Nammude Arogyam
General

ശരീരത്തിലുണ്ടാവുന്ന മുറിവുകൾ ഉണങ്ങാൻ കാലതാമസമെടുക്കാറുണ്ടോ?

ശരീരത്തിലെ ഒരു മുറിവ് ഭേദമാകാന്‍, അതിന്റെ തീവ്രത അനുസരിച്ച് കുറച്ച് ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. മുറിവ് ഉണങ്ങാന്‍ എടുക്കുന്ന സമയം മുറിവിന്റെ ആഴത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഒരു ചെറിയ മുറിവ് പോലും ഉണങ്ങാന്‍ പതിവിലും കൂടുതല്‍ സമയമെടുക്കുന്നുണ്ടെങ്കില്‍, അതിനു പിന്നില്‍ പല കാരണങ്ങളുണ്ടാകാം.

അത്തരത്തിൽ മുറിവ് ഉണങ്ങാന്‍ കാലതാമസമെടുക്കുന്നതിന് പിന്നിലെ ചില കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. അതിനോടൊപ്പം മുറിവ് വേഗത്തില്‍ സുഖപ്പെടുത്താന്‍ സഹായിക്കുന്ന ചില ലളിതമായ വഴികളും നോക്കാം.

അണുബാധയ്ക്കെതിരായ ശരീരത്തിന്റെ ആദ്യ പ്രതിരോധ നിരയാണ് ചര്‍മ്മം. ചര്‍മ്മത്തിന് മുറിവ് പറ്റുമ്പോള്‍, തുറന്ന മുറിവിലൂടെ ബാക്ടീരിയകള്‍ ശരീരത്തില്‍ എളുപ്പത്തില്‍ പ്രവേശിക്കുന്നു. മുറിവിലെ അണുബാധകള്‍ രോഗശാന്തി പ്രക്രിയയെ തടസ്സപ്പെടുത്തും. മുറിവ് ഉണക്കുന്നതിനു പകരം ശരീരം അണുബാധയ്ക്കെതിരെ പോരാടുന്നു. മുറിവ് ബാധിച്ചാല്‍, അതിന് ചുറ്റും ചുവപ്പ്, വീക്കം, വേദന എന്നിവയും പഴുപ്പും കണ്ടേക്കാം. അണുബാധയെ ചെറുക്കാന്‍ ആന്റിബയോട്ടിക് ചികിത്സ ഉപയോഗിക്കാവുന്നതാണ്.

ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ മുറിവ് ഉണക്കാനുള്ള പ്രക്രിയയില്‍ കോശം പുനര്‍നിര്‍മ്മിക്കാന്‍ പുതിയ കോശങ്ങള്‍ വഹിച്ച് സഞ്ചരിക്കുന്നു. മോശം രക്തചംക്രമണം ഈ പ്രക്രിയയെ മന്ദഗതിയിലാക്കുന്നു. ഇതു കാരണം മുറിവ് ഉണങ്ങാന്‍ കൂടുതല്‍ സമയമെടുക്കും. പ്രമേഹം, പൊണ്ണത്തടി തുടങ്ങിയ വിട്ടുമാറാത്ത അവസ്ഥകളും രക്തചംക്രമണം മോശമാക്കും. രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയാണ് പ്രമേഹത്തിന് കാരണമാകുന്നത്. പ്രമേഹരോഗിയുടെ രക്തചംക്രമണം മന്ദീഭവിപ്പിക്കുകയും അത് രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ഇത് അണുബാധയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

പുതിയ കോശങ്ങള്‍ നിര്‍മ്മിക്കാന്‍ ശരീരത്തിന് വേണ്ടത്ര പ്രോട്ടീന്‍ ആവശ്യമാണ്. ശരീരത്തില്‍ മുറിവ് ഉണ്ടെങ്കില്‍ ഇത് സാധാരണ ദൈനംദിന ആവശ്യകതയുടെ മൂന്നിരട്ടിയാകും. ശരിയായ ജലാംശവും മുറിവുകള്‍ ഉണങ്ങാന്‍ സഹായിക്കുന്നതിന് പ്രധാനമാണ്. മുറിവ് ഉണങ്ങാത്തതിന് കാരണങ്ങളിലൊന്നാണ് പോഷകാഹാരക്കുറവ്.

