ഗര്‍ഭധാരണം സ്ത്രീകളില്‍ പല വിധത്തിലുള്ള ശാരീരിക മാനസിക മാറ്റങ്ങള്‍ കൊണ്ട് വരുന്ന ഒരു കാര്യമാണ്. വിവാഹം കഴിഞ്ഞ് ദമ്പതികള്‍ ഒരുമിച്ച് എടുക്കേണ്ട ജീവിതത്തിലെ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ ഒന്നാണ് ഗര്‍ഭധാരണം. അതുകൊണ്ട് തന്നെ ഇന്നത്തെ കാലത്ത് പലരും ഗര്‍ഭധാരണം മുപ്പത് വയസ്സിന് ശേഷം മാറ്റി വെക്കുന്നു. കരിയറും സാമ്പത്തിക സ്ഥിരതയും ജോലിയും എല്ലാം കൃത്യമായി ആസൂത്രണം ചെയ്തതിന് ശേഷം മാത്രമാണ് പലരും ഗര്‍ഭധാരണത്തെക്കുറിച്ച് ചിന്തിക്കുന്നത്. എന്നാല്‍ മുപ്പത് വയസ്സിന് ശേഷം സ്ത്രീകളിലുണ്ടാവുന്ന ശാരീരിക ജൈവിക മാറ്റങ്ങള്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത അല്‍പാല്‍പമായി കുറക്കുന്നു.
മുപ്പത് വയസ്സിന് ശേഷം ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരാണെങ്കില്‍ അതിന്റെ രണ്ട് വശങ്ങളെക്കുറിച്ചും കൃത്യമായി മനസ്സിലാക്കണം. ഗുണങ്ങളും ദോഷങ്ങളും എല്ലാ കാര്യത്തിനും ഉണ്ട് എന്നതാണ് സത്യം. 30-34 വയസ്സ് വരെയുള്ള പ്രായത്തിൽ സ്ത്രീകളുടെ ഗര്‍ഭധാരണ സാധ്യത 86%ത്തിലും അധികമാണ്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഗര്‍ഭം അലസുന്നതിനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല. ഫെര്‍ട്ടിലിറ്റി സംബന്ധമായ ചികിത്സകള്‍ ഈ പ്രായത്തില്‍ ആവശ്യമില്ലെങ്കിലും ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുന്‍പ് നല്ലൊരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്. ആറ് മാസം തുടര്‍ച്ചയായി ശ്രമിച്ചിട്ടും ഗര്‍ഭധാരണം നടന്നില്ലെങ്കില്‍ ഡോക്ടറെ സമീപിക്കുന്നതിനൊടൊപ്പം തന്നെ കൃത്യമായ ചികിത്സകളും തുടരേണ്ടതാണ്. മുപ്പതുകളിലെ ഗര്‍ഭധാരണത്തിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
മുപ്പതിന് ശേഷം പ്രസവിക്കുന്നവരില്‍ ഗുണങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ ചില ദോഷങ്ങളും ഇവരെ കാത്തിരിക്കുന്നുണ്ട് എന്നതാണ് സത്യം. ഇവര്‍ക്ക് പലപ്പോഴും ചില ബുദ്ധിമുട്ടുള്ള സാഹചര്യങ്ങള്‍ നേരിടേണ്ടതായി വന്നേക്കാം. അതില്‍ ഒന്നാണ് ഗര്‍ഭം ധരിക്കുന്നതിനുള്ള സമയം. പലപ്പോഴും 30 വയസ്സിനു ശേഷം, ചില സ്ത്രീകള്‍ക്ക് ഗര്‍ഭം ധരിക്കാന്‍ അല്‍പം ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. സ്ത്രീ ശരീരം പക്വത പ്രാപിക്കുമ്പോള്‍ അണ്ഡോത്പാദനം കൂടുതല്‍ ക്രമരഹിതമായിത്തീരുന്നതാണ് ഇതിന് പ്രധാന കാരണം. ഇതിന്റെ ഫലമായി പുറത്തേക്ക് വരുന്ന അണ്ഡത്തിന്റെ എണ്ണം കുറയുകയും അണ്ഡത്തിന്റെ ഗുണനിലവാരം കുറയുകയും ചെയ്യുന്നു. ഇത് അപൂര്‍വ്വം ചിലരില്‍ വന്ധ്യതയിലേക്ക് നയിക്കുന്നു
പ്രായമാകുന്നതോടെ പല വിധത്തിലുള്ള രോഗങ്ങളും നമ്മളെ പിടികൂടാം. അതില്‍ ചിലതാണ് ജീവിത ശൈലി രോഗങ്ങള്‍. രക്തസമ്മര്‍ദ്ദം, പ്രമേഹം, തടി, കൊളസ്‌ട്രോള്‍ തുടങ്ങിയ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകള്‍ പ്രായക്കൂടുതലിന് അനുസരിച്ച് ബാധിക്കുന്നു. അതുകൊണ്ട് ആരോഗ്യകരമായ ജീവിത ശൈലിയുമായി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇത് ഗര്‍ഭധാരണ സമയത്ത് കുഞ്ഞിന്റെ ആരോഗ്യത്തേയും അകാല ജനനത്തിലേക്കും എത്തിക്കുന്നു.
