Nammude Arogyam
GeneralWoman

സ്ത്രീകളിലെ ഡിപ്രഷനും ആകാംഷയും അമിതമായാല്‍………..

സ്ത്രീകളില്‍ ഇന്ന് പല കാരണത്താല്‍ ഡിപ്രഷന്‍ അതുപോലെ തന്നെ അമിതമായ ആകാംഷ എന്നിവയെല്ലാം കണ്ടുവരുന്നുണ്ട്. ഇത്തരം അവസ്ഥകള്‍ കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് നയിക്കും എന്നതാണ് സത്യാവസ്ഥ. മനസ്സിലാക്കേണ്ട ഒരു വസ്തുത എന്താണെന്നു വച്ചാല്‍, ഈ ഡിപ്രഷനും ആകാംഷയുമെല്ലാം മാനസികാരോഗ്യത്തിന്റെ തന്നെ രണ്ട് തലങ്ങളാണ്. ചിലപ്പോള്‍ ഇത് രണ്ടും ഒരേ സമയം ഒരാളില്‍ കണ്ടെന്നും വരാം.

ചിലപ്പോള്‍ സ്ത്രീകള്‍ക്ക് അവരുടെ വൈകാരികവും അതുപോലെതന്നെ ശാരീരികമായിട്ടുള്ള ആരോഗ്യത്തേക്കാള്‍ മുന്‍തൂക്കം വീട്ടിലെ മറ്റുള്ളവരുടെ കാര്യത്തിലായിപ്പോകാറുണ്ട്. ജീവിതത്തിലെ ഓരോ കാര്യങ്ങളും സമയത്തിന് നടത്തുവാന്‍ നെട്ടോട്ടമോടുന്ന ഇവര്‍ ഇവരുടെ ആവശ്യത്തിന് സമയം കണ്ടെത്തുന്നില്ല.

വളരെ ലളിതമായി പറഞ്ഞാല്‍, ഒരു വ്യക്തിക്ക് സ്വയം തന്നെ കൊണ്ട് ഒന്നിനും കൊള്ളില്ല, ഒരു കാര്യത്തിലും ഒരു പ്രതീക്ഷയുമില്ലാതെ എന്തിനേതിനും ശോകമൂഖമായിരിക്കുന്ന അവസ്ഥയില്‍ ഇരിക്കുന്നതാണ് ഡിപ്രഷന്‍. ഡയഗ്നോസ്റ്റിക് സ്റ്റാറ്റിസ്റ്റിക്കല്‍ മാന്വല്‍ ഓഫ് മെന്റല്‍ ഡിസോഡര്‍ എഡിഷന്‍ 5ല്‍ പറയുന്നത് പ്രകാരം ഡിപ്രഷന്റെ വിവിധ ലക്ഷണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. അതായത്, വിശപ്പില്ലായ്മ, ഡിപ്രഷന്‍ മൂഡ്, സന്തോഷം ഇല്ലായ്മ, ഒരു കാര്യത്തിലും ഒരു താല്‍പര്യമില്ലാത്തത്, ശാരീരികമായി യാതൊന്നും ചെയ്യാതെ തന്നെ ക്ഷീണം തോന്നുന്നത്, ഇടയ്ക്കിടയ്ക്ക് മരണത്തെ കുറിച്ചും അതുപോലെ ആത്മഹത്യയെക്കുറിച്ചും ചിന്തിക്കുന്നതും അതിനു പ്രേരണ തോന്നുന്നതുമെല്ലാം ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങളെല്ലാം ഒരു ദിവസം കൊണ്ട് വന്ന് പോകുന്നതല്ല. അടുപ്പിച്ച്, തുടര്‍ച്ചയായി രണ്ടു, മൂന്ന് ആഴ്ച്ചത്തോളം ഇത്തരം പ്രശ്‌നങ്ങള്‍ ഒരു വ്യക്തിയില്‍ കണ്ടുവരുന്നുണ്ടെങ്കില്‍ അതിനെ ഡിപ്രഷന്‍ എന്ന് പറയാം.

