Nammude Arogyam
GeneralLifestyle

ഈ ഏഴു ലക്ഷണങ്ങള്‍ നിസ്സാരമാക്കരുത്

മരണം ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും സംഭവിക്കുന്ന ഒന്നാണ്. പലപ്പോഴും പല രീതിയിലാണ് പലരെയും മരണം തേടിയെത്താറുള്ളത്. ചിലർക്ക് ഹൃദ്യോഗം, മറ്റു ചിലർക്ക് ക്യാൻസർ, മറ്റു ചിലർക്കാകട്ടെ സ്ട്രോക്ക് തുടങ്ങിയവയൊക്കെയാണ് പലപ്പോഴും മരണ കാരണമാകാറുള്ളത്. ഈ രോഗങ്ങളെല്ലാം തന്നെ നാം പോലും ക്ഷണിക്കാതെ തന്നെ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നവരാണ്. ഇത്തരത്തിൽ ക്ഷണിക്കാതെ വരുന്ന അതിഥികളിൽ ഒരാളാണ് സ്ട്രോക്ക്.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് മന്ദീഭവിക്കുയോ ഭാഗികമായി നില്‍ക്കുകയോ ചെയ്യുന്ന രോഗാവസ്ഥയാണ് സ്‌ട്രോക്ക് അഥവാ മസ്തിഷ്‌കാഘാതം. സ്‌ട്രോക്ക് കാരണം തലച്ചോറിന്റെ കോശങ്ങള്‍ക്ക് നാശമുണ്ടാകുന്നതാണ് പ്രവര്‍ത്തനങ്ങള്‍ കുറയാന്‍ കാരണം. സ്‌ട്രോക്ക് ഉണ്ടായാൽ സാധാരണയായി ശരീരത്തിന്റെ ഒരു ഭാഗത്തോ, ചിലപ്പോള്‍ ഇരു ഭാഗങ്ങള്‍ക്കോ തളര്‍ച്ചയുണ്ടാകാറുണ്ട്. കാഴ്ച, സംസാരം തുടങ്ങിയവകള്‍ക്കൊക്കെ പ്രശ്‌നങ്ങളും ഉണ്ടാകാം. ചിലപ്പോള്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.

സാധാരണയായി രണ്ട് തരത്തിലുളള സ്‌ട്രോക്കുകളാണുളളത്. ഒന്ന് സ്‌ട്രോക്ക് ഇസ്‌കീമിക്, മറ്റൊന്ന് സ്‌ട്രോക്ക് ഹെമറാജിക്. രക്തധമനികളില്‍ രക്തം കട്ടിപിടിക്കുന്ന അവസ്ഥയെ ആണ് സ്‌ട്രോക്ക് ഇസ്‌കീമിക് എന്നു പറയുന്നത്. ഇത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാറുണ്ടാക്കുയും ചെയ്യുന്ന അവസ്ഥയെയാണ് സ്‌ട്രോക്ക് ഹെമറാജിക് എന്നു പറയുന്നത്. ഇക്‌സിമിക് സ്‌ട്രോക്കിനേക്കാള്‍ മാരകമാണ് സ്‌ട്രോക് ഹെമറാജിക്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കാണുന്നത്.

ലക്ഷണങ്ങള്‍

സ്‌ട്രോക് വരുന്നതിനു മുന്‍പ് അതിന്റെ സാധ്യതകളെ കാട്ടി ശരീരം തന്നെ ചില മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്. എന്നാല്‍ നമ്മളില്‍ പലരും ഇത് ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. അത്തരത്തിൽ ശരീരം കാണിക്കുന്ന മുന്നറിയിപ്പുകള്‍ എന്തൊക്കെയെന്ന് നോക്കാം.

1.തളര്‍ച്ചയോ മരവിപ്പോ അനുഭവപ്പെടാം

പെട്ടന്ന് ശരീരത്തിന്റെ ഒരു വശത്ത് തളര്‍ച്ചയോ അല്ലെങ്കില്‍ മരവിപ്പോ അനുഭവപ്പെടാം. ഇതാണ് ട്രോക്കിന്റെ ഏറ്റവും പ്രധാന ലക്ഷണം. അമേരിക്കന്‍ സ്‌ട്രോക്ക് അസോസിയേഷന്‍ വിശദീകരിക്കുന്നത് പ്രകാരം, നമ്മുടെ മസ്തിഷ്‌കത്തിന്റെ ഓരോ വശവും ശരീരത്തിന്റെ എതിര്‍ വശത്തെ ബാധിക്കുന്നു. അതായത് നമ്മുടെ തലച്ചോറിന്റെ വലതു വശത്ത് രക്തസ്രാവം ഉണ്ടായാൽ ശരീരത്തിന്റെ ഇടതു വശത്ത് അതിൻ്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇടതു വശത്ത് രക്തസ്രാവം ഉണ്ടായാൽ ശരീരത്തിന്റെ വലതു വശത്ത് അതിൻ്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു.

