Nammude Arogyam
GeneralWoman

സ്തനങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചർമ്മ പ്രശ്നങ്ങൾ

പലര്‍ക്കും ചര്‍മ പ്രശ്‌നങ്ങള്‍ പലതുമുണ്ടാകും. മുഖത്ത് മാത്രമല്ല, ശരീരത്തില്‍ പലയിടത്തും ഉണ്ടാകുന്ന പല ചര്‍മ പ്രശ്‌നങ്ങളുമുണ്ട്. അതിൽ ചിലത് ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതു കൂടിയാണ്. ശരീരത്തില്‍ മുഖത്തും പല ഭാഗത്തും കുരുക്കളുണ്ടാകുന്നത് സാധാരണയാണ്. ഇത്തരത്തിൽ സ്തനങ്ങളിലും കുരുക്കൾ ഉണ്ടാകാറുണ്ട്. എന്നാൽ സ്ത്രീകള്‍ക്ക് പലര്‍ക്കും സ്തനത്തില്‍ കുരുക്കളുണ്ടാകുന്നത് പ്രശ്‌നമാകാറുണ്ട്. പലരും ഇത് പുറത്തു പറയാറുമില്ല. സ്തനത്തില്‍ ഇത്തരത്തില്‍ കുരുക്കുളുണ്ടാകുന്നതിന് കാരണങ്ങള്‍ പലതാണ്. അത്തരം കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സ്തന ചര്‍മം വളരെ സെന്‍സിറ്റീവായ ഒന്നാണ്. ഈ ഭാഗത്തും ഹെയര്‍ ഫോളിക്കിളുകളുണ്ട്. ഇത്തരം ഫോളിക്കിളുകളില്‍ സെബവും വിയര്‍പ്പുമെല്ലാം കൂടുതലായിരിയ്ക്കും. ഇവ ചേര്‍ന്ന് അണുബാധയുണ്ടാകുന്നതാണ് ഇവിടെ കുരുക്കളുണ്ടാകാന്‍ കാരണമാകുന്നത്. ഇതിന് പ്രധാനപ്പെട്ട ഒരു കാര്യം സ്തന വലിപ്പം കൂടുന്നതാണ്. സ്തനങ്ങള്‍ക്ക് വലിപ്പം കൂടുമ്പോള്‍ ഇടയിലെ വായുസഞ്ചാരം കുറയുന്നു. ഈ ഭാഗം കൂടുതല്‍ ഇറുകുന്നു. ഇതിലൂടെ സമ്മര്‍ദ്ദവും ഈര്‍പ്പവുമുണ്ടാകും. ഇതാണ് കുരുക്കള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നത്

ഇതു പോലെ ഇറുകിയ ബ്രാ ധരിയ്ക്കുന്നതാണ് മറ്റൊരു കാരണം. ഇത്തരം ബ്രാ ധരിയ്ക്കുന്നത് ഇവിടെ ഇറുക്കം കൂടാനും വായുസഞ്ചാരം കുറയാനും കാരണമാകുന്നു. ഇത് കുരുക്കുള്‍ വര്‍ദ്ധിയ്ക്കാനുള്ള ഒരു കാരണമാണ്. ഇതു പോലെ തന്നെ ഈ ഭാഗത്ത് ഹെയര്‍ റിമൂവല്‍ ക്രീം, പെര്‍ഫ്യൂം ഉപയോഗം, വാക്‌സിംഗ്, സ്‌പ്രേ എന്നിവയെല്ലാം ഉപയോഗിയ്ക്കുന്നത് കുരുക്കള്‍ വരാനുള്ള പ്രധാനപ്പെട്ട മറ്റൊരു കാരണമാണ്.

ഇതു പോലെ ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ ഈ ഭാഗത്ത് കുരുക്കള്‍ വളരാന്‍ കാരണമാകും. ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ സ്തനങ്ങളേയും ബാധിയ്ക്കും. സ്ത്രീകളില്‍ പുരുഷ ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കുന്ന അവസ്ഥകളുണ്ടാകാറുണ്ട്. ഇത് കുരുക്കള്‍ ഉണ്ടാകാനുള്ള പ്രധാനപ്പെട്ട ഒരു കാരണമാണ്. ഇത്തരം ഹോര്‍മോണുകള്‍ സെബം കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കാന്‍ കാരണമാകുന്നു. ഇതിനാല്‍ തന്നെയും കുരുക്കള്‍ കൂടുതലുണ്ടാകുകയും ചെയ്യുന്നു.

ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും ഇത്തരം പ്രശ്‌നങ്ങളുണ്ടാകാന്‍ പ്രധാനപ്പെട്ട കാരണമാണ്. ട്രാന്‍സ്ഫാറ്റ്, കോ്ംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയെല്ലാം തന്നെ ഇതിന് കാരണമാകുന്നു. ഇത് ശരീരത്തില്‍ കൂടുതല്‍ ഭാരമുണ്ടാക്കുന്നു. അമിതമായ കൊഴുപ്പ് ശരീരത്തില്‍ സ്തന ഭാഗത്ത് അടിഞ്ഞു കൂടാന്‍ ഇടയാക്കുന്നു. ഇത് കുരുക്കള്‍ ഉണ്ടാകാന്‍ കാരണമാകുന്നു. ഇതു പോലെ തന്നെ സ്‌ട്രെസ് കൂടുന്നത് കുരുക്കള്‍ ഉണ്ടാകാനുള്ള മറ്റൊരു കാരണമാണ്. ഇത് കോര്‍ട്ടിസോള്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്നു. ഇതിനാല്‍ സെബം കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇതും കുരുക്കള്‍ വര്‍ദ്ധിയ്ക്കാന്‍ കാരണമാകുന്നു.

ചില സന്ദർഭങ്ങളിൽ ഇത്തരം കുരുക്കൾ അസഹനീയമായ വേദനയും ചൊറിച്ചിലും ഉണ്ടാക്കാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ ഒരു ചർമരോഗ വിദഗ്ധന്റെ സഹായം തേടേണ്ടതാണ്.

Related posts