Nammude Arogyam
GeneralWoman

സ്ത്രീകള്‍ പതിവായി ഇറുകിയ ജീന്‍സ് ധരിച്ചാൽ………..

പലതരം ഫാഷന്‍ വസ്ത്രങ്ങള്‍ വിപണിയില്‍ വന്നു പോയെങ്കിലും എല്ലാവരുടെയും മനസ്സിനെ വളരെയേറെ സ്വാധീനിച്ച ഒരു വസ്ത്രമാണ് ജീന്‍സ്. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ഇഷ്ടപ്പെടുകയും ധരിക്കുകയും ചെയ്യുന്ന ഒരു വസ്ത്രമാണിത് . സ്ത്രീകളും ഇന്ന് കൂടുതലായി ജീന്‍സ് ഉപയോഗിച്ച് വരുന്നു. ഇത്, ധരിക്കാന്‍ സുഖപ്രദവും നല്ല ലുക്കും നല്‍കുന്നു. കൂടാതെ എല്ലാ കാലാവസ്ഥയിലും ധരിക്കാന്‍ പോന്നവയുമാണ്. എന്നാല്‍ സ്ത്രീകള്‍ പതിവായി ഇറുകിയ ജീന്‍സ് ധരിക്കുന്നത് പലതരം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും.

ഇറുകിയ ജീന്‍സോ ലെഗീന്‍സോ ധരിക്കുമ്പോള്‍ കാലിലേക്കും പാദത്തിലേക്കുമുള്ള രക്തയോട്ടം കുറയുന്നു. കൂടാതെ ഇവ കാലിലെ ഞരമ്പുകളെയും ഹാനികരമായി ബാധിക്കുന്നു. ഒരു പ്രമുഖ പഠനത്തില്‍ പറയുന്നത് 30 വയസ്സുള്ള ഒരു സ്ത്രീ പതിവായി ജീന്‍സ് ധരിച്ചു കൊണ്ട് വളരെ നേരം വീട്ടുജോലികള്‍ ചെയ്യുന്നുണ്ടായിരുന്നു. അധികം വൈകാതെ തന്നെ അവളുടെ കാല്‍പ്പാദം വീര്‍ത്തുവരികയും നടക്കാന്‍ സാധിക്കാതെ വരുകയും ചെയ്തു. പരിശോധനയില്‍ മനസിലായത് ഇറുകിയ ജീന്‍സ് അധിക നേരം ധരിച്ചുകൊണ്ട് ജോലികള്‍ ചെയ്തപ്പോള്‍ കാലിലേക്കുള്ള മസിലുകളും ഞരമ്പുകളും കേടാകുകയും കാലുകളിലേക്ക് രക്തയോട്ടം ഇല്ലാതെ നീര് വന്ന് വീര്‍ക്കുകയും ചെയ്തു. അതിനാലാണ് അവര്‍ക്ക് വീക്കവും നടക്കാന്‍ സാധിക്കാതെ വരികയും ചെയ്തത്. പതിവായി ഇറുകിയ ജീന്‍സ് ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു പ്രശ്നമാണിത്. പതിവായി ഇറുകിയ ജീന്‍സ് ധരിക്കുമ്പോള്‍ ഉണ്ടാകുന്ന മറ്റു പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1.ത്രഷ്/ഈസ്റ്റ് അണുബാധ-ത്രഷ് സ്ത്രീകളില്‍ കാണുന്ന ഒരു യീസ്റ്റ് അണുബാധയാണ്. വളരെനേരം ഇറുകിയ ജീന്‍സ് ധരിക്കുമ്പോഴോ, സ്വകാര്യഭാഗങ്ങള്‍ വൃത്തിയായി സൂക്ഷിക്കാതെ വരുമ്പോഴോ ഉണ്ടാകുന്ന അണുബാധയാണിത്. ചൊറിച്ചില്‍, അസ്വസ്ഥത, യോനിയില്‍ നിന്നും വെളുത്ത ഡിസ്ചാര്‍ജ് പോകുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങള്‍.

2.മെറാല്‍ജിയ പാരസ്തെറ്റിക്ക-സ്‌കിന്നി പാന്റ് സിന്‍ഡ്രോം അഥവാ മെറാല്‍ജിയ പാരസ്തെറ്റിക്ക എന്നത് ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നത് മൂലം തുടയിലെ നാഡിക്കുണ്ടാകുന്ന കേടുപാടുകളാണ്. നാം ഇറുകിയ ജീന്‍സുകള്‍ ധരിക്കുമ്പോള്‍ തുടയുടെ ഭാഗം കൂടുതല്‍ ഇറുകുന്നു. ഇത് തുടയുടെ ലാറ്ററല്‍ ഫെമറല്‍ നാഡികള്‍ക്ക് സാരമായ കേടുപാടുകള്‍ ഉണ്ടാക്കുന്നു. തുടകളില്‍ മരവിപ്പും പുകച്ചിലുമാണ് ഇതിന്റെ പ്രാരംഭ ലക്ഷണം. പൊണ്ണത്തടിയുള്ളവരില്‍ ഈ ലക്ഷണങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

