Nammude Arogyam
MaternityWoman

എന്താണ് പ്രസവാനന്തര വിഷാദവും പോസ്റ്റ്പാര്‍ട്ടം ബ്ലൂസും?

ഒരു അമ്മയാകുക എന്നത് അത്ര നിസാരകാര്യമല്ല. സ്വന്തം ശരീരത്തില്‍ ജീവന്റെ തുടിപ്പ് ആദ്യം അറിയുന്നത് മുതല്‍ സ്ത്രീകള്‍ അമ്മയാകാനുള്ള തയാറെടുപ്പുകള്‍ നടത്താറുണ്ട്.. ഒന്‍പത് മാസം വയറ്റില്‍ ചുമന്ന കുഞ്ഞിനെ പ്രസവിച്ച് കഴിയുമ്പോള്‍ പലപ്പോഴും ചില അമ്മമാര്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മാതൃത്വം ആസ്വദിക്കാന്‍ കഴിയാതെ വരാറുണ്ട്. ഗര്‍ഭകാലവും പ്രസവ ശേഷവുമുള്ള കാലഘട്ടം കുഞ്ഞിനെ മാത്രമല്ല അമ്മയെയും ശ്രദ്ധിക്കണം.

പലപ്പോഴും ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത രീതിയില്‍ അമ്മമാരില്‍ ഈ വിഭ്രാന്തികള്‍ ഉണ്ടാകുന്നു. പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്നത് നിന്റെ വെറും തോന്നലാണെന്ന് പോലും പലരും അവരോട് പറയാറുണ്ട്. അറിവും വിദ്യാഭ്യാസവും ഉള്ളവര്‍ക്ക് പോലും പലപ്പോഴും ഈ അവസ്ഥയെ അംഗീകരിക്കാന്‍ കഴിയാതെ വരാറുണ്ട്. എന്തൊക്കെ തരം പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനാളുള്ളത്. ഇവയെ എങ്ങനെ നേരിടാം എന്ന് നോക്കാം.

50 മുതല്‍ 70 ശതമാനം സ്ത്രീകളിലാണ് ബേബി ബ്ലൂസ് കണ്ട് വരുന്നത്. കാരണമില്ലാതെ തുടര്‍ച്ചയായുള്ള കരച്ചില്‍, വിഷാദം, ഉത്കണ്ഠ എന്നിവയെല്ലാം ബേബി ബ്ലൂസിന്റെ ലക്ഷണങ്ങളാണ്. പ്രസവം കഴിഞ്ഞ് ആദ്യ ആഴ്ചകളിലാണ് ഈ അവസ്ഥ കാണപ്പെടുന്നത്. ഈ അവസ്ഥ അത്ര സുഖകരമല്ലെങ്കിലും ചികിത്സ കൂടാതെ തന്നെ രണ്ടാഴ്ചയ്ക്കുള്ളില്‍ സ്വയം ഇത് കുറയുകയാണ് പതിവ്. ഇങ്ങനെയൊരു അവസ്ഥ ഉണ്ടായാല്‍ ഒരു നല്ല പിന്തുണ കണ്ടെത്തുകയാണ് വേണ്ടത്. കുടുംബാംഗങ്ങളില്‍ നിന്നോ, ഇതിനായി പങ്കാളിയില്‍ നിന്നോ അല്ലെങ്കില്‍ സുഹൃത്തുക്കളില്‍ നിന്നോ സഹായം തേടാം.

