Nammude Arogyam
General

ഇത് വന്നാൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണൂല സാറെ…….

റഫീഖെ …. ഡാ…. പൂയ്

ഇവൻ എവിടെണാവോ? ഉമ്മാ……റഫീഖ് എവിടെ? ടൗണിൽ പോകാൻ രാവിലെ വരണമെന്ന് പറഞ്ഞിട്ട്, അവൻ ഇത് വരെ റെഡിയായില്ലേ?

ഷമിനേ…. ഇങ്ങോട്ട് കയറിക്കോ, അവൻ കിടക്കാണ് മോനെ.

നല്ല ആളാ, എന്നോട് നേരം വൈകരുതെന്ന് പറഞ്ഞിട്ട് ഇപ്പൊ അവനാണോ വൈകുന്നത്.

രാത്രി കിടക്കുമ്പോൾ അവൻ പറഞ്ഞതാ രാവിലെ നിങ്ങൾക്ക് 2 പേർക്കും കൂടി ടൗണിൽ പോകാൻ ഉണ്ട്, രാവിലെ നേരത്തെ വിളിക്കണം എന്നൊക്കെ. രാവിലെ എണീറ്റപ്പോഴാ അവൻക്ക് സ്ഥിരം വരുന്ന ആ തലവേദന തുടങ്ങിയത്. ഇനി ഇന്ന് മുഴുവൻ തലവേദന തന്നെയായിരിക്കും. ഈ വേദന തുടങ്ങി കഴിഞ്ഞാൽ വാതിലടച്ച് ഇരുട്ടത്ത് കിടക്കും. പിന്നെ ഭക്ഷണമൊന്നും വേണ്ട, കുറെ നേരം കഴിയുമ്പോളാ ഒന്ന് പുറത്തേക്ക് വരുക. 2 വർഷത്തിന് മുകളിലായി എൻ്റെ കുട്ടി ഈ വേദന സഹിക്കുന്നു.

ഡാ… എന്ത് പറ്റി മൈഗ്രേനിൻ്റെ തലവേദന പിന്നേം തുടങ്ങിയോ?

അതെടാ , തല വെട്ടിപ്പൊളിയണ പോലോത്ത വേദനയാ. സഹിക്കാൻ വയ്യട. ഞാൻ കുറച്ച് നേരം കിടന്ന് നോക്കട്ടെ, ടൗണിലേക്ക് നീ പോയിട്ട് പോരെ…

മൈഗ്രേൻ എന്നത് ഒരു നിസ്സാര വേദനയായി കാണാനാകില്ല. മൈഗ്രേൻ എന്ന പേര് കേൾക്കുന്നത് പോലും പലർക്കും പേടിയാണ്. തലവേദനകളിൽ ഏറ്റവും കാഠിന്യമേറിയതാണ് കൊടിഞ്ഞി അല്ലെങ്കിൽ ചെന്നിക്കുത്ത് എന്ന പേരുകളിലും അറിയപ്പെടുന്ന ഈ മൈഗ്രേൻ. നെറ്റിയുടെ ഇരുവശത്തും ഉണ്ടാകുന്ന അസഹനീയമായ വേദനയാണിത്. സാധാരണ തലവേദനയേക്കാൾ രൂക്ഷവും ഭയാനകവുമാണിത്. ഛർദ്ദി, കണ്ണുകൾക്ക് വേദന, മുഖമാകെ തരിപ്പ്, വെളിച്ചം കാണാനുള്ള ബുദ്ധിമുട്ട്, ഉച്ചത്തിലുള്ള ശബ്ദത്തോടുള്ള അസഹ്യത, എന്നിവയെല്ലാം മൈഗ്രേനോട് അനുബന്ധിച്ചെത്തുന്ന ശാരീരിക വിഷമതകളാണ്. അത് മാത്രമോ? പലരിലും ഈ തലവേദന ഏകദേശം 4 മുതൽ 8 മണിക്കൂർ വരെ നീണ്ട് നിൽക്കും. എന്നാൽ ചില അപൂർവ്വം അവസരങ്ങളിൽ ചിലരിൽ മൈഗ്രേൻ പത്തും പതിനഞ്ചും ദിവസങ്ങളോളം നീണ്ട് നിൽക്കുന്നതും കാണാറുണ്ട്. ഈ അവസ്ഥയെ ക്രോണിക് മൈഗ്രേൻ എന്നാണ് പറയുന്നത്. കൂടാതെ, പലരിലും മൈഗ്രേന്റെ ലക്ഷണങ്ങൾ പലതാണ്.

