ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന പല രോഗങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് തൈറോയ്ഡ് പ്രശ്‌നങ്ങള്‍. ഇന്ന് മിക്കവാറും ആളുകളില്‍ കാണുന്ന പ്രശ്‌നമാണ് ഇതെന്നു പറയുമ്പോള്‍ തന്നെ ഇത് അത്ര അവഗണിയ്‌ക്കേണ്ട ഒന്നല്ലെന്നും തിരിച്ചറിയാം. തൈറോയ്ഡ് രണ്ടു തരമുണ്ട്, ഹൈപ്പര്‍ തൈറോയ്ഡും ഹൈപ്പോ തൈറോയ്ഡും. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തന്നെയാണ് ഇവ രണ്ടിനും കാരണം. തൈറോയ്ഡ് ഗ്രന്ഥി പുറപ്പെടുവിയ്ക്കുന്ന തൈറോക്‌സിന്‍ എന്ന ഹോര്‍മോണ്‍ കൂടുന്നതും കുറയുന്നതും പ്രശ്‌നം സൃഷ്ടിയ്ക്കുന്നു. കൂടുതല്‍ ആകുമ്പോഴാണ് ഹൈപ്പര്‍ തൈറോയ്ഡ് ആകുന്നത്. കുറയുമ്പോള്‍ ഇത് ഹൈപ്പോയാകുന്നു. ഹൈപ്പറില്‍ തൈറോക്‌സിന്‍ ഹോര്‍മോണ്‍ കൂടും, ടിഎസ്എച്ച് അഥവാ തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍ കുറയും. ഹൈപ്പോയില്‍ തൈറോക്‌സിന്‍ കുറയും, ടിഎസ്എച്ച് കൂടും. ഈ രണ്ട് അവസ്ഥകളും ചികിത്സ ആവശ്യമുള്ളത് തന്നെയാണ്.
സാധാരണയായി രക്തപരിശോധനയിലൂടെയാണ് തൈറോയ്ഡ് പ്രശ്‌നം കണ്ടെത്തുന്നത്. ഇത് രാവിലെ ഭക്ഷണത്തിന് മുന്‍പ് നടത്തുന്നതാണ് കൂടുതല്‍ നല്ലത്. കാരണം രാവിലെയാണ് ടിഎസ്എച്ച് ഏറ്റവും ശരിയായ അളവില്‍ രക്തത്തില്‍ കണ്ടെത്താന്‍ സാധിയ്ക്കുക. ഇതല്ലാതെ നമുക്ക് സ്വയം നടത്താവുന്ന സിംപിളായ പരിശോധന രീതിയുമുണ്ട്. കഴുത്ത് മുകളിലേയ്ക്ക് സ്‌ട്രെച്ച് ചെയ്തു പിടിയ്ക്കുക. പിന്നീട് ഉമിനീര് ഇറക്കുക. അപ്പോള്‍ കഴുത്തിലെ മുഴ മുകളിലേയ്ക്ക് കയറുന്നതായി അനുഭവപ്പെടുകയാണെങ്കില്‍ തൈറോയ്ഡ് പ്രശ്‌നം ഉണ്ടെന്ന് സംശയിക്കാം. ഇത് രക്ത പരിശോധനയിലൂടെ ഉറപ്പ് വരുത്തുകയും ചെയ്യാം.
ഹൈപ്പോതൈറോയ്‌ഡെങ്കില്‍ തൈറോക്‌സിന്‍ ഗുളികകള്‍ രോഗിയുടെ ശരീരഭാരവും ഇതു പോലെ തന്നെ തൈറോയ്ഡ് ഹോര്‍മമോണ്‍ അളവും അനുസരിച്ച് കഴിച്ചാല്‍ മതിയാകും. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ നല്ലത് എൻഡോക്രൈനോളജിസ്റ്റിനെ സമീപിയ്ക്കുന്നതാണ്. തൈറോയ്ഡ് ഗുളികകള്‍ വെറും വയറ്റില്‍ കഴിയ്ക്കുക. ഇത് കഴിച്ച ശേഷം അര മണിക്കൂര്‍ കഴിഞ്ഞു മാത്രം ചായ, ,കാപ്പി പാനീയങ്ങളോ ഭക്ഷണമോ കഴിയ്ക്കുക. ശരീരം മരുന്ന് നല്ലതു പോലെ വലിച്ചെടുക്കാനാണ് വെറും വയറ്റില്‍ കഴിയ്ക്കാന്‍ നിര്‍ദേശിയ്ക്കുന്നത്.