ചിലപ്പോള്‍ ഒരു വ്യക്തിയുടെ ദുഃഖവും ഡിപ്രഷനും തമ്മില്‍ പെട്ടെന്ന് വേര്‍ത്തിരിച്ച് മനസ്സിലാക്കുവാന്‍ സാധിച്ചെന്നുവരണമെന്നില്ല. ദുഃഖം എന്നത് സാധാരണയായി ഒരു വ്യക്തിയ്ക്ക് എന്തെങ്കിലും നഷ്ടം ഉണ്ടാകുമ്പോള്‍ തോന്നുന്ന മാനസികമായിട്ടുള്ള ഒരു വികാരമാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇത്തരം വിഷമങ്ങളില്‍ നിന്നെല്ലാം സന്തോഷം കണ്ടെത്തുവാന്‍ സാധിക്കും. എന്നാല്‍, ഡിപ്രഷനില്‍ ഇത് സാധ്യമല്ല. അതുപോലെ നമുക്ക് സങ്കടമാണെങ്കില്‍ അത് ഒരിക്കലും നമ്മളുടെ ഉറക്കത്തെ ബാധിച്ചെന്നു വരികയില്ല. പക്ഷേ, ഡിപ്രഷനിലായിരിക്കുന്ന വ്യക്തിയ്ക്ക് ഉറക്കം ഉണ്ടായെന്നുതന്നെ വരികയില്ല. തന്നെത്താന്‍ വിലകുറച്ച് ഇല്ലാതാക്കി കുറേ ദുഷിച്ച ചിന്തകള്‍ മനസ്സില്‍ നിറയ്ക്കുന്ന അവസ്ഥയാണ് ഡിപ്രഷന്‍.

നമുക്കെല്ലാവര്‍ക്കും പരീക്ഷയ്ക്ക് മുന്‍പ് അല്ലെങ്കില്‍ എന്തെങ്കിലും മെഡിക്കല്‍ ചെക്കപ്പിന്റെ സമയത്ത്, അല്ലെങ്കില്‍ ആദ്യമായിട്ട് ആരെയെങ്കിലും കാണുവാന്‍ പോകുമ്പോഴെല്ലാം നല്ല ടെന്‍ഷന്‍, ആകാംഷ എന്നിവയെല്ലാം ഉണ്ടാകാറുണ്ട്. എന്നാല്‍, ഇവ എല്ലാം ഒരു പരിധിക്കു മേലെ ആയാല്‍ അപകടമാണ്. ഈ മുന്‍പ് പറഞ്ഞ എല്ലാ കാരണങ്ങള്‍ക്കും ആകാംഷ ഒരു പരിധി വരെ കാരണമാകുന്നുണ്ട്. പക്ഷേ, ഒരു പരിധിയ്ക്കപ്പുറത്തേയ്ക്ക് പോകുമ്പോഴാണ് ഇവയെല്ലാം അപകടകരമാകുന്നത്. ഈ ആകാംഷ മൂലം ചിലപ്പോള്‍ ചിലര്‍ക്ക് പേടി, അമിതമായ ടെന്‍ഷന്‍, അതുപോലെ ആകുലത എന്നിവയെല്ലാം ലക്ഷണങ്ങളായി കണ്ടുവരുന്നുണ്ട്.

ഒരു സംഭവത്തിന് മുന്‍പ് ഇതെല്ലാം കാണിക്കുകയും ആ സംഭവം കഴിഞ്ഞിട്ടും ഇതേ അവസ്ഥ ഉണ്ടെങ്കില്‍ അത് അപകടകരമാണ്. ഇത് നമ്മളുടെ ഹൃദയമിടിപ്പിന്റെ അളവ് കൂട്ടുന്നതിനും അതുപോലെ കാലിലും കൈകളിലും തുടിപ്പ് അനുഭവപ്പെടുക, മുടന്ത് വരുന്നത്, തലവേദന, വയറ്റിളക്കം, കൂടിവരുന്ന ഹൃദയമിടിപ്പ്, ഉറക്കം നഷ്ടപ്പെടുന്നത്, ഓരോന്ന് ചിന്തിച്ചുകൂട്ടുക, സ്ഥിരമായി ആകുലത കാണിക്കുക, എന്നിവയെല്ലാം അമിതമായിട്ടുള്ള ആകാംഷയുടെ ലക്ഷണങ്ങളാണ്.

ഇത്തരത്തില്‍ അമിതമായി ആകാംഷ ഉള്ളവര്‍ക്ക് അറ്റാക്ക് വരുവാനുള്ള സാധ്യത കൂടുതലാണെന്നാണ് പറയപ്പെടുന്നത്. സ്ത്രീകളില്‍ ഇത്തരം അവസ്ഥ കണ്ടുവന്നാല്‍ അവര്‍ക്ക് അസ്വസ്ഥതകളും അതുപോലെ തന്നെ കൃത്യമല്ലാത്ത ഉറക്കം, ക്ഷീണം, വേദന, ഒന്നിലും ശ്രദ്ധിക്കുവാന്‍ സാധിക്കാത്ത അവസ്ഥ എന്നിവയെല്ലാം ഇവരില്‍ കാണാറുണ്ട്. ഇത് ഡിപ്രഷന്‍ ഉള്ളവരിലും അതുപോലെ തന്നെ ആകാംഷ അമിതമായവരിലും പതിവായി കണ്ടുവരുന്ന ലക്ഷണങ്ങളാണ്. അതുകൊണ്ടു തന്നെ പെട്ടെന്ന് ഇത് ഏത് അവസ്ഥയാണ് എന്ന് തിരിച്ചറിയുവാന്‍ സാധിച്ചെന്നു വരികയില്ല.

