Nammude Arogyam
DiseasesGeneral

കൺകുരു തടയാം

അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ നിന്നും സൂക്ഷ്മാണുക്കളിൽ നിന്നും നമ്മുടെ കണ്ണുകളെ സംരക്ഷിച്ചു നിർത്തുന്ന, ഒരു തിരശ്ശീല പോലെ പ്രവർത്തിക്കുന്ന അവയവമാണു കൺപോളകൾ. സെബം എന്ന് പേരുള്ള എണ്ണമയമുള്ള സ്രവങ്ങൾ ഉൽപ്പാദിപ്പിക്കുന്ന അനേകം ഗ്രന്ഥികൾ കൺപോളകളിലുണ്ട്. കൺമിഴിയേയും അകത്തെ കൺപോളയേയും യോജിപ്പിക്കുന്ന ചർമ്മപാളിയായ കൺജൻക്ടൈവയുടെ നനവ് നഷ്ടപ്പെടാതെ സൂക്ഷിക്കുകയും അതിനാവശ്യമുള്ള പോഷകങ്ങളും രോഗാണുനാശകമായ പദാർത്ഥങ്ങളും നൽകുന്നത് ഈ സ്രവങ്ങളാണ്. ഇടയ്ക്കിടെയുള്ള കണ്ണ് ചിമ്മലിലൂടെയാണ് കണ്ണിന്റെ ഈ നനവ് മാറാതെ നിലനിന്നു പോകുന്നത്.

എന്തുകൊണ്ട് കൺകുരു ഉണ്ടാകുന്നു?

ചിലപ്പോൾ അണുബാധമൂലമോ നീർക്കെട്ടുമൂലമോ കൺപോളകളിലെ ചെറുകുഴലുകളിലൂടെയുള്ള സ്രവങ്ങളുടെ ഒഴുക്ക് തടസ്സപ്പെടുകയും സ്രവങ്ങൾ അവിടെ കെട്ടിക്കിടക്കുകയും ചെയ്യുന്നു. തുടർന്ന് നല്ല വേദനയോടുകൂടി കൺകുരു രൂപപ്പെടുന്നു. ഇടയ്ക്കിടെ കണ്ണ് ചൊറിയുമ്പോൾ കൈയിൽ നിന്നും അണുബാധ കണ്ണിലേക്കു പടരാം. സ്റ്റെഫൈലൊകൊക്കസ് എന്ന ബാക്ടീരിയയാണ് സാധാരണ കൺകുരുവിനു നിദാനമായ സൂക്ഷ്മാണു.

കണ്ണിന്റെ പവർ കൃത്യമല്ലാത്തവരിൽ ഇടയ്ക്കിടെ കണ്ണ് തിരുമ്മുന്നത് മൂലവും കൺകുരു ഉണ്ടാവാറുണ്ട്. സ്ഥിരമായി കണ്ണട ഉപയോഗിക്കേണ്ടവർ കണ്ണട വയ്ക്കാതിരുന്നാലും തലയിലെ താരനും പ്രമേഹം നിയന്ത്രിക്കാത്തതുമെല്ലാം കുരുവിന് കാരണമാകാറുണ്ട്.

പോഷകാഹാരക്കുറവ്, ഉറക്കമില്ലായ്മ, വൃത്തിഹീനത, ജലദൗർലഭ്യം, കണ്ണുകൾ അമർത്തി തിരുമ്മൽ, ഇവയൊക്കെ കൺ കുരുജന്യതയ്ക്ക് അനൂകൂല ഘടകങ്ങളായി വർത്തിക്കാം. സ്ത്രീ-പുരുഷ പ്രായഭേദമന്യേ കണ്ടുവരുന്ന ഒന്നാണിത്.

ലക്ഷണങ്ങൾ

കൺപോളയിൽ നിന്നും സൂചികുത്ത് പോലത്തെ വേദനയും ഭാരവുമായിട്ടായിരിക്കും ഇത് തുടങ്ങുന്നത്. കൺപോളകളുടെ അറ്റത്ത് ചുവന്ന നിറത്തിലുള്ളതും വേദനയുള്ളതുമായ വീക്കം ഉണ്ടാകുന്നതാണ് പ്രധാനപ്പെട്ട ലക്ഷണം. സ്രവം, കണ്ണീർ ഒലിക്കുക, കൺപോളകൾക്ക് വേദന, കൺപോളയുടെ കനം വർധിക്കുക എന്നിവയും ഉണ്ടാവാം. കണ്ണുകൾക്ക് ചുവപ്പ് നിറവും കണ്ണിനു ചൊറിച്ചിലും അനുഭപ്പെടുന്നു. പ്രകാശം അസഹ്യമാവുക, ഇമവെട്ടൽ അസ്വസ്ഥതയുളവാക്കുക എന്നിവയും തുടർന്നുണ്ടാകുന്നു.

