Nammude Arogyam
GeneralWoman

അണ്ഡാശയ മുഴകൾ പൊട്ടിയാൽ എന്ത് സംഭവിക്കും?

എൻഡോമെട്രിയോസിസ്, പിസിഒഎസ്, എസ്ടിഡികൾ, ക്യാൻസറുകൾ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് സ്ത്രീ പ്രത്യുത്പാദന വ്യവസ്ഥ വിധേയമാണ്. അതുകൊണ്ട് തന്നെ സ്ത്രീകളിലും പ്രത്യുത്പാദന ആരോ​ഗ്യം കൃത്യമായി കരുതേണ്ടത് വളരെ പ്രധാനമാണ്. പ്രത്യുൽപാദന വ്യവസ്ഥകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെടാത്തതും കാര്യമാക്കാത്തതുമായ അവസ്ഥകളിൽ ഒന്നാണ് അണ്ഡാശയ സിസ്റ്റുകൾ. ഇത് സാധാരണമാണെങ്കിലും ചില സാഹചര്യങ്ങളിൽ രോ​ഗ ലക്ഷണങ്ങളില്ലാതെയും ഇരിക്കാം. ഇത് രോഗ നിർണയത്തിനും ചികിത്സയ്ക്കും കാലതാമസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാക്കുന്നു. ഏതൊക്കെയാണ് വിവിധ തരത്തിലുള്ള അണ്ഡ‍ാശയ സിസ്റ്റുകൾ എന്ന് നോക്കാം.

അണ്ഡാശയങ്ങൾക്ക് ഉള്ളിൽ രൂപപ്പെടുന്ന ദ്രാവകം നിറഞ്ഞ മുഴകളാണ് ഓവേറിയൻ സിസ്റ്റ് അഥവ അണ്ഡാശയ മുഴ എന്ന് വിളിക്കുന്നതെന്ന് യുഎസ് ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹെൽത്ത് ആൻ‍‍ഡ് ഹ്യൂമൻ സർവീസസ് പറയുന്നു. പല സ്ത്രീകൾക്കും ഈ മുഴകൾ ലക്ഷണങ്ങൾ കാണിക്കാറില്ല. രണ്ട് തരത്തിലാണ് ഈ മുഴകളെ തരംതിരിക്കുന്നത്. ഫോളിക്കിൾ സിസ്റ്റും, കോർപ്പസ് സിസ്റ്റും

അണ്ഡാശയത്തിൽ എല്ലാ മാസവും ഫോളിക്കിൾസ് എന്ന ചെറിയ സിസ്റ്റുകൾ വളരുന്നു. ഇവയെ ഫങ്ഷണൽ സിസ്റ്റുകൾ എന്ന് വിളിക്കുന്നു, അവ ഫോളികുലാർ സിസ്റ്റ്, കോർപ്പസ് ല്യൂട്ടിയം സിസ്റ്റ് എന്നിങ്ങനെ രണ്ട് തരത്തിലാകാം. അണ്ഡാശയത്തിലെ ഫോളിക്കിൾ പൊട്ടുകയോ മുട്ട പുറത്തുവിടുകയോ ചെയ്യാത്തപ്പോൾ ഫോളികുലാർ സിസ്റ്റ് സംഭവിക്കുന്നു.

മറുവശത്ത്, അണ്ഡാശയത്തിൽ നിന്ന് ഉത്ഭവിക്കുന്ന നിരുപദ്രവകരമായ, ദ്രാവകം നിറഞ്ഞ പിണ്ഡമാണ് കോർപ്പസ് ല്യൂട്ടിയം സിസ്റ്റ്.

ആർത്തവ ചക്രവുമായി ബന്ധമില്ലാത്ത മറ്റ് തരത്തിലുള്ള സിസ്റ്റുകളാണ്:

1.ഡെർമോയിഡ് സിസ്റ്റ്: ഇവ ഭ്രൂണ കോശങ്ങളിൽ നിന്നാണ് രൂപം കൊള്ളുന്നത്, അതിനാലാണ് ഇതിൽ ഗർഭപിണ്ഡത്തിൻ്റെ ടിഷ്യുകൾ അടങ്ങിയിരിക്കുന്നത്.