ചര്‍മ്മത്തില്‍ ദ്രാവകം അടിഞ്ഞു കൂടുന്നത് മൂലമാണ് അമിതമായ നീര്‍വീക്കം ഉണ്ടാകുന്നത്. ചര്‍മ്മത്തിലേക്കുള്ള ഓക്‌സിജനെ പരിമിതപ്പെടുത്തി മുറിവ് ഉണക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ഇത് തടസ്സപ്പെടുത്തും. ഈ ദ്രാവകം നീക്കം ചെയ്യാന്‍ പലതരം കംപ്രഷന്‍ തെറാപ്പികള്‍ ഉപയോഗിക്കാം. വീക്കം കുറഞ്ഞു കഴിയുമ്പോള്‍ മുറിവ് ശരിയായി ഉണങ്ങാന്‍ തുടങ്ങും.

വിളര്‍ച്ച അഥവാരക്തത്തിന്റെ അഭാവം മൂലവും മുറിവ് ഉണങ്ങാൻ കാലതാമസം നേരിടും. തൈറോയ്ഡ്, ഉയര്‍ന്ന ബിപി അല്ലെങ്കില്‍ മറ്റ് പല രോഗങ്ങള്‍ ഉള്ള ആളുകള്‍ക്കും അവരുടെ മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും.

മുറിവ് വേഗത്തില്‍ സുഖപ്പെടുത്താനായി കഴിയുന്നത്ര വിശ്രമിക്കണം. ഇത് മനസ്സിനെ ശാന്തമാക്കുകയും ശരീരത്തിന് വിശ്രമം നല്‍കുകയും ചെയ്യും. ഇതോടെ ശരീരം മുറിവ് വേഗത്തില്‍ സുഖപ്പെടുത്താന്‍ ശ്രമിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ നല്ല ഉറക്കം ആവശ്യമാണ്. ദിവസവും 7 മുതല്‍ 8 മണിക്കൂര്‍ വരെ ഉറങ്ങുകയാണെങ്കില്‍, മുറിവ് വേഗത്തില്‍ സുഖപ്പെടും.

മുറിവ് വേഗത്തില്‍ സുഖപ്പെടുത്തുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം ശീലിക്കണം. സമീകൃതാഹാരത്തിന്റെ സഹായത്തോടെ മുറിവുകള്‍ വേഗത്തില്‍ സുഖപ്പെടുത്താനാകും. പ്രോട്ടീനുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ മുതലായവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ചീര, കശുവണ്ടി, നിലക്കടല, പാലുല്‍പ്പന്നങ്ങള്‍, സിട്രസ് പഴങ്ങള്‍, ധാന്യങ്ങള്‍, മുട്ട, പച്ച ഇലക്കറികള്‍, സോയാബീന്‍, ബദാം, മധുരക്കിഴങ്ങ്, പാല്‍ എന്നിവ കഴിക്കുക. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മുറിവുകള്‍ വേഗത്തില്‍ ഉണങ്ങുന്നതായിരിക്കും.

കറുവപ്പട്ട, ഇഞ്ചി, ഒലീവ് ഓയില്‍, ഗ്രാമ്പൂ, ചെറി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മുറിവ് എളുപ്പത്തിൽ സുഖപ്പെടുത്താൻ സഹായിക്കും. മഞ്ഞള്‍, കറ്റാര്‍ വാഴ, വെളിച്ചെണ്ണ തുടങ്ങിയവയ്ക്ക് വേദന കുറയ്ക്കാനുള്ള കഴിവുണ്ട്. ചെറിയ മുറിവുകള്‍ക്ക് പരിഹാരമായി സ്വാഭാവിക വേദനസംഹാരികള്‍ ഉപയോഗിക്കാം. ഒരു ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രകൃതിദത്തമായ വേദനസംഹാരികള്‍ മുറിവില്‍ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്.

Related posts