Nammude Arogyam
General

ഭക്ഷണത്തോടൊപ്പമുള്ള വെള്ളംകുടി ശീലം നല്ലതാണോ?

നമ്മുടെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. മനുഷ്യശരീരം ഭക്ഷണമില്ലാതെ ആഴ്ചകളോളം നിലനില്‍ക്കും, പക്ഷേ വെള്ളമില്ലാതെ നമ്മള്‍ക്ക് രണ്ട് ദിവസം പോലും നില്‍ക്കാനാവില്ല. വെള്ളം ശരിരത്തിലെ രക്തം, ദഹനരസങ്ങള്‍, മൂത്രം, വിയര്‍പ്പ് എന്നിവയുടെ അടിസ്ഥാനമായി മാറുന്നു. ശരീരത്തിലെ പേശികളിലും കൊഴുപ്പിലും അസ്ഥികളിലും വെള്ളം അടങ്ങിയിരിക്കുന്നു. ഇത്രയൊക്കെ പ്രധാന്യമുള്ള വെള്ളം, ഭക്ഷണത്തോടൊപ്പം കുടിക്കുന്നത് (Water with meals) ദോഷകരമാണെന്ന് പലരും കേട്ടിട്ടുണ്ടാകും.

ഭക്ഷണത്തിനിടയിലോ, ഭക്ഷണം കഴിച്ച ഉടനെയോ ഭക്ഷണത്തിന് തൊട്ടുമുമ്പോ വെള്ളം കുടിക്കുന്നത് ശരീരത്തിന് ആ ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരിക്കും പ്രധാനമായും കേട്ടിരിക്കുക. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും വിഷാംശം അടിഞ്ഞുകൂടാനും കാരണമാകുമെന്നും ചില വാദങ്ങളുമുണ്ട്.

ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത്, ദഹനത്തെ ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായത്ര ആമാശയത്തിലെ ആസിഡുകളെ നേര്‍പ്പിക്കുമെന്ന് പഠനങ്ങളൊന്നും പറഞ്ഞിട്ടില്ല. അതേസമയം ആമാശയത്തിലെ ആസിഡിനെ വെള്ളം നേര്‍പ്പിക്കില്ലെന്ന് പറയാനും നമ്മള്‍ക്ക് കഴിയില്ല. അതായത്; ദഹിപ്പിക്കാന്‍ പ്രയാസമുള്ള പ്രോട്ടീന്റെ തകര്‍ച്ചയും വിറ്റാമിനുകളും ധാതുക്കളും ആഗിരണം ചെയ്യുന്ന ഹൈഡ്രോക്ലോറിക് ആസിഡ് (HCl) തീര്‍ച്ചയായും അതിനെ നേര്‍പ്പിക്കുകയും ഫലപ്രാപ്തി കുറയ്ക്കുകയും ചെയ്യും.

കഴിക്കുന്ന ഭക്ഷണം വെള്ളത്തിന്റെ ആവശ്യകതയെ സ്വാധീനിച്ചേക്കാം. ഉദാഹരണത്തിന്, ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സ്വാഭാവികമായും വെള്ളം വലിച്ചെടുക്കുന്നു. സാലഡ് കഴിച്ചതിന് ശേഷം കൂടുതല്‍ ദാഹം അനുഭവപ്പെടുന്നതായി പലപ്പോഴും നിരീക്ഷിച്ചേക്കാം. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുമ്പോള്‍, മെച്ചപ്പെട്ട ദഹനത്തിന് വെള്ളം ഒഴിവാക്കുന്നതാണ് നല്ലത്.

ഭക്ഷണത്തിന് മുമ്പോ ഭക്ഷണം കഴിച്ച് നിശ്ചിത സമയത്തിന് ശേഷമോ കുടിക്കുന്ന വെള്ളവും പ്രധാനമാണ്. ആല്‍ക്കലൈന്‍ അടങ്ങിയ വെള്ളം കുടിക്കുന്നത് വയറിലെ ആസിഡുകളെ കൂടുതല്‍ നിര്‍വീര്യമാക്കും. അതേ സമയം ആപ്പിള്‍ സിഡര്‍ വിനെഗര്‍ പോലുള്ള അസിഡിറ്റി ഉള്ള വെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്തും. വെള്ളം കുടിക്കുകയോ, കുടിക്കാതിരിക്കുകയോ ചെയ്യുന്നത് ശരീരപ്രകൃതിയെ അടിസ്ഥാനമാക്കിയാണ്. ഏറ്റവും അനുയോജ്യമായത് ചെയ്യുക. ദാഹം തോന്നുകയും വെള്ളം കുടിക്കുകയും ചെയ്യണമെങ്കില്‍, അതു ചെയ്യുക. ആവശ്യമില്ലെങ്കില്‍, അത് ഒഴിവാക്കുന്നതാണ് നല്ലത്.

വെള്ളം കുടിക്കാന്‍ പറ്റിയ ചില സമയങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

1)ഉണര്‍ന്നതിന് ശേഷം-രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് ആന്തരിക അവയവങ്ങളെ സജീവമാക്കാന്‍ സഹായിക്കും. ആദ്യ ഭക്ഷണത്തിന് മുമ്പ് വിഷവസ്തുക്കളെ നീക്കം ചെയ്യാന്‍ ഈ സമയത്തെ വെള്ളം കുടി ശീലം സഹായിക്കും.

2)ഭക്ഷണത്തിന് മുമ്പ്-ദഹനത്തെ സഹായിക്കുന്നതിന് ഭക്ഷണത്തിന് 30 മിനിറ്റ് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഭക്ഷണത്തിന് മുമ്പോ ഭക്ഷണത്തിന് ശേഷമോ ഉടനെയോ വെള്ളം കുടിക്കരുതെന്ന് ഓര്‍മ്മിക്കുക. കാരണം വെള്ളം ദഹനരസങ്ങളെ നേര്‍പ്പിക്കുന്നു. ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂര്‍ കഴിഞ്ഞ് വെള്ളം കുടിക്കുന്നതാണ് നല്ലത്. ഈ ശീലം കൊണ്ട് ശരീരത്തിന് പോഷകങ്ങള്‍ ആഗിരണം ചെയ്യാന്‍ കഴിയും.

3)കുളിക്കുന്നതിന് മുമ്പ്-രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ കുളിക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് വളരെ നല്ലതാണ്.

വെള്ളം കുടി കൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടി കഴിവതും മുകളിൽ പറഞ്ഞ സമയങ്ങളിൽ വെള്ളം കുടിക്കുക.

Related posts