Nammude Arogyam
DiabeticsGeneral

ഇനി പ്രമേഹത്തെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഒഴിവാക്കാം

പ്രമേഹം ഒരു ജീവിതശൈലീ രോഗമാണെന്ന് നമുക്കെല്ലാവർക്കുമറിയാം. രക്തത്തിലെ പഞ്ചസാരയുടെ അളവിൽ വരുന്ന മാറ്റമാണ് പ്രമേഹം. ചിലരിൽ ഇത് കൂടുതലായിരിക്കും. എന്നാൽ മറ്റു ചിലരിലാകട്ടെ ഇത് കുറവുമായിരിക്കും. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം പ്രമേഹ നിയന്ത്രണത്തിന് പല മാർഗ്ഗങ്ങളും പലരും പരീക്ഷിക്കാറുമുണ്ട്. എന്നാൽ പോലും പ്രമേഹ രോഗത്തിൻ്റെ കാര്യത്തിൽ സമൂഹത്തിലും ആളുകൾക്കിടയിലും വളരെയധികം തെറ്റായ ധാരണകൾ നിലനിൽക്കുന്നുണ്ട്.

പറഞ്ഞും കേട്ടുമറിഞ്ഞ പല അബദ്ധധാരണകളും മനസ്സിൽ വച്ചുകൊണ്ടാണ് കൂടുതൽ പേരും പ്രമേഹ രോഗത്തെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നത്. 2013 ൽ ജേണൽ ഓഫ് ക്ലിനിക്കൽ & ഡയഗ്നോസ്റ്റിക് റിസർച്ചിൽ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം, പ്രമേഹത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ പലതും ശരിയായ രീതിയിൽ രോഗത്തെ കൈകാര്യം ചെയ്യുന്നതിന് തടസ്സമായി മാറുന്നുണ്ട് എന്നതാണ്. ഇത്തരത്തിൽ പ്രമേഹത്തെക്കുറിച്ചുള്ള തെറ്റിധാരണകളും മുൻവിധികളുമൊക്കെ നമ്മെ കൂടുതൽ ദോഷഫലങ്ങളിലേക്കാവും കൊണ്ടെത്തിക്കുക. പ്രമേഹത്തെക്കുറിച്ച് ഇന്ന് നിലനിൽക്കുന്ന ചില അബദ്ധധാരണകളെക്കുറിച്ചും അതിനു പിന്നിലെ യാഥാർത്ഥ്യത്തെക്കുറിച്ചും കൂടുതലറിയാം.

1.മധുരം കൂടുതൽ കഴിക്കുന്നതാണ് പ്രമേഹത്തിന് കാരണം

ഇത് തികച്ചും തെറ്റാണ്. ഉയർന്ന ഗ്ലൈസെമിക് സൂചിക (Glycemic Index) ഉള്ള ഏത് ഭക്ഷണമായാലും അത് പ്രമേഹത്തിന് കാരണമാവുന്നതാണ്. അത് മധുരമുള്ളവ തന്നെയാവണമെന്നില്ല, ഇത്തരത്തിൽ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണം രക്തത്തിലെ ഗ്ലൂക്കോസ് നില ഉയർത്താൻ വഴിയൊരുക്കും. ഇത്തരം ഭക്ഷണങ്ങളിൽ നിന്ന് ലഭിക്കുന്ന ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിച്ചു നിർത്താൻ തക്കതായ ഇൻസുലിൻ ശരീരത്തിന് ഉത്പാദിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സമന്വയിപ്പിച്ചു നിർത്തുന്നതിൽ കുറവുണ്ടാകും. ഇതാണ് പ്രമേഹ രോഗത്തിലേക്ക് നയിക്കുന്നത്.

2.അമിതഭാരമുള്ളവരിൽ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്

അമിതഭാരം, പൊണ്ണത്തടി തുടങ്ങിയവയെല്ലാം തീർച്ചയായും പ്രമേഹത്തിനു പിന്നിലെ അപകട ഘടകങ്ങളാണ് എന്നത് ശരി തന്നെ. എന്നാൽ അമിതഭാരമുള്ളത് കൊണ്ടുമാത്രം ഒരു പ്രമേഹരോഗിയായി മാറില്ല. അമിതഭാരമില്ലാത്ത ധാരാളം ആളുകൾക്കും പ്രമേഹരോഗ സാധ്യത ഉണ്ടാകാം. പക്ഷെ, അമിതഭാരമുള്ളത് രക്താതിമർദ്ദം, ഹൃദ്രോഗം, പി‌സി‌ഒ‌എസ് മുതലായ മറ്റ് ജീവിതശൈലി രോഗങ്ങൾക്കും ഒരു അപകട ഘടകമാണ്.

