ഇത് ശൈത്യക്കാലമാണ്. ഈ ഒരു കാലത്താണ് മിക്ക ആളുകളിലും ജലദോശവും, ചുമയും, തൊണ്ടവേദനയുമെല്ലാം പിടിപെടാറ്. കൂടാതെ കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് ചുമയോ ജലദോഷമോ പിടിപ്പെടുന്നതും വളരെ സാധാരണമാണ്. പക്ഷേ ഇത് ആവർത്തിച്ച് വരുമ്പോൾ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടോ എന്നത് പരിശോധിക്കേണ്ടതുണ്ട്. മിക്ക ശ്വാസകോശ സംബന്ധമായ അണുബാധകളുടെയും ലക്ഷണങ്ങൾ തമ്മിൽ വളരെ സാമ്യമുള്ളതിനാൽ, അവയിൽ ചിലത് തമ്മിൽ വേർതിരിച്ചറിയാൻ പ്രയാസമാണ്. ഉദാഹരണത്തിന്, ജലദോഷം, ബ്രോങ്കൈറ്റിസ് എന്നിവ.
ശ്വാസകോശത്തിലെ ശ്വാസ നാളികളിൽ ഉണ്ടാകുന്ന നീർക്കെട്ടിനെ ആണ് ബ്രോങ്കൈറ്റിസ് എന്ന് വിളിക്കുന്നത്. ഈ ചെറിയ ശ്വാസനാളികൾക്ക് വീക്കം സംഭവിക്കുകയും വളരെയധികം കഫം ഉത്പാദിപ്പിക്കുകയും ചെയ്യുന്ന ശ്വാസകോശ സംബന്ധമായ രോഗാവസ്ഥയാണ് ബ്രോങ്കൈറ്റിസ്. ബ്രോങ്കൈറ്റിസ് രണ്ട് തരത്തിലാകാം; ഒന്ന് തീവ്രവും മറ്റൊന്ന് വിട്ടുമാറാത്തതുമാണ്. തീവ്രമായ ബ്രോങ്കൈറ്റിസ് സാധാരണയായി ഒരു വൈറൽ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. ഇത് 10 മുതൽ 14 ദിവസം വരെ നീണ്ടുനിൽക്കും. അതേസമയം വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ് മൂന്ന് മാസം മുതൽ രണ്ട് വർഷം വരെ നിലനിൽക്കുന്നു. ഇത് ശ്വാസകോശ സംബന്ധമായ അണുബാധ മൂലമാണ് സംഭവിക്കുന്നത്. രണ്ടിനും വിദഗ്ധ ചികിത്സ അനിവാര്യമാണ്.
ലക്ഷണങ്ങൾ
1.കഫത്തോട് കൂടിയുള്ള പതിവായിട്ടുള്ള ചുമ
2.കുറഞ്ഞ ചൂടുള്ള പനി
3.ശ്വസനസമയത്ത് വലിവ് അനുഭവപ്പെടുക (ചില ആളുകളിൽ ഇത് ഉണ്ടാകില്ല)
4.ക്ഷീണം
5.ശ്വാസം മുട്ടൽ
6.നെഞ്ചിലെ വേദന (ചില ആളുകൾക്ക് ഇത് ഉണ്ടാകില്ല)
ജലദോശവും, ബ്രോങ്കൈറ്റീസും തമ്മിലുള്ള വ്യത്യാസം
ഒരു ജലദോഷം സാധാരണയായി ഒരു വൈറൽ അണുബാധ മൂലമാണ് സംഭവിക്കുന്നത്. ഇത് മുകളിലെ ശ്വാസകോശ നാളിയെ ബാധിക്കുന്നു, അതിനാൽ മൂക്കിലും തൊണ്ടയിലും ഇതിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു. ഒരു വൈറസ് മൂലമുണ്ടാകുന്ന ജലദോഷം തീവ്രമായ ബ്രോങ്കൈറ്റിസിന് കാരണമാകുമെങ്കിലും, വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ് ഉണ്ടാകുന്നത് തുടർച്ചയായ പുകവലി മൂലമോ അല്ലെങ്കിൽ വിഷ രാസവസ്തുക്കൾ ശ്വസിക്കുന്നതിനാലോ വായു മലിനീകരണം മൂലമോ ആണ്.
