ഉറങ്ങുമ്പോൾ നമ്മുടെ തൊണ്ടയിലെ പേശികൾ അയയുകയും വായു സഞ്ചരിക്കുന്ന വഴി താല്ക്കാലികമായി അടഞ്ഞുപോവുകയും ചെയ്യുന്ന അവസ്ഥയാണിത്. ഈ സമയത്ത് ശ്വാസകോശത്തിലേക്ക് വായു കടന്നുപോകാൻ ബുദ്ധിമുട്ട നേരിടുകയും, തടസ്സപ്പെട്ട വായു ശ്വാസനാളിയിൽ ഉണ്ടാക്കുന്ന കമ്പനമാണ് വലിയ ശബ്ദത്തിലുള്ള കൂർക്കംവലിയായി മാറുന്നത്. സ്ലീപ്പ് അപ്നിയ ഉള്ളവരിൽ ഉറക്കത്തിനിടയിൽ പലതവണ ശ്വാസം പൂർണ്ണമായി നിലച്ചുപോകാറുണ്ട്.
ശ്വാസം മുട്ടുമ്പോൾ ശരീരം സ്വയം പ്രതിരോധിച്ച് ഉറക്കത്തിൽ നിന്ന് പെട്ടെന്ന് ഉണരും. ഇത് പലപ്പോഴും നമ്മൾ അറിയണമെന്നില്ല. ഇങ്ങനെ ഉറക്കം പ്രകൃതിദത്തമായി മുറിഞ്ഞുപോകുന്നത് കൊണ്ടാണ് രാത്രി എത്ര മണിക്കൂർ ഉറങ്ങിയാലും ശരീരാവയവങ്ങൾക്ക് ആവശ്യമായ വിശ്രമം കിട്ടാത്തത്. ഇതിന്റെ ഫലമായിട്ടാണ് രാവിലെ എഴുന്നേൽക്കുമ്പോൾ കടുത്ത തലവേദന, ഉന്മേഷക്കുറവ്, പകൽ സമയങ്ങളിൽ ജോലി ചെയ്യുമ്പോഴും വണ്ടി ഓടിക്കുമ്പോഴും കടുത്ത മയക്കം എന്നിവ അനുഭവപ്പെടുന്നത്.

അവഗണിക്കരുത്; ഈ ലക്ഷണങ്ങൾ..
കൂർക്കംവലിയും പകൽ മയക്കവും വെറുമൊരു ഉറക്കപ്രശ്നം മാത്രമല്ല, ശരീരത്തിലെ മറ്റ് അവയവങ്ങളെ ഇത് ദോഷകരമായി ബാധിക്കാം:
- രക്തസമ്മർദ്ദവും ഹൃദ്രോഗസാധ്യതയും: ഉറക്കത്തിൽ ശ്വാസം തടസ്സപ്പെടുമ്പോൾ രക്തത്തിലെ ഓക്സിജന്റെ അളവ് (Oxygen Saturation) പെട്ടെന്ന് താഴുന്നു. ഇത് ഹൃദയത്തിന് അമിത ഭാരം നൽകുകയും ഉയർന്ന രക്തസമ്മർദ്ദം (Hypertension), ഹൃദയാഘാതം (Heart Attack) എന്നിവയ്ക്കുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.
- പ്രമേഹവും ശരീരഭാരവും: ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാകുന്നത് വഴി പ്രമേഹം (Diabetes) വരാനും ശരീരഭാരം അനിയന്ത്രിതമായി കൂടാനും ഇത് കാരണമാകാം.
- ശ്രദ്ധക്കുറവും വിഷാദവും: കൃത്യമായ ഉറക്കം കിട്ടാത്തത് മൂലം ഓർമ്മക്കുറവ്, ദേഷ്യം, ഏകാഗ്രതയില്ലായ്മ, വിഷാദം (Depression) എന്നിവ ഉണ്ടാകാം.
എങ്ങനെ പരിഹരിക്കാം? ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഒരു പരിധി വരെ ഇതിന് പരിഹാരം കാണാം. ശരീരഭാരം കുറയ്ക്കുക, മദ്യപാനവും പുകവലിയും പൂർണ്ണമായും ഒഴിവാക്കുക, മലർന്നു കിടക്കാതെ ചരിഞ്ഞു കിടന്നുറങ്ങാൻ ശീലിക്കുക (Side Sleeping) എന്നിവ വായുസഞ്ചാരം സുഗമമാക്കാൻ സഹായിക്കും.
ലക്ഷണങ്ങൾ കടുത്തതാണെങ്കിൽ ഒരു ഡോക്ടറെ കണ്ട് ‘സ്ലീപ്പ് സ്റ്റഡി’ (Sleep Study) പരിശോധന നടത്തേണ്ടതുണ്ട്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉറങ്ങുമ്പോൾ വായുസഞ്ചാരം കൃത്യമാക്കുന്ന സീപാപ്പ് (CPAP) മെഷീൻ ഉപയോഗിക്കുകയോ, ആവശ്യമെങ്കിൽ ചെറിയ സർജറികളിലൂടെയോ ഈ പ്രശ്നം പൂർണ്ണമായി മാറ്റിയെടുക്കാം. രാത്രിയിലെ നല്ല ഉറക്കമാണ് പകലിന്റെ ഊർജ്ജമെന്ന് ഓർക്കുക.
