Nammude Arogyam
Woman

ആർത്തവ ദിനങ്ങളിൽ ശരീരഭാരം കൂടുന്നതിന് പിന്നിലെ കാരണങ്ങൾ

പല സ്ത്രീകളും നേരിടുന്ന ഒരു പ്രശ്നമാണ് പിരീഡ്‌സ് ദിവസങ്ങളിൽ ശരീരഭാരം കൂടുന്നത്. വളരെ പ്രകടമായ രീതിയിൽ തന്നെ ഇത് അനുഭവപ്പെടാറുണ്ട് പലരിലും. എന്നാൽ ചിലരിൽ ഇത് അത്ര പ്രകടമല്ലെങ്കിലും നേരിയ തോതിലെങ്കിലും വർധിക്കാം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടാതെ പോകാം. ആർത്തവ ദിനങ്ങളിൽ ചില സ്ത്രീകളിലെങ്കിലും ഏതാണ്ട് രണ്ടു കിലോ വരെ തൂക്കം വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുള്ളത്. ചിലരിൽ ഇത് ശരിയായ ഭാരത്തിൽ നിന്ന് നേരിയ വ്യത്യാസം മാത്രമാകാം. അതായത് ഏകദേശം അര കിലോ വരെ മാത്രം. ആർത്തവ ദിനങ്ങളിൽ ഇത്തരത്തിൽ ശരീരഭാരം കൂടുന്നത് കുറഞ്ഞ ദിവസങ്ങൾ മാത്രമേ ഉണ്ടാകൂ എങ്കിൽ പോലും ഇത് ആശങ്ക ഉണ്ടാക്കാറുണ്ട് പലരിലും.

ആർത്തവ ദിനങ്ങളിൽ ശരീരഭാരം വർധിക്കാൻ കാരണങ്ങൾ പലതാണ്. പലപ്പോഴും ഇത്തരം കാരണങ്ങൾ നിസ്സാരമെന്ന് കരുതുകയോ അല്ലെങ്കിൽ ശ്രദ്ധിക്കാതെ വിടുകയോ ആണ് പതിവ്. അത്തരത്തിലുള്ള ചില കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആർത്തവ ദിനങ്ങളിൽ ഹോർമോൺ നിലയിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം ശരീരഭാരം വർധിച്ചേക്കാം. ആർത്തവ സമയത്ത് പ്രോജെസ്റ്ററോൺ ഉൾപ്പെടെയുള്ള ശരീരത്തിലെ ഹോർമോണുകളിൽ വ്യതിയാനം അനുഭവപ്പെടാം. ഈ ഹോർമോണിൽ വരുന്ന വ്യത്യാസങ്ങൾ ശരീരത്തിൽ പരിധിയിലധികം വെള്ളം കെട്ടി നിൽക്കാൻ കാരണമാകും. ഇത് ശരീരഭാരം വർധിക്കുന്നതിന് വഴിയൊരുക്കും. കൂടാതെ ഹോർമോൺ അസന്തുലിതാവസ്ഥ മാനസിക നിലയിലെ മാറ്റങ്ങൾക്കും കാരണമാകുന്നതിനാൽ ഈ ദിവസങ്ങളിൽ ചിലർ കൂടുതലായി ഭക്ഷണം കഴിക്കാനും കാരണമാകും. ഇതും ശരീരഭാരം കൂടാൻ കാരണമാകും.

ശരീരഭാരം വർധിക്കാനുള്ള മറ്റൊരു കാരണം ആർത്തവ ദിവസങ്ങളിൽ വ്യായാമം മുടക്കുന്നതാണ്. പല സ്ത്രീകളും ആർത്തവ ദിനങ്ങൾ എടുക്കുന്നതിന് മുമ്പ് തന്നെ അതുവരെ ശീലിച്ചിരുന്ന വ്യായാമമോ യോഗയോ ചെയ്യുന്നത് നിർത്തി വെയ്ക്കും. ആർത്തവ ദിനങ്ങളിലെ അസ്വസ്ഥതകളും അമിതമായ രക്തസ്രാവവും കാരണം വ്യായാമ രീതികൾ പൂർണമായും ഒഴിവാക്കുന്നവരുമുണ്ട്. ഇതും അമിത ഭാരത്തിനു വഴിയൊരുക്കും. വ്യായാമം മുടക്കുകയും കൂടിയ അളവിൽ ഭക്ഷണം കഴിക്കുകയും ചെയ്താൽ തീർച്ചയായും ഇത് ശരീര ഭാരം കൂട്ടും. യഥാർത്ഥത്തിൽ വ്യായാമം ചെയ്യുമ്പോൾ അമിത രക്തസ്രാവമുണ്ടാകും എന്ന തെറ്റിധാരണ മൂലമാണ് പലരും വർക്ക് ഔട്ടുകൾ ഉപേക്ഷിയ്ക്കുന്നത്. എന്നാൽ കൂടുതൽ ശാരീരികാദ്ധ്വാനം ആവശ്യമില്ലാത്ത രീതിയിലുള്ള വ്യായാമങ്ങൾ ആർത്തവ ദിനങ്ങളിൽ ചെയ്യാം. ഇത് ഈ ദിവസങ്ങളിൽ നേരിടുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളെ ഇല്ലാതാക്കും.

