Nammude Arogyam
Woman

ഒരു ഗൈനക്കോളജിസ്റ്റുമായി സംസാരിക്കേണ്ട ആരോഗ്യ പ്രശ്നങ്ങൾ പ്രധാനമായും എന്തൊക്കെയാണ്?

സ്ത്രീകളുടെ ആരോഗ്യത്തിൽ ഒരു ഗൈനക്കോളജിസ്റ്റിനുള്ള പങ്ക് ചെറുതല്ല. അതുകൊണ്ട് തന്നെ സ്ത്രീകളുടെ ശാരീരികാവസ്ഥയിൽ എന്തെങ്കിലും തരത്തിലുള്ള അനാരോഗ്യാവസ്ഥകളുടെ ലക്ഷണങ്ങൾ കണ്ടാൽ അതിന് പരിഹാരം നൽകാൻ ഒരു ഗൈനക്കോളജിസ്റ്റിന് സാധിക്കും. പലപ്പോഴും സ്വയം ആശങ്ക തോന്നിയാലും ആരോടും പങ്കു വെക്കാതെ പോകുന്ന ചില ചെറിയ കാര്യങ്ങളാണ് പിന്നീട് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. എന്നാൽ കൃത്യ സമയത്ത് ഒരു ഗൈനക്കോളജിജിസ്റ്റിനെ സമീപിച്ച് പരിഹാരം കാണാൻ ശ്രമിക്കുന്നതാണ് ഏറ്റവും മികച്ച വഴി. അത്തരത്തിലുള്ള ചില ആരോഗ്യപ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1.യോനിയിലെ ദുർഗന്ധം-വജൈനയിൽ ചെറിയ തോതിലുള്ള അസാധാരണ ഗന്ധങ്ങൾ അനുഭവപ്പെട്ടേക്കാം. എന്നാൽ അസഹനീയമായ വിധത്തിലുള്ള ഗന്ധം പുറപ്പെടുവിക്കുകയാണെങ്കിൽ തീർച്ചയായും അത് അണുബാധയുടെ ഭാഗമായേക്കാം. വജൈനൽ വാഷുകൾ കൊണ്ട് ഇത് ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും, എന്നാൽ തുടർച്ചയായ പ്രശ്നം ഒരു പക്ഷെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെച്ചേക്കാം.

2.യോനിയിൽ ചൊറിച്ചിൽ-യോനീമുഖത്ത് അസഹനീയമായ ചൊറിച്ചിലും ഇതിനെത്തുടർന്ന് വേദനയും അനുഭവപ്പെടുന്ന അവസ്ഥയാണിത്. ഏതെങ്കിലും തരത്തിലുള്ള അണുബാധകൾ, ആർത്തവ വിരാമം, ലൈംഗിക രോഗങ്ങൾ എന്നിവയാകാം ഇത്തരം അസ്വസ്ഥതകൾക്ക് പിന്നിൽ. എന്നാൽ, ചില സാഹചര്യങ്ങളിൽ വജൈനയിലെ ക്യാൻസർ ബാധ മൂലവും ഇത് അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ചൊറിച്ചിൽ കൂടുതലായി അനുഭവപ്പെടുകയാണെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിച്ച് കാരണം കണ്ടെത്തി ചികിത്സ തേടേണ്ടത് അനിവാര്യമാണ്.

3.വജൈനൽ ഡിസ്ചാർജ്-ഒവുലേഷൻ സമയത്ത് വജൈനൽ ഡിസ്ചാർജ് ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത് അമിതമായ രീതിയിൽ ഉണ്ടാകുകയോ ഇതിനെത്തുടർന്ന് ചൊറിച്ചിൽ, വേദന, ചുവപ്പ് നിറം തുടങ്ങിയവ കണ്ടാൽ ശ്രദ്ധിക്കണം. അതുപോലെ തന്നെ വജൈനൽ ഭാഗങ്ങളിൽ വീക്കം അല്ലെങ്കിൽ ദുർഗന്ധം എന്നിവയും ഉണ്ടാകാം. ഇങ്ങനെ കണ്ടാൽ അത് ക്യാൻസർ ലക്ഷണമാകാനുള്ള സാധ്യത തള്ളിക്കളയരുത്.

4.വജൈനയിൽ വീക്കമോ മുഴകളോ ശ്രദ്ധയിൽ പെട്ടാൽ-തുടർച്ചയായി നിൽക്കുക, അമിതമായ സമ്മർദ്ദം അനുഭവിക്കുക, മുറിവ് സംഭവിക്കുക എന്നിവയുണ്ടായാൽ ഒരുപക്ഷെ വജൈനയിൽ വീക്കം അനുഭവപ്പെട്ടേക്കാം. യീസ്റ്റ് ഇൻഫെക്ഷൻ, അലർജി, സിസ്റ്റ്, ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ എന്നിവയുടെ ഭാഗമായും ഇങ്ങനെ ഉണ്ടായേക്കാം. അതിനാൽ വിശദ പരിശോധന അത്യാവശ്യമാണ്.

5.സെക്സ് വേദനയുണ്ടാക്കുന്നെങ്കിൽ-ലൈംഗിക ബന്ധത്തിനിടെ വേദന അനുഭവപ്പെടുകയെന്നത് സാധാരണമാണ്. എന്നാൽ ഇത് പരിഹരിക്കാനായി ല്യൂബ്രിക്കന്റ് ഉപയോഗിക്കുകയോ പൊസിഷൻ മാറ്റുകയോ ചെയ്യാം, അല്ലെങ്കിൽ സമയമെടുത്ത് ഫോർപ്ലേ ചെയ്യുന്നതും ഗുണം ചെയ്യും. എന്നാൽ ഇത്തരം മാർഗങ്ങൾ ഒന്നും ഫലം നല്കുന്നില്ലയെങ്കിൽ അണുബാധയോ ചർമ സംബന്ധമായ പ്രശ്നങ്ങളോ ആകാം കാരണം. കൃത്യമായ ചികിത്സ കൊണ്ട് ഇത് മാറ്റിയെടുക്കാമെന്നതിനാൽ എത്രയും വേഗം ഡോക്ടറെ സമീപിക്കാൻ ശ്രമിക്കണം.

