ഗർഭകാലം എന്നത് ഓരോ സ്ത്രീയുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരവും ഉത്തരവാദിത്തമുള്ളതുമായ ഒരു ഘട്ടമാണ്. ഈ സമയത്ത് ഗർഭിണികൾ തങ്ങളുടെ ആഹാരരീതിയിലും ശാരീരിക മാറ്റങ്ങളിലും പ്രത്യേക ശ്രദ്ധ പുലർത്താറുണ്ട്. എന്നാൽ പലപ്പോഴും അവഗണിക്കപ്പെട്ടു പോകുന്ന ഒന്നാണ് വായിലെയും ദന്തങ്ങളുടെയും ആരോഗ്യം (Oral Health). ഗർഭകാലത്തുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഭൂരിഭാഗം അമ്മമാരിലും മോണവീക്കം, പല്ലുവേദന, മോണയിൽ നിന്ന് രക്തസ്രാവം എന്നിവ കണ്ടുവരാറുണ്ട്. “ഗർഭകാലത്ത് പല്ലിന് ചികിത്സ പാടില്ല” എന്ന തെറ്റായ ധാരണ കാരണം പലരും ഈ വേദന സഹിക്കുകയും ചികിത്സ വൈകിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ ഗർഭകാലത്തെ ദന്തപ്രശ്നങ്ങൾ അവഗണിക്കുന്നത് അമ്മയുടെ ആരോഗ്യത്തെ മാത്രമല്ല, വയറ്റിൽ വളരുന്ന കുഞ്ഞിന്റെ സുരക്ഷിതത്വത്തെയും ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
ഗർഭകാലത്ത് ഈസ്ട്രജൻ (Estrogen), പ്രോജസ്റ്ററോൺ (Progesterone) എന്നീ ഹോർമോണുകളുടെ അളവ് ശരീരത്തിൽ വളരെ ഉയർന്ന നിലയിലായിരിക്കും. ഈ ഹോർമോൺ മാറ്റങ്ങൾ മോണയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും, ബാക്ടീരിയൽ അണുബാധകളോട് (Plaque) മോണകൾ കൂടുതൽ സംവേദനക്ഷമതയുള്ളതാക്കി (Sensitive) മാറ്റുകയും ചെയ്യുന്നു. ഇതാണ് ‘പ്രെഗ്നൻസി ജിൻജിവൈറ്റിസ്’ (Pregnancy Gingivitis) അഥവാ ഗർഭകാലത്തെ മോണവീക്കത്തിലേക്ക് നയിക്കുന്നത്. പല്ല് തേയ്ക്കുമ്പോഴോ ആഹാരം കഴിക്കുമ്പോഴോ മോണയിൽ നിന്ന് രക്തം വരിക, മോണയിൽ ചുവപ്പുനിറവും നീരും ഉണ്ടാകുക, വായ ദുർഗന്ധം എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. കൂടാതെ, ഗർഭകാലത്തിന്റെ തുടക്കത്തിൽ ഉണ്ടാകുന്ന പ്രഭാത അസ്വസ്ഥതകളും (Morning Sickness) ഛർദ്ദിയും കാരണം വയറ്റിലെ ആസിഡ് വായിലേക്ക് എത്തുകയും അത് പല്ലുകളുടെ സംരക്ഷണ കവചമായ ഇനാമലിനെ ദ്രവിപ്പിക്കുകയും പല്ല് പുളിപ്പിന് കാരണമാകുകയും ചെയ്യുന്നു.

ഗർഭകാലത്തെ കടുത്ത മോണ അണുബാധകൾ (Periodontitis) രക്തപ്രവാഹത്തിലൂടെ കുഞ്ഞിലേക്ക് എത്താതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. മോണയിലുണ്ടാകുന്ന അണുബാധകൾ ശരീരത്തിൽ പ്രോസ്റ്റാഗ്ലാൻഡിൻ (Prostaglandin) എന്ന രാസവസ്തുവിന്റെ ഉത്പാദനം കൂട്ടാൻ ഇടയാക്കും. ഇത് അകാല പ്രസവത്തിനും (Preterm Delivery), കുഞ്ഞിന് തൂക്കക്കുറവ് (Low Birth Weight) ഉണ്ടാകുന്നതിനും വഴിവെച്ചേക്കാം. അതുകൊണ്ടുതന്നെ ഗർഭകാലത്തുണ്ടാകുന്ന ചെറിയൊരു മോണ രക്തസ്രാവം പോലും നിസ്സാരമായി കാണരുത്.
ഗർഭകാലത്ത് ദന്തസംരക്ഷണം ഉറപ്പാക്കാൻ ലളിതമായ ചില ശീലങ്ങൾ രൂപപ്പെടുത്താവുന്നതാണ്. ദിവസവും രണ്ടുനേരം മൃദുവായ ബ്രഷ് (Soft-bristled toothbrush) ഉപയോഗിച്ച് പല്ലുകൾ വൃത്തിയായി തേയ്ക്കണം. ഫ്ലൂറൈഡ് അടങ്ങിയ പേസ്റ്റുകൾ ഉപയോഗിക്കുന്നത് പല്ലുകളുടെ ഇനാമൽ സംരക്ഷിക്കാൻ സഹായിക്കും. ഛർദ്ദിച്ച ഉടൻ തന്നെ പല്ല് തേയ്ക്കാതെ, വെള്ളമോ ഉപ്പുവെള്ളമോ ഉപയോഗിച്ച് വായ നന്നായി കഴുകുക. അല്പം സമയം കഴിഞ്ഞതിന് ശേഷം മാത്രം പല്ല് തേയ്ക്കുന്നതാണ് ഇനാമൽ ദ്രവിച്ചുപോകാതിരിക്കാൻ നല്ലത്. മധുരപലഹാരങ്ങളും പാക്കറ്റ് ഭക്ഷണങ്ങളും കഴിക്കുന്നത് കുറയ്ക്കുകയും, കാൽസ്യവും പോഷകങ്ങളും അടങ്ങിയ പാൽ, തൈര്, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുകയും വേണം.
ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഗർഭകാലത്ത് പല്ലുവേദനയോ അസ്വസ്ഥതകളോ ഉണ്ടായാൽ ഉടനടി ഒരു ഡെന്റിസ്റ്റിനെ കണ്ട് ചികിത്സ തേടുക എന്നതാണ്. ഗർഭസ്ഥാവസ്ഥയുടെ രണ്ടാമത്തെ ത്രൈമാസത്തിലാണ് (Second Trimester – 4 മുതൽ 6 വരെ മാസങ്ങൾ) ദന്തപരിശോധനകൾക്കും ലളിതമായ ചികിത്സകൾക്കും ഏറ്റവും അനുയോജ്യമായ സമയം. ഡോക്ടറോട് നിങ്ങളുടെ ഗർഭവിവരം കൃത്യമായി പറയുക. ഗർഭകാലത്ത് സുരക്ഷിതമായ ആന്റിബയോട്ടിക്കുകളും വേദനസംഹാരികളും ഡെന്റിസ്റ്റിന് നിർദ്ദേശിക്കാൻ സാധിക്കും. കൃത്യമായ ദന്തപരിപാലനത്തിലൂടെ അസ്വസ്ഥതകൾ ഒഴിവാക്കി, അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ പൂർണ്ണ ആരോഗ്യം ഉറപ്പാക്കാം.