പ്രോജെസ്റ്ററോൺ പോലുള്ള ഹോർമോണുകളുടെ ഏറ്റക്കുറച്ചിലുകൾ കാരണം, ആർത്തവ ദിനങ്ങളിൽ ദഹന വ്യവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാം. ഇത് ദഹന പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കും. അതിനാൽ വായു സംബന്ധമായ പ്രയാസങ്ങളും മലബന്ധവും ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഇതും അമിത ഭാരത്തിന് കാരണമാകും.

ശരീരത്തിൽ ജലാംശത്തിൻറെ അളവ് സന്തുലിതമാക്കുന്നതിൽ മഗ്നീഷ്യത്തിന് വലിയ പങ്കുണ്ട്. ആർത്തവ ദിനങ്ങളിൽ ശരീരത്തിൽ മഗ്നീഷ്യത്തിന്റെ അളവ് കുറയും. ഇത് നിർജലീകരണത്തിന് വഴിവെക്കും. ഇതോടൊപ്പം ഭക്ഷണം അമിതമായി കഴിക്കുക കൂടി ചെയ്‌താൽ ഭാരം വളരെ വർധിക്കാനുള്ള സാധ്യതയുണ്ട്. എന്നാൽ ആർത്തവ ചക്രത്തിൻറെ നാല് ദിനങ്ങൾ പൂർത്തിയാകുന്നതോടെ ഭാരം പഴയ പടിയിലേയ്ക്ക് നീങ്ങുകയും ചെയ്യും. എന്നാല ഇത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ ഇടയാക്കും. ആയതിനാൽ ഭക്ഷണ ശീലത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്.

ആർത്തവ ദിനങ്ങളിലെ അമിത ഭാരം ഒഴിവാക്കാൻ ഭക്ഷണ രീതിയിലും ദൈനംദിന കാര്യങ്ങളിലുമെല്ലാമുള്ള ചില ശീലങ്ങളിൽ മാറ്റം വരുത്തണം. അത്തരത്തിൽ ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങൾ ഇവയാണ്.

1.ആർത്തവ ദിനങ്ങളിൽ മാനസിക നിലയിൽ മാറ്റങ്ങൾ ഉണ്ടാകാം. അതുകൊണ്ട് തന്നെ നേരത്തെ സൂചിപ്പിച്ചത് പോലെ ഈ സമയത്ത് ഭക്ഷണം കൂടുതലായി കഴിക്കാനുള്ള സാധ്യതയുമുണ്ട്. ഇത്തരം അവസരങ്ങളിൽ നാരുകളടങ്ങിയ ഭക്ഷണം തിരഞ്ഞെടുക്കാൻ ശ്രമിക്കുക.

2.ഈ ദിവസങ്ങളിൽ പലരും വെള്ളം കുടിക്കുന്നത് കുറച്ച് കൊണ്ടുവരാറുണ്ട്. എന്നാൽ ഈ ദിവസങ്ങളിൽ സാധാരണ ദിവസങ്ങളേക്കാൾ കൂടുതലായി വെള്ളം കുടിയ്ക്കുന്നുവെന്നു ഉറപ്പ് വരുത്തുക.

3.ആരോഗ്യകരമായ ഭക്ഷണശീലം വേണം. ഭക്ഷണത്തിലെ ഉപ്പിൻറെ അളവ്,അന്നജം എന്നിവ കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധിയ്ക്കുക

4.വ്യായാമം മുടക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, കഠിനമായ വ്യായാമങ്ങൾക്ക് പകരം വളരെ അധ്വാനം കുറഞ്ഞ രീതിയിൽ ചെയ്യാനായി സമയം കണ്ടെത്തണം.

Related posts