മൂക്കൊലിപ്പ്, തുമ്മൽ, തൊണ്ടവേദന, കഫം ഇല്ലാതെ ചുമ, ചിലപ്പോൾ കുറഞ്ഞ ചൂടുള്ള പനി എന്നിവയാണ് ജലദോഷത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങൾ. ബ്രോങ്കൈറ്റിസ് ബാധിച്ച ഒരാൾക്ക് മൂക്കൊലിപ്പ് ഉണ്ടാകില്ല, എന്നാൽ കഫം ഉള്ള ചുമ ഉണ്ടാകും.
സാധാരണ ജലദോഷത്തിന് മരുന്നുകളൊന്നും ആവശ്യമില്ല, കാരണം നന്നായി വിശ്രമിക്കുകയും ദ്രാവകങ്ങൾ കുടിക്കുകയും ചെയ്യുന്നതിലൂടെ ഇത് കുറച്ച് ദിവസത്തിനുള്ളിൽ ഇല്ലാതാകും. എന്നാൽ, ബ്രോങ്കൈറ്റിസ് പിടിപ്പെടുന്ന സന്ദർഭങ്ങളിൽ, വ്യക്തിക്ക് സുഖം പ്രാപിക്കാൻ വിദഗ്ദ്ധ വൈദ്യചികിത്സ ആവശ്യമായി വന്നേക്കാം.
ചികിത്സ
തീവ്രമായ അക്യൂട്ട് ബ്രോങ്കൈറ്റിസിന് ബാക്ടീരിയ അണുബാധ ഉണ്ടാകുന്നതുവരെ മരുന്നുകൾ ആവശ്യമായി വരില്ല. ഒരാഴ്ചയോ 10 ദിവസത്തിനകമോ സാധാരണ ബ്രോങ്കൈറ്റിസ് സുഖപ്പെടുന്നു. തീവ്രമായ അക്യൂട്ട് ബ്രോങ്കൈറ്റിസിന്റെ (പനി പോലുള്ളവ) ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാൻ പാരസെറ്റമോൾ പോലുള്ള മരുന്നുകൾ ഉപയോഗിക്കാം. മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം കഴിക്കുക.
വിട്ടുമാറാത്ത ക്രോണിക് ബ്രോങ്കൈറ്റിസിന്റെ കാര്യത്തിൽ, രോഗിക്ക് ആൻറിബയോട്ടിക്കുകൾ, വീക്കം തടയുന്ന ആന്റി ഇൻഫ്ലമേറ്ററി മരുന്നുകൾ, ബ്രോങ്കോഡിലേറ്ററുകൾ (ശ്വാസനാളിക്ക് ആശ്വാസമേകാൻ), ധാരാളം ദ്രാവകങ്ങൾ എന്നിവ ആവശ്യമാണ്. കൂടാതെ, ഇത് ബാധിച്ച രോഗി എല്ലാത്തരം പുകകൾ ഏൽക്കുന്നതിൽ നിന്നും മാറിനിൽക്കേണ്ടതുമുണ്ട്.
ശ്രദ്ധിച്ചില്ലെങ്കിൽ ദീർഘനാളത്തെ ആശുപത്രി സന്ദർശനത്തിലേക്ക് നയിക്കുന്ന ഒരു രോഗാവസ്ഥയാണ് ബ്രോങ്കൈറ്റീസ്. അത്കൊണ്ട് ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോഴേ വൈദ്യസഹായം ഉറപ്പാക്കേണ്ടതാണ്.