Nammude Arogyam
Health & Wellness

അമിതവണ്ണം നിയന്ത്രിക്കാൻ സഹായിക്കും പെരുംജീരകം

ഭക്ഷണ വിഭവങ്ങൾക്ക് രുചി പകരാൻ ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനം എന്നതിലുപരി പെരുംജീരകം മറ്റ് പല ഗുണങ്ങളും നൽകുന്നുണ്ട്. ദഹനപ്രശ്നങ്ങൾക്കുള്ള പരിഹാരം, പ്രകൃതിദത്ത മൗത്ത് ഫ്രഷ്‌നർ തുടങ്ങിയ വിശേഷണങ്ങളൊക്കെ പെരുംജീരകത്തിനുണ്ട്. ഇതോടൊപ്പം തന്നെ പൊണ്ണത്തടി നിയന്ത്രിക്കാനും പെരുംജീരകം ഉപയോഗിക്കാം. കാൽസ്യം, വിറ്റാമിൻ സി, ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ കൊണ്ട് സമ്പന്നമായ പെരുംജീരകം, ശരീരഭാരം കുറയ്ക്കുന്നതിൽ പങ്ക് വഹിക്കുന്നത് കൂടാതെ ചില ക്യാൻസർ സാദ്ധ്യതകൾ കുറയ്ക്കാനും സഹായിക്കുമെന്ന് പറയപ്പെടുന്നു, കാരണം അവയിൽ അടങ്ങിയ അനെത്തോൾ എന്ന സംയുക്തം സ്തനാർബുദ കോശങ്ങളെ നശിപ്പിക്കുന്നതിനും അവ വ്യാപിക്കുന്നത് തടയുന്നതിനും ഫലപ്രദമാണെന്ന് ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. കരളിനെ ബാധിച്ചേക്കാവുന്ന ക്യാൻസർ കോശങ്ങളുടെ വ്യാപനവും ഇവ തടയുന്നു. പെരുംജീരകത്തിലെ അനെത്തോൾ മുലയൂട്ടുന്ന അമ്മമാരിൽ പാൽ ഉൽപാദനത്തെ ഉത്തേജിപ്പിക്കുമെന്നും പറയപ്പെടുന്നു.

ആളുകൾ പൊതുവെ ഭക്ഷണത്തിന് ശേഷം ചവയ്ക്കുവാൻ തിരഞ്ഞെടുക്കുന്ന സുഗന്ധവ്യഞ്ജനമാണ് പെരുംജീരകം. കാരണം ദഹനം മെച്ചപ്പെടുത്താനുള്ള സവിശേഷതയോടൊപ്പം വായിലെ ദുർഗന്ധം അകറ്റാനും പെരുംജീരകം ചവയ്ക്കുന്നത് സഹായിക്കും. വായുകോപം അകറ്റുവാനും ദഹനവുമായി ബന്ധപ്പെട്ട അസ്വസ്ഥതകൾ അനുഭവിക്കുന്ന ഏതൊരാൾക്കും പെരുംജീരകം സഹായകരമാണ്. ഇവ കൂടാതെയുള്ള പെരുംജീരകത്തിന്റെ മറ്റു ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1.ശ്വാസകോശ സംബന്ധമായ പല പ്രശ്നങ്ങൾക്കും പെരുംജീരകം ഔഷധമായി പ്രവർത്തിക്കുന്നു.

2.പ്രതിരോധ ശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.

3.പിത്ത ദോഷം മൂലമുള്ള രക്തസ്രാവം തടയുന്നതിന് ഇവ ഉപയോഗപ്രദമാണ്.

4.ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

5.കൂടാതെ ഹൃദയാരോഗ്യത്തിനും പെരുംജീരകം നല്ലതാണ്.

6.കഫം കുറയ്ക്കാനും പെരുംജീരകം സഹായിക്കും.

7.ആർത്തവ ദിനങ്ങളിലെ വേദന കുറയ്ക്കാനും പെരുംജീരകം സഹായിക്കുന്നു.

ഇത് കൂടാതെ വിരശല്യം, മലബന്ധം, വാത വൈകല്യങ്ങൾ, എരിച്ചിൽ, വിശപ്പില്ലായ്മ, ഭക്ഷണത്തോടുള്ള താൽപര്യക്കുറവ്, ഛർദ്ദി, ചുമ, ജലദോഷം തുടങ്ങിയ പ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനും പെരുംജീരകം ഗുണകരമാണ്. മാനസികാരോഗ്യം മെച്ചപ്പെടുത്താനും പെരുംജീരകം സഹായിക്കുന്നു. ഇതിന്റെ ചില സവിശേഷതകൾ മനസ്സിന് ഉന്മേഷം നൽകാൻ സഹായിക്കുന്നതോടൊപ്പം മാനസിക ഉണർവും നൽകും. കൂടാതെ ഈ സുഗന്ധവ്യഞ്ജനം കണ്ണുകൾക്ക് നവോന്മേഷം നൽകുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ആരോഗ്യകരമായ ഭക്ഷണക്രമവും പതിവായുള്ള വ്യായാമവും ശരീരഭാരം നിയന്ത്രിക്കാൻ അനിവാര്യമാണ്. ഈ കാര്യങ്ങൾക്കൊപ്പം അല്പം പെരുംജീരകം ചവയ്ക്കുന്നത് കൂടെ ശീലമാക്കുക. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നതിലൂടെ ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനും സഹായിക്കും. കൂടാതെ പെരുംജീരകം നാരുകളാൽ സമ്പന്നമായതിനാൽ തന്നെ വിശപ്പ് കുറയ്ക്കുകയും അമിതമായി ഭക്ഷണം കഴിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്യും. കൂടാതെ പെരുംജീരകത്തിന്റെ ഡൈയൂററ്റിക് ഗുണങ്ങൾ ശരീരത്തിൽ നിന്ന് വിവിധ തരത്തിലുള്ള വിഷവസ്തുക്കളും അധിക ദ്രാവകങ്ങളും പുറന്തള്ളാൻ സഹായിക്കുന്നു. അതിലൂടെ അമിത ഭാരം നിയന്ത്രിക്കാൻ സാധിക്കും.

Related posts