3.പ്രമേഹമുള്ളവർ യാതൊരു കാരണവശാലും മധുരപലഹാരങ്ങൾ കഴിക്കാൻ പാടുള്ളതല്ല

പ്രമേഹമുണ്ടെങ്കിൽ പോലും ആരോഗ്യമുള്ളിടത്തോളം കാലം ഇഷ്ടമുള്ള എന്തും കഴിക്കാം. കുറഞ്ഞ ഗ്ലൈസമിക് സൂചികകൾ അടങ്ങിയിരിക്കുന്ന മധുരപലഹാരങ്ങൾ ധാരാളമുണ്ട്. എങ്കിലും കേക്കുകൾ, ഐസ്ക്രീമുകൾ , ചോക്ലേറ്റുകൾ, തുടങ്ങി ഉയർന്ന ഗ്ലൈസമിക് സൂചികയുള്ള മധുരപലഹാരങ്ങൾ പ്രമേഹം ഉള്ളവരുടെ ആരോഗ്യത്തിന് നല്ലതല്ല, അതിനാൽ തന്നെ പ്രമേഹ രോഗലക്ഷണം ഉണ്ടെന്ന് ഉറപ്പാക്കിയാൽ ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കണം.

4.പ്രമേഹമുണ്ടെങ്കിൽ കാർബോഹൈഡ്രേറ്റുകൾ കഴിക്കാൻ പാടില്ല

മിക്ക കാർബോഹൈഡ്രേറ്റുകളും ഉയർന്ന ഗ്ലൈസെമിക് സൂചികയുള്ളവയാണ്. അതിനാലാണ് പ്രമേഹമുണ്ടെങ്കിൽ അവ കഴിക്കാൻ കഴിയില്ലെന്ന് അനുമാനിക്കുന്നത്. എങ്കിലും, സമീകൃതാഹാരത്തിന്റെ ഭാഗമായി കുറഞ്ഞ അളവിൽ കാർബോഹൈഡ്രേറ്റുകൾ കഴിക്കുന്നത് ശുപാർശ ചെയ്യാവുന്ന കാര്യമാണ്. അതിനാൽ തന്നെ ഡോക്ടറുമായി കൂടിയാലോചിച്ച് എത്രയളവിൽ കാർബോഹൈഡ്രേറ്റുകൾ കഴിക്കാമെന്ന് കണ്ടെത്തേണ്ടത് പ്രധാനമാണ്.

5.പ്രമേഹമുള്ളവർക്ക് തുടർച്ചയായി മറ്റു രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്

സാധാരണയായി ഒരാൾക്ക് ഉണ്ടാവുന്ന ചുമ, ജലദോഷം, പനി തുടങ്ങിയ രോഗങ്ങൾ ഒന്നും പ്രമേഹ രോഗവുമായി ബന്ധപ്പെടാൻ സാധ്യതയില്ല. എന്നാൽ ജീവിതശൈലിയുടെ ഭാഗമായ ഹൃദ്രോഗം, വൃക്കരോഗങ്ങൾ, രക്താദിമർദ്ദം, തുടങ്ങിയ മറ്റേതെങ്കിലും രോഗം പിടിപെടുന്നത് വഴി പ്രമേഹത്തെ നിയന്ത്രിച്ചു നിർത്തുന്നതിൽ ബുദ്ധിമുട്ടുണ്ടാകും. പ്രമേഹമുള്ളവരിൽ ഈ രോഗങ്ങൾ കൂടുതൽ സങ്കീർണമാകാൻ സാധ്യതയുണ്ട്.

എന്നിരുന്നാലും പ്രമേഹത്തെക്കുറിച്ച് ഡോക്ടറുമായി ചർച്ച ചെയ്ത് വിശദവിവരങ്ങൾ മനസ്സിലാക്കാം. കാരണം, ചികിത്സ, ആഹാരക്രമം, വ്യായാമശീലം, ജീവിതശൈലിയിൽ വരുത്തേണ്ട മറ്റ് മാറ്റങ്ങൾ എന്നിവയെല്ലാം ഒരു ഡോക്ടർക് മാത്രമേ ശരിയായ രീതിയിൽ നമുക്ക് മനസ്സിലാക്കി തരാൻ കഴിയൂ.

Related posts