Nammude Arogyam
General

പരീക്ഷാഫല പേടിയെ എങ്ങനെ മറികടക്കാം?

എസ്എസ്എല്‍സി മുതല്‍ പല പരീക്ഷകളുടേയും ഫലങ്ങള്‍ വരുവാന്‍ ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. തങ്ങളുടെ ഫലം എന്താകും എന്നതിനെക്കുറിച്ചാലോചിച്ച് ടെന്‍ഷനടിച്ച് ഇരിക്കുന്ന നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ട്. എന്നാല്‍, അതേപോലെ എല്ലാത്തിനേയും കൂളായി എടുക്കുവാന്‍ സാധിക്കുന്നവരും ഉണ്ട്. ഇത്തരം പേടികളെ എങ്ങിനെ നേരിടാം എന്ന് നോക്കാം.

1.മറ്റുകുട്ടികളുമായി താരതമ്യം ഒഴിവാക്കുക-ഇന്ന് വിദ്യാര്‍ത്ഥികള്‍ സ്വന്തം കുടുംബത്തില്‍ നിന്നും ഏറ്റവുമധികം നേരിടുന്നൊരു പ്രശ്‌നമാണ് താരതമ്യപ്പെടുത്തല്‍. കസിൻസ് അല്ലെങ്കില്‍ സുഹൃത്തുക്കള്‍, അല്ലെങ്കില്‍ അടുത്ത വീട്ടിലെ കുട്ടികളെ മുന്‍നിര്‍ത്തിയായിരക്കും താരതമ്യപ്പെടുത്തല്‍. അവരേക്കാള്‍ കൂടുതല്‍ കിട്ടണമെന്ന ആഗ്രഹം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഉണ്ടായാല്‍ ചിലപ്പോള്‍ ഫലം വിപരീതമാകുന്നതോടെ കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം കൂടുവാന്‍ സാധ്യതകളേറെയാണ്. ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദം കൂടുന്നത് കുട്ടികളെ വിഷാദത്തിലേക്ക് നയിക്കും.

അമിതമായി ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവരേക്കാള്‍ താന്‍ വലുത്, അല്ലെങ്കില്‍ തനിക്ക് കൂടുതല്‍ കിട്ടും എന്ന അമിത പ്രതീക്ഷകള്‍ ഇല്ലാതെ ഉള്ളതില്‍ സംതൃപ്തരാകുവാന്‍ പരിശീലിക്കുന്നത് പരീക്ഷാ ഫലം എന്താകും എന്ന ഭയം കുറയ്ക്കുന്നതിന് വളരെയധികം സഹായിക്കും.

2.എല്ലാവരുടേയും ചോദ്യങ്ങളില്‍ നിന്നും കുറച്ച് സ്വസ്ഥമായിരിക്കാം-എത്ര മാര്‍ക്ക് കിട്ടും, ഫുള്‍ എ പ്ലസ് ഉണ്ടാകുമോ എന്നിങ്ങനെ നിരവധി ചോദ്യങ്ങളായിരിക്കും ചുറ്റുമുള്ളവരില്‍ നിന്നും കുട്ടികള്‍ പലപ്പോഴും നേരിടേണ്ടി വരുന്നത്. അതുകൊണ്ടുതന്നെ ഇത്തരം അവസ്ഥകളില്‍ നിന്നും കുറച്ച് മാറി തന്റേതായ ഇടത്തില്‍ സമാധാനം കണ്ടെത്തുവാന്‍ ശ്രമിക്കുന്നത് ടെന്‍ഷന്‍ മാറ്റുന്നതിനും മനസ്സിന് കുറച്ച് സമാധാനം ലഭിക്കുന്നതിനും എല്ലാത്തിനേയും നല്ല രീതിയില്‍ സ്വീകരിക്കുവാനുള്ള മനസ്സും ലഭിക്കും.

3.മോശം സാഹചര്യങ്ങളില്‍ നിന്നും മാറി നില്‍ക്കാം-പെര്‍ഫോമന്‍സിനെ മോശമാക്കി കാട്ടുന്ന രീതിയിലുള്ള എല്ലാവിധ സന്ദര്‍ഭങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ ചോദ്യപേപ്പര്‍ വായിച്ച് അതിലെ ഉത്തരങ്ങള്‍ വിശകലനം ചെയ്യുന്നതാകാം. അദ്ധ്യാപകരില്‍ തന്നെ മോശമായ അഭിപ്രായങ്ങള്‍ പറയുന്നവര്‍ കാണാം. അതുപോലെ ബന്ധുക്കള്‍ക്കിടയില്‍ നിന്നോ അല്ലെങ്കില്‍ സഹപാഠികളില്‍ നിന്നോ ഇത്തരം അവസ്ഥ ഉണ്ടാകുന്നത് ഒഴിവാക്കുക. മോശമായ അവസ്ഥയിലേയ്ക്ക് തള്ളിവിടും എന്ന് തോന്നുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതാണ് എല്ലായ്‌പ്പോഴും നല്ലത്.

