Nammude Arogyam
General

തലവേദന പെട്ടെന്ന് മാറാൻ സഹായിക്കുന്ന ചില പ്രതിവിധികൾ

ജീവിതത്തിൽ ഒരു തവണയെങ്കിലും തലവേദന വന്നിട്ടില്ലാത്തവർ ഉണ്ടാവില്ല നമുക്കിടയിൽ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകജനസംഖ്യയുടെ 90 ശതമാനത്തോളം ആളുകളും അടിക്കടി തലവേദനയുടെ പ്രശ്നങ്ങളെ നേരിടുന്നവരാണ്. പ്രധാനമായും തലയുടെ ഇരു വശങ്ങളിലായും നെറ്റിയുടെ ഭാഗത്തായുമൊക്കെ തലവേദന അനുഭവപ്പെടാറുണ്ട്. തലവേദന ഉണ്ടാവുന്നതിന് പിന്നിൽ പല കാരണങ്ങളും ഉണ്ടാകാം. തലവേദനയുടെ ദൈർഘ്യം, തീവ്രത എന്നിവയെ ആശ്രയിച്ച് അത് വ്യത്യാസപ്പെടാനുള്ള സാധ്യതയുമുണ്ട്. പലരിലും കാണപ്പെടുന്ന ഒന്നാണ് ടെൻഷൻ മൂലമുണ്ടാകുന്ന തലവേദന ലക്ഷണങ്ങൾ.ശരീരത്തിലുണ്ടാവുന്ന സമ്മർദ്ദം മൂലമാണ് പലപ്പോഴും ഇത് സംഭവിക്കുന്നത്.

അമിതമായി തണുപ്പേറിയ താപനില, വളരെയധികം സമയം സ്ക്രീനിൽ നോക്കിയിരിക്കുന്നത്, വെള്ളം കുടി കുറയുന്നത്, ഉറക്കക്കുറവ്, ഭക്ഷണം ഒഴിവാക്കുന്നത്, മദ്യപാനം, തുടങ്ങിയ കാരണങ്ങൾ പിരിമുറുക്കത്തിനും, മാനസികവും ശാരീരികവുമായ സമ്മർദ്ദത്തിനുമൊക്കെ കാരണമാകാം. ഇത് പലപ്പോഴും കഴുത്തിനും തോളിനും ചുറ്റുമുള്ള ഭാഗത്തേ കാഠിന്യം ഉയർത്തുകയും നെറ്റിയുടെ ഭാഗത്തേക്കുള്ള രക്തയോട്ടത്തിൽ കുറവുണ്ടാക്കുകയും തലവേദന അടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യും. ഇതുകൂടാതെ മൈഗ്രെയ്ൻ പ്രശ്നങ്ങൾ മൂലവും, അലർജിയും ചില തരം ഭക്ഷണങ്ങളോടുള്ള പ്രതികരണമായുമൊക്കെ തലവേദന ഉണ്ടാകാറുണ്ട്.

പലപ്പോഴും ഒരു തലവേദന ഉണ്ടായാൽ ഇതിനെ നേരിടാനായി എല്ലാവരും ഒരു ആസ്പിരിൻ അല്ലെങ്കിൽ ഇബുപ്രോഫെൻ പോലുള്ള മരുന്നുകൾ ഉപയോഗിക്കാറാണ് പതിവ്. വേദന സംഹാരി മരുന്നുകളുടെ ഉപയോഗം തലവേദനയുടെ ലക്ഷണങ്ങളെ എളുപ്പത്തിൽ കുറയ്ക്കാൻ സഹായിച്ചേക്കാം എന്നത് ശരി തന്നെ. എന്നാൽ ഇതേ ഉപയോഗം അമിതമായി മാറുന്നത് പലപ്പോഴും ആരോഗ്യപ്രശ്നങ്ങൾ വർദ്ധിപ്പിക്കുന്നതിനും പാർശ്വഫലങ്ങൾ ഉണ്ടാകുന്നതിനുമൊക്കെ കാരണമായി മാറാൻ ഇടയുണ്ട്. ഏതു കാരണത്താൽ ആയാലും തലവേദന ഉണ്ടായാൽ അത് എളുപ്പത്തിൽ ഒഴിവാക്കാൻ സഹായിക്കുന്ന നിരവധി പ്രകൃതിദത്ത പരിഹാരങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

1.വെള്ളം കുടിക്കുക

ശരീരത്തിൽ സംഭവിക്കുന്ന നിർജ്ജലീകരണം വിട്ടുമാറാത്ത തലവേദനയ്ക്ക് കാരണമാകുന്ന ഒന്നാണ്. എപ്പോഴും ആവശ്യമായ അളവിൽ വെള്ളം കുടിച്ചുകൊണ്ട് ശരീരത്തെ നിർജ്ജലീകരണം സംഭവിക്കാതെ നിലനിർത്തുന്നത് തലവേദനയുടെ ലക്ഷണങ്ങളെ ഏറ്റവും എളുപ്പത്തിൽ അകറ്റി നിർത്താനും വേദന കുറയ്ക്കാനുമെല്ലാം സഹായിക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്. ദിവസം മുഴുവനുമായി ഇടയ്ക്കിടെ ചെറിയ അളവിൽ വെള്ളം കുടിക്കുന്നത് പതിവാക്കി മാറ്റുക. തേങ്ങാവെള്ളം അല്ലെങ്കിൽ ORS പോലുള്ളവ കൂടുതലായി കുടിക്കുക. ജലസമൃദ്ധമായ പഴങ്ങളും പച്ചക്കറികളും കൂടുതൽ കഴിക്കുന്നതും ഇക്കാര്യത്തിൽ വളരെയധികം സഹായം ചെയ്യും.