ലോകത്താകമാനം ഏഴിൽ ഒരാൾക്ക് മൈഗ്രേൻ ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ തലവേദന ഉണ്ടാകാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് മൈഗ്രേൻ കാണപ്പെടുന്നത് എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. അതായത് ഏകദേശം 15% സ്ത്രീകളിലും 6% പുരുഷന്മാരിലും മൈഗ്രേൻ ഉണ്ടെന്നാണ് പഠനം.

എന്താണ് മൈഗ്രേൻ വരാനുള്ള കാരണം?

രോഗകാരണം കൃത്യമായി നിർവചിക്കുക എന്നത് വൈദ്യശാസ്ത്രത്തിനും കഴിഞ്ഞിട്ടില്ല. എന്നാൽ ആരോഗ്യ രംഗത്ത് നടത്തിയ ചില പഠനങ്ങൾ മൈഗ്രേനിന്റെ പ്രധാന കാരണമായി പറയുന്നത് തലച്ചോറിലെയും തലയോട്ടിയിലെയും രക്തക്കുഴലുകളിൽ ഉണ്ടാകുന്ന സങ്കോചവികാസം മൂലമാണ് എന്നാണ്. രക്തത്തിൽ കാണപ്പെടുന്ന ചില ഹിസ്റ്റമിനുകളുടെ സാന്നിധ്യവും രോഗ കാരണമാണ്. തലച്ചോറിൽ ശരിയായ രക്തചംക്രമണം ഇല്ലാതെ വരിക, മാനസിക പിരിമുറുക്കങ്ങൾ എന്നിവയൊക്കെ ചെന്നിക്കുത്തിന് കാരണമാകാം.

തലച്ചോറിൽ ഉത്പാദിപ്പിക്കപ്പെടുന്ന ചില രാസപദാർത്ഥങ്ങളും മൈഗ്രേൻ ഉണ്ടാകാൻ കാരണമാകും. ഇതുമായി ബന്ധപ്പെട്ട് ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ, തലച്ചോറിൽ ഉത്പാദിപ്പിക്കുന്ന കാല്‍സിടോണിന്‍ ജീന്‍ റിലേറ്റഡ് പെപ്റ്റൈഡ് (calcitonin gene-related peptide – CGRP) പദാർത്ഥം മൈഗ്രേന്റെ ഭാഗമായി ഉണ്ടാകുന്ന ശക്തമായ തലവേദനയ്ക്കും ശബ്ദം, വെളിച്ചം എന്നിവ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾക്കും കാരണമാകുമെന്നും കണ്ടെത്തിയിട്ടുണ്ട്.

നിങ്ങളുടെ തലവേദന മൈഗ്രേൻ ആണോ?

എന്തൊക്കെയാണ് മൈഗ്രേന്റെ ലക്ഷണങ്ങൾ? തലവേദനയുണ്ടാകുമ്പോൾ നിങ്ങളിൽ ഈ ലക്ഷണങ്ങളൊക്കെ കാണാറുണ്ടോ എന്ന് ശ്രദ്ധിക്കണം.

1. അതിശക്തമായ തലവേദന. ഇത് നാല് മണിക്കൂർ മുതൽ 8 മണിക്കൂർ വരെ നീണ്ട് നിൽക്കും. കാഠിന്യം കൂടിയ മൈഗ്രേൻ ആണെങ്കിൽ 4 മുതൽ 15 ദിവസം വരെ ഉണ്ടാകും. ഇത്തരം ദൈർഘ്യമേറിയ അവസ്ഥയാണ് ക്രോണിക് മൈഗ്രേൻ.

2. തലവേദന വന്നാൽ തല അനക്കാൻ പറ്റാത്ത അവസ്ഥ. കിടക്കുന്ന അവസ്ഥയിൽ തല ഒരേ രീതിയിൽ വെച്ചിരുന്നാലും അൽപ നേരത്തിനു ശേഷം തലയുടെ പൊസിഷൻ മാറ്റിയാൽ വേദന പിന്നെയും കൂടുന്ന അനുഭവം.

3. ഓക്കാനം, ഛർദ്ദി. ചിലരിൽ ഛർദ്ദിച്ച് കഴിഞ്ഞാൽ തലവേദന കുറഞ്ഞു വരും.

4. കണ്ണിനു ചുറ്റുമുള്ള വേദന

5. വെളിച്ചത്തെ നോക്കാനുള്ള ബുദ്ധിമുട്ട്. മൈഗ്രേൻ ഉള്ള അവസ്ഥയിൽ വെളിച്ചത്തെ നേരിടാൻ പൊതുവെ ബുദ്ധിമുട്ടാണ്. സൂര്യപ്രകാശം, ലൈറ്റുകൾ, ഫോൺ തുടങ്ങിയവയൊക്കെ നോക്കാൻ ബുദ്ധിമുട്ടാണ്. കാഴ്ചയിൽ നേരിയ മങ്ങൽ അനുഭവപ്പെടാം.

