Nammude Arogyam
General

ഉറക്കത്തിനിടക്ക് ശ്വസനത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഹൃദയസ്തംഭനത്തിന് കാരണമാകുമോ?

സ്ലീപ് അപ്നിയ വളരെ ഗുരുതരമായ ഒരു രോഗാവസ്ഥയാണ്. ദീര്‍ഘകാലമായി ഈ രോഗത്തിന് ചികിത്സ കൃത്യസമയത്ത് ലഭിക്കാത്തത് പലപ്പോഴും ഗുരുതമരമായ അപകടമാണ് ആരോഗ്യത്തിന് ഉണ്ടാക്കുന്നത്. ഉറക്കത്തിനിടക്ക് ശ്വസനത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ആണ് സ്ലീപ് അപ്നീയ എന്ന് പറയുന്നത്. ഒരു വ്യക്തിയുടെ ശ്വാസോച്ഛ്വാസം ഉറക്കത്തിനിടക്ക് തടസ്സപ്പെടുന്ന അവസ്ഥയാണ് സ്ലീപ് അപ്‌നിയ. ഈ രോഗാവസ്ഥയുള്ളവരില്‍ പലപ്പോഴും അവരുടെ തലച്ചോറില്‍ ഓക്‌സിജന്റെ അഭാവം ഉണ്ടാവും. ഇത് അവരെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും.

മൂന്ന് തരത്തിലുള്ള സ്ലീപ് അപ്‌നീയയാണ് സംഭവിക്കുന്നത്. ഇതില്‍ ഒന്നാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ്പ് അപ്‌നിയ. മറ്റ് രണ്ടെണ്ണം സെന്‍ട്രല്‍ സ്ലീപ്പ് അപ്നിയയും, കോംപ്ലക്സ് സ്ലീപ്പ് അപ്നിയയും ആണ്. ഒരു വ്യക്തിയുടെ തൊണ്ടയിലെ പേശികള്‍ ഇടയ്ക്കിടെ വിശ്രമിക്കുകയും, ശ്വാസനാളത്തെ തടയുന്നതിലൂടെ ശ്വസനം തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഒരു രോഗാവസ്ഥയാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന് പറയുന്നത്.

ഒബ്‌സ്ട്രക്ടീവ് സ്ലീപ് അപ്നിയ ഒരു ഗുരുതരമായ രോഗാവസ്ഥയാണ്. ഇത് അനുഭവിക്കുന്ന വ്യക്തിക്ക് ക്ഷീണം, അലസത, ദിവസം മുഴുവന്‍ ഉറക്കക്കുറവ് എന്നിവ അനുഭവപ്പെടുന്നു. ഇത് അവഗണിച്ചാല്‍ അത് കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കും. സ്ലീപ് അപ്നിയ ബാധിച്ച ഒരു വ്യക്തിക്ക് എന്തിനെങ്കിലും ശസ്ത്രക്രിയ വേണ്ടി വന്നാൽ, അനസ്‌തേഷ്യ നല്‍കിയ ശേഷം ആളുകള്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ഇത്തരക്കാര്‍ക്ക് ജോലി ചെയ്യുമ്പോഴോ വാഹനമോടിക്കുമ്പോഴോ ടിവി കാണുമ്പോഴോ പെട്ടെന്ന് ഉറക്കം വരുന്നതാണ്. ഇത് അപകടകരമായ അവസ്ഥയിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ നിസ്സാരമായി വിടരുത്. ഇത്തരം രോഗാവസ്ഥയിലുള്ള ആളുകള്‍ക്ക്, പ്രത്യേകിച്ച് കുട്ടികള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രയാസമുണ്ടാകാറുണ്ട്. ഈ രോഗാവസ്ഥയില്‍ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറയാന്‍ തുടങ്ങും. ഇത് പലപ്പോഴും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.

അമിതമായി രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത് കാര്‍ഡിയോ സിസ്റ്റത്തെ സമ്മര്‍ദ്ദത്തിലാക്കും. ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ രോഗിയാണെങ്കില്‍, ഹൃദയാഘാതം, ഹൃദയസ്തംഭനം, സ്‌ട്രോക്ക് എന്നിവ ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഈ രോഗത്തില്‍, ഹൃദയമിടിപ്പ് അസാധാരണമായി മാറുകയും തന്മൂലം രക്തസമ്മര്‍ദ്ദം പലതവണ കുറയുകയും ചെയ്യുന്നു. സ്ലീപ് അപ്നിയയ്ക്കൊപ്പം, ഹൃദയ സംബന്ധമായ അസുഖമുണ്ടെങ്കില്‍, പെട്ടെന്നു മരണത്തിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എത്രയും പെട്ടെന്ന് ചികിത്സിക്കാന്‍ ശ്രദ്ധിക്കണം.

സ്ലീപ് അപ്നിയ ഒരു ഗുരുതരമായ രോഗമാണ്. എന്നാല്‍ ഇത് പൂര്‍ണമായ ചികിത്സയിലൂടെ ഭേദമാക്കാവുന്നതാണ്. ഈ രോഗത്തിന് പരിഹാരം കാണുന്നതിന് വേണ്ടി മലര്‍ന്ന് കിടന്ന് ഉറങ്ങാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പല കേസുകളിലും ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥയുണ്ടാവാറുണ്ട്. ചില ചികിത്സാ രീതികളില്‍ ഉറങ്ങുമ്പോള്‍ ശ്വാസനാളങ്ങള്‍ തുറന്നിടാന്‍ കഴിയുന്ന ഒരു ഉപകരണം ഉപയോഗിക്കുന്നുണ്ട്. ഉറക്കത്തില്‍ പെട്ടെന്ന് ശ്വാസം നിലയ്ക്കുകയോ, ദിവസം മുഴുവനും ക്ഷീണിതരായി കാണുകയോ ആണെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായി ഡോക്ടറെ കണ്ട് വേണം ഇതിന് ചികിത്സ നടത്തേണ്ടത്. സ്വയം ചികിത്സ അപകടം വരുത്തി വെക്കും എന്നുള്ളത് കൊണ്ട് തന്നെ ഒരിക്കലും ഡോക്ടറെ കാണുന്നതിന് വിമുഖത കാണിക്കരുത്.

Related posts