ഉൾപ്പെടുന്നു. അവശ്യ കൊഴുപ്പുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്, കാരണം ശരീരത്തിന് അവ സ്വന്തമായി ഉണ്ടാക്കാൻ കഴിയില്ല. പക്ഷേ അവ ചില ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്നു. സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള എണ്ണകളായ സോയാബീൻ എണ്ണ, ചോളം എണ്ണ, സൂര്യകാന്തി എണ്ണ, ചെമ്പല്ലി മത്സ്യം, ചണവിത്ത് (ഫ്‌ളാക്‌സ് സീഡ്), വാൾനട്ട് പോലുള്ള നട്ട്സ് തുടങ്ങിയ ഭക്ഷ്യ ഉല്പന്നങ്ങളിൽ ഈ കൊഴുപ്പ് കാണപ്പെടുന്നു.

3. ട്രാൻസ് ഫാറ്റ്

പൂരിത കൊഴുപ്പ് പോലെ, ട്രാൻസ് ഫാറ്റ് രക്തത്തിലെ കൊളസ്ട്രോൾ വർദ്ധിപ്പിക്കും. കൊഴുപ്പിന്റെ ഏറ്റവും മോശം തരം, ട്രാൻസ് ഫാറ്റ് ആണ്. ഇത് പൂരിത കൊഴുപ്പ് പോലെ പെരുമാറുകയും ആരോഗ്യത്തിന് അപകടകരമാവുകയും ചെയ്യും. അതിനാൽ, ട്രാൻസ് ഫാറ്റ് കഴിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണം. വറുത്ത ഭക്ഷണങ്ങൾ, ബേക്ക് ചെയ്ത സാധനങ്ങൾ, സംസ്കരിച്ച ലഘുഭക്ഷണങ്ങൾ തുടങ്ങിയവയിൽ ഈ കൊഴുപ്പ് കാണപ്പെടുന്നു.

എല്ലാത്തരം കൊഴുപ്പും ആരോഗ്യത്തിന് ദോഷകരമല്ല. അതിനാൽ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ കുറച്ച് നല്ല കൊഴുപ്പുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

Related posts