Nammude Arogyam
General

മറവിയാണോ! മറവിക്ക് ചികിത്സയുണ്ടോ

ഈയിടെയായി ഭയങ്കര മറവിയാണല്ലോ!

സ്വന്തം വീട്ടിലേക്കുള്ള വഴി കണ്ടുപിടിക്കാൻ കഴിയാതെ വരുക, സ്വയം വസ്ത്രം ധരിച്ചാൽ ശരിയാകാതെ വരുക, ദിനകൃത്യങ്ങൾക്ക് പരസഹായം വേണ്ടിവരുക തുടങ്ങി അൽപം സങ്കീർണമായ പ്രശ്‌നങ്ങളും സാധാരണയിൽനിന്നു വ്യത്യസ്തമായതും പെട്ടെന്ന് വർധിച്ചുവരുന്നതുമായ ഓർമക്കുറവ് മറവിരോഗത്തിന്റെ ലക്ഷണമായി കണക്കാക്കാം.

ഡിമൻഷ്യ എന്നത് ഒരു രോഗാവസ്ഥ മാത്രമാണ്. പല രോഗങ്ങൾകൊണ്ടും ഇതുണ്ടാകാം. ഈ രോഗങ്ങളിൽ പലതും ചികിത്സിച്ചുമാറ്റാവുന്നതുമാകാം. ഡിമൻഷ്യയുള്ളവർക്കെല്ലാം അൽസ്‌ഹൈമേഴ്‌സ് രോഗമാണ് എന്ന തെറ്റിദ്ധാരണ ശരിയല്ല. ഡിമൻഷ്യയുണ്ടാക്കുന്ന രോഗം കണ്ടെത്തുമ്പോഴേ രോഗനിർണയം പൂർത്തിയാകൂ. ശരിയായ രോഗനിർണയം നടത്തി, അതിനെ അടിസ്ഥാനമാക്കി വേണം ചികിത്സ നടത്താൻ.

ഭേദമാക്കാവുന്ന മറവികൾ

പ്രായമായ ചിലരിൽ വിഷാദരോഗത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ‘ഡിപ്രസ്സീവ് സ്യൂഡോ ഡിമൻഷ്യ’ എന്ന പ്രശ്‌നം ഡിമൻഷ്യയോട് സാദൃശ്യമുള്ളതാണെങ്കിലും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്. ഈ പ്രശ്‌നമുള്ളവർ ഓർമക്കുറവിനെക്കുറിച്ച് എപ്പോഴും പരാതിപ്പെട്ടുകൊണ്ടിരിക്കുമെങ്കിലും ഇവരുടെ ഓർമശക്തിക്ക് ഒരു തകരാറുമില്ലെന്ന് വിദഗ്ധപരിശോധനയിൽ കണ്ടെത്താൻ കഴിയും. വിഷാദരോഗത്തിന് ചികിത്സ നൽകിയാൽ ഇവർ സുഖം പ്രാപിക്കും. തൈറോയ്ഡിന്റെ കുറവുകൊണ്ടും ഡിമൻഷ്യ ഉണ്ടാകാം. തൈറോയ്ഡ് ഹോർമോണുകളടങ്ങിയ മരുന്നുകൾ വഴി ഇതു പരിഹരിക്കാം.

മറ്റു രോഗങ്ങൾക്കുള്ള മരുന്നുകൾ പ്രായമായവരിൽ ചിലപ്പോൾ ഡിമൻഷ്യയുടെ ലക്ഷണങ്ങളുണ്ടാക്കാം. ഇത്തരം മരുന്നുകൾ നിർത്തുകയോ പ്രശ്‌നമുണ്ടാക്കാത്ത മരുന്നുകൾ പകരം ഉപയോഗിക്കുകയോ ചെയ്ത് പ്രശ്‌നം പരിഹരിക്കാം. മസ്തിഷ്‌ക ട്യൂമറുകൾ, തലയോടിനും മസ്തിഷ്‌കത്തിനുമിടയിൽ രക്തം കട്ടപിടിക്കൽ തുടങ്ങിയവ മൂലമുണ്ടാകുന്ന ഡിമൻഷ്യ ശസ്ത്രക്രിയകൊണ്ട് മാറ്റിയെടുക്കാം. പോഷകാംശങ്ങളുടെ കുറവു മൂലം അപൂർവമായുണ്ടാകുന്ന ഡിമൻഷ്യയും ചികിത്സിച്ചു മാറ്റാം.

