Nammude Arogyam
General

ചെവിയില്‍ മുഴങ്ങുന്ന ശബ്ദത്തിന്റെയും തലചുറ്റലിന്റെയും പിന്നിലെ യഥാർത്ഥ കാരണങ്ങൾ എന്തൊക്കെയാണ്?

പലരും, ചിലപ്പോള്‍ അല്‍പം പ്രായമായവര്‍ പറയുന്ന പരാതിയാണ് ചെവിയില്‍ ഡ്രം കൊട്ടുന്ന പോലുള്ള സൗണ്ട് കേള്‍ക്കുന്നു എന്നത്. ഇതിനെ തുടര്‍ന്നുണ്ടാകുന്നതാണ് തല ചുറ്റല്‍. ചെവിയുടെ ബാലന്‍സ് നഷ്ടമാകുന്നത് കൊണ്ടുണ്ടാകുന്ന ഒന്നാണിത്. ഇത്തരം പ്രശ്‌നം കൊണ്ടുണ്ടാകുന്ന തലചുറ്റല്‍ മിനിയേഴ്‌സ് ഡിസീസ് എന്നാണ് അറിയപ്പെടുന്നത്. ചെവിയുടെ ബാലൻസ് തകരാറുകൊണ്ടുണ്ടാകുന്ന തലകറക്കം. ചെവിയിൽ മണിമുഴങ്ങുന്നതു പോലെയുള്ള ശബ്ദവും, ചെവിക്കായമില്ലാതെ തന്നെ ചെവി നിറഞ്ഞിരിക്കുന്നതു പോലുള്ള തോന്നലും ഇടയ്ക്കിടെ അനുഭവപ്പെടുന്ന കേൾവിക്കുറവുമൊക്കെയാണ് മറ്റു പ്രധാന ലക്ഷണങ്ങൾ. രോഗം ചികിത്സിക്കാതിരുന്നാൽ ഭാവിയിൽ കേൾവി പൂർണമായും നഷ്ടപ്പെടാം.സാധാരണഗതിയിൽ ഇത് ഒരു ചെവിയെ മാത്രമാണു ബാധിക്കുന്നത്.

ഇത്തരം മിനിയേഴ്‌സ് ഡിസീസിന് പൊതുവേ പറയപ്പെടുന്ന കാരണം ചെവിക്കുള്ളിലെ അർധ വൃത്താകാര കുഴലിലെ എൻഡോ ലിംഫ് എന്ന ദ്രാവകത്തിന്‍റെ അളവിലുള്ള ‌വ്യതിയാനമാണ്. മൈഗ്രേന്‍ ഉണ്ടാകുമ്പോള്‍ ചുരുങ്ങുന്നതു പോലെ ചെവിക്കുള്ളിലെ രക്തക്കുഴലുകൾ മൈഗ്രേനിലെ പോലെ കോച്ചി ചുരുങ്ങുന്നതാണ് മിനിയേഴ്സ് രോഗം ഉണ്ടാകുന്നതിനു കാരണമെന്നു കരുതപ്പെടുന്നു. വൈറസ് രോഗബാധ, അലർജികൾ, ഓട്ടോ ഇമ്യൂൺ രോഗങ്ങൾ എന്നിവയാണ് രോഗത്തിനു കാരണമെന്നു ചിന്തിക്കുന്നവരുമുണ്ട്. ചിലരിൽ ഇതു പാരമ്പര്യമായി കാണുന്നതിനാൽ ജനിതക തകരാറുകളെയും തള്ളിക്കളയാനാവില്ല. ചെവിയുടെ ബാലന്‍സ് പ്രശ്‌നം എന്നാൽ തലകറക്കം എന്നാണ് നാം പൊതുവേ ഇതിനെ പറയുന്നത്.