ഹൈപ്പര്‍ തൈറോയ്ഡാണ് പ്രശ്‌നമെങ്കില്‍ ഇതിന്റെ കാരണം ആദ്യം കണ്ടു പിടിയ്ക്കുകയാണ് വേണ്ടത്. ഇതിനായി സഹായിക്കുന്ന വഴിയാണ് റേഡിയോ അയൊഡിന്‍ അപ്‌ടേക്ക് സ്‌കാന്‍. ഇതില്‍ ഒരു പ്രത്യേക മരുന്ന് കുടിയ്ക്കാന്‍ നല്‍കുന്നു. പിന്നീട് ശരീരം ഏതൊക്കെ ഭാഗങ്ങളില്‍ ഈ മരുന്ന് വലിച്ചെടുക്കുന്നു എന്ന് സ്‌കാനിലൂടെ കണ്ടെത്തുന്നു. ഇത്തരം സ്‌കാനില്‍ തൈറോയ്ഡ് ഗ്രന്ഥിയ്ക്ക് പുറത്തെവിടെയെങ്കിലും തൈറോയ്ഡ് കോശങ്ങളുണ്ടെങ്കില്‍ അതും കണ്ടെത്താന്‍ സാധിയ്ക്കുന്നു. ഹൈപ്പര്‍ തൈറോയ്ഡിസത്തിന് ഗ്രേവ്‌സ് ഡിസീസ്, തൈറോഡൈറ്റിസ്, ടോക്‌സിക് മള്‍ട്ടി നോഡ്യുലാര്‍ ഗോയിറ്റര്‍ തുടങ്ങിയ പല അവസ്ഥകളും കാരണമായി വരാറുണ്ട്.
ഹൈപ്പര്‍ തൈറോയ്ഡിന് ഫലപ്രദമായ മരുന്നുകളുണ്ട്. കാര്‍ബിമസോള്‍, മെതിമസോള്‍, പ്രൊപ്പൈല്‍ തയോയുറാസിന്‍ എന്നിവ ഇതിന് ഉപയോഗിയ്ക്കുന്ന ചില മരുന്നുകളാണ്. മരുന്നുകളില്‍ നിയന്ത്രണം സാധ്യമല്ലാതെ വരുന്ന അവസ്ഥയിലും തൈറോയ്ഡ് മുഴകളില്‍ ക്യാന്‍സര്‍ സാന്നിധ്യം സംശയിക്കുന്ന അവസ്ഥകളിലും ഇത് സര്‍ജറിയിലൂടെ എടുത്തു കളയാറുണ്ട്. ശസ്ത്രക്രിയ ചെയ്യാന്‍ സാധിയ്ക്കാതെ വരുന്ന അവസ്ഥകളില്‍ അയൊഡിന്‍ അബ്ലേഷന്‍ തെറാപ്പി എന്ന ചികിത്സാ രീതിയാണ് അവലംബിക്കാറ്. ഈ ചികിത്സാ രീതിയില്‍ മുഴകള്‍ ഉണ്ടെങ്കില്‍ അവ നീക്കം ചെയ്യാനാകില്ലെന്നതാണ് പോരായ്മ. തൈറോയ്ഡ് കാരണമായി മുഴകള്‍ രൂപപ്പെട്ടിട്ടുണ്ടെങ്കില്‍ ഇത് തൈറോയ്ഡ് ക്യാന്‍സര്‍ മുഴകളല്ലെന്ന് ഉറപ്പു വരുത്തുകയെന്നതാണ് കൂടുതല്‍ പ്രധാനം.
വേണ്ട രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്തിയില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്കു വഴി തെളിയ്ക്കുന്ന ഒന്നാണ് തൈറോയ്ഡ്. എന്നാൽ മരുന്നും, വ്യായാമവും, ജീവിത ശൈലിയിൽ മാറ്റങ്ങളും വരുത്തിയാൽ നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിയ്ക്കുന്ന ഒന്ന് കൂടിയാണ് തൈറോയ്ഡ്.