Nammude Arogyam
ChildrenWoman

മുലപ്പാൽ…ഒരു മാന്ത്രികക്കനി

മുലയൂട്ടലിന്റെ പ്രാധാന്യം ഓർമ്മപെടുത്താൻ ആഗസ്റ്റ് 1 മുതൽ 7 വരെ ലോകം മുലയൂട്ടൽ വാരാചരണമായി ആചരിക്കുന്നു. മുലയൂട്ടലിന്റെ പ്രാധാന്യം സ്വയം അറിയുകയും പഠിക്കാൻ ശ്രമിക്കുകയും കുടുംബത്തിലുള്ളവരെ ഓർമ്മപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ മുലയൂട്ടൽ ബോധവൽക്കരണ വാരത്തിന്റെ ലക്‌ഷ്യം.

ഒരു കുഞ്ഞു ജനിച്ചു വീണാൽ ആ കുഞ്ഞു വായയിലേക്ക് ആദ്യം നൽകുന്ന അമൃതാണ് മുലപ്പാൽ. അതി മഹത്തായ ആ പാനീയം ഒരു കുഞ്ഞു ശരീരത്തിൽ വരുത്തുന്ന മാറ്റങ്ങൾ നാം ചിന്തിക്കുന്നതിലും അപ്പുറമാണ്. ശിശുക്കൾക്ക് പ്രകൃതി നൽകുന്ന ഒരു സമ്പൂർണ ആഹാരമാണ് അമ്മയുടെ മുലപ്പാൽ. പ്രകൃതിയുടെ ഒരു നൈസ്സർഗ്ഗിക പ്രക്രീയ കൂടിയാണ് മുലയൂട്ടൽ. പ്രസവശേഷം അര മണിക്കൂരിനുള്ളിൽ തന്നെ ശിശുവിനെ മുലയൂട്ടി തുടങ്ങണം.

ഗര്‍ഭകാലത്തുണ്ടായിരുന്ന മാനസികപ്രശ്നങ്ങളില്‍ നിന്ന് അമ്മക്ക് മുക്തി ലഭിക്കുന്നത് മുലയൂട്ടലിലൂടെയാണ്. ഗര്‍ഭകാലത്തും, പ്രസവസമയത്തും അനുഭവിച്ച വേദനകളെ അമ്മ മറക്കുന്നത് മുലയൂട്ടലിലൂടെയാണ്. എന്നാൽ ഇന്നത്തെ യുവ തലമുറയിലെ പലരും മുലപ്പാലിന്റെ പ്രാധാന്യം മനസ്സിലാകാതെ പോകുന്നു. ശരീര സൗന്ദര്യം ഭയന്ന് പലരും സ്വന്തം കുഞ്ഞിന് പാല് കൊടുക്കാൻ പോലും മടിക്കുന്നു. എന്നാൽ അവർ മനസ്സിലാക്കേണ്ട കാര്യമെന്തെന്നാൽ,

1.പ്രസവാനന്തരം ഗര്‍ഭപാത്രം പഴയ അവസ്ഥയിലേക്ക് വേഗത്തില്‍ ചുരുങ്ങുന്നതിന് മുലയൂട്ടല്‍ സഹായിക്കും.

2.പ്രസവശേഷമുണ്ടാകാറുള്ള രക്തസ്രാവത്തിനുള്ള സാധ്യത കുറയ്ക്കാന്‍ മുലയൂട്ടല്‍ വഴി സാധിക്കും.

3.പ്രസവശേഷമുള്ള അണ്ഡോദ്പാദനം വേഗത്തിലാക്കാന്‍ മുലയൂട്ടല്‍ സഹായിക്കും. അതായത് പ്രസവശേഷം സാധാരണയായി ആര്‍ത്തവം നടക്കുന്നതിന് കാലതാമസം നേരിടാറുണ്ട്. മുലയൂട്ടല്‍ ഈ കാലദൈര്‍ഘ്യം കുറയ്ക്കും.

4.കുഞ്ഞും അമ്മയും തമ്മിലുളള മാനസിക ബന്ധം ദൃഡമാകുന്നതിന് മുലയൂട്ടല്‍ സഹായകരമാണ്. മറ്റ് പ്രശ്നങ്ങളൊന്നുമില്ലാതെ, എളുപ്പത്തില്‍ അമ്മയും കുഞ്ഞും തമ്മില്‍ ബന്ധം വളരാന്‍ ഇത് സഹായിക്കും

5.അമ്മമാര്‍ക്ക് അവരവരോട് തന്നെ മതിപ്പ് വര്‍ദ്ധിക്കാന്‍ മുലയൂട്ടല്‍ സഹായിക്കും.

6.മുലയൂട്ടുന്നത് വഴി സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനാവുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

7.പ്രസവശേഷം അമ്മയുടെ ശരീരഭാരം കുറയ്ക്കാന്‍ മുലയൂട്ടല്‍ സഹായിക്കും.

കുഞ്ഞുങ്ങളുടെ ആദ്യ മരുന്നാണ് മുലപ്പാൽ. മുലപ്പാൽ നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1.രോഗപ്രതിരോധശേഷിവർധിപ്പിക്കുന്നു.

2.പോഷക ആഹാര കുറവ്, ശിശു മരണം തുടങ്ങിയ അവസ്ഥകൾക്ക് പരിഹാരം.

3.ന്യൂമോണിയ, കുടൽ രോഗങ്ങൾ, ചെവിയിലെ അണുബാധ, പല്ല് രോഗം എന്നിവക്കെതിരെ പ്രവർത്തിക്കുന്നു.

4.അലർജികളിൽ നിന്നും, രോഗണുക്കളിൽ നിന്നും സംരക്ഷണം.

5.ആറുമാസം മുലപ്പാൽ മാത്രം കുടിച്ചു വളർന്ന കുട്ടികൾക്ക് പ്രമേഹം, ഹൃദ്രോഗം, ആസ്മ, അർബുദം എന്നിവ പിന്നീട് ബാധിക്കാൻ സാധ്യത കുറവ്..

7.കുട്ടിയുടെ വൈകാരിക–ശാരീരിക വളർച്ചയ്ക്കും മുലപ്പാൽ നിർണായകം

8.മുലപ്പാൽ കുടിക്കുന്ന കുട്ടികൾക്ക് ബുദ്ധി കൂടുതലെന്നു പഠനം

മുലപ്പാലിൽ അടങ്ങിയിരിക്കുന്ന നിരവധി അമൂല്യ ഘടകങ്ങളിൽ ഒന്നാണ് കൊളസ്ട്രം. ഒരു സ്ത്രീക്ക്, മുലപ്പാൽ ഉൽപ്പാദനം ആരംഭിക്കുന്നതിന് മുൻപ് ഉണ്ടാകുന്ന ഒരു പാൽ ദ്രാവകമാണ് കൊളസ്ട്രം. ഒരു കുഞ്ഞ് ജനിച്ചയുടനെ മുലയൂട്ടുമ്പോൾ, അവരിലേക്ക് മാതാവിൽ നിന്നും ആദ്യം ലഭിക്കുന്നതും കൊളസ്ട്രമാണ്. ഇത് കുഞ്ഞുങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും രോഗങ്ങൾക്കെതിരെ പോരാടുന്നതിനും സഹായകരമാകുന്നു.

വെള്ളം, കൊഴുപ്പ്, കാർബോ ഹൈഡ്രേറ്റ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, അമിനോ ആസിഡുകൾ, എൻസൈമുകൾ, വെളുത്ത കോശങ്ങൾ തുടങ്ങിയവ ഉൾകൊള്ളുന്ന മുലപ്പാൽ ഒരമ്മക്ക് തന്റെ കുഞ്ഞിന് കൊടുക്കാവുന്ന ഒരു മാന്ത്രിക മരുന്നാണ്. തന്റെ കുഞ്ഞിന്റെ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് ഒരു മാതാവിന്റെ ഉത്തരവാദിത്വം ആണ്. ആ മാറിടത്തിലാണ് ഓരോ കുഞ്ഞിന്റെയും കരുതൽ.

തന്റെ കുഞ്ഞിനെ മുലയൂട്ടുന്നതിലൂടെ തന്റെ സൗന്ദര്യം കുറഞ്ഞു പോകുമോ എന്ന തെറ്റായ ചിന്തകൾ കൊണ്ട് കുട്ടികൾക്ക് മുലപ്പാൽ നൽകുന്നതിൽ അലംഭാവം കാണിക്കുന്ന ചുരുക്കം ചില സ്ത്രീകളെയും നമുക്ക് സമൂഹത്തിൽ കാണാൻ കഴിയും. ഇത്തരം തെറ്റായ പ്രവണതകൾ മാറ്റി മുലപ്പാലിന്റെ മഹത്വം തിരിച്ചറിഞ്ഞു സ്വന്തം കുഞ്ഞിന്റെ ആരോഗ്യത്തിൽ ശ്രദ്ധ ചെലുത്തേണ്ടത് ഒരു മാതാവിന്റെയും ഉത്തരവാദിത്വം ആണ്. കാരണം ആ മാറിടത്തിലാണ് ഓരോ കുഞ്ഞിന്റെയും കരുതൽ.

Related posts