Nammude Arogyam
Covid-19

സാനിറ്റൈസറിലെ വ്യാജനെ എങ്ങനെ തിരിച്ചറിയാം?

കൊറോണ വൈറസ് വന്ന വഴിയെ പിന്നാലെ വന്നവരാണ് മാസ്കും, സാനിറ്റൈസറുമെല്ലാം . വന്ന് വന്ന് ഇപ്പോൾ ഇവ രണ്ടും നമ്മുടെ ജീവിതത്തിൻ്റെ ഭാഗങ്ങളായി മാറിക്കഴിഞ്ഞിരിക്കുന്നു. കാരണം കൊറോണയെന്ന കൊലയാളിയിൽ നിന്നും ഒരുപരിധി വരെ ഇപ്പോൾ നമ്മളെയൊക്കെ സംരക്ഷിക്കുന്നത് ഇവർ രണ്ടു പേരുമാണ്. അത് കൊണ്ട് തന്നെ വിപണിയിൽ ഇവർ രണ്ടാളുമാണ് ഇപ്പോൾ താരങ്ങളും.

പുറത്തുപോകുമ്പോള്‍ സോപ്പിനും വെള്ളത്തിനും പകരം പലരും ഉപയോഗിക്കുന്നതാണ് സാനിറ്റൈസര്‍. അത് കൊണ്ട് തന്നെ പുറത്ത് പോകുമ്പോൾ അണു നശീകരണത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസറിന് നമ്മൾ വളരെയധികം പ്രാധാന്യം നൽകണം. എന്നാൽ നമ്മൾ വാങ്ങി ഉപയോഗിക്കുന്ന സാനിറ്റൈസിൻ്റെ രൂപത്തിൽ, നമ്മൾ പലപ്പോഴും പറ്റിക്കപ്പെട്ടുകൊണ്ടേയിരിക്കുകയാണ്. അതിൻ്റെ ഭാഗമായി വിവിധ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് ഇന്ന് വിപണിയിലെത്തുന്ന പല സാനിറ്റൈസറുകളും വ്യാജനാണ് എന്ന് കണ്ട്പിടിച്ചത്. ഇത് നമ്മുടെ ജീവൻ തന്നെ അപകടത്തിലാക്കും. എന്നാൽ വ്യാജനേത്, ഒറിജിനലേത് എന്ന് എങ്ങനെ നമ്മൾ മനസ്സിലാക്കും?

നമുക്ക് തന്നെ ചെയ്യാൻ പറ്റുന്ന ചില പ്രത്യേക മാർഗ്ഗങ്ങളിലൂടെ വ്യാജനെയും, ഒറിജിനലിനെയും തിരിച്ചറിയാൻ സാധിക്കും. അത് എങ്ങനെയെന്ന് നോക്കാം.

1.ടിഷ്യു പേപ്പര്‍ അല്ലെങ്കില്‍ ടോയ്ലറ്റ് പേപ്പര്‍ ടെസ്റ്റ്

ടിഷ്യു പേപ്പറിന്റെ ഒരു ചെറിയ കഷണം എടുത്ത് അതില്‍ ഒരു ബോള്‍പോയിന്റ് പേനയുടെ സഹായത്തോടെ ഒരു വൃത്തം വരയ്ക്കുക. ടിഷ്യു പേപ്പര്‍ പരന്ന പ്രതലത്തില്‍ വയ്ക്കുക, നമ്മുടെ കൈയ്യില്‍ സാനിറ്റൈസറിന്റെ ഏതാനും തുള്ളികള്‍ സര്‍ക്കിളിന് നടുവില്‍ ഒഴിക്കുക. എന്നിട്ട്, സാനിറ്റൈസര്‍ വ്യാപിക്കുന്നതിനും സര്‍ക്കിളില്‍ നിന്ന് പുറത്തേക്ക് നീങ്ങുന്നതിനും കാത്തിരിക്കുക. ഒരു ജെല്‍ സാനിറ്റൈസര്‍ ഒരു ലിക്വിഡ് സാനിറ്റൈസറിനേക്കാള്‍ കൂടുതല്‍ സമയമെടുത്താണ് വ്യാപിക്കുക.

നമ്മുടെ സാനിറ്റൈസറില്‍ ആവശ്യത്തിന് ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ അത് ഫലപ്രദമാണെങ്കില്‍, വരച്ച വരയുടെ മഷി അതില്‍ അലിഞ്ഞുചേരുകയും നിറം വ്യാപിക്കാന്‍ തുടങ്ങുകയും ചെയ്യും. സാനിറ്റൈസര്‍ വ്യാജമാണെങ്കില്‍, അത് മഷി അലിഞ്ഞുപോകാതെ വരയെ മറികടക്കും. പേപ്പര്‍ ക്രോമാറ്റോഗ്രാഫി തത്വമനുസരിച്ച്, ബോള്‍പോയിന്റ് പേനയിലുള്ള മഷി വെള്ളത്തില്‍ ലയിക്കില്ല, പക്ഷേ ആൽക്കഹോളിൽ പെട്ടെന്ന് അലിഞ്ഞു മഷിയുടെ വ്യാപനത്തിലേക്ക് നയിക്കുന്നു. അതായത് നമ്മൾ വരച്ച പേപ്പറിൽ ഉപയോഗിച്ച സാനിറ്റൈസർ മഷി അലിയിച്ച് കളഞ്ഞാൽ, ആ സാനിറ്റൈസർ ഒറിജിനലാന്നെന്ന് പറയാം.

2.ഗോതമ്പ് പൊടി ടെസ്റ്റ്

ഒരു ചെറിയ പാത്രം എടുത്ത് ഒരു ടേബിള്‍ സ്പൂണ്‍ ഗോതമ്പ് പൊടി അല്ലെങ്കില്‍ മറ്റേതെങ്കിലും പൊടി ചേര്‍ക്കുക. ഇതിലേക്ക് സാനിറ്റൈസര്‍ ഒരു ടേബിള്‍ സ്പൂണ്‍ ചേര്‍ക്കുക. എന്നിട്ട് പൊടിയും, സാനിറ്റൈസറും ചേര്‍ത്ത് കുഴക്കുക. അത് ഒരു മാവിൻ്റെ രൂപത്തിൽ കിട്ടുകയാണെങ്കില്‍, ആ സാനിറ്റൈസറില്‍ ആവശ്യത്തിന് ആല്‍ക്കഹോള്‍ അടങ്ങിയിട്ടില്ല, അതായത് ആ സാനിറ്റൈസര്‍ വ്യാജമാണ്. ഒറിജിനല്‍ ഹാന്‍ഡ് സാനിറ്റൈസറാണെങ്കില്‍ അതൊരു മാവ് ആകില്ല, ഒടുവില്‍ അത് വരണ്ടുപോകും. സാനിറ്റൈസര്‍ യഥാര്‍ത്ഥമാണെന്നും, 60 ശതമാനം ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ടോയെന്നും കണ്ടെത്താനുള്ള ഏറ്റവും ഫലപ്രദമായ പരിശോധനയാണിത്.

ഇപ്പോഴത്തെ കാലഘട്ടത്തിൽ ഏതൊരു മേഖലയിൽ നിന്നും തട്ടിപ്പ് പരിപാടികൾ നമുക്ക് പ്രതീക്ഷിക്കാം. എന്നാൽ അതിൽ നിന്നെല്ലാം നമ്മളെക്കൊണ്ടാവും വിധം രക്ഷ നേടാനാണ് നാം ശ്രമിക്കേണ്ടത്.

Related posts