Nammude Arogyam
Healthy Foods

മലയാളികള്‍ രോഗങ്ങളുടെ പിടിയിലോ?

ലോകത്ത് കേരളത്തിന് ആരോഗ്യകാര്യത്തില്‍ മുന്‍പന്തിയിലാണ്. ആരോഗ്യപ്രവര്‍ത്തകരുടെ കാര്യത്തിലടക്കം. എന്നാല്‍ പലപ്പോളും മലയാളികള്‍ക്കിടയില്‍ രോഗികള്‍ കൂടി വരുന്നു. ഇതിന് പ്രധാന കാരണം ചില ഭക്ഷണ ശീലങ്ങളാണെന്ന് പറഞ്ഞാല്‍ തെറ്റില്ല. ആരോഗ്യത്തിനും അനാരോഗ്യത്തിനും ഇട വരുത്തുന്നതില്‍ ഭക്ഷണത്തിനുളള പങ്ക് നിസാരമല്ല. ചില ആരോഗ്യകരമായ ഭക്ഷണങ്ങള്‍ പോലും അനാരോഗ്യകരമായി കഴിയ്ക്കുന്നതാണ് രോഗഹേതുവായി മാറുന്നത്. കഴിയ്ക്കുന്ന രീതിയും കഴിയ്ക്കുന്ന സമയവുമെല്ലാം തന്നെ അനാരോഗ്യം വരാതിരിയ്ക്കാന്‍ ഏറെ പ്രധാനമാണ്.

മലയാളികള്‍ക്ക് തനതായ ശീലമുണ്ട്. നമുക്ക് ഭക്ഷണം കഴിയ്ക്കുക എന്നു പറഞ്ഞാല്‍ വയര്‍ നിറയെ കഴിയ്ക്കുക എന്നതാണ് ശീലം. വയര്‍ നിറയെ കഴിയ്പ്പിക്കുക എന്നതാണ് നമ്മുടെ കാരണവന്മാരും നമ്മെ ശീലിപ്പിച്ചിരിയ്ക്കുന്നത്. ഇങ്ങനെ വയര്‍ നിറച്ചു കഴിയ്ക്കുമ്പോള്‍ അത് അമിതമായ അളവാണ്. ഇതിനാല്‍ കൂടുതല്‍ കലോറി ഉള്ളിലെത്തുന്നു. ഇതിനാല്‍ തന്നെ ഇത് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങളേയും ചില ശരീര ഭാഗങ്ങളേയും ബാധിയ്ക്കുന്നു. അമിത ഭക്ഷണം, പ്രത്യേകിച്ചും കൂടുതല്‍ കലോറി ഉള്ളിലെത്തുന്നത് കൊളസ്‌ട്രോള്‍ പോലുള്ള പല രോഗങ്ങള്‍ക്കും കാരണമാകുന്നു. അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. അര വയര്‍ കഴിയ്ക്കുക, അര വയര്‍ വെള്ളം കുടിയ്ക്കുക, വയറിന്റെ നാലിലൊരു ഭാഗം ഒഴിച്ചിടുക.

ഇതു പോലെ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ അമിതമായി ഉപയോഗിയ്ക്കുന്നു. ബേക്കറി, മധുരമുളളവ എന്നിവ മാത്രമല്ല, കുറച്ചു വര്‍ഷങ്ങളായി നാം പ്രോസസ് ചെയ്ത ഭക്ഷണങ്ങളാണ് കഴിയ്ക്കുന്നത്. അതായത് നല്ലതു പോലെ പോളിഷ് ചെയ്ത് ലഭിയ്ക്കുന്നവ. ഉദാഹരണത്തിന് വെളുത്ത അരി. ഇത് പോളിഷ് ചെയ്തതാണ്. എന്നാല്‍ പണ്ട് നാം ഉപയോഗിയ്ച്ചിരുന്ന കുത്തരി പോളിഷ്ഡ് അല്ല. അതില്‍ പോഷകങ്ങള്‍ നഷ്ടപ്പെടുന്നില്ല. ഇന്ന് എളുപ്പത്തിന്റെ ഭാഗമായി ലഭിയ്ക്കുന്ന ഭക്ഷണങ്ങള്‍ പലതും പോളിഷ്ഡ് ആണ്. പ്രോസസ് ചെയ്തവയാണ്. ഇതില്‍ കൊഴുപ്പ് കൂടുതലാണ്. ഉദാഹരണത്തിന് അപ്പം, ഇടിയപ്പം, പുട്ട് എന്നിവയെല്ലാം ഇതില്‍ പെടുന്നു. നാം അരി പൊടിച്ച് വറുത്തെടുത്താണ് ഇവ പലതും ഉണ്ടാക്കുന്നത്. ഇതിലെ ചെറിയ കണികകള്‍ കൂടുതല്‍ സാന്ദ്രികരിയ്ക്കപ്പെട്ട് ഊര്‍ജമായി മാറുന്നു. ഇവ വീണ്ടും വേവിച്ചു കഴിയ്ക്കുന്നു. ഇവ പെട്ടെന്ന് ഊര്‍ജം കൂട്ടുന്നു. ഇതിനാല്‍ തന്നെ ഇവ ദോഷവും വരുത്തുന്നു.