എന്‍ഡോലിംഫിന്റെ അമിത ഉല്‍പാദന കാരണമാണോ ഇത്തരം പ്രശ്‌നത്തിന് കാരണമെന്ന് ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഇതിനാല്‍ തന്നെ പ്രത്യേകിച്ച് ഒരു ടെസ്റ്റ് കൊണ്ട് രോഗനിർണ്ണയം സാധ്യമല്ല. തലച്ചോറിന്‍റെ സി.ടി,, എം.ആർ.ഐ എന്നിവയാല്‍ മറ്റു വല്ല പ്രശ്‌നങ്ങള്‍ കൊണ്ടാണോ ഈ രോഗം എന്നത് കണ്ടെത്താന്‍ ശ്രമം നടത്താറുണ്ട്. ഇത്തരം കാരണങ്ങള്‍ കൊണ്ടല്ല ഈ അവസ്ഥയെന്ന് തെളിഞ്ഞാല്‍ പിന്നെ ചെവിയിലെ ഇത്തരം പ്രശ്‌നമാണ് ഈ തല കറക്കത്തിന് കാരണമെന്ന നിര്‍ണയത്തില്‍ എത്തിച്ചേരുന്നതാണ് പൊതുവേയുള്ള പതിവ്.

ഈ അവസ്ഥ ചിലപ്പോള്‍ സെക്കന്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നീണ്ടു നിന്നുവെന്ന് വരാം. അപ്രതീക്ഷിതമായി എപ്പോൾ വേണമെങ്കിലും വരാമെന്നതുകൊണ്ട് ഈ അവസ്ഥയുളളവര്‍ക്ക്‌ ഒറ്റയ്ക്ക് യാത്രചെയ്യാനോ, വാഹനം ഓടിക്കാനോ ഒന്നും ധൈര്യപ്പെട്ടിറങ്ങാനാവില്ല എന്നാതാണു പ്രശ്നം. ചിലര്‍ക്ക് ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിച്ചാല്‍ ഈ അവസ്ഥ ഉണ്ടാകാറുണ്ട്. ഉപ്പ് കൂടുതലടങ്ങിയ ഭക്ഷണങ്ങൾ, ചോക്ളേറ്റ്, മദ്യം, ചായ, കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ എന്നിവ കൊണ്ട് രോഗം കൂടുന്നതായി അനുഭവപ്പെടാറുണ്ട്. അതിനാൽ ഇത്തരം രോഗാവസ്ഥയെങ്കില്‍ ഉപ്പ് കൂടുതലായി കഴിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.

ഈ അവസ്ഥ ഗുരുതരമായാല്‍ സര്‍ജറിയെന്നത് ഒരു വഴിയാണ്. എൻഡോലിംഫ് കൂടുന്നു എന്ന് കരുതിയുള്ള ഒപ്പറേഷനുകളാണു സാധാരണ രീതിയിൽ ചെയ്തു വരുന്നത്. മരുന്നു കഴിക്കുമ്പോൾ ശരീരത്തിലെ തകരാറുകൾ പരിഹരിക്കുക മാത്രമാണു ചെയ്യുക. എൻഡോലിംഫിന്‍റെ അളവ് നോർമലിൽ നിന്നു താഴേക്കു പോവില്ല. എൻഡോലിംഫാറ്റിക് സാക് സർജറി ചെയ്താൽ രോഗികളിലും രോഗം കുറയാറുണ്ട്. ഇത്തരം സര്‍ജറി കൊണ്ട് കേള്‍വി ശക്തി നശിക്കുക പോലുള്ള അവസ്ഥകള്‍ ഉണ്ടാകുന്നുമില്ല. രോഗിയ്ക്ക് ഏത് ലക്ഷണമാണ് വരുന്നത് എന്നതു നോക്കിയാണ് പൊതുവേ ചികിത്സ തീരുമാനിക്കാറുള്ളത്. ചിലര്‍ക്ക് ചെവിയിൽ തലകറക്ക സമയത്ത് ശബ്ദം കൂടുതലായി അനുഭവപ്പെടുകയും, കേൾവി കുറയുകയും ചെയ്യുന്നു. ചിലര്‍ക്ക് മനുഷ്യരുടെ ശബ്ദം കേള്‍ക്കുന്നത് കുറയുകയും മറ്റ് ശബ്ദം ഈ സമയത്ത് കൂടുതല്‍ കേള്‍ക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ നോക്കിയാണ് ഇതിന് വേണ്ടിയുള്ള മരുന്നുകളും നിര്‍ണയിക്കുന്നത്.

ചികിൽസിച്ചില്ലെങ്കിൽ ഗുരുതര പ്രശനങ്ങളിലേക്ക് നയിക്കുന്ന ഒരു രോഗാവസ്ഥയാണിത്. അതിനാൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാലുടൻ മടിച്ച് നില്ക്കാതെ വൈദ്യ സഹായം തേടേണ്ടതാണ്.

Related posts