Nammude Arogyam
Healthy FoodsHeart Disease

കൊളസ്‌ട്രോൾ കുറയ്ക്കാൻ മാതളനാരങ്ങ ജ്യൂസ്

ഇന്നത്തെ യുവ തലമുറയിൽ ഒട്ടനവധി പേർ ഹൃദ്രോഗവുമായി മല്ലിടുന്നവരാണെന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്. ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെടുന്ന യുവാക്കളുടെ എണ്ണം വർധിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, നമ്മുടെ ഹൃദയാരോഗ്യത്തിൽ എന്നത്തേക്കാളും കൂടുതൽ ശ്രദ്ധിക്കേണ്ട സമയമാണിത്. കൊളസ്‌ട്രോൾ കുറയ്ക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന വഴികളിലൊന്നാണ്. കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നത് ഹൃദ്രോഗ സാധ്യത ഒരു പരിധി വരെ കുറയ്ക്കാൻ സഹായിക്കും. അത്തരത്തിൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് മാതളനാരങ്ങ ജ്യൂസ്.

ഗ്രീൻ ടീയിലോ റെഡ് വൈനിലോ ഉള്ളതിന്റെ മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകൾ മാതള ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. മോശം കൊളസ്ട്രോൾ എന്നും വിളിക്കപ്പെടുന്ന ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കുറയ്ക്കുന്നത് പോലെയുള്ള നിരവധി ഹൃദയ സംബന്ധമായ ഗുണങ്ങൾ നൽകാൻ കഴിയുന്ന പോളിഫെനോൾസ് ആന്റിഓക്‌സിഡന്റുകൾ മാതളനാരങ്ങ ജ്യൂസിലുണ്ട്. കടും ചുവപ്പ് നിറമുള്ള മാതളനാരങ്ങ ജ്യൂസ് കാഴ്ചയ്ക്ക് മനോഹരം മാത്രമല്ല, മറ്റ് മിക്ക പഴച്ചാറുകളെയും അപേക്ഷിച്ച് കൂടുതൽ ആന്റിഓക്‌സിഡന്റുകൾ നൽകുന്നു. അരക്കപ്പ് മാതളനാരങ്ങയിൽ 80 കലോറിയും 16 ഗ്രാം കാർബോഹൈഡ്രേറ്റും മൂന്ന് ഗ്രാം ഫൈബറും അടങ്ങിയിട്ടുണ്ട്. ഫോളേറ്റ്, പൊട്ടാസ്യം, വിറ്റാമിൻ കെ എന്നിവയും ഇതിനു പുറമെ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്.

റാപ്പാപോർട്ട് ഫാക്കൽറ്റി ഓഫ് മെഡിസിനിലെയും റാംബാം മെഡിക്കൽ സെന്ററിലെയും പ്രൊഫസർ മൈക്കൽ അവിറാമിന്റെ നേതൃത്വത്തിലുള്ള ടെക്‌നിയൻ-ഇസ്രായേൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഒരു സംഘം ഗവേഷകർ, മാതളനാരങ്ങ ജ്യൂസ് ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാക്കുന്ന അതീറോസ്‌ക്ലീറോസിസ് (രക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ) നിന്ന് പരമാവധി സംരക്ഷണം നൽകുന്നുവെന്ന് കണ്ടെത്തി. ദി റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ജേണലായ ഫുഡ് ആൻഡ് ഫംഗ്ഷനിലാണ് കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

എട്ട് ക്ലിനിക്കൽ പരീക്ഷണങ്ങളുടെ ഫാർമക്കോളജിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച 2017 ലെ അവലോകനത്തിൽ, മാതളനാരങ്ങ ജ്യൂസ് സിസ്റ്റോളിക്, ഡയസ്റ്റോളിക് രക്തസമ്മർദ്ദം കുറയ്ക്കുന്നതായി കാണിച്ചു. വ്യത്യസ്ത അളവിൽ മാതളനാരങ്ങ ജ്യൂസ് കഴിക്കുമ്പോഴും ഫലം തുടർന്നു എന്നും വ്യക്തമായി.

പരമാവധി പ്രയോജനങ്ങൾക്കായി എല്ലായ്പ്പോഴും പുതുതായി പിഴിഞ്ഞെടുത്ത മാതളനാരങ്ങ ജ്യൂസ് കുടിക്കാൻ ശ്രമിക്കുക. പാക്കേജു ചെയ്ത ജ്യൂസുകളിൽ പഞ്ചസാരയും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. സാധ്യമെങ്കിൽ, കോൾഡ് പ്രസ്സ് മാതളനാരങ്ങ ജ്യൂസ് തിരഞ്ഞെടുക്കുക, ഇത് ഹൃദയത്തിന് ഏറ്റവും മികച്ച പാനീയമാണ്. മാതളനാരങ്ങ ജ്യൂസ് രണ്ടു ദിവസത്തിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക. ഇതിൽ നിന്ന് പരമാവധി പോഷകങ്ങൾ ലഭിക്കാൻ ഇത് പിഴിഞ്ഞെടുത്ത ഉടൻ കുടിക്കുന്നതാണ് നല്ലത്. വ്യത്യസ്തതയും കൂടുതൽ പോഷക ഗുണങ്ങളും ചേർക്കാൻ, ബീറ്റ്റൂട്ട്, ഓറഞ്ച് ജ്യൂസ് എന്നിവയിൽ മാതളനാരങ്ങ നീര് കലർത്താം.

കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവയുടെ മരുന്നുകൾ കഴിക്കുന്നവരാണെങ്കിൽ, എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടാകാതിരിക്കാൻ ഭക്ഷണത്തിൽ മാതളനാരങ്ങ ജ്യൂസ് ഉൾപ്പെടുത്തുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്.

Related posts