മലയാളികള്‍ കറികളെ ഭക്ഷണമായി കണക്കാക്കുന്നില്ല. ഇത് സൈഡ് ആണ്. അതായത് ചോറ്, പലഹാരം എന്നിവ കഴിയ്ക്കാനുള്ള ഒരു കൂട്ട് ആണ്. അന്നജമാണ് നാം ഭക്ഷണമായി കാണുന്നത്. ഇത് കൂടുതല്‍ കൊഴുപ്പ് എത്താന്‍ കാരണമാകുന്നു. ആരോഗ്യകരമെന്നു പറയാന്‍ ഒരു കപ്പ് കടല വേവിച്ചതും ഒരു പഴവും കഴിച്ചാല്‍ അത് പൂര്‍ണ ഭക്ഷണം ആയില്ലെന്ന് കരുതുന്നവരാണ് പലരും. ഇതു പോലെ ഫ്രൂട്‌സ് ഭക്ഷണക്കൂട്ടത്തില്‍ കണക്കാക്കുന്നില്ല. ഇവ കഴിച്ചാലും പ്രധാന ഭക്ഷണമെന്ന രീതിയില്‍ നാം ചോറോ അതു പോലെയുളളവയോ കഴിയ്ക്കും.

ഇതു പോലെ മസാലകളുടെ അമിത ഉപയോഗം. മഞ്ഞള്‍ കുരുമുളക് തുടങ്ങിയ മസാലകള്‍ ആരോഗ്യത്തിന് നല്ലതു തന്നെയാണ്. അതിനെല്ലാം ആരോഗ്യകരമായ ഗുണങ്ങളുണ്ട്. എന്നാല്‍ ഇവ എണ്ണയില്‍ പാകം ചെയ്യുമ്പോള്‍ ഇത് ദോഷം വരുത്തുന്നു. പ്രത്യേകിച്ചും മസാല എണ്ണയില്‍ വറുത്തു കോരി പൊടിച്ചെടുത്ത് പാചകത്തിന് ഉപയോഗിയ്ക്കുന്ന രീതി. ഇവയാണ് വയറിന് അനാരോഗ്യം നല്‍കുന്നത്. അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഈ മസാലകള്‍ നല്ലതാണ്. എന്നാല്‍ ഉപയോഗിയ്‌ക്കേണ്ട രീതിയില്‍ ഉപയോഗിയ്ക്കണം. അമിതമായി ഉപയോഗിച്ചാലും മുകളില്‍ പറഞ്ഞ വറവു രീതികളും അനാരോഗ്യകരമാക്കുന്നു.

ഇതു പോലെ കഴിയ്ക്കുന്ന സമയം പ്രധാനമാണ്. പലരും രാവിലെ തിരക്കുകളില്‍ പ്രാതല്‍ ഒഴിവാക്കും. ബാക്കി തിരക്കുകള്‍ എല്ലാം കഴിഞ്ഞ് രാത്രിയാണ് കൂടുതല്‍ കഴിയ്ക്കുന്നത്. ഇതാണ് ഏറ്റവും ദോഷകരമായ കാര്യം. നമ്മുടെ ശരീരത്തിന് ആവശ്യമായ ഭക്ഷണം കഴിയ്‌ക്കേണ്ടത് രാവിലെയാണ്. വേണ്ടതില്‍ 40ശതമാനം ഭക്ഷണവും രാവിലെ കഴിയ്ക്കുക. ഉച്ചയ്ക്ക് 30 ശതമാനം. രാത്രിയില്‍ വളരെ കുറവ് മാത്രം കഴിയ്ക്കുക. അതും നേരത്തെ കഴിയ്ക്കുക. ഇത് പിന്‍തുടരുന്നത് രോഗം വരുത്തി വയ്ക്കുന്ന ഒന്നാണ്. പ്രധാനമായും തടി, വയര്‍ പോലുള്ള അവസ്ഥകള്‍ക്ക്.

മഹാമാരികളോട് പോരാടുന്ന ഈ കാലഘട്ടത്തിൽ ശരീര ആരോഗ്യം വളരെ പ്രധാനമാണ്. അതിനാൽ പണ്ട് മുതൽ ശീലിച്ച ജീവിതശൈലിയിൽ മാറ്റം വരുത്തി ആരോഗ്യപൂർണ്ണമായ ജീവിതശൈലി തിരഞ്ഞെടുക്കുക.

Related posts