Nammude Arogyam
GeneralHealth & WellnessLifestyleOldageWoman

ജീവിത വിജയത്തിനായ്‌ ചില നുറുങ്ങുകൾ!

മനുഷ്യ ജീവിതത്തിൽ കാഴ്ചപ്പാടുകൾക്ക് വളരെ പ്രാധാന്യമുണ്ട്. ആദ്യം നിങ്ങൾ തിരിച്ചറിയേണ്ടത് നിങ്ങളെ തന്നെയാണ്. എന്താണ് നിങ്ങളെ ദേഷ്യം പിടിപ്പിക്കുന്നത്? എന്താണ് നിങ്ങളെ ദുഃഖിപ്പിക്കുന്നത്? എന്താണ് നിങ്ങളെ ഭയപ്പെടുത്തുന്നത്? ഇത്തരം കാര്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്താൻ നിങ്ങൾ ശ്രമിക്കണം.

അമിത പ്രതീക്ഷയാണ് പലപ്പോഴും മനസ്സിലെ സംഘർഷങ്ങൾക്ക് കാരണമാകാറുള്ളത്. ഭാര്യയിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹപ്രവർത്തകരിൽ നിന്നും ബോസ്സിൽ നിന്നും നമ്മൾ കൂടുതൽ പ്രതീക്ഷിക്കുമ്പോഴാണ് ഈ തിരിച്ചടിയുണ്ടാകുന്നത്. നിങ്ങൾ പ്രതീക്ഷിക്കുമ്പോഴാണ് നിങ്ങൾക്ക് നിരാശയുണ്ടാകുന്നത്. ‘എന്റെ സഹപ്രവർത്തകർ ഇങ്ങനെയാകണം, എന്റെ കൂട്ടുകാർ എല്ലായിപ്പോഴും എന്റെ കൂടെയുണ്ടാകും, കുടുംബാംഗങ്ങളെല്ലാം എന്നെ സ്നേഹിക്കുന്നു, എപ്പോഴും എനിക്ക് പണം കിട്ടും’. ഇത്തരത്തിലുള്ള പ്രതീക്ഷകളാണ് പലപ്പോഴും നമ്മളെ നിരാശയിലേക്ക് നയിക്കുന്നത്. പ്രതീക്ഷിക്കാതിരുന്നു നോക്കൂ, എല്ലാം നിങ്ങൾക്ക് അപ്രതീക്ഷിത സമ്മാനങ്ങളായി കടന്നുവന്നാൽ എങ്ങനെയുണ്ടാകും? ഈ രീതിയിലേക്ക് ചിന്തകൾ മാറ്റാൻ സാധിച്ചാൽ അവിടെയാണ് നിങ്ങളുടെ വിജയം.

ജീവിതം എന്നത് നമുക്ക് പ്രവചിക്കാവുന്ന സംഗതിയല്ല. ഇതിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകും. ഒന്നും ശരിയാകുന്നില്ലെന്ന ടെൻഷൻ കടന്നു വരും. ജീവിതം തന്നെ അർത്ഥ ശൂന്യമാണെന്ന് തോന്നിതുടങ്ങും. എന്നാൽ ജീവിതത്തിൽ സന്തോഷം നൽകുന്ന ഒട്ടനവധി കാര്യങ്ങൾ വേറെയുണ്ട്. നിങ്ങൾ അവ കാണാൻ ശ്രമിക്കണമെന്നു മാത്രം.

നിങ്ങളുടെ മുഴുവൻ ഊർജ്ജവും ഒരു കാര്യത്തിനുവേണ്ടി മാത്രം ചെലവഴിക്കുന്നത് ബുദ്ധിശൂന്യതയാണ്. ജീവിതം എന്നത് ഒരു നീണ്ട യാത്രയാണ്. നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള ഓരോ യാത്രകളും ചെറിയ പോരാട്ടങ്ങൾ മാത്രമാണ്. അവയെ മഹായുദ്ധങ്ങളായി കാണരുത്. തീർച്ചയായും പോരാട്ടങ്ങളിൽ വിജയിക്കണം. വർഷങ്ങളോളം മഹായുദ്ധം നടത്തി നിങ്ങൾ വിജയിച്ചാലും അതിനിടയിൽ പലതും നിങ്ങൾക്ക് നഷ്ടപ്പെട്ടിട്ടുണ്ടാകും. അതുകൊണ്ട് ജീവിതത്തിലെ ലക്ഷ്യങ്ങളെ കൊച്ചു കൊച്ചു പോരാട്ടങ്ങളായിട്ടാണ് കാണേണ്ടത്. അല്ലാതെ ഒരു ലക്ഷ്യം തന്നെ ജീവിതമായി മാറരുത്.

