Nammude Arogyam
Woman

നേരത്തെ ആര്‍ത്തവം ആരംഭിയ്ക്കുന്നതും വൈകി ആര്‍ത്തവം നില്‍ക്കുന്നതും നല്ലതാണോ?

ആര്‍ത്തവമെന്നത് സ്ത്രീ ശരീരത്തിലെ ആരോഗ്യ സൂചകം കൂടിയാണ്. ശരീരം പ്രത്യുല്‍പാദനത്തിന് തയ്യാറായെന്ന് സൂചനയാണ് ആദ്യാര്‍ത്തവം സൂചിപ്പിയ്ക്കുന്നത്. ഇതു പോലെ തന്നെ പ്രത്യുല്‍പാദനം അവസാനിച്ചിരിയ്ക്കുന്നുവെന്ന സൂചന നല്‍കുന്ന ഒന്നാണ് മെനോപോസ് അഥവാ ആര്‍ത്തവവിരാമം. സ്ത്രീ ശരീരത്തിലെ പ്രത്യുല്‍പാദക സൂചകം എന്നതിനേക്കാളുപരിയായി പല കാര്യങ്ങളും സൂചിപ്പിയ്ക്കുന്ന ഒന്നാണ് ആര്‍ത്തവവും മെനോപോസുമെല്ലാം.

ആര്‍ത്തവത്തിനും ആര്‍ത്തവവിരാമത്തിനുമെല്ലാം ഏകദേശം പ്രായമുണ്ട്. പൊതുവേ 12 വയസിനോ അതിനു മുകളിലോ ആയാണ് അല്‍പകാലം മുന്‍പ് വരെ ആദ്യാര്‍ത്തവം സംഭവിച്ചിരുന്നത്. എന്നാല്‍ ഇത് അടുത്തിടെ ചില വര്‍ഷങ്ങളിലായി പെണ്‍കുട്ടികളുടെ ആര്‍ത്തവ പ്രായം കുറഞ്ഞിട്ടുണ്ട്. അതായത് 12 വയസിന് മുന്‍പേ തന്നെ ആദ്യാര്‍ത്തവമുണ്ടാകുന്ന രീതിയിലേയ്ക്ക്. ചില പെണ്‍കുട്ടികള്‍ 10 വയസിന് മുന്‍പേ തന്നെ ആര്‍ത്തവമാകുന്നു. ഹോര്‍മോണ്‍ വ്യത്യാസങ്ങളും ജീവിതശൈലികളും ഭക്ഷണ രീതിയുമെല്ലാമാണ് ഇതിനുളള കാരണമായി പറയുന്നത്.

ഇതു പോലെ ആര്‍ത്തവവിരാമം എന്നത് സാധാരണ 50കളിലാണ് സംഭവിയ്ക്കാറുള്ളത്. ആര്‍ത്തവത്തിനും ആര്‍ത്തവ വിരാമത്തിനും കാരണം ഹോര്‍മോണ്‍ പ്രക്രിയകള്‍ തന്നെയാണ്. ചില സ്ത്രീകളില്‍ 55കള്‍ക്ക് ശേഷവും ആര്‍ത്തവം കാണപ്പെടുന്നു. പലപ്പോഴും ഹോര്‍മോണ്‍ തകരാറുകളാകും വൈകുന്ന മെനോപോസിന് കാരണമാകുന്നത്. അതായത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയാത്തത്.

നേരത്തെയെത്തുന്ന ആര്‍ത്തവവും വൈകുന്ന ആര്‍ത്തവ വിരാമവും ആരോഗ്യപരമായി അത്ര നല്ലതല്ലെന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. ഇത്തരം അവസ്ഥ, അതായത് 12 ന് താഴെയുള്ള ആര്‍ത്തവവും 55ന് മുകളിലെ ആര്‍ത്തവവും ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഘടകങ്ങളാണ്. ഇവരില്‍ സാധാരണയേക്കാള്‍ 15 ശതമാനം വരെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യതയേറെയാണ്. കാരണം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തന്നെയാണ്, പ്രത്യേകിച്ചും ഈസ്ട്രജന്‍ ഹോര്‍മോണാണ് ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്ന്.

ഏറെക്കാലം ശരീരത്തില്‍ ഈസ്ട്രജന്‍ സാന്നിധ്യം കൂടുതല്‍ നില്‍ക്കുന്നത് സ്തനാര്‍ബുദ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നു. അതായത് നേരത്തെയുളള ആര്‍ത്തവം, ആര്‍ത്തവം അധികം നാള്‍ നീണ്ടു നില്‍ക്കുന്നത്, ഈസ്ട്രജന്‍ തെറാപ്പി, ഈസ്ട്രജന്‍ ശരീരത്തില്‍ കൂടുതല്‍ വ്യാപിയ്ക്കുന്നത് എല്ലാം തന്നെ ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നുവെന്ന് സയന്‍സ് പറയുന്നു. ഇതിനാല്‍ തന്നെയാണ് നേരത്തെയെത്തുന്ന ആര്‍ത്തവവും വൈകുന്ന ആര്‍ത്തവ വിരാമവും നല്ലതല്ലെന്ന് പറയുന്നതും.

Related posts