സങ്കീർണതകൾ

മിക്കപ്പോഴും കൺകുരു അതിന്റെ സ്വാഭാവിക ഗതി പൂർത്തിയാക്കി അപ്രത്യക്ഷമാവാറാണ് പതിവ്. അപൂർവ്വമെങ്കിലും സങ്കീർണതകൾ ഉണ്ടാവാം. ഗ്രന്ഥിതടസ്സം മൂലമുണ്ടാകുന്ന വലിയ നീർക്കെട്ടിനെ കലാസിയോൻ (Chalazion) എന്ന് പറയുന്നു. ഇത് പ്രകടമായ വൈരൂപ്യമായി നിലകൊള്ളും. നേത്രപാടയിൽ തകരാറുകൾ സംഭവിക്കാം (Corneal irritation). ഇതിനു ശസ്ത്രക്രിയ വേണ്ടി വന്നേക്കാം. പോള വൈകൃതം, കൺപീലി വളർച്ച മുരടിക്കൽ എന്നിവയും സങ്കീർണതകളാണ്. അണുബാധ കൂടിയാൽ ചിലപ്പോൾ കൺപോളകൾ മുഴുവൻ നീരുവന്ന് ചുവക്കാം.

കൺകുരു വന്നാൽ ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ

ഒരു കാരണവശാലും കൺകുരു കൈകൊണ്ട് അമർത്തിയോ ഞെക്കിയോ പൊട്ടിക്കരുത്. കുരു പൊട്ടുന്നത് അണുബാധ ഉണ്ടാക്കാനും അത് പിന്നീട് വ്യാപിക്കാനും ഇടയാക്കും. ഇടയ്ക്കിടെ കുരു തൊട്ടുനോക്കുന്നതും ഒഴിവാക്കുക. കൈ കൊണ്ട് കണ്ണു തിരുമ്മുകയും മറ്റും ചെയ്യുന്നത് ഒഴിവാക്കണം. കുരു കണ്ടു തുടങ്ങുമ്പോൾ തന്നെ ചൂട് വെള്ളത്തിൽ മുക്കി പിഴിഞ്ഞ തുണി കൊണ്ട് കൺകുരുവിന് മുകളിൽ വയ്ക്കുക. ചൂട് വെയ്ക്കുന്നത് ഓരോ ദിവസവും 5 മുതൽ 10 മിനിറ്റ് വരെ മൂന്നോ നാലോ തവണ ചെയ്യണം. പഴുപ്പ് ഉണ്ടെങ്കിലോ കുരുവിൽ വെള്ളം നിറഞ്ഞിരിക്കുന്നുണ്ടെങ്കിലോ കുരുവിലെ ദ്രാവകം തനിയെ പുറത്തുപോവും. സാധാരണഗതിയിൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ കൺകുരു മാറും. ഒരു ആഴ്ചയ്ക്കു ശേഷവും കൺകുരു മാറിയില്ലെങ്കിൽ ഡോക്ടറെ കണ്ടു ചികിത്സ തേടേണ്ടതാണ്.

ചികിത്സ

ഒട്ടുമിക്ക രോഗികളിലും പ്രത്യേക ചികിത്സയൊന്നും കൂടാതെ രണ്ടാഴ്ചയ്ക്കുള്ളിൽ കൺകുരു താനേ ഭേദമായിക്കൊള്ളും. കൺകുരു വേദനയുള്ളതും ദീർഘകാലം നിലനിൽക്കുന്നതുമായാൽ മാത്രമേ ചികിത്സയുടെ ആവശ്യമുണ്ടാകുന്നുള്ളൂ.

ചികിത്സക്കായി ആന്റിബയോട്ടിക് തുള്ളിമരുന്നുകളാണ് സാധാരണ ഉപയോഗിക്കുന്നത്. ആന്റിബയോട്ടിക്ക് ഓയിന്റ്‌മെന്റുകൾ പുരട്ടേണ്ടതായും വരും. വേദനയും അണുബാധയും കൂടുതലുണ്ടെങ്കിലോ കൺകുരു വളരെ വലുതാകുന്ന അവസരത്തിലോ കഴിക്കുന്നതിനുള്ള ആന്റിബയോട്ടിക്കുകൾ വേണ്ടിവരും. നല്ല വേദനയുണ്ടെങ്കിൽ നീർക്കെട്ടിനും വേദനക്കും എതിരെ പ്രവർത്തിക്കുന്ന ഗുളികകളും കഴിക്കാം.

ചിലപ്പോൾ കുരു വലുതാവുകയും ചുവപ്പ് നിറത്തോട് കൂടി കണ്ണ് വേദനിക്കുകയും ചെയ്താൽ ഡോക്ടർ ചെറിയൊരു മുറിവു സൃഷ്ടിച്ച് അതിലെ ദ്രാവകം വറ്റിച്ചു കളയുന്നു. വളരെ ലളിതമായി ഒപി യിൽ വെച്ചു തന്നെ ഇത് ചെയ്യാം. എന്നാൽ ഇത് സ്വയം ചെയ്യാൻ ശ്രമിക്കരുത്. പ്രായമായവരിലെയും രോഗപ്രതിരോധാവസ്ഥ കുറഞ്ഞവരിലെയും ദീർഘകാലമായുള്ള കൺകുരുവിന് തുടർപരിശോധനയും ചികിത്സയും ആവശ്യമായി വരും.

Eye infection causes, prevention and cure

Related posts