4.നല്ല സുഹൃത്തുക്കള്‍കൊപ്പമായിരിക്കാം-എല്ലാ പ്രശ്‌നത്തിലും താങ്ങായി നല്ല പോസിറ്റീവ് എനര്‍ജി നല്‍കുന്ന സുഹൃത്തുക്കള്‍ ഓരോരുത്തര്‍ക്കുമുണ്ടാകും. അവരുടെ അടുത്ത് സമയം ചിലവഴിക്കുന്നത് റിസല്‍ട്ടിനോടുള്ള ഭയം കുറയ്ക്കുവാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. അവരോടൊത്ത് സംസാരിക്കുകയും പുറത്ത് പോവുകയും ആനന്ദം കണ്ടെത്തുകയും ചെയ്യുന്നതിലൂടെ പേടി കുറയ്ക്കുവാന്‍ സാധിക്കും.

5.ചോദ്യോത്തരങ്ങള്‍ വീണ്ടും വിശകലനം ചെയ്യാതിരിക്കുക-

നന്നായി പഠിച്ചാലും ചിലപ്പോള്‍ എല്ലാ കാര്യങ്ങളും കൃത്യമായി എഴുതിചേര്‍ക്കുവാന്‍ സാധിക്കണമെന്നില്ല. വിട്ടുപോയ ചോദ്യങ്ങളെ ഓര്‍ത്തും അതുപോലെ തെറ്റിയ ഉത്തരങ്ങളെ ഓര്‍ത്തും ആകുലപ്പെട്ടിട്ട് ഒരു കാര്യവും ഇല്ല. നടക്കുവാനുള്ളത് നടന്നു. കഴിഞ്ഞതിനെ ഓര്‍ത്ത് ദുഃഖിക്കാതെ നല്ല ഹാപ്പിയായിരിക്കുവാന്‍ ശ്രമിക്കുക. സുഹൃത്തുക്കളുമായി ചോദ്യോത്തരങ്ങള്‍ താരതമ്യം ചെയ്യാതിരിക്കുന്നതെല്ലാം റിസല്‍ട്ട് ഭയം നന്നായി കുറയ്ക്കും. അല്ലെങ്കില്‍ മാര്‍ക്ക് കുറയുമോ എന്ന ഭയം വല്ലാതെ അലട്ടികൊണ്ടിരിക്കും.

6.സ്വയം അഭിനന്ദിക്കുക-ഇത്രയും സമയമെടുത്ത് പഠിച്ചതിും ഇത്ര നന്നായി എഴുതിയതിനും സ്വയം അഭിമാനിക്കുക. തന്നെകൊണ്ട് ഇനിയും കൂടുതല്‍ സാധിക്കും. ഇനിയും പരിശ്രമിക്കും എന്നീ തരത്തില്‍ നല്ല ചിന്താഗതി സ്വയം ഉള്ളില്‍ വളര്‍ത്തുന്നത് നല്ലതാണ്. അതുപോലെ ഓരോ നിമിഷവും തന്നെക്കുറിച്ച് സ്വയം അഭിമാനിക്കുന്നതും ഫലം ഏതായാലും അതിനെ സ്വീകരിക്കുവാന്‍ മനസ്സിനെ സജ്ജമാക്കും. ഫലം പോസിറ്റീവ് ആയാലും നെഗറ്റീവ് ആയാലും താന്‍ ഇത്രയും നേടി എന്ന ചിന്തയില്‍ ഇനിയും പരിശ്രമിക്കും എന്ന പോസിറ്റീവ് ചിന്തകള്‍ മനസ്സില്‍ നിറക്കുക.

വിജയവും തോല്‍വിയുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. അത്കൊണ്ട് ഫലം അറിഞ്ഞാല്‍ അതിനെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചചെയ്ത് മനസ്സ് വിഷമിപ്പിക്കാതെ എങ്ങിനെ സ്വയം വളരാം, പഠിക്കാം എന്നിങ്ങനെയുള്ള നല്ല കാര്യങ്ങളിലേക്ക് മനസ്സിനെ നയി ക്കാൻ ശ്രമിക്കുക.

Related posts