2.മുഖത്തിന്റെ ഒരു വശം കോടുക

ഒരു വ്യക്തി ചിരിക്കാനോ സംസാരിക്കാനോ ശ്രമിച്ചാല്‍ മുഖം ഒരു വശത്തേക്ക് കോടിപ്പോകുന്നത് സ്‌ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്. നമ്മുടെ തലച്ചോറിന്റെ കഴിവിനെ ദുര്‍ബലമാക്കുന്നു. നമ്മള്‍ എങ്ങനെ സംസാരിക്കുന്നു, ഒരാള്‍ എന്താണ് പറയുന്നത് എന്നു മനസ്സിലാക്കാനുളള നമ്മുടെ കഴിവിനെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

3.സംഭാഷണത്തെ ബാധിക്കും

നമ്മുടെ മസ്തിഷ്‌കത്തിന്റെ ഇടതു വശമാണ് ഭാഷയെ നിയന്ത്രിക്കുന്നത്. നമുക്ക് സ്‌ട്രോക്ക് ഉണ്ടായാൽ അത് നമ്മുടെ സംഭാഷണത്തെ ബാധിക്കും. ഒരു കാര്യം ആവര്‍ത്തിച്ചു പറയാന്‍ ആവശ്യപ്പെട്ടാല്‍ സംസാരം അസ്പഷ്ടമാവുകയും, പരസ്പര ബന്ധമില്ലാത്തതു പോലെ സംസാരിക്കുകയും ചെയ്യുന്നത് സ്‌ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്.

4.സംസാരത്തിലെ ബുദ്ധിമുട്ട്

സാധാരണ സംസാരത്തില്‍ നിന്നും സ്‌ട്രോക്കിന്റെ ലക്ഷണത്തിലെ സംസാരം വളരെ വ്യത്യാസമാണ്. വ്യക്തമായ സംസാരത്തിന് ആവശ്യമായ മസിലുകള്‍ നമുക്ക് നിയന്ത്രിക്കാന്‍ കഴിയാതാകുമ്പോൾ ‘ഡിസ്പ്രാക്‌സിയ’ സംഭവിക്കുന്നു. അതായത് തലച്ചോറില്‍ നിന്നുളള സന്ദേശങ്ങള്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ശരിയായ തരത്തില്‍ എത്തിച്ചേരാത്തതിനാല്‍ സൂക്ഷവും സ്ഥൂലവുമായ ശരീര ചലനങ്ങളേയും ചലനങ്ങളുടെ ഏകോപനത്തേയും അത് ബാധിക്കുന്നു എന്നതാണ് ഈ അവസ്ഥയിലൂടെ സംഭവിക്കുന്നത്.

5.കഠിനമായ തലവേദന

പെട്ടന്ന് കഠിനമായ തലവേദന ഉണ്ടാകുന്നത് സ്‌ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്. ഇത് ഹെമറോജിക് സ്‌ട്രോക്കിന് കാരണമാകുന്നു. കഠിനമായ തലവേദനയിലൂടെ നമ്മുടെ കണ്ണുകള്‍ മിന്നിമിന്നി പ്രകാശിക്കുന്നു. ഈ ഒരു അവസ്ഥയില്‍ ഡോക്ടറിനെ സമീപിക്കേണ്ടതാണ്.

6.ഒരു വശത്ത് കാണാന്‍ കഴിയില്ല

ബലഹീനതയേയും മരവിപ്പും പോലെ മറ്റൊന്നാണ് നമ്മുടെ കാഴ്ച പ്രശ്‌നവും. സ്‌ട്രോക്ക് നമ്മുടെ രണ്ട് കണ്ണിന്റെ കാഴ്ചയേയും ബാധിക്കുന്നു, അതായത് നമ്മുടെ രണ്ട് കണ്ണുകള്‍ കൊണ്ട് ഒന്നുങ്കില്‍ ഇടതു വശത്തേക്ക് അല്ലെങ്കില്‍ വലതു വശത്തേക്ക് മാത്രമേ കാണാന്‍ സാധിക്കൂ.

7.നടക്കാനുളള ബുദ്ധിമുട്ട്

നമ്മുടെ കാലുകള്‍ക്ക് പെട്ടന്ന് ബലഹീനത അനുഭവപ്പെട്ടാല്‍ ഇതും സ്‌ട്രോക്കിന്റെ മറ്റൊരു ലക്ഷണമാണ്. ഇത് ഗുരുതരമായ ഒരു ന്യൂറോളജിക്കല്‍ ലക്ഷണമാണ്. ഈ ഒരു അവസ്ഥ വരുകയാണെങ്കില്‍ അടിയന്തരമായി ആശുപത്രിയില്‍ പോകേണ്ടതാണ്.

ചികിത്സ

ഫിസിക്കല്‍ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി എന്നിവയൊക്കെയാണ് സ്ട്രോക്കിൻ്റെ ചികിത്സകൾ. സ്ട്രോക്കിനെ അതിജീവിക്കുന്ന സ്ത്രീകള്‍ സാധാരണയായി പുരുഷന്മാരേക്കാള്‍ സാവധാനത്തിലാണ് സുഖം പ്രാപിക്കുന്നതെന്ന് പഠനങ്ങളിൽ പറയുന്നു.

ഭാവിയിലെ സ്‌ട്രോക്ക് തടയാന്‍ സഹായിക്കുന്നതിന് ചില മുൻകരുതലുകൾ എടുക്കാനാകും

1.സമീകൃതാഹാരം കഴിക്കുക.

2.ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക.

3.പതിവായി വ്യായാമം ചെയ്യുക.

4.പുകവലി ഉപേക്ഷിക്കുക.

5.സമ്മര്‍ദ്ദം കുറക്കാന്‍ യോഗ പോലുള്ളവ ചെയ്യുക.

Related posts