Nammude Arogyam
General

തൈറോയ്ഡ് ഗ്രന്ഥിയെക്കുറിച്ചു സാമാന്യമായി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അന്തഃസ്രാവ ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി. കഴുത്തിനു മുന്‍ ഭാഗത്ത് ശബ്ദനാളത്തിനു തൊട്ടുതാഴെയായിട്ടാണ് തൈറോയ്ഡ്ഗ്രന്ഥി സ്ഥിതി ചെയ്യുന്നത്.

തൈറോയ്ഡിനെ നിയന്ത്രിക്കുന്നത് എന്താണ്?

മസ്തിഷ്കത്തിലെ ഹൈപ്പോതലാമസും പിറ്റ്യൂറ്ററിഗ്രന്ഥിയുടെ മുൻ ഭാഗവുമാണ് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത്. ഹൈപ്പോത്തലാമസിൽ നിന്നാണ് തൈറോയ്ഡിന്‍റെ നിയന്ത്രണം തുടങ്ങുന്നത്. രക്തത്തിലെ ടിഎസ്എച്ച്ന്‍റെയും തൈറോയ്ഡ് ഹോർമോണുകളുടെയും അളവുനോക്കി ഡോക്ടർമാർക്ക് തൈറോയ്ഡിന്‍റെ പ്രവർത്തനം വിലയിരുത്താനാകും.

തൈറോയ്ഡ് ഹോർമോണുകൾ മനുഷ്യശരീരത്തിൽ നിരവധി പ്രഭാവങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടവ.

ഉപാപചയ പ്രവർത്തനങ്ങൾ

തൈറോയ്ഡ് ഹോർമോണുകൾ നമ്മുടെ ശരീരത്തിന്‍റെ അടിസ്ഥാനപരമായ ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുകയും മിക്കവാറും എല്ലാ അവയവങ്ങളുടെയും പ്രവർത്തനത്തെ സ്വാധീനിക്കുകയും ചെയ്യും.

ഹൃദയം ഹൃദയമിടിപ്പിന്‍റെ നിരക്കും ശക്തിയും തൈറോയ്ഡ് ഹോർമോണുകൾ വർദ്ധിപ്പിക്കുന്നു.

വളർച്ച തൈറോയ്ഡ് ഹോർമോണുകളാണ് അഞ്ചു വയസ്സുവരെ മനുഷ്യന്‍റെ മസ്തിഷ്ക വികാസത്തിൽ പ്രധാന പങ്കുവഹിക്കുന്നത് തൈറോയ്ഡ് രോഗലക്ഷണങ്ങൾ

തൈറോയ്ഡ് രോഗമെന്നാൽ ഗോയിറ്റർ അഥവാ തൊണ്ടമുഴയിൽ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. തൈറോയ്ഡ് രോഗങ്ങളെ തിരിച്ചറിയാൻ സഹായിക്കുന്ന നിരവധി ലക്ഷണങ്ങളുണ്ട്.

ക്ഷീണം: തൈറോയ്ഡ് ഹോർമോണുകളുടെ പ്രവർത്തനം കൂടിയാലും കുറഞ്ഞാലും ക്ഷീണം അനുഭവപ്പെടും. ദൈനംദിന പ്രവൃത്തികൾ ചെയ്യുന്നതിൽ ഒട്ടും ഉന്മേഷം ഇല്ലാതിരിക്കുക, അധിക ഉറക്കം എന്നിവ തൈറോയ്ഡ് രോഗങ്ങളുടെ സൂചനയാണ്.

വിഷാദം, ഉത്കണ്ഠ: ചെറിയ കാര്യങ്ങളിൽ പോലുമുള്ള വിഷാദം, വല്ലാത്ത ഉത്കണ്ഠ, മൂഡ് മാറ്റം തുടങ്ങിയവക്ക് പിന്നിൽ തൈറോയ്ഡ് അപര്യാപ്തതയാകാം.

ശരീരഭാരം: ആഹാരനിയന്ത്രണമുണ്ടായിട്ടും ധാരാളം വ്യായാമം ചെയ്തിട്ടും ഭാരം കുറയുന്നതേയില്ലെങ്കിൽ അത് തൈറോയ്ഡ് അപര്യാപ്തതയുടെ ലക്ഷണമാണ്.

കൊളസ്ട്രോള്‍: തൈറോയ്ഡ് അപര്യാപ്തതയിൽ ചീത്ത കൊളസ്ട്രോളായ എല്‍ഡിഎല്ലും ട്രൈഗ്ലിസറൈഡുകളും ഉയരുകയും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കുറയുകയും ചെയ്യും.