തലച്ചോറിലെ ചില ഭാഗങ്ങൾ രക്തയോട്ടമില്ലാതെ നിർജീവമായിത്തീരുന്നതുകൊണ്ട് ഉണ്ടാകുന്ന ഡിമൻഷ്യയാണ് മറ്റൊന്ന്. നമ്മുടെ നാട്ടിൽ ധാരാളം കാണപ്പെടുന്ന ഈ അവസ്ഥ പ്രമേഹം, ഉയർന്ന രക്തസമ്മർദം എന്നിവയുള്ളവർക്ക് വരാൻ സാധ്യത കൂടുതലാണ്. പ്രമേഹവും രക്തസമ്മർദവും നിയന്ത്രിച്ചാൽ ഇത് ഒരു പരിധിവരെ തടയാം.

മറ്റു പല രോഗങ്ങൾ കൊണ്ടും ഡിമൻഷ്യ ഉണ്ടാകാം.

ബോധവൽക്കരണവും പരിശീലനവും വേണ്ടത് അവരുടെ കുടുംബാംഗങ്ങൾക്കാണ്. സ്ത്രീകൾക്ക് പുരുഷനെക്കാൾ ആയുർദൈർഘ്യം കൂടുതലായതിനാൽ ഡിമൻഷ്യ ബാധിതരിൽ കൂടുതലും സ്ത്രീകളാണ്. മറവി ബാധിതരെ പരിചരിക്കുന്നതും മിക്കവാറും സ്ത്രീകളാണ്. പരിചരിക്കുന്നവർക്ക് ബുദ്ധിമുട്ടും മാനസികസമ്മർദവും കുറയ്ക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാം.

∙മറവി ബാധിക്കുംമുൻപ് ഉണ്ടായിരുന്നതിനോട് പരമാവധി സാമ്യമുള്ള രീതിയിൽ ദിനചര്യകൾ നിലനിർത്തുക.

∙വസ്ത്രധാരണം തുടങ്ങി ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പരമാവധി സ്വയം ചെയ്യാൻ പ്രോത്സാഹിപ്പിക്കുക. പറ്റാതെ വരുമ്പോൾ മാത്രം സഹായിക്കുക.

∙മറവി ബാധിച്ചവരുടെ സാന്നിധ്യത്തിൽ അവരുടെ രോഗാവസ്ഥ ചർച്ച ചെയ്യാതിരിക്കുക. അവരുടെ ആത്മാഭിമാനത്തെ ബാധിക്കുന്ന വാക്കുകളും പ്രവൃത്തികളും ഒഴിവാക്കുക.

∙മറവിബാധിതരുമായി സംഘർഷം ഒഴിവാക്കുക. രോഗം അവരുടെ കുറ്റമല്ലെന്ന് മനസ്സിലാക്കുക. ശാന്തതയും സമചിത്തതയും പാലിക്കുക.

∙നർമബോധം നിലനിർത്തുക. മറവി ബാധിച്ചവരോട് തമാശകൾ പറയുകയും അവരുമായി സന്തോഷം പങ്കുവയ്ക്കുകയും ചെയ്യുക.

∙മുറിവുകളും അപകടങ്ങളും പറ്റുന്ന സാഹചര്യം ഒഴിവാക്കാൻ വീട് പരമാവധി സുരക്ഷിതമാക്കുക.

∙ എപ്പോഴും ഒരാൾ തന്നെ പരിചരിക്കാതെ ഒന്നിലധികം പേർ പരിചരണം ഏറ്റെടുക്കുക. പരിചരിക്കുന്നവർ ഇടവേളകളെടുത്ത് വിശ്രമിക്കാനും മാനസിക സമ്മർദം അകറ്റുന്ന കാര്യങ്ങളിലേർപ്പെടാനും സമയം കണ്ടെത്തുക.

Related posts