തൊണ്ടവേദനയും തൊണ്ടയിലെ ചൊറിച്ചിലും വളരെ അരോചകവും അസ്വസ്ഥത ഉളവാക്കുന്നതുമാണ്. വൈറൽ അല്ലെങ്കിൽ ബാക്ടീരിയ അണുബാധയോടുള്ള ശരീരത്തിന്റെ രോഗപ്രതിരോധ പ്രതികരണത്തിന്റെ ഭാഗമായാണ് തൊണ്ടവേദനയും ചൊറിച്ചിലും ഉണ്ടാകുന്നത്. രോഗപ്രതിരോധ പ്രതികരണം തൊണ്ടയിലെ മ്യൂക്കസ് മെംബറേനിൽ വീക്കം, നീർക്കെട്ട് എന്നിവ ഉണ്ടാകുന്നതിലേക്ക് നയിക്കുകയും, അത് വേദനയ്ക്ക് കാരണമാവുകയും ചെയ്യുന്നു.
ജലദോഷം, പനി, അലർജി, മലിനീകരണം, പുക, വരൾച്ച, ഉച്ചത്തിൽ സംസാരിക്കുമ്പോൾ പേശികൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് എന്നിവയാണ് തൊണ്ടവേദനയുടെ സാധാരണ കാരണങ്ങൾ. തൊണ്ടവേദനയുടെ ചില ലക്ഷണങ്ങളിൽ വേദന, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വീർത്ത ഗ്രന്ഥികൾ, പരുക്കൻ ശബ്ദവും വീർത്ത, ചുവന്ന ടോൺസിലുകൾ എന്നിവ ഉൾപ്പെടുന്നു.
തൊണ്ടയിലെ വീക്കത്തിന് ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം. വീട്ടുവൈദ്യങ്ങളിൽ തൽക്ഷണ ആശ്വാസം നൽകുന്ന ചില ഔഷധ പാനീയങ്ങൾ ഉൾപ്പെടുന്നു. തൊണ്ട വേദനയിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് പരീക്ഷിച്ച് നോക്കാവുന്ന ചില പാനീയങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
1.മഞ്ഞൾ പാൽ
ഡോ. വസന്ത് ലാഡിന്റെ ‘ദി കംപ്ലീറ്റ് ബുക്ക് ഓഫ് ആയുർവേദിക് ഹോം റെമഡീസ്’ എന്ന പുസ്തകത്തിൽ, അര ടീസ്പൂൺ മഞ്ഞൾ ചേർത്ത് തിളപ്പിച്ച ഒരു കപ്പ് ചൂടുള്ള പാൽ കുടിക്കുന്നത് തൊണ്ടവേദനയിൽ നിന്ന് എളുപ്പത്തിൽ ആശ്വാസം ലഭിക്കുന്നതിന് സഹായിക്കും എന്ന് പറയുന്നു. ഇതിൽ കുറച്ച് നെയ്യ് ചേർക്കാം, ഇത് തൊണ്ടയിലേക്ക് ഉരുകിച്ചേർന്ന്, തൊണ്ടയ്ക്ക് സംരക്ഷണ കവചം നൽകുകയും, തൊണ്ടവേദനയിൽ നിന്ന് എളുപ്പത്തിൽ ആശ്വാസം പകരുകയും ചെയ്യും.
2.ഇഞ്ചി – കറുവാപ്പട്ട – ഇരട്ടിമധുരം ചായ
ഇഞ്ചി, കറുവാപ്പട്ട, ഇരട്ടിമധുരം എന്നിവ ചേർത്ത ചായയാണ് തൊണ്ടവേദനയ്ക്ക് പരിഹാരമായി നന്നായി പ്രവർത്തിക്കുന്ന മറ്റൊരു പ്രതിവിധി. ആവശ്യമായ ചേരുവകൾ രണ്ട് ഭാഗം ഇഞ്ചി, രണ്ട് ഭാഗം കറുവപ്പട്ട, മൂന്ന് ഭാഗം ഇരട്ടിമധുരം എന്നിവ മാത്രമാണ്. അഞ്ച് മുതൽ 10 മിനിറ്റ് വരെ നേരം ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ ഈ ഔഷധ മിശ്രിതം ചേർത്ത് ഒരു ദിവസം മൂന്ന് തവണ വരെ കുടിക്കുക.