ഏഴില്‍ ഒരു സ്ത്രീക്ക് സംഭവിക്കുന്നതാണ് പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അഥവ പ്രസവാനന്തര വിഷാദം. ബേബി ബ്ലൂ എന്നവസ്ഥയെക്കാളും വളരെ ഗുരുതരമാണ് ഈ അവസ്ഥ. മുമ്പ് പ്രസവാനന്തര വിഷാദം ഉണ്ടായിട്ടുണ്ടെങ്കില്‍ ഓരോ ഗര്‍ഭധാരണത്തിലും ഇതിന്റെ അപകടസാധ്യത 30% ആയി വര്‍ദ്ധിക്കുന്നു. മാറിമാറി വരുന്ന ഉയര്‍ച്ച താഴ്ച്ചകള്‍, ഇടയ്ക്കിടെയുള്ള കരച്ചില്‍, ദേഷ്യം, ക്ഷീണം, അതുപോലെ കുറ്റബോധം, ഉത്കണ്ഠ, കുഞ്ഞിനെയോ, സ്വയമോ പരിപാലിക്കാനുള്ള കഴിവില്ലായ്മ എന്നിവയൊക്കെ ഈ അവസ്ഥയില്‍ അനുഭവപ്പെട്ടേക്കാം. രോഗലക്ഷണങ്ങള്‍ മിതമായത് മുതല്‍ ഗുരുതരമായത് വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രസവം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ അല്ലെങ്കില്‍ ക്രമേണ, ഒരു വര്‍ഷത്തിനുശേഷം പോലും ഈ അവസ്ഥ പ്രത്യക്ഷപ്പെടാം. രോഗലക്ഷണങ്ങള്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുമെങ്കിലും, സൈക്കോതെറാപ്പി അല്ലെങ്കില്‍ ആന്റീഡിപ്രസന്റുകള്‍ ഉപയോഗിച്ചുള്ള ചികിത്സ വളരെ ഫലപ്രദമാണ്.

പോസ്റ്റ്പാര്‍ട്ടം സൈക്കോസിസ് എന്നത് പ്രസവാനന്തര വിഷാദത്തിന്റെ അങ്ങേയറ്റം കഠിനമായ രൂപമാണ്. അടിയന്തരമായ വൈദ്യസഹായമാണ് ഇതിന് ആവശ്യം. ഈ അവസ്ഥ താരതമ്യേന അപൂര്‍വമാണ്, പ്രസവശേഷം 1000 പേരില്‍ ഒരാള്‍ക്ക് മാത്രമേ ഇത് ബാധിക്കുകയുള്ളൂ. രോഗലക്ഷണങ്ങള്‍ സാധാരണയായി പ്രസവം കഴിഞ്ഞ് പെട്ടെന്ന് സംഭവിക്കുന്നതും കഠിനവുമായിരിക്കും ഇതിന്റെ രോഗലക്ഷണങ്ങള്‍. ഏതാനും ആഴ്ച്ചകള്‍ മുതല്‍ മാസങ്ങള്‍ വരെ നീണ്ടുനില്‍ക്കും. കഠിനമായ ദേഷ്യം, ആശയക്കുഴപ്പം, നിരാശയുടെയും നാണക്കേടിന്റെയും വികാരങ്ങള്‍, ഉറക്കമില്ലായ്മ, അല്ലെങ്കില്‍ ഹൈപ്പര്‍ ആക്ടിവിറ്റി, വേഗത്തിലുള്ള സംസാരം അല്ലെങ്കില്‍ ഉന്മാദം എന്നിവയാണ് ലക്ഷണങ്ങള്‍. പോസ്റ്റ്പാര്‍ട്ടം സൈക്കോസിസിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണ്, കാരണം ആത്മഹത്യയ്ക്കുള്ള സാധ്യതയും കുഞ്ഞിന് ഉപദ്രവിക്കാനുള്ള സാധ്യതയും ഈ അവസ്ഥയില്‍ വളരെ കൂടുതലാണ്. ചികിത്സയില്‍ സാധാരണയായി ആശുപത്രിവാസം, സൈക്കോതെറാപ്പി, മരുന്നുകള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ട്.

പൊതുവെ പ്രസവം കഴിഞ്ഞ് ആദ്യ ആഴ്ചയില്‍ കാണപ്പെടുന്നതാണ് ബേബി ബ്ലൂസ്. പ്രവാനന്തര വിഷാദത്തിനും ബേബി ബ്ലൂസിനും ഒരേ ലക്ഷണങ്ങളാണ്. കുറഞ്ഞത് 10 ദിവസം മാത്രമായിരിക്കും ബേബി ബ്ലൂസ് കാണപ്പെടാറുള്ളു. എന്നാല്‍ പ്രസവാനന്തര വിഷാദം മാസങ്ങളോളം നിലനില്‍ക്കാന്‍ സാധ്യതയുണ്ട്. ഉറക്കമില്ലായ്മ, പെട്ടെന്നുള്ള മാനസിക മാറ്റങ്ങള്‍, വിശപ്പ് ഇല്ലായ്മ, കാരണമില്ലാതെയുള്ള കരച്ചില്‍ എന്നിവയാണ് ബേബി ബ്ലൂസിന്റെ ലക്ഷണങ്ങള്‍.