ആർത്തവ ക്രമക്കേടുകളും വന്ധ്യതയും : ആർത്തവ വ്യതിയാനങ്ങൾ, അസഹ്യവേദനയോടെ ആർത്തവം, സമയംതെറ്റി വരുന്ന ആർത്തവം, ശുഷ്കമായ ആർത്തവ ദിനങ്ങൾ, നേരിയ രക്തസ്രാവം എന്നിവ തൈറോയ്ഡ്രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദരരോഗങ്ങൾ: വളരെകാലമായുള്ള കടുത്ത മലബന്ധം തൈറോയ്ഡ് അപര്യാപ്തതയുടെയും, വയറിളക്കം, ഇറിറ്റബിൾ ബവൽ സിന്‍ഡ്രോം എന്നിവ തൈറോയ്ഡ് അതി പ്രവർത്തനത്തിന്‍റെയും ലക്ഷണങ്ങളാകാം.

മുടി, ചർമ്മം: മുടി കൂടെക്കൂടെ പൊട്ടിപ്പോവുക, വരണ്ടതാകുക, മുടി കൊഴിച്ചിൽ, ചർമ്മം കട്ടിയുള്ളതും വരണ്ടതോ ദുർബ ലമോ ആകുന്നത് തൈറോയ്ഡിന്‍റെ അസുഖങ്ങൾ മൂലമാകാം.

കഴുത്തില്‍ മുഴ: കഴുത്തിൽ നീർക്കെട്ടു പോലെ തോന്നുക, കഴുത്തിൽ മുഴപോലെ വീർപ്പുകാണുക, അടഞ്ഞ ശബ്ദം എന്നിവയെല്ലാം തൈറോയ്ഡ് പ്രശ്നങ്ങളുടെ സൂചനകളാണ്. തൈറോയ്ഡ് ഹോർമോൺ കൂടിയാലും കുറഞ്ഞാലും ഈ ലക്ഷണങ്ങളുണ്ടാകാം

പേശീസന്ധിവേദനകൾ: പേശികൾക്കും സന്ധികൾക്കും വേദന, ബലക്ഷയം, ഇവ തൈറോയ്ഡ് രോഗ സൂചനകളാണ്.

കുടുംബപാരമ്പര്യം: അടുത്തബന്ധുക്കൾക്ക് തൈറോയ്ഡ് രോഗമുണ്ടെങ്കിൽ നിങ്ങൾക്കും വരാൻ ഉയർന്ന സാധ്യതയുണ്ട്.

പ്രധാനപ്പെട്ട തെറോയ്ഡ് രോഗങ്ങൾ

തൈറോയ്ഡ് വീക്കം (ഗോയിറ്റർ), തൈറോയ്ഡ് അതിപ്രവർത്തനം (ഹൈപ്പർ തൈറോയിഡിസം), തൈറോയ്ഡ് അപര്യാപ്തത (ഹൈപ്പോ തൈറോയിഡിസം), തൈറോയിഡൈറ്റിസ്, തൈറോയ്ഡ് കാൻസർ എന്നിവയാണ് പ്രധാന തൈറോയ്ഡ് രോഗങ്ങൾ.

തൈറോയ്ഡ് അതിപ്രവര്‍ത്തനം: തൈറോയ്ഡ് ഹോമോണിന്‍റെ അളവ് ശരീരത്തിൽ വർധിച്ചാലുണ്ടാകുന്ന അവസ്ഥയാണിത്. ഗ്രേവ്സ് രോഗമാണ് തൈറോയ്ഡ് അതിപ്രവർത്തനത്തിന്‍റെ പ്രധാന കാരണം. തൈറോയ്ഡ് അപര്യാപ്തത: തൈറോയ്ഡ്ഗ്രന്ഥിയുടെ പ്രവർത്തനക്കുറവുമൂലം ഹോർമോണുകൾ കുറയുന്ന അവസ്ഥ. തൈറോയ്ഡ് കാൻസർ: വളരെ ചുരുക്കമായി കാണപ്പെടുന്ന രോഗാവസ്ഥയാണ് തൈറോയ്ഡ് കാൻസർ.

ഭക്ഷണക്രമം

തൈറോയ്ഡ് രോഗങ്ങളുള്ളവർ എന്ത് കഴിക്കണം? എന്ത് കഴിക്കാൻ പാടില്ല എന്ന് ചോദിക്കാറുണ്ട്. പൊതുവെ ഗോയിറ്റർ ഉള്ളവരാണ് ആഹാരത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. കപ്പ അഥവാ മരച്ചീനി, കാബേജ്, കോളിഫ്ളവർ, കടുക് എന്നിവയിൽ അയഡിന്‍റെ ശരീരത്തിലേക്കുള്ള ആഗിരണത്തെ തടസ്സപ്പെടുത്തുന്ന ഗോയിസ്ട്രോജനുകൾ എന്ന ചില സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. മത്സ്യവും കടൽ വിഭവങ്ങളും കഴിക്കാത്തവർ അയഡിൻ ഉപ്പ് നിർബന്ധമായും ആഹാരത്തിൽ ഉൾപ്പെടുത്തണം.

Related posts