2.സിസ്റ്റഡെനോമസ്: ഇവ അണ്ഡാശയത്തിന് പുറത്ത് വികസിക്കുകയും ഒരുതരം ദ്രാവകം ഉൾക്കൊള്ളുകയും ചെയ്യുന്നു.

3.എൻഡോമെട്രിയോമാസ്: ഗർഭപാത്രത്തിൻ്റെ പാളിയോട് സാമ്യമുള്ള കോശങ്ങൾ ഗർഭപാത്രത്തിന് പുറത്ത് വളരുന്നതിനെയാണ് എൻഡോമെട്രിയോസിസ് സൂചിപ്പിക്കുന്നത്. ഇവ സിസ്റ്റുകൾക്ക് കാരണമാകും.

അണ്ഡാശയ സിസ്റ്റുകൾ നിരുപദ്രവകരവും രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തതുമാണ്. ചിലത് മരുന്നോ ചികിത്സയോ ഒന്നുമില്ലാതെ തനിയെ പോകുന്നു. പക്ഷെ സിസ്റ്റുകളുടെ വലുപ്പം വലുതാകുമ്പോൾ, അവ ചില ലക്ഷണങ്ങൾ കാണിച്ചേക്കാം. പുക്കിളിന് താഴെയുള്ള ഭാഗത്ത് ചെറുതും വലുതുമായ വേദന. വയറിൽ സമ്മർ​ദ്ദം, വയർ വീർക്കൽ എന്നിവയെല്ലാം ഇതിൻ്റെ ലക്ഷണങ്ങളാണ്.

അണ്ഡാശയ സിസ്റ്റുകൾ പൊട്ടുകയാണെങ്കിൽ, അത് ചിലപ്പോൾ സങ്കീർണതകളിലേക്ക് നയിച്ചേക്കാം. ഈ സാഹചര്യങ്ങളിൽ അടിയന്തിര വൈദ്യ സഹായം വളരെ പ്രധാനമാണ്. പെട്ടെന്നുള്ളതും കഠിനവുമായ വയറുവേദന (പനിയോ ഛർദ്ദിയോടൊപ്പമുള്ള വേദന), ശ്വാസതടസ്സം, ബലഹീനതയും തലകറക്കവും, തണുപ്പ്, നനഞ്ഞ ചർമ്മം എന്നിവയെല്ലാം ഇതിൻ്റെ ലക്ഷണങ്ങളാണ്.

രോഗം വരാനുള്ള സാധ്യത അങ്ങനെ മുൻകൂട്ടി കണ്ടെത്താൻ സാധിക്കില്ല. ഇന്ത്യയിലെ 20 – 25 % സ്ത്രീകളിൽ അണ്ഡാശയ സിസ്റ്റുകൾ ഉണ്ടാകാറുണ്ട്. ഹോർമോൺ അസുന്തിലാവസ്ഥ, ഗർഭധാരണം, എൻഡോമെട്രിയോസിസ്, കഠിനമായ പെൽവിക് അണുബാധ എന്നിവ മൂലമെല്ലാം ഈ രോഗം ഉണ്ടാകാം.

രോഗാവസ്ഥയുടെ പ്രാരംഭ ഘട്ടത്തിൽ അണ്ഡാശയ സിസ്റ്റുകൾ കൂടുതലും ലക്ഷണങ്ങളില്ലാത്തതിനാൽ, പതിവായി പെൽവിക് പരിശോധനയും സ്ക്രീനിംഗും, ഇത് വേഗത്തിൽ കണ്ടെത്തുന്നതിന് സഹായിക്കും. പെൽവിക് അൾട്രാസൗണ്ട് പോലുള്ള ഇമേജിംഗ് ടെസ്റ്റുകൾ ആശുപത്രികളിൽ ലഭ്യമാണ്. അണ്ഡാശയ സിസ്റ്റ് ഉണ്ടെന്ന് കണ്ടെത്തിയാൽ, അതിന്റെ വലുപ്പത്തെ ആശ്രയിച്ചാണ് ഡോക്ടർമാർ ചികിത്സ നിർണയിക്കുന്നത്. എത്ര വേഗം രോഗനിർണയം നടത്തുന്നുവോ അത്രയും നല്ലതാണ് ആരോ​ഗ്യത്തിന്.

Related posts