3.ഇഞ്ചി ചായ
തൊണ്ടവേദന ഒഴിവാക്കാൻ സഹായിക്കുന്ന ആൻറി ബാക്ടീരിയൽ, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ അടങ്ങിയ ഒരു സുഗന്ധവ്യഞ്ജനമാണ് ഇഞ്ചി. പതിവ് കപ്പ് പാൽ ചായയിലേക്ക് ഇഞ്ചി ചേർക്കാം. കൂടുതൽ നല്ലത്, നല്ല തിളച്ച വെള്ളത്തിൽ ഇഞ്ചി ചെറുതായി അരിഞ്ഞത് ചേർത്ത്, ഈ വെള്ളം കുടിക്കുക എന്നതാണ്. ഇത് രുചികരവും കൂടുതൽ പ്രയോജനകരവുമാക്കാൻ കുറച്ച് തേൻ അതിലേക്ക് ചേർക്കാവുന്നതാണ്.
4.പെപ്പർമിന്റ് ചായ
പെപ്പർമിന്റ് അഥവാ കർപ്പൂരതുളസി ചായയിൽ ആൻറി ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് തൊണ്ടയ്ക്ക് വളരെ ആശ്വാസകരമാണ്. മാത്രമല്ല, ഇത് നിങ്ങളുടെ ചെറുതായി മരവിപ്പിക്കുകയും അതുവഴി വേദനയും പോറലും ഒഴിവാക്കുകയും ചെയ്യും. തിളച്ച വെള്ളത്തിൽ പുതിയ കർപ്പൂര തുളസി ഇലകൾ ചേർത്ത് മൂന്ന് മുതൽ അഞ്ച് മിനിറ്റ് നേരം വച്ചതിനു ശേഷം അരിച്ചെടുക്കുക. ഈ പാനീയം തൊണ്ടവേദന ഒഴിവാക്കുക മാത്രമല്ല, ശരീരത്തെ ഉന്മേഷപ്രദമാക്കുകയും ചെയ്യും.
5.ചമോമൈൽ ചായ
ചമോമൈൽ ചായ വളരെക്കാലമായി അവയുടെ ഔഷധ ഗുണങ്ങളുടെ പേരിൽ ഉപയോഗിക്കുന്നു; അവയുടെ രോഗശാന്തി ഗുണങ്ങളുടെ സാന്നിധ്യത്തിന് നന്ദി. നല്ല ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിനും രാത്രിയിൽ സ്ഥിരമായി ഉണ്ടാകുന്ന കഠിനമായ ചുമ ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു. ഇവയുടെ ആൻറി ബാക്ടീരിയൽ, ആന്റി വൈറൽ സവിശേഷതകൾ അണുബാധയ്‌ക്കെതിരെ പോരാടാൻ ഫലപ്രദമായതിനാൽ, വേദന കുറയ്ക്കുന്നു. കുറച്ച് ചമോമൈൽ ചായ ഉണ്ടാക്കി ആശ്വാസം ലഭിക്കുന്നതിന് ദിവസത്തിൽ രണ്ടു തവണയെങ്കിലും കുടിക്കുക.
തൊണ്ടവേദന ഈ വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ഫലപ്രദമായി ചികിത്സിക്കാം. എന്നിരുന്നാലും, ഇത് കുറച്ചധികം ദിവസം നീണ്ടുനിൽക്കുകയാണെങ്കിൽ, ഇതൊരു ആരോഗ്യ പ്രശ്നത്തിന്റെ സൂചകമായിരിക്കാം എന്ന് കരുതി കൃത്യമായ വൈദ്യസഹായം തേടുക.