Nammude Arogyam
General

കഠിനമായ തലവേദനയും, കാഴ്ച്ചക്ക് മങ്ങലും വരുന്നുണ്ടോ?

തലവേദനയും മറ്റും എല്ലാവര്‍ക്കും സാധാരണമാണ്. എന്നാല്‍ തലവേദന വര്‍ദ്ധിക്കുമ്പോള്‍ അതിന് പിന്നിലുള്ള കാര്യങ്ങളെക്കുറിച്ചും നമ്മള്‍ അറിഞ്ഞിരിക്കണം. അത്തരത്തിൽ ഒരു കാരണമാണ് അന്യൂറിസം. ഇതിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും കാര്യങ്ങള്‍ ഗുരുതരമാക്കുന്നു. ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്ന് കൂടിയാണിത്.

ദുര്‍ബലമായ രക്തക്കുഴലുകളില്‍ കാണുന്ന വീക്കമാണ് അന്യൂറിസം എന്ന് പറയുന്നത്. രക്തക്കുഴലുകളുടെ ഭിത്തിയില്‍ കാണുന്ന ഇലാസ്തികതയാണ് ഇതിന്റെ സങ്കോചങ്ങള്‍ക്ക് സഹായിക്കുന്നത്. ഇവിടെയുണ്ടാവുന്ന വൈകല്യങ്ങളാണ് പലപ്പോഴും കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കുന്നത്. ഇതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ട്. അതിലുപരി എങ്ങനെ രോഗത്തെ കണ്ടെത്താം, രോഗത്തിന്റെ ലക്ഷണങ്ങള്‍, പരിഹാരങ്ങള്‍ ചികിത്സ എന്നിവയെക്കുറിച്ചെല്ലാം നമുക്ക് നോക്കാവുന്നതാണ്.

തലവേദന തന്നെയാണ് ഇതിന്റെ ഏറ്റവും വെല്ലുവിളി നിറഞ്ഞ അവസ്ഥ. പ്രത്യേകിച്ച് രക്തസ്രാവവുമായി ബന്ധപ്പെട്ട തലവേദന അതികഠിനമായി മാറുന്നു. തലച്ചോറിനും ചുറ്റുമുള്ളഭാഗത്തുമുള്ള രക്തം വളരെ പ്രകോപിപ്പിക്കുകയും അതികഠിനമായ വേദന ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിനെ നിസ്സാരമാക്കാതെ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ഇത് കൂടാതെ തലവേദനയോടൊപ്പം ഓക്കാനം, ഛര്‍ദ്ദി, കാഴ്ചയിലെ മാറ്റം എന്നിവയും ബന്ധപ്പെട്ടിരിക്കുന്നു. ഇത് പലപ്പോഴും കഴുത്തിലെ വേദനയ്ക്കും കാഠിന്യത്തിനും കാരണമാകുന്നു, കാരണം മെനിഞ്ചുകള്‍ക്ക് സംഭവിക്കുന്ന വീക്കമാണ് പലപ്പോഴും കഴുത്ത് വേദനക്ക് കാരണമാകുന്നത്. അതുകൊണ്ട് ഗുരുതരമായ തലവേദനയെങ്കില്‍ ഒരിക്കലും അതിനെ നിസ്സാരമാക്കി വിടരുത്. ഇത് കൂടുതല്‍ അപകടം ഉണ്ടാക്കുന്നു.

തലച്ചോറിന് പോഷകാഹാരം (പ്രത്യേകിച്ച് ഓക്‌സിജനും, ഗ്ലൂക്കോസും) നല്‍കുന്ന നാല് പ്രധാന ധമനികളുണ്ട്. രണ്ട് കരോട്ടിഡ് ധമനികളും രണ്ട് വെര്‍ട്ടെബ്രല്‍ ധമനികളും. ഈ ധമനികളുടെ ലൂപ്പ് തലച്ചോറിന്റെ അടിഭാഗത്ത് സ്ഥിതിചെയ്യുകയും തലച്ചോറിന്റെ എല്ലാ ഭാഗങ്ങളിലേക്കും ചെറിയ ശാഖ ധമനികള്‍ ആയി മാറുകയും ചെയ്യുന്നുണ്ട്. ഈ ധമനികള്‍ ഒത്തുചേരുന്ന ഭാഗത്ത് വീക്ക് ആയ ഭാഗങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഈ ദുര്‍ബലമായ ഭാഗങ്ങള്‍ ഒരു ബലൂണ്‍ പോലെ പ്രവര്‍ത്തിക്കുകയും രക്തം നിറയ്ക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില്‍ ചുറ്റുമുള്ള മസ്തിഷ്‌ക കോശങ്ങളിലേക്ക് രക്തം ഒഴുകുന്ന ഭാഗങ്ങള്‍ പൊട്ടുന്ന അവസ്ഥയുണ്ടാവുന്നു. ഇതിനെയാണ് ബ്രെയിന്‍ അന്യൂറിസം എന്ന് പറയുന്നത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദയാഘാതം, പാരമ്പര്യ ഘടകങ്ങള്‍, ധമനികള്‍ ഒത്തുചേരുന്ന ഭാഗത്ത് അസാധാരണമായ രക്തയോട്ടം എന്നിവയുള്‍പ്പെടെ അന്യൂറിസത്തിന് പല വിധത്തിലുള്ള കാരണങ്ങളുണ്ട്. ഇത് കൂടാതെ ധമനിയുടെ ഭിത്തിയിലെ അണുബാധയും ഇതിനൊരു കാരണമാണ്. മുഴകളും ഹൃദയാഘാതവും അന്യൂറിസം രൂപപ്പെടാന്‍ കാരണമാകും. മയക്കുമരുന്ന് ദുരുപയോഗം, പ്രത്യേകിച്ച് കൊക്കെയ്ന്‍ എന്നിവയുടെ ഉപയോഗം പലപ്പോഴും ധമനിയുടെ ഭിത്തികള്‍ വീര്‍ക്കുന്നതിനും ദുര്‍ബലപ്പെടുത്തുന്നതിനും കാരണമാകും.