പ്രായം കൂടുന്തോറും ഗര്‍ഭകാലത്തുണ്ടാവുന്ന സങ്കീര്‍ണതകള്‍ വര്‍ദ്ധിക്കുന്നു. ഗര്‍ഭകാല പ്രമേഹമോ മറ്റ് അനാരോഗ്യകരമായ അവസ്ഥകളോ ഉണ്ടാവുന്നത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ചിട്ടയായ ഭക്ഷണക്രമം, കര്‍ശന വ്യായാമം, ഗൈനക്കോളജിസ്റ്റിനെ ഇടക്കിടെ കാണുന്നത് എന്നിവയെല്ലാം ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ അശ്രദ്ധ മാത്രമാണ് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ശ്രദ്ധയോടെ മുന്നോട്ട് പോയാല്‍ പ്രശ്‌നങ്ങളെ നമുക്ക് തന്നെ പരിഹരിക്കാന്‍ സാധിക്കുന്നു.
പ്രസവ സമയത്ത് ചില ശാരീരിക ബുദ്ധിമുട്ടുകള്‍ ഇവര്‍ അനുഭവിക്കുന്നുണ്ട്. അതില്‍ ഒന്നാണ് സെര്‍വിക്‌സ് കൃത്യമായി തുറക്കാത്തത്. കുഞ്ഞിന്റെ ചലനങ്ങള്‍ കൃത്യമല്ലാത്തത്, കുഞ്ഞിന് പുറത്ത് വരാന്‍ സാധിക്കാത്ത അവസ്ഥ. ഗര്‍ഭം അലസുന്നതിനുള്ള സാധ്യത ഇവയെല്ലാം ശ്രദ്ധിക്കണം. മുപ്പതുകളുടെ തുടക്കത്തില്‍ ഈ പ്രശ്‌നങ്ങള്‍ വലിയ തോതില്‍ ബാധിക്കുന്നില്ല. എന്നാല്‍ മുപ്പതുകളുടെ അവസാനത്തില്‍ ഇത്തരം പ്രശ്‌നങ്ങള്‍ സ്ത്രീകളില്‍ വര്‍ദ്ധിക്കുന്നു.
എല്ലാത്തിലുമുപരി ആരോഗ്യമുള്ള കുഞ്ഞിനെ ലഭിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ 30-കളുടെ അവസാനത്തിലുള്ള ഗര്‍ഭധാരണം കുഞ്ഞിന്റെ ആരോഗ്യത്തെ കൂടുതല്‍ അപകടത്തിലാക്കുന്നു. ഇത്തരം കുട്ടികളില്‍ ഡൗണ്‍ സിന്‍ഡ്രോം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഗൈനക്കോളജിസ്റ്റുകള്‍ കുഞ്ഞ് ആരോഗ്യവാനാണെന്ന് ഉറപ്പാക്കാന്‍ അമ്‌നിയോസെന്റസിസ്, പതിവ് അള്‍ട്രാസൗണ്ട് തുടങ്ങിയ ഗര്‍ഭകാല പരിശോധനകള്‍ നടത്തുന്നു.
എന്തൊക്കെ പറഞ്ഞാലും കൃത്യമായി ഡോക്ടറെ കാണുകയും ഡോക്ടറുടെ നിര്‍ദ്ദേശവും എല്ലാം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. അതുകൊണ്ട് ഡോക്ടറെ കാണുന്നതിന് ഓരോ ഘട്ടവും ഉപയോഗപ്പെടുത്തണം. ഫെര്‍ട്ടിലിറ്റി സംബന്ധമായ ചികിത്സകള്‍ ഈ പ്രായത്തില്‍ ആവശ്യമില്ലെങ്കിലും ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് മുന്‍പ് നല്ലൊരു ഗൈനക്കോളജിസ്റ്റിനെ സമീപിക്കുന്നത് നല്ലതാണ്.