ഇതിനായി ഒരു സൈക്കാട്രിസ്റ്റ് അല്ലെങ്കില്‍ ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കാവുന്നതാണ്. ഇത്തരം അവസ്ഥയിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് പൊതുവില്‍ നിര്‍ദ്ദേശിക്കുന്ന ചികിത്സാരീതിയാണ് കോഗ്നീറ്റീവ് ബിഹേവിയര്‍ തെറാപ്പി. ഈ തെറാപ്പിയിലൂടെ കടന്നു പോകുന്ന ചിന്തകളില്‍ നിന്നും വ്യത്യസ്തമായി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ചിലപ്പോള്‍ ഇവ കുറയ്ക്കുവാന്‍ മരുന്നുകളും നല്‍കാറുണ്ട്. ഇത് ഈ അസുഖം വേഗത്തില്‍ മാറുന്നതിനും സഹായിക്കും.

ഇതേപോലെ തന്നെ സ്ത്രീകളില്‍ പൊതുവില്‍ കണ്ടുവരുന്ന ഡിപ്രഷനാണ് പോസ്റ്റ് പാര്‍ട്ടം ഡിപ്രഷന്‍ എന്നത്. അതായത്, പ്രസവത്തിനുശേഷം ഉണ്ടാകുന്ന ഡിപ്രഷന്‍. 2021ലെ കണക്ക് എടുത്താല്‍ ലോകത്തില്‍വെച്ച് 17.22 ശതമാനത്തോളം സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ ഡിപ്രഷന്‍ കാണപ്പെടുന്നുണ്ട് എന്നാണ് പറയപ്പെടുന്നത്. ഓരോ രാജ്യങ്ങളെ എടുത്തു നോക്കിയാല്‍ ഈ കണക്കുകളില്‍ തന്നെ വ്യത്യാസം വരുന്നത് കാണാം. വിശപ്പില്ലായ്മ, ദേഷ്യം, കുട്ടിയോട് ഒരു സ്‌നേഹവും തോന്നാത്ത അവസ്ഥ, മൂഡ് സ്വിംഗ് എന്നിവയെല്ലാം ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീകളില്‍ ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.

ഇതില്‍ പ്രധാന കാരണമായി ചൂണ്ടി കാണിക്കുന്നത് പെട്ടെന്ന് ഉണ്ടാകുന്ന ഹോര്‍മോണ്‍ ചേയ്ഞ്ചസ്സ് അതുപോലെ ഈസ്ട്രജന്റെ അളവിലെ വ്യതിയാനം എന്നിവ എല്ലാമാണ്. പെട്ടെന്ന് ഉത്തരവാദിത്വം കൂടിയത്, അതുപോലെ ഉറക്കമില്ലായ്മ, നാട്ടുകാരുടെ പ്രഷര്‍ താങ്ങുവാന്‍ സാധിക്കാതെ അമ്മയാകേണ്ട വന്നതെല്ലാം ഈ ഡിപ്രഷന്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്. ഇത്തരം അവസ്ഥ കൂടിയാല്‍ കുട്ടിയെ ഉപദ്രവിക്കുവാനും അതുപോലെ സ്വയം ഉപദ്രവിക്കുവാനുമുള്ള പ്രവണതയും കണ്ടുവരുന്നു.

അതുകൊണ്ടുതന്നെ അമ്മമാരാകുവാന്‍ പോകുന്നവര്‍ക്കും പ്രസവിച്ചുകിടക്കുന്ന സ്ത്രീകള്‍ക്കും നല്ലരീതിയില്‍ പരിചരണവും സ്‌നേഹവും ലഭിക്കേണ്ടത് അനിവാര്യമാണ്. അതുപോലെ നല്ല ഭക്ഷണം കൊടുക്കുക, ഡോക്ടറെ കണ്ട് കൃത്യമായ ചികിത്സ നല്‍കുന്നതും നല്ലതായിരിക്കും.

മുകളിൽ പറഞ്ഞ പ്രശ്നങ്ങൾ ജീവിത താളം തെറ്റിക്കുന്നുണ്ടെങ്കിൽ ഒരു സൈക്കാട്രിസ്റ്റിനെ അല്ലെങ്കില്‍ ഒരു സൈക്കോളജിസ്റ്റിനെ സമീപിക്കേണ്ടതാണ്.

Related posts