ദിവസം മുഴുവൻ കഷ്ടപ്പെടുന്ന ചിലരുണ്ട്. എന്നിട്ടോ എവിടെയും എത്താതെ പോകും. ജോലിയിലാണെങ്കിലും യാതൊരു വിധ ഉന്നതിയും ഉണ്ടാകില്ല. ‘ഞാൻ എന്തിനാണ് കഷ്ടപ്പെടുന്നത്? എന്നെ ആർക്കും ഇഷ്ടമല്ല. എല്ലാവരും എന്നെ ഒറ്റപ്പെടുത്തുന്നു.’ ഈ ഒരു നെഗറ്റീവ് ചിന്ത നിങ്ങളുടെ ഹൃദയത്തിലേക്ക് കടന്നു വരുന്നത് വാസ്തവത്തിൽ അത്തരം ചിന്തകളുടെ ഒരു പ്രളയത്തിനു തന്നെ തുടക്കമാകുമെന്ന് നിങ്ങൾ തിരിച്ചറിയണം. അതോടെ എല്ലാം തകർന്നു തരിപ്പണമാകും. നിങ്ങളുടെ കരിയറും അവസാനിക്കും. കാരണം അത്തരം ചിന്ത നിങ്ങളെ നയിക്കുന്നത് മറ്റൊരു ലോകത്തേക്കായിരിക്കും. അതുകൊണ്ട് ജീവിതത്തെ ചോദ്യം ചെയ്യാതിരിക്കുക. നിങ്ങൾ നിങ്ങളോടും മറ്റുള്ളവരോടും കള്ളം പറയാതിരിക്കുകയാണ് ഇതിന്റെ ആദ്യ പടി.

വിജയത്തിലേക്കെത്താൻ എളുപ്പവഴികൾ ഒന്നുമില്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. ആരെങ്കിലും നിങ്ങൾക്ക് ഷോർട്ട് കട്ട് പറഞ്ഞു തന്നാലും ആ വഴി പോകാതിരിക്കാൻ ശ്രമിക്കണം. ലക്ഷ്യത്തിലേക്ക് ഏറ്റവും ബുദ്ധിമുട്ടേറിയ പാത തിരഞ്ഞെടുക്കുന്നതാണ് എപ്പോഴും നല്ലത്. അത്തരം വഴികളിലൂടെ മുകളിലെത്തുന്നവർക്ക് ലഭിക്കുന്ന ആത്മസംതൃപ്തിയുടെ അളവ് കുറുക്കുവഴിയിലൂടെ എത്തിയതിന്റെ പത്തു മടങ്ങെങ്കിലും അധികമായിരിക്കും. മടിയന്മാരാണ് കുറുക്കുവഴികൾ തേടി പോകുന്നത്. നിങ്ങൾ യാത്ര ആസ്വദിച്ച് മുന്നോട്ടു പോകണം. വഴിയിലെ തടസ്സങ്ങൾ എത്ര ബുദ്ധിമുട്ടുള്ളതാണെങ്കിലും അതിനെ സമചിത്തതയോടെ നേരിടണം.

ഊഹങ്ങൾ വെച്ച് നിങ്ങൾ തീരുമാനങ്ങളിലെത്താൻ ശ്രമിക്കരുത്. വസ്തുതകൾ പഠിച്ചു വേണം നിങ്ങൾ തീരുമാനങ്ങളിലേക്കെത്താൻ. ഉള്ളിലെ സംഘർഷം ഒഴിവാക്കാൻ എപ്പോഴും നല്ല മാർഗ്ഗം ആളുകൾ പറയുന്നതും പ്രചരിപ്പിക്കുന്നതും വിശ്വസിക്കാതിരിക്കുക എന്നതാണ്. വസ്തുകളെ അടിസ്ഥാനമാക്കി നിങ്ങൾ തീരുമാനത്തിലെത്താൻ ശ്രമിക്കണം. ചിലർക്ക് മാറ്റങ്ങളെ പേടിയാണ്. അവർ നിലവിലുള്ള സാഹചര്യത്തിൽ ഉറച്ച് നിൽക്കും.

മനസ്സിലെ സംഘർഷങ്ങളെ അവഗണിച്ച് ഫേസ് ബുക്ക് വാളിലെ ഫീഡിൽ നോക്കിയിരുന്നാൽ നിങ്ങൾക്ക് സമാധാനം ലഭിക്കുമെന്ന് ഒരിക്കലും കരുതരുത്. മാറ്റങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണം. സ്മാർട്ട് ഫോണിനുള്ളിലായിരിക്കരുത് നിങ്ങളുടെ പോരാട്ടം നടക്കേണ്ടത്. കണ്ണാടിയിൽ നോക്കണം. നിങ്ങൾ നിങ്ങളോട് തന്നെ പോരാടണം. ഒരു കാര്യം നിങ്ങൾ മനസ്സിലാക്കണം. പോരാടി കൊണ്ടിരിക്കുന്നിടത്തോളം കാലം ഒരാൾക്കും നിങ്ങളെ ഇല്ലാതാക്കാനാകില്ല.

Related posts