Nammude Arogyam
General

മിനറല്‍ വാട്ടര്‍ കുപ്പികൾ ഉപയോഗിക്കുമ്പോൾ……………..

വെള്ളമെന്നത് ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. ഭക്ഷണം പോലെ തന്നെ ശരീരത്തിന് അത്യാവശ്യമായതാണ് വെള്ളവും. വെള്ളത്തിന്റെ കുറവ് പല രോഗങ്ങള്‍ക്കും കാരണമാകും. കിഡ്‌നി പോലുള്ള പല അവയവങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും വെള്ളം കുറവ് ഒരു കാരണമാകുന്നു. എന്നിരുന്നാലും നാം കുടിയ്ക്കുന്ന, അല്ലെങ്കിൽ ഉപയോഗിയ്ക്കുന്ന വെള്ളത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം. മലിനമായ ജലം ആരോഗ്യത്തിന് പകരം അനാരോഗ്യത്തിന് കാരണമാകും.

നാം പലരും പലപ്പോഴും വാങ്ങി ഉപയോഗിയ്ക്കുന്നവയാണ് മിനറല്‍ വാട്ടര്‍. കുപ്പിയിലെ വെള്ളം വാങ്ങി യാത്രകള്‍ക്കിടയിലും മറ്റും ഉപയോഗിയ്ക്കുന്നവര്‍ ധാരാളമാണ്. പൊതുവേ ശുദ്ധമായ ജലമെന്ന ധാരണയുള്ളത് കൊണ്ടു തന്നെയാണ് ഇത്തരം വെള്ളം വാങ്ങി നാം ഉപയോഗിയ്ക്കുന്നതും. എന്നാൽ ഈ മിനറല്‍ വാട്ടര്‍ വാങ്ങുമ്പോള്‍ ഇതിന്റെ കുപ്പിയുടെ കാര്യത്തില്‍ കാര്യമായ ശ്രദ്ധ വയ്ക്കാറില്ല. ബ്രാന്റഡ് കമ്പനികളുടെ വെള്ളം വാങ്ങി ഉപയോഗിയ്ക്കുന്നവരും പലപ്പോഴും ഇത്തരം മിനറല്‍ വാട്ടര്‍ കുപ്പികളുടെ ആരോഗ്യപരമായ ഉപയോഗ കാര്യത്തില്‍ അശ്രദ്ധ കാണിക്കും. പലര്‍ക്കും അറിവുകേടായിരിക്കും കാരണം.

നാം വെള്ളം വാങ്ങുമ്പോള്‍ ആ കുപ്പിയുടെ പുറത്ത് ഒരു നമ്പര്‍ സാധാരണ എഴുതിക്കാണും. പലരും ഇത് ശ്രദ്ധിയ്ക്കാറില്ല. കാരണം അറിയില്ലെന്നത് തന്നെ. മിനറല്‍ വാട്ടര്‍ കുപ്പികള്‍ക്കടിയില്‍ 1 എന്ന നമ്പര്‍ രേഖപ്പെടുത്തിയിരിയ്ക്കുന്നത് കാണാം. ഇത്തരം കുപ്പികള്‍ ഒരു പ്രാവശ്യം മാത്രം ഉപയോഗിയ്ക്കുന്നവയാണ്. ഇത് ആ തവണ വെള്ളം കുടിച്ച ശേഷം കളയുക. കാരണം ഇത് കൂടുതല്‍ ഉപയോഗിച്ചാല്‍ പ്ലാസ്‌റ്‌റിക്കിലെ ബിസ്ഫിനോള്‍ എന്ന ഘടകം വെള്ളത്തില്‍ കലര്‍ന്ന് ശരീരത്തിലെത്തും. ഇത് ചര്‍മത്തിനും ആരോഗ്യത്തിനും പ്രത്യുല്‍പാദന ശേഷിയ്ക്കുമെല്ലാം ദോഷം വരുത്തുന്നവയാണ്.

ഇതു പോലെ വാഹനത്തിലും മറ്റും ഇത്തരം മിനറല്‍ വാട്ടര്‍ കുപ്പികളില്‍ വെള്ളം സൂക്ഷിക്കുമ്പോള്‍ വെയില്‍ കൊണ്ട് ചൂടാകുന്നത് സാധാരണയാണ്. ഇതിലൂടെയും പ്ലാസ്റ്റിക്കിലെ ബിസ്ഫിനോള്‍ എ എന്ന ഘടകം വെള്ളത്തില്‍ കലര്‍ന്ന് ദോഷം വരുത്തുന്നു. അതിനാൽ ഇത്തരം മിനറല്‍ ബോട്ടിലുകള്‍ ചൂടാകുന്നിടത്ത് വയ്ക്കരുത്.

സ്വാഭാവികമായും ഉണ്ടാകുന്ന സംശയമാണ് പൊതുവേ എല്ലാവരും വെള്ളമെടുക്കുന്നത് പ്ലാസ്റ്റിക് കുപ്പികളില്‍ ആണല്ലോയെന്ന്. വെള്ളമെടുക്കാന്‍ വേണ്ടി ഇത്തരം കുപ്പികളെ ഉപയോഗിക്കൂ എന്നുണ്ടെങ്കിൽ, അടിയില്‍ 2 അല്ലെങ്കില്‍ 5 എന്ന നമ്പര്‍ രേഖപ്പെടുത്തി കണ്ട കുപ്പികളെ വാങ്ങാവൂ. ഇത് വെള്ളം നിറച്ച് സൂക്ഷിയ്ക്കാനുള്ള വാട്ടര്‍ ബോട്ടിലുകളുടെ ഗണത്തില്‍ പെടുന്നു. അല്ലാത്തവ, അതായത് 1 എന്ന നമ്പറുള്ളതോ നമ്പറില്ലാത്തതോ ആയ വാട്ടര്‍ ബോട്ടിലുകള്‍ വെള്ളം സൂക്ഷിയ്ക്കാനായി വാങ്ങരുത്.

പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം ശരീരത്തിന് ദോഷമല്ലാതെ ഗുണങ്ങൾ ഒന്നും തന്നെ വരുത്തില്ല. അതിനാൽ വെള്ളം കുടിക്കാൻ എന്നല്ല മറ്റെന്ത് ഉപയോഗത്തിനായാലും, പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് പകരം സ്റ്റീലിന്റെയോ, ചെമ്പിന്റെയോ ഉത്പന്നങ്ങൾ മാത്രം ഉപയോഗിച്ച് ശീലിക്കുക.

Related posts