6. ഉച്ചത്തിലുള്ള ശബ്ദത്തിനോടുള്ള അസഹ്യത.

7. വേദനയുടെ കാഠിന്യം വളരെ കൂടുതലാണെങ്കിൽ ചിലരിൽ ശരീരത്തിന്റെ ഒരു ഭാഗം തളർന്ന് പോകുന്ന അവസ്ഥ പോലെ അനുഭവപ്പെട്ടേക്കാം.

എന്നാൽ ഈ പറഞ്ഞത് മാത്രമല്ല ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളൊന്നും ഇല്ലാതെയും ചിലരിൽ മൈഗ്രേൻ ഉണ്ടാകാം. മറ്റ് ചില ലക്ഷണങ്ങളാകാം ഇവരിൽ പ്രത്യക്ഷപ്പെടുക. ഇരുട്ടത്ത് ഇരിക്കാൻ താല്പര്യം, ദേഷ്യം, സംസാരിക്കുമ്പോൾ ശബ്ദം കുഴഞ്ഞ് പോകുക, തലകറക്കം, ബാലൻസ് നഷ്ടപ്പെടുക, പെരുപ്പ് തുടങ്ങിയവയും മൈഗ്രേന്റെ ലക്ഷണങ്ങൾ ആണ്.

മൈഗ്രേൻ വരാതിരിക്കാൻ എന്ത് ചെയ്യണം?

മൈഗ്രേൻ വരാതിരിക്കാൻ ഈ എട്ട് കാര്യങ്ങൾ അടിയന്തരമായി ശ്രദ്ധിക്കേണ്ടതുണ്ട്.

1. വൈകി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി, കൃത്യ സമയങ്ങളിൽ പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക.

2. ധാരാളം വെള്ളം കുടിക്കുക.

3. നല്ല ഉറക്കം ശീലിക്കുക. കൃത്യ സമയത്ത് ഉറങ്ങുകയും ഉണരുകയും ചെയ്യുക.

4. യാത്ര ചെയ്യേണ്ട അവസ്ഥ ഉണ്ടെങ്കിൽ ചെവി മൂടുന്ന തരത്തിലുള്ള ഇയർ പ്ലഗ്‌സ്‌ ഉപയോഗിക്കുക.

5. രൂക്ഷഗന്ധമുള്ള സാഹചര്യങ്ങളിൽ നിന്ന് വിട്ട് നിൽക്കുക.

6. പ്രകാശം കുറഞ്ഞ ലൈറ്റുകൾ കിടപ്പ് മുറിയിൽ ഉപയോഗിക്കുക.

7. വളരെ അധികം ശബ്ദങ്ങൾ ഉള്ള സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കുക.

8. മാനസിക സമ്മർദ്ദം നൽകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.

മൈഗ്രേൻ ഉള്ളവർ ഇവ കഴിക്കരുത്

മദ്യം, ചോക്ലേറ്റ് എന്നിവ ഒഴിവാക്കുക.

യീസ്റ്റ് ചേര്‍ത്തതും പുളിപ്പിച്ചതുമായ ബ്രെഡ്, കേക്ക്, പിസ എന്നിവ ഒഴിവാക്കുക.

സംസ്‌കരിച്ച മാംസാഹാരങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക.

പൊട്ടറ്റോ ചിപ്‌സ്, പ്രിസര്‍വ് ചെയ്ത അണ്ടിപ്പരിപ്പുകൾ എന്നിവ ഒഴിവാക്കുക.

മൈഗ്രേൻ ഉള്ളവർ ഇവ കഴിക്കുക

മൈഗ്രേൻ ഉള്ളവർ കൃത്യ സമയത്ത് ആഹാരം കഴിക്കാനും ധാരാളം വെള്ളം കുടിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മൈഗ്രേൻ വേദനയുടെ കാഠിന്യം കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളാണ് ആവിയില്‍ പുഴുങ്ങിയ ഏത്തപ്പഴം, ഇലക്കറി, മുഴുധാന്യങ്ങള്‍, മുട്ട, ഓട്‌സ്, ബദാം, ഇഞ്ചി, കപ്പലണ്ടി, എള്ള്, മത്തി, അയില തുടങ്ങിയവ. ഈ ഭക്ഷണങ്ങൾ ആഹാരക്രമത്തിൽ ഉൾപ്പെടുത്താം.

Related posts