Nammude Arogyam
Kidney Diseases

വൃക്ക താളം തെറ്റിത്തുടങ്ങിയാല്‍ തുടക്കത്തില്‍ തന്നെ എങ്ങനെ മനസിലാക്കാം?

വൃക്ക ശരീരത്തിലെ പ്രധാനപ്പെട്ട ഒരു അവയവമാണ്. ശരീരത്തിലെ അരിപ്പയുടെ ധര്‍മം നിര്‍വഹിയ്ക്കുന്നവയാണ് കിഡ്‌നി, ലിവര്‍ എന്നിവ. ശരീരത്തിലെ അഴുക്കുകള്‍ നീക്കുന്ന ധര്‍മമാണ് ഇവ ചെയ്യുന്നത്. വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായാല്‍ ആകെയുള്ള ആരോഗ്യവും തകരാറിലാകും. വൃക്കയുടെ ആരോഗ്യം അറിയാന്‍ രക്തത്തിലെ ക്രിയാറ്റിന്‍ അളവാണ് നോക്കുന്നത്. ഇത് 6-1.2 വരെയാണ് നോര്‍മല്‍ അളവ്. ഇതില്‍ കൂടുതലായാല്‍ തന്നെ വൃക്കയുടെ പ്രവര്‍ത്തനം താളം തെറ്റിയെന്ന് മനസിലാക്കാന്‍ സാധിയ്ക്കും.

നമ്മുടെ സമൂഹത്തില്‍ വൃക്ക പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാനമായി വരുന്നത് മൂന്ന് കാരണങ്ങളാണ്. പ്രമേഹം ക്രമാതീതമായി ഉയരുക, പാരമ്പര്യം, തുടര്‍ച്ചയായി ഉയര്‍ന്ന് നില്‍ക്കുന്ന ബിപി എന്നിവ വൃക്ക പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വൃക്കയുടെ പ്രവര്‍ത്തനം താളം തെറ്റുമ്പോള്‍ പരിശോധനകള്‍ക്ക് മുന്‍പേ തന്നെ ശരീരം കാണിച്ച് തരുന്ന പല ലക്ഷണങ്ങളുമുണ്ട്.

ആദ്യലക്ഷണം അമിതമായ ക്ഷീണമാണ്. രക്തത്തിലെ യൂറിയ വര്‍ദ്ധിയ്ക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. സാധാരണ വൃക്കയാണ് ഇത് അരിച്ചു കളയുന്നത്. വൃക്ക തകരാറിലായാല്‍ തല പെരുപ്പും തല കറക്കവുമെല്ലാം വരും. കൂടാതെ ഹീമോഗ്ലോബിന്‍ അളവ് കുറയും. ഇതും ക്ഷീണമുണ്ടാക്കും. ഇതു പോലെ നല്ല ഉറക്കം ലഭിയ്ക്കില്ല. ക്ഷീണത്തിന് ഇതും കാരണമാകുന്നു. ഇതിനാല്‍ ഇടയ്ക്കിടെ ഉറക്കം തൂങ്ങും. മാത്രമല്ല, കിടന്നാല്‍ ഉറക്കം ശരിയായില്ലെങ്കിലും കൂര്‍ക്കം വലിക്കും. മാത്രമല്ല, ശ്വാസത്തില്‍ യൂറിയയുടെ പോലെ ദുര്‍ഗന്ധവുമുണ്ടാകും. അതായത് മൂത്രത്തിന്റെ ഗന്ധം ശ്വാസത്തില്‍ അനുഭവപ്പെടാം.

വൃക്ക രോഗം ചര്‍മത്തിലും പല ലക്ഷണങ്ങളായി വരുന്നു. ചര്‍മത്തില്‍ ചൊറിച്ചിലുണ്ടാകും. അലര്‍ജി പ്രശ്‌നങ്ങളുണ്ടെങ്കിലും ഇതുണ്ടാകാം. എന്നാല്‍ കിഡ്‌നി പ്രശ്‌നമെങ്കില്‍ കാലുകളുടെ ഭാഗത്തുള്ള കോശങ്ങളിലേയ്ക്ക് ടോക്‌സിന്‍ കൂടുതല്‍ അടിഞ്ഞു കൂടും. ചര്‍മം വല്ലാതെ വരണ്ട് ഇരുണ്ടു വരും. രാത്രിയില്‍ പ്രത്യേകിച്ചും മൂത്രമൊഴിയ്ക്കണം എന്ന തോന്നലുണ്ടാകും. അടിക്കടി ഈ തോന്നലുണ്ടാകും, എന്നാല്‍ മൂത്രമൊന്നും പുറത്തേയ്ക്ക് പോകാനുണ്ടാകില്ല. പ്രോസ്‌റ്റേറ്റ് പ്രശ്‌നമെങ്കിലും മൂത്രമൊഴിയ്ക്കണം എന്ന തോന്നലുണ്ടാകാം. എന്നാല്‍ ഈ പ്രശ്‌നത്തിന് ഉള്ള മൂത്രം പൂര്‍ണമായി പോയില്ലെന്ന തോന്നലാണുണ്ടാകുക. കിഡ്‌നി പ്രശ്‌നമെങ്കില്‍ മൂത്രമൊഴിയ്ക്കാന്‍ തോന്നല്‍ എപ്പോഴുമുണ്ടെങ്കിലും പോകാന്‍ മാത്രം മൂത്രം കാണില്ല. മൂത്രം പോകുന്നത് കലങ്ങിയ നിറത്തിലുമായിരിയ്ക്കും. എത്ര വെള്ളം കുടിച്ചാലും മൂത്ര നിറം തെളിഞ്ഞ് വരില്ല.