3.ചര്‍മ്മത്തില്‍ അസ്വസ്ഥത-ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുമ്പോള്‍ ഉണ്ടാകുന്ന ഏറ്റവും സാധാരണ പ്രശ്നമാണ് ചര്‍മ്മത്തിലുള്ള അസ്വസ്ഥതകള്‍. ത്വക്കിലേക്ക് ആവശ്യത്തിന് വായു സഞ്ചാരം ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണം. ജീന്‍സ് പോലുള്ള തുണിത്തരങ്ങള്‍ കൂടുതല്‍ ചൂട് ചര്‍മ്മത്തിലേക്ക് നല്‍കുന്നവയാണ്. കൂടാതെ ഇറുകിയിരിക്കുന്നതിനാല്‍ വായു സഞ്ചാരവും കുറവായിരിക്കും.ഇത് മൂലം ചര്‍മ്മം ചുവന്നു തടിക്കുക, ചൊറിച്ചില്‍, അസ്വസ്ഥത എന്നിവ ഉണ്ടാകും.

4.ലിപ്പോട്രോഫിയ സെമിസര്‍ക്കുലാരിസ്-ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതു മൂലം തുടകളില്‍ പൊള്ളല്‍ പോലെ ഉണ്ടാകുന്ന അവസ്ഥയാണിത്. ഇറുകിയ ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ ധരിച്ചു കൂടുതല്‍ സമയം ഇരിക്കുന്നവരിലാണ് ഇത് കാണപ്പെടുന്നത്. ലിപ്പോട്രോഫിയ സെമിസര്‍ക്കുലാരിസ് അഥവാ റിബ്ബ്ഡ് തുടകള്‍ എന്നാണ് ഇതിനെ പറയുന്നത്. തുടകളില്‍ ചൊറിച്ചില്‍, ചര്‍മ്മത്തില്‍ അര്‍ദ്ധവൃത്താകൃതിയില്‍ പാടുകള്‍, തുടയില്‍ പുകച്ചില്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

5.രക്തചംക്രമണം കുറയുന്നു-ഇറുകിയ ജീന്‍സ്, ലഗീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ കാലുകളിലേക്കും പാദത്തിലേക്കുമുള്ള രക്തയോട്ടം കുറയ്ക്കുന്നു. ഇറുകിയ വസ്ത്രങ്ങള്‍ പതിവായി ധരിക്കുമ്പോള്‍ ഇത് കൂടുതല്‍ ഗുരുതരമാകുന്നു. കൂടാതെ അമിതവണ്ണം, പ്രമേഹം, നാഡീരോഗങ്ങള്‍ എന്നിവ ഉള്ളവരില്‍ ഇത് കൂടുതല്‍ ഗുരുതരമാകുന്നു.

6.നെഞ്ചെരിച്ചില്‍-ഇറുകിയ വസ്ത്രങ്ങള്‍ ദഹനപ്രശ്നങ്ങളും ഉണ്ടാക്കുന്നു. ജീന്‍സ് പോലുള്ള വസ്ത്രങ്ങള്‍ വയറിന്റെ ഭാഗത്തായി കൂടുതല്‍ ഇറുകിയിരിക്കും. ഇത് ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും നെഞ്ചെരിച്ചില്‍, അസിഡിറ്റി എന്നിവ ഉണ്ടാക്കുകയും ചെയ്യും.

7.വള്‍വോഡിനിയ-യോനിയുടെ പുറം ഭാഗത്തും, വുള്‍വയിലും കത്തുന്ന വേദന ഉണ്ടാകുന്ന അവസ്ഥയാണ് വള്‍വോഡിനിയ. സ്ത്രീകള്‍ ഇറുകിയ ജീന്‍സ് പോലുള്ളവ ധരിക്കുമ്പോള്‍ യോനി ഭാഗത്തു വേദന, വള്‍വോഡിനിയ, അണുബാധ , ത്രഷ് , മറ്റു വജൈനല്‍ അണുബാധ എന്നിവയ്ക്ക് കാരണമാകും.

8.പേശീക്ഷതം-പതിവായി ഇറുകിയ ജീന്‍സ് ധരിക്കുന്ന സ്ത്രീകളില്‍ കാലിലെ പേശികളിലേക്കുള്ള രക്തയോട്ടം കുറവായിരിക്കും. ഇത് നാഡീക്ഷതം മാത്രമല്ല പേശികള്‍ക്ക് ബലക്ഷയവും ഉണ്ടാക്കും. പേശിവേദന, പേശീക്ഷതം അഥവാ റാബ്‌ഡോമിയോളിസിസ് എന്നിവയ്ക്കും കാരണമാകും.

ജീൻസ് എന്നത് എല്ലാവർക്കും ഒരു പോലെ സുഖപ്രദമായ വസ്ത്രമാണ്. എന്നിരുന്നാലും ഇത് പതിവായി ഉപയോഗിക്കാതിരിക്കുന്നതാണ് കൂടുതൽ നല്ലത്.

Related posts