2.ഹീറ്റിങ്ങ് പാഡ്

തലവേദന ഉണ്ടാവുമ്പോൾ തന്നെ കഴുത്തിൽ ഒരു ഹീറ്റിങ്ങ് പാഡ് പ്രയോഗിക്കുന്നത് വേദനയെ എളുപ്പത്തിൽ ഒഴിവാക്കാനുള്ള ഒരു പ്രതിവിധിയാണ്. സമ്മർദ്ദം അല്ലെങ്കിൽ പിരിമുറുക്കം മൂലമാണ് തലവേദന ഉണ്ടാകുന്നതെങ്കിൽ ഒരു ഹീറ്റ് തെറാപ്പി ഇക്കാര്യത്തിൽ മികച്ച രീതിയിൽ സഹായിക്കും. കഴുത്തിലും തോളിൻ്റെ ഭാഗത്തുമൊക്കെ ചൂടുപിടിക്കുന്നത് പിരിമുറുക്കമുള്ള പേശികൾക്ക് വിശ്രമം നൽകാനും വേദന കുറയ്ക്കാനുമൊക്കെ സഹായിക്കുന്നു. ഒരു ഹീറ്റിങ്ങ് പാഡോ ചൂടുവെള്ളത്തിൻ്റെ ബാഗോ 10-15 മിനിറ്റ് നേരം ഉപയോഗിക്കാം.

3.​ദിവസേന വ്യായാമം ചെയ്യുക

തലവേദനയുടെ ആവൃത്തിയും കാഠിന്യവും കുറയ്ക്കുന്നതിന് എപ്പോഴും ശാരീരികമായി സജീവമായിരിക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. തലവേദനയുടെ ലക്ഷണങ്ങളെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിനായി ദിവസവും വെറും 30 മിനിറ്റ് നേരമെങ്കിലും വേഗത്തിലുള്ള നടത്തം അല്ലെങ്കിൽ ജോഗിംഗ് ശീലമാക്കുക.

4.റോസ്മേരി ഓയിൽ മസാജ്

തലവേദനയെ ഏറ്റവും മികച്ച രീതിയിൽ ചികിത്സിക്കുന്നതിനായി ആവശ്യ എണ്ണകളുടെ സഹായം തേടാം. ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇത്തരം എണ്ണകൾ വേദന സംഹാരിയായി പ്രവർത്തിക്കും. തലവേദനയെ എളുപ്പത്തിൽ ഒഴിവാക്കാൻ സഹായിക്കുന്ന ഗുണങ്ങൾ റോസ്മേരി ഓയിലിലുണ്ട്. റോസ്മേരി ഓയിലിൽ അടങ്ങിയിട്ടുള്ള റോസ്മാരിനിക് ആസിഡ് പ്രകൃതിദത്തമായ ഒരു വേദനസംഹാരിയാണ്. 1 ടേബിൾ സ്പൂൺ കാരിയർ ഓയിൽ കുറച്ച് തുള്ളി റോസ്മേരി ഓയിലിൽ ചേർത്ത് കലർത്തുക. നെറ്റിയിൽ ഈ മിശ്രിതം ഉപയോഗിച്ച് മസാജ് ചെയ്യുക. കുറച്ചു സമയങ്ങൾക്കുള്ളിൽ തന്നെ തലവേദന വിട്ടു മാറുന്നത് തിരിച്ചറിയാൻ സാധിക്കും.

5.ലാവെൻഡർ ഓയിൽ

ഈ എണ്ണ ചർമ്മത്തിൻ്റെ ആരോഗ്യത്തിന് മാത്രമല്ല നല്ലത്. തലവേദന അടക്കമുള്ള പ്രശ്നങ്ങളെ നേരിടാനും ഇത് വളരെയധികം ഗുണം ചെയ്യും. ലാവെൻഡർ അവശ്യ എണ്ണയിൽ നിന്നുള്ള സുഗന്ധം ശ്വസിക്കുന്നത് ഇടയ്ക്കിടെ ചിലരിൽ ഉണ്ടാവുന്ന മൈഗ്രെയ്ൻ ആക്രമണത്തെ കൈകാര്യം ചെയ്യാൻ സഹായിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിനെ പിന്താങ്ങുന്ന ശക്തമായ തെളിവുകൾ ഉണ്ട്. തലവേദന ഉണ്ടാകുമ്പോൾ ലാവെൻഡർ ഓയിൽ വെറുതെ ചർമ്മത്തിൽ പുരട്ടുക. വേണമെങ്കിൽ ഈയൊരു ആവശ്യ എണ്ണ ഒരു ഡിഫ്യൂസറിൽ ചേർത്ത് മുറി മുഴുവൻ സുഖം പരത്താനായി ഉപയോഗിക്കാം. അതല്ലെങ്കിൽ നേർപ്പിച്ച എണ്ണ കുളിക്കാനുള്ള ചൂടുള്ള വെള്ളത്തിൽ ചേർത്തു കൊടുക്കാം. ഏതു രീതിയിലായാലും അതിന്റെ ഗുണങ്ങൾ ഉറപ്പായും ലഭിക്കും.

തലവേദനയുടെ ലക്ഷണങ്ങൾ അടിക്കടി ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിൽ, മുകളിൽ പറഞ്ഞ കാര്യങ്ങൾ ദിനചര്യയാക്കിയാൽ വളരെയധികം വ്യത്യാസങ്ങൾ ഉണ്ടാകുമെന്നത് ഉറപ്പാണ്.

Related posts