പലപ്പോഴും മരണത്തിന് ശേഷം നടത്തുന്ന പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ പലരിലും അന്യൂറിസം 1 ശതമാനമെങ്കിലും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇവ രോഗനിര്‍ണയം നടത്താവുന്ന അവസ്ഥയില്‍ ഉള്ളതായിരിക്കില്ല. എന്നിരുന്നാലും, ചിലത് ക്രമേണ ഗുരുതരാവസ്ഥയില്‍ എത്തുകയും ചുറ്റുമുള്ള മസ്തിഷ്‌ക കോശങ്ങളിലും ഞരമ്പുകളിലും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നു. ഇത് പലപ്പോഴും സ്‌ട്രോക്ക് പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകുയും ചെയ്യുന്നുണ്ട്.

രോഗനിര്‍ണയത്തിന് വേണ്ടി നമുക്ക് ചില ലക്ഷണങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ സാധിക്കും. ഇതില്‍ തലവേദന, മരവിപ്പ്, അല്ലെങ്കില്‍ മുഖത്തിന്റെ ഒരു വശത്തിന്റെ ബലഹീനത, കാഴ്ചയില്‍ മാറ്റം എന്നിവയെല്ലാം മനസ്സിലാക്കാന്‍ സാധിക്കും. ചിലരില്‍ ഇത് മരണത്തിന് കാരണമാകുന്ന മസ്തിഷ്‌ക അന്യൂറിസത്തിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഇതിന് വേണ്ടി തല വേദന പോലുള്ള അസ്വസ്ഥകള്‍ കണ്ടാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഡോക്ടറോട് തലവേദനയുടെ ചരിത്രം, തലവേദനയുടെ രൂക്ഷമായ ആരംഭം, കഴുത്ത് വേദന എന്നീ കാര്യങ്ങളെക്കുറിച്ച് കൃത്യമായി പറയണം. സാധാരണയായി രോഗനിര്‍ണയം പരിഗണിക്കാനും തലയുടെ CT (കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി) സ്‌കാന്‍ ചെയ്യുന്നതിനും ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നു. തലവേദന ആരംഭിച്ച് 72 മണിക്കൂറിനുള്ളില്‍ സിടി സ്‌കാന്‍ ചെയ്താല്‍, അത് എല്ലാ അന്യൂറിസങ്ങളുടെയും 93% മുതല്‍ 100% വരെ കണ്ടെത്തും.

എല്ലാ തലവേദനയും ഇത്തരത്തിലുള്ള അന്യൂറിസമാകണം എന്നില്ല. ഇതേ ലക്ഷണങ്ങള്‍ ഒരു ബ്രെയിന്‍ അന്യൂറിസം നിര്‍ദ്ദേശിക്കുമെങ്കിലും, മറ്റ് രോഗനിര്‍ണയങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതുണ്ട്. മൈഗ്രെയ്ന്‍ തലവേദന, മെനിഞ്ചൈറ്റിസ്, ട്യൂമര്‍, സ്‌ട്രോക്ക് എന്നിവയെല്ലാം ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ക്ക് കാരണമായേക്കാം. അതിനെ തിരിച്ചറിയുന്നതിന് വേണ്ടി മറ്റ് ചില കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ തലവേദന ഒരിക്കലും ഒരു നിസ്സാരമായ ലക്ഷണമായി കണകാക്കാന്‍ പാടില്ല. ഓരോ അവസ്ഥയിലും ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ ആരോഗ്യത്തെ നമുക്ക് നമ്മുടെ പരിധിയില്‍ നിര്‍ത്താന്‍ സാധിക്കും.

Related posts