6.സെക്സിന് ശേഷം രക്തപ്രവാഹം ഉണ്ടാക്കുന്നത്-ചില സമയങ്ങളിൽ സെക്സിന് ശേഷം ചിലർക്ക് യോനിയിൽ നിന്ന് രക്തം പൊടിയാറുണ്ട്. എന്നാൽ ഇത് തുടർച്ചയായി സംഭവിക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കണം. അണുബാധ അല്ലെങ്കിൽ ക്യാൻസർ പ്രാരംഭ ഘട്ടമായും ഇതിനെ കണക്കാക്കണം. നേരത്തെ തിരിച്ചറിഞ്ഞില്ലെങ്കിൽ ഇത് ഗുരുതരമായി മാറിയേക്കാം.

7.പിരീഡ് സമയത്ത് വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നത്-ആർത്തവ ദിനത്തിൽ വേദനയും അസ്വസ്ഥതകളും ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ അത് നിത്യ ജീവിതത്തെ ബാധിക്കുന്ന തരത്തിലേക്ക് മാറിയാൽ തീർച്ചയായും ശ്രദ്ധിക്കണം. ഫൈബ്രോയ്ഡ്, എൻഡോമൈറ്റോസിസ് എന്നിവയുടെ ഭാഗമായാവാം അമിത വേദനയും അസ്വസ്ഥതകളും ഉണ്ടാകുന്നത്.

8.ക്രമമല്ലാത്ത ആർത്തവം-സമ്മർദ്ദം, ഹോർമോൺ അസന്തുലിതാവസ്ഥ, ഡയറ്റിലെ വ്യത്യാസം, അണുബാധ തുടങ്ങിയ പല പ്രശ്നങ്ങൾ കാരണം ആർത്തവം ക്രമം തെറ്റി സംഭവിക്കാറുണ്ട്. ഏതെങ്കിലും ഒരു പ്രശ്നം കാരണം എപ്പോഴെങ്കിലും ഒരിക്കൽ ഇത്തരത്തിൽ ക്രമം തെറ്റി ആർത്തവം സംഭവിക്കുന്നത് സാധാരണമാണ്, എന്നാൽ ഇത് തുടർച്ചയായി സംഭവിക്കുകയാണെങ്കിൽ തീർച്ചയായും ഒരു ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് പരിഹാരം കണ്ടെത്തണം.

9.യൂറിനറി ലീക്കേജ്-സാധാരണ ആർത്തവ വിരാമത്തിന് ശേഷമോ പ്രസവത്തിന് ശേഷമോ ആണ് ഇങ്ങനെ കണ്ടു വരാറുള്ളത്. വജൈനയുടെ പേശികൾ അയഞ്ഞു പോകുന്നതാണ് ഇതിനു പിന്നിലെ കാരണം. കൃത്യ സമയത്ത് ചികിത്സ തേടിയാൽ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും

10.ക്രമമല്ലാത്ത ആർത്തവം-ചിലരിൽ ആർത്തവ വിരാമം സംഭവിച്ച ശേഷവും ചില സന്ദർഭങ്ങളിൽ രക്തസ്രാവം സംഭവിക്കാറുണ്ട്, ഇത് തുടർച്ചയായി അനുഭവപ്പെടുന്നില്ല എങ്കിൽ പോലും ഡോക്ടറുടെ നിർദേശം സ്വീകരിക്കണം.

11.സ്തനങ്ങളിൽ അസാധാരണമായി എന്തെങ്കിലും കണ്ടാൽ-സ്തനങ്ങളിൽ മുഴകൾ രൂപപ്പെടുക, നിപ്പിളുകളിലൂടെ ദ്രാവകം ഒഴുകുക, സ്തന ചർമത്തിൽ പ്രകടമായ വ്യത്യാസം സംഭവിക്കുക എന്നീ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ അവഗണിക്കരുത്. ഇത്തരം ലക്ഷണങ്ങൾ പലപ്പോഴും ക്യാൻസർ സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതിനാൽ ഗൈനക്കോളജിസ്റ്റിനെ കണ്ട് തുറന്നു സംസാരിക്കുക.

12.പ്രഗ്നൻസി പ്ലാൻ-നിലവിൽ ഗർഭധാരണത്തെക്കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും ഗർഭധാരണം ഉടൻ ആഗ്രഹിക്കുന്നുവെങ്കിലും ഗർഭാശയത്തിന്റെ ആരോഗ്യം ഗർഭധാരണത്തിനുള്ള ശരിയായ സമയം എന്നിവയെക്കുറിച്ച് ഗൈനക്കോളജിസ്റ്റിനോട്‌ ചോദിക്കാവുന്നതാണ്. ഗർഭാശയവുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ അനുഭവിക്കുന്നുവെങ്കിൽ, അത് പരിഹരിച്ചുകൊണ്ട് ഗർഭധാരണം ഏറ്റവും മികച്ചതാക്കാൻ ഇത് സഹായിക്കും.

മുകളിൽ പറഞ്ഞ രീതിയിൽ ശരീരത്തിൽ അസാധാരണമെന്ന് തോന്നുന്ന ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടാൽ നിർബന്ധമായും ഒരു വിദഗ്ധ ഗൈനക്കോളജിസ്റ്റിന്റെ സഹായം തേടേണ്ടതാണ്.

Related posts