മൂത്രത്തില്‍ പത കാണുന്നത് വൃക്ക രോഗ ലക്ഷണമാണ്. മൂത്രത്തിലൂടെ ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ പോകുന്നതിന്റെ ലക്ഷണമാണ് ഇത്. മുട്ടയുടെ വെള്ള പതപ്പിയ്ക്കാന്‍ നോക്കിയാല്‍ വക്കില്‍ പത പറ്റിപ്പിടിച്ചിരിയ്ക്കുന്നത് പോലെ ക്ലോസറ്റിന്റെ വശത്ത് ഇത്തരം വിട്ടുമാറാത്ത പതയുണ്ടാകുന്നത് വൃക്ക രോഗ ലക്ഷണമാണ്. കണ്ണിന് ചുറ്റും തടിപ്പുണ്ടാകുന്നത് വൃക്ക രോഗ ലക്ഷണം തന്നെയാണ്. പ്രോട്ടീന്‍ അളവ് ക്രമാതീതമായി കുറഞ്ഞ് വരുന്നതാണ് ഇതിന് കാരണമായി പറയുന്നത്. ഒപ്പം മസിലുകള്‍ ശോഷിച്ച് വരും. ഇത് സാധാരണ പ്രമേഹ, വൃക്ക, കരള്‍ രോഗികള്‍ക്ക് ഉണ്ടാകും.

പാദത്തിലെ നീരാണ് മറ്റൊരു ലക്ഷണം. രണ്ടു കാലുകളിലും പാദത്തില്‍ നീര് വന്നാല്‍ ഇത് വൃക്കരോഗ ലക്ഷണമാണോ എന്ന് പരിശോധിയ്ക്കണം. മറ്റ് കാരണങ്ങള്‍ ഇല്ലാതെ കാലില്‍ നീരു വന്നാല്‍ പ്രത്യേകിച്ചും. ജലാംശം വേണ്ട രീതിയില്‍ പുറന്തള്ളാന്‍ കഴിയാതെ വരുമ്പോളാണ് താഴേയ്ക്കുള്ള കാല്‍ പോലുള്ള ഭാഗത്ത് നീര് വരുന്നത്. കാല്‍ തൂക്കിയിട്ടാല്‍ കൂടുതല്‍ നീരുണ്ടാകും. കാല്‍ കയറ്റി വച്ചാല്‍ നീര് കുറയും. എന്നാല്‍ പൂര്‍ണമായി മാറില്ല. മസിലുകള്‍ക്ക് വേദനയുണ്ടാകും. കാല്‍സ്യം, പൊട്ടാസ്യം, പ്രോട്ടീന്‍ അസന്തുലിതാവസ്ഥയാണ് കാരണമാകുന്നത്. കിഡ്‌നി പ്രശ്‌നമുള്ളവര്‍ക്ക് ഇത്തരം അസന്തുലിതാവസ്ഥയുണ്ടാകും. വിശപ്പു കുറയുന്നതാണ് മറ്റൊരു ലക്ഷണം. മാത്രമല്ല, ചില ഭക്ഷണങ്ങളുടെ ഗന്ധം ഓക്കാനമുണ്ടാക്കുകയും ചെയ്യുന്നു.

വൃക്ക താളം തെറ്റിത്തുടങ്ങിയാല്‍ ശരീരം കാണിയ്ക്കുന്ന ലക്ഷണങ്ങളാണ് മുകളിൽ പറഞ്ഞത്. ഇവയിൽ ഏതെങ്കിലും മൂന്നെണ്ണം കാണുകയാണെങ്കില്‍ ഡോക്ടറെ അടിയന്തിരമായി കണ്ട് വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്.

Related posts