ഹോര്‍മോണിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രസവാനന്തര വിഷാദത്തിന്റെ പ്രധാന കാരണമെന്ന് തന്നെ പറയാം. എന്നാല്‍ ഇത് ഉണ്ടാകാന്‍ ചില ഘടകങ്ങളുമുണ്ടാകും. അവ എന്തൊക്കെയാണെന്ന് നോക്കാം.

1.വീട്ടില്‍ ആര്‍ക്കെങ്കിലും മുന്‍പ് വിഷാദമുണ്ടായിട്ടുണ്ടെങ്കില്‍.

2.പരിമിതമായ സാമൂഹിക പിന്തുണ.

3.ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍.

4.ഗര്‍ഭധാരണത്തെക്കുറിച്ചുള്ള അവ്യക്തത.

5.ആരോഗ്യസ്ഥിതി, ബുദ്ധിമുട്ടുള്ള പ്രസവം അല്ലെങ്കില്‍ മാസം തികയാതെയുള്ള പ്രസവം എന്നിങ്ങനെയുള്ള ഗര്‍ഭകാല സങ്കീര്‍ണതകള്‍.

6.20 വയസ്സിന് താഴെയുള്ളവർ അല്ലെങ്കില്‍ പങ്കാളി ഇല്ലാത്ത രക്ഷിതാവ് ആണെങ്കില്‍

7.പ്രത്യേക ആവശ്യങ്ങളുള്ള ഒരു കുഞ്ഞ് അല്ലെങ്കില്‍ ഒരുപാട് കരയുന്ന ഒരു കുഞ്ഞ്.

8.മുകളിൽ പറഞ്ഞ ഈ ഘടകങ്ങളൊക്കെ തന്നെ

പ്രസവശേഷം ഹോര്‍മോണുകളുടെ ദ്രുതഗതിയിലുള്ള മാറ്റവും വിഷാദവും തമ്മിലുള്ള ബന്ധം നിര്‍ണ്ണയിക്കാന്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണ്. ഗര്‍ഭകാലത്ത് ഈസ്ട്രജന്റെയും പ്രോജസ്റ്ററോണിന്റെയും അളവ് പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു, പക്ഷേ പ്രസവശേഷം കുത്തനെ ഇത് കുറയുന്നു. പ്രസവശേഷം മൂന്ന് ദിവസത്തിനുള്ളില്‍, ഈ ഹോര്‍മോണുകളുടെ അളവ് ഗര്‍ഭധാരണത്തിന് മുമ്പുള്ള നിലയിലേക്ക് താഴുന്നു. ഈ രാസമാറ്റങ്ങള്‍ക്ക് പുറമേ, ഒരു കുഞ്ഞ് ജനിക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികവും മാനസികവുമായ മാറ്റങ്ങള്‍ പ്രസവാനന്തര വിഷാദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഈ മാറ്റങ്ങളുടെ ഉദാഹരണങ്ങളില്‍ ശരീരത്തിലെ ശാരീരിക മാറ്റങ്ങള്‍, ഉറക്കക്കുറവ്, മാതാപിതാക്കളെ കുറിച്ചുള്ള ആശങ്കകള്‍ അല്ലെങ്കില്‍ ബന്ധങ്ങളിലെ മാറ്റങ്ങള്‍ എന്നിവ കൂടി ഉള്‍പ്പെടുന്നു എന്നതാണ് വാസ്തവം.

പ്രസവാന്തര വിഷാദം കുഞ്ഞ് ജനിച്ച് ഒരു വര്‍ഷം വരെ നീണ്ടു നിന്നേക്കാം. ഒരു വര്‍ഷത്തിനുള്ളിൽ അസുഖം ഭേദമാകണമെന്നുമില്ല. വൈദ്യ പരിശോധന നടത്തി കൃത്യമായി ഒരു ഡോക്ടറെ കണ്